ഇരുണ്ട ഗുഹകളിലിരിക്കുന്നവര് ഭയക്കുന്നു, അത്രമേല് ലോകം കീഴടക്കിയ ഗാന്ധിയെ

1982 ല് 'ഗാന്ധി' സിനിമ ഇറങ്ങുന്നതിന് മുമ്പേ തന്നെ ഗാന്ധി എന്ന പേരും ആശയവും ലോകം മുഴുവന് സഞ്ചരിച്ചതിന്റെ ചരിത്രം വിശദീകരിക്കുന്നു

dot image

'ഗാന്ധിയെ ചെറുതായിട്ടൊന്നു വെടിവെച്ചു കൊന്നു' എന്ന് നാം കേള്ക്കേണ്ടി വന്ന സ്ഥലം കൂടിയാണ് കേരളം. അത് ആകസ്മികമായി വന്ന ഒരു നാക്കബദ്ധമാണോ? ഒരിക്കലുമല്ല, ഒരു വലിയ രാഷ്ട്രീയ വിന്യാസത്തിന്റെ ഭാഗമായിട്ടുള്ള ഒരു പ്രസ്താവന തന്നെയായിരുന്നു.

ഗാന്ധിയെ ഇവര് ഭയക്കുന്നു, അദ്ദേഹത്തിന്റെ ജീവിതത്തെ ഭയക്കുന്നു. ലോകത്ത് ഇന്നും ഏറ്റവും അറിയപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന ഇന്ത്യക്കാരന് ഗാന്ധി തന്നെയാണെന്ന വസ്തുത ഇവരെ അലോസരപ്പെടുത്തുന്നു.

ഇന്നത്തെ ബിഹാറിലെ ചമ്പാരനില് നിന്നാണ് ഗാന്ധി ഇന്ത്യയിലെ ദേശീയസമരങ്ങളിലെ മുന്നണിപ്പോരാളിയായി വരുന്നത്, 1917 ല്. തുടര്ന്ന് നിരവധി സമരങ്ങള്. എന്നാല് 1930 ലെ ഉപ്പു സത്യാഗ്രഹമാണ് അദ്ദേഹത്തിനെ ലോകത്തിലെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളികളിലൊ ലൊരാളായി മാറ്റുന്നത്. അറുപതാമത്തെ വയസ്സില് അദ്ദേഹം ലോകമറിയപ്പടുന്ന പ്രക്ഷോഭകാരിയായി മാറുന്നു. തന്നെക്കുറിച്ചുള്ള സിനിമ വരുന്നതിന്റെ 52 വര്ഷങ്ങള്ക്ക് മുന്പ്. അന്നും ഇന്നും ലോകത്തിലെ ഏറ്റവും ഇംപാക്റ്റ്ഫുള് ജേര്ണലായി കണക്കാക്കുന്ന ടൈം മാഗസിന് അദ്ദേഹത്തിനെ കുറിച്ചുള്ള ദീര്ഘമായ ഒരു സ്റ്റോറി ചെയ്തു.

1930ല് ലോകം മാറ്റിമറിച്ച മനുഷ്യനായി, 'മാന് ഓഫ് ദ ഇയര്' ആയി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ടൈം മാഗസിന് മാഗസിന് കവറായി ഒരാളെ തെരഞ്ഞെടുക്കുക എന്നാല് അദ്ദേഹത്തെ ലോകം മുഴുവനും ശ്രദ്ധിച്ചു എന്നാണ് അതിന്റെ അര്ഥം. ഈ മാഗസിനില് വളരെ മോശം ആളുകളെയും കവറായി വച്ചിട്ടുണ്ട്. അവരെയും ശ്രദ്ധിക്കും. തുടര്ന്ന് ലോകം മുഴുവന് ശ്രദ്ധിക്കപ്പെടുന്ന ഒരാളായി ഗാന്ധി മാറുകയായിരുന്നു. അദ്ദേഹത്തോട് അഭിപ്രായ വത്യാസങ്ങളുള്ളവരും അദ്ദേഹത്തെ ശ്രദ്ധിച്ചു, ബഹുമാനിച്ചു. 1950 ല് ആണ് ഗാന്ധിയുടെ ഒരു സ്മാരകം പൊതുജനങ്ങള്ക്ക് കാണാനായി ആദ്യമായി അമേരിക്കയില് സ്ഥാപിക്കപ്പെടുത്. 'ഗാന്ധി വേള്ഡ് പീസ് മെമ്മോറിയല്' എന്നറിയപ്പെടുന്ന ഈ സമുച്ചയം അദ്ദേഹത്തിന്റെ ഓര്മ്മക്കായി സ്ഥാപിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സമുച്ചയമാണ്. സിനിമ വരുന്നതിനും 32 വര്ഷങ്ങള്ക്ക് മുന്പ്.

1968ലാണ് ഗാന്ധിയുടെ പ്രതിമ ലണ്ടനില് സ്ഥാപിക്കപ്പെടുന്നത്. 1967ല് പൂര്ത്തിയായ പ്രതിമ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോള്ഡ് വില്സണ് ആണ് അനാച്ഛാദനം ചെയ്യുന്നത്. സിനിമ വരുന്നതിന്റെ 14 വര്ഷങ്ങള്ക്ക് മുന്പ്. ഈ പ്രതിമക്ക് വേറൊരു പ്രത്യേകതയും കൂടിയുണ്ട്. ലോകത്ത് ഒരു സ്ത്രീയാല് നിര്മ്മിക്കപ്പെട്ട ഗാന്ധിയുടെ ആദ്യത്തെ പ്രതിമയാണ് ഇത്. ഫ്രദ്ദ ബ്രില്ലിയന്റ് എന്ന അതി പ്രശസ്തമായായ ശില്പി. അവര് നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും മലയാളിയായ വികെ കൃഷ്ണമേനോന്റെയുമൊക്കെ പ്രതിമകള് നിര്മ്മിച്ചിട്ടുണ്ട്.

അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും ജനങ്ങള് മാത്രമല്ല ഗാന്ധിയെ അറിഞ്ഞത്. ലോക പ്രശസ്ത ശില്പിയായ റെനേ ക്ലിക്കറ്റ് രൂപകല്പ്പന ചെയ്ത ഗാന്ധിയുടെ പ്രതിമ അദ്ദേഹത്തിന്റെ നൂറാം ജന്മവുമായി ബന്ധപ്പെട്ട് ജനീവയിലെ ബ്രസ്സല്സില് 1969ല് അനാച്ഛാദനം ചെയ്യപ്പെടുന്നുണ്ട്. തുടര്ന്ന് ആഫ്രിക്കയിലെ സുരിനാമിലും ഘാനയിലും, സ്പെയിനിലും ഒക്കെ ഗാന്ധി പ്രതിമകള് ഉണ്ടാവുന്നതായി കാണാം.

പ്രതിമകള് വെറുതെയുണ്ടായതല്ല. അവയ്ക്കു കാരണമാവുന്നത് ലോക പ്രശസ്തരായ ചിന്തകരും, രാഷ്ട്രീയ പ്രവര്ത്തകരും, എഴുത്തുകാരും നിരന്തരമായി ഗാന്ധിയെക്കുറിച്ചു പറഞ്ഞു എന്നതുകൊണ്ടാണ്. ലോകത്തിന്റെ യുവത്വത്തിന്റെയും പ്രക്ഷോഭകരുടെയും ചിന്തയിലേക്ക് ഗാന്ധിയെ എത്തിക്കുന്നുണ്ട് 'ബീറ്റില്സ്' എന്ന സംഗീത ബാന്ഡിന് തുടക്കമിട്ട ജോണ് ലെനന്. ലോകം മുഴുവനും കേള്വിക്കാറുള്ള ലെനന് പറഞ്ഞാല്, അത് ലോകം മുഴുവന് ശ്രദ്ധിച്ചു എന്നാണ് അര്ഥം. ഗാന്ധിയുടെ മരണത്തെക്കുറിച്ചു ലെനന് പറയുന്നത്, ''വെടികൊണ്ട് മരണപ്പെടാന് മാത്രം ഒരാള് സമാധാനപ്രിയമാകുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല'' എന്നാണ്. വൈരുധ്യമെന്ന് പറയാം, സിനിമ വരുന്നതിന് രണ്ടു വര്ഷം മുന്പ് ലെനനും വെടിയേറ്റ് കൊല്ലപ്പെടുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ മൂന്നാമത്തെ സെക്രട്ടറി ജനറലായിരുന്ന യു. താന്റ് ഗാന്ധിയെപ്പറ്റി വളരെ വിശാലമായി പറയുന്നുണ്ട് പല സമയങ്ങളിലും. 'അനശ്വരമായ സാധ്യതകളുള്ള ഒരു മഹാ സംവിധാനമായിരുന്നു അഹിംസാ സമരം' എന്നാണ് അദ്ദേഹം ഐക്യ രാഷ്ട്ര സഭയില് തന്നെ പറയുന്നത്. അദ്ദേഹം മരിക്കുന്നതു സിനിമ പുറത്തുവരുന്നതിനും 8 വര്ഷം മുന്പാണ്. അദ്ദേഹം സെക്രട്ടറിയായിരുന്ന സമയത് സഭയുടെ അംഗസംഖ്യ 140 നടുത്തായിരുന്നു എന്നോര്ത്താല്, അന്നത്തെ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഗാന്ധിയുടെ പേര് പരിചയപ്പെടുത്തപ്പെട്ടു എന്നാണ് അര്ഥം.

സിനിമ പുറത്തുവരുന്നതിന് മുന്പ് മരണപ്പെട്ട ലോക പ്രശസ്ത ചരിത്രകാരനായ വില് ഡുറാന്റ് പറയുന്നത്, 'ബുദ്ധന് ശേഷം ഇന്ത്യയില് ഇത്രയും ബഹുമാനിക്കപ്പെട്ട ഒരാളും ഉണ്ടായിട്ടില്ല, ഫ്രാന്സിസ് അസീസിക്ക് ശേഷം, ലാളിത്യത്തിന്റെ പേരിലും, ശത്രുക്കളോടു കാണിക്കുന്ന ക്ഷമയുടെ കാര്യത്തിലായാലും ലോകത്തു ഇത്രയും സ്നേഹിക്കപ്പെടുന്ന ഒരു മനുഷ്യന് മുന്പ് ഉണ്ടായിട്ടില്ല' എന്നാണ്. അമേരിക്കന് ചരിത്രകാരനായ ഡുറാന്റ് മരിക്കുന്നതും 'ഗാന്ധി' സിനിമ പുറത്തുവരുന്നതിന് മുന്പ് തന്നെയാണ്.

വിയറ്റ്നാമീസ് വിപ്ലവകാരി ഹോചിമിനും ലാറ്റിന് അമേരിക്കന് തൊഴിലാളി പ്രസ്ഥാനങ്ങളുടെ അനിഷേധ്യമായ നേതാവ് സിസാര് ചാവേസും ഗാന്ധിയെ അറിഞ്ഞവര് മാത്രമല്ല, ഗാന്ധിയുടെ പല രീതികളും തങ്ങളുടെ രീതികളുടെ ഭാഗമായി സ്വീകരിച്ചവരും അത് തുറന്നു പറഞ്ഞവരുമാണ്. ഗാന്ധിയുടെ 'നിസ്സഹകരണ' രീതി സാധാരണക്കാര്ക് നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില് പങ്കെടുക്കുക്കാനുള്ള ഏറ്റവും മികച്ച ഒരു രീതിയാണ് എന്ന് ചാവേസ് പറയുന്നത് 1978ല് ആണ്, സിനിമ വരുന്നതിനും നാല് വര്ഷങ്ങള്ക്ക് മുന്പ്.

ഗാന്ധി സിനിമ സംവിധാനം റിച്ചാര്ഡ് ആറ്റന്ബറോക്ക് 27 വയസ്സുള്ളപ്പോഴാണ് ലോക പ്രശസ്ത പത്രപ്രവര്ത്തകനും എഴുത്തുകാരനുമായ ലൂയി ഫിഷര് 'ലൈഫ് ഓഫ് മഹാത്മാ ഗാന്ധി' എഴുതുന്നത്. അതില് നിന്ന് ആവേശം കിട്ടിയാണ് ആറ്റന്ബറോ സിനിമ ചെയ്യുന്നത്. അതായത് പുസ്തകം എഴുതപ്പെട്ടു 32 വര്ഷങ്ങള്ക്ക് ശേഷം. അമേരിക്കയിലെ ഏറ്റവും വലിയ ബേസ്ഡ് സെല്ലറുകളില് ഒന്നായിരുന്നു അദ്ദേഹത്തിന്റെ പുസ്തകം എന്നറിയുമ്പോഴാണ്, 'സിനിമക്ക് ശേഷമാണ് ഗാന്ധിയെ ലോകമറിയുന്നതു' എന്നുള്ള പ്രചരണത്തിന്റെ ദിശ നമുക്ക് മനസ്സിലാവുന്നത്.

നോബല് സമ്മാന ജേതാക്കളായ ബെര്ണാഡ് ഷായും അമേരിക്കയിലെ അടിച്ചമര്ത്തപ്പെട്ടവരുടെ മഹമോചകനായ മാര്ട്ടിന് ലൂതര് കിംങ്ങും ഗാന്ധിയുടെ രീതികളിലും സമരങ്ങളിലും ആകൃഷ്ടരായവരായിരുന്നു. ഗാന്ധിയുടെ പത്താം രക്തസാക്ഷി ദിനത്തില് 'ഹിന്ദുസ്ഥാന് ടൈംസ്' എന്ന പത്രത്തില് 'അദ്ദേഹത്തിന്റെ സ്വാധീനം ലോക മനഃസാക്ഷിയോട് ഇന്നും സംസാരിക്കുന്നു' എന്ന കുറിപ്പെഴുതി മാര്ട്ടിന് ലൂതര് ഇന്ത്യക്കാരെ അറിയിക്കുന്നു, 1958ല്. സിനിമ ഇറങ്ങുന്നതിനു കൃത്യം 24 വര്ഷങ്ങള്ക്ക് മുന്പ്.

തന്റെ ഓഫീസില് ഗാന്ധിയുടെ ചിത്രം തൂക്കിയിടുകയും, വീട്ടുമുറ്റത്തു ഗാന്ധിയുടെ പ്രതിമ നിര്മ്മിക്കുകയും ചെയ്ത ലോക നേതാവാണ് മാര്ട്ടിന് ലൂഥര് കിംഗ് ജൂനിയര് എന്നറിയണമെങ്കില്, ചരിത്രമറിയണം, ചരിത്ര ബോധം വേണം, ചരിത്രം വായിക്കണം.

ഓര്മ്മ സ്റ്റാമ്പുകള്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് ദുഷ്ടന്മാരുടെ പേരില് ഉണ്ടാവാറില്ല. എന്നാല് ഗാന്ധിയുടെ ഓര്മ്മകളില് നൂറുകണക്കിന് സ്റ്റാമ്പുകള് ഇറങ്ങിയിട്ടുണ്ട് ഇന്ത്യക്ക് പുറത്ത്. അദ്ദേഹത്തിന്റെ നൂറാം ജയന്തി ആഘോഷവേളയില് 40 രാജ്യങ്ങളാണ് അദ്ദേഹത്തിന്റെ ഓര്മ്മകളെ സ്മരിച്ചു സ്റ്റാമ്പുകള് ഇറക്കിയത്, 1969ല്. ഗാന്ധിയുടെ പേരിലുള്ള സ്റ്റാമ്പുകള് ആദ്യമായി ഇന്ത്യക്കു പുറത്തു ഇറക്കുന്നത് 1961ല് അമേരിക്കയിലാണ്. 'ചാമ്പ്യന് ഓഫ് ലിബര്ട്ടി' എന്ന് പേര് വെക്കപ്പെട്ട ഈ സ്റ്റാമ്പ്, സിനിമ ഇറങ്ങുന്നതിനു 22 വര്ഷങ്ങള്ക്ക് മുന്പാണ് പുറത്തു വന്നത്.

ഇംഗ്ലണ്ടും, സൊമാലിയയും, ഭൂട്ടാനും, ബര്മ്മയും ഐര്ലണ്ടും, പോളണ്ടും, റഷ്യയും, തുടങ്ങി നിരവധി രാജ്യങ്ങള് സ്റ്റാമ്പ് മാത്രമല്ല, പോസ്റ്റുകാര്ഡുകളും, ഇറക്കുന്നുണ്ട്. ഗാന്ധിയുടെ ഓര്മ്മക്കായി 1969 ല് പോളണ്ട് പോസ്റ്റ് കാര്ഡ് പുറത്തിറക്കി. ഇതൊക്കെ സിനിമയിറങ്ങുന്നതിന്റെ എത്രയോ മുന്നേ നടന്ന സംഗതികളാണ്.

ചുരുക്കത്തില് സിനിമയുണ്ടായത് കൊണ്ട് ലോകമറിഞ്ഞയാളല്ല, മറിച്ച്, ലോകമറിഞ്ഞതുകൊണ്ടു സിനിമയാക്കപ്പെട്ട ജീവിതമാണ് ഗാന്ധിയുടേത് എന്ന് മനസ്സിലാവും. അതാണ് പലരെയും അസ്വസ്ഥമാക്കുന്നത്. അധികാരമൊഴിയേണ്ടുന്ന തൊട്ടടുത്ത നിമിഷം മഹാമറവിയുടെ കറുത്ത ഗുഹകളിലിരിക്കേണ്ടി വരുമെന്നുറപ്പുള്ളവരുടെ ആകുലത മാത്രമല്ല അല്ല അത്. കൊല്ലപ്പെട്ട ഗാന്ധി, ജീവിച്ചിരുന്ന ഗാന്ധിയെക്കാള് പതിന്മടങ്ങായി ജീവിക്കുന്നു എന്ന പേടിക്കുതന്നെ വലിയൊരു ചരിത്രം പറയാനുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us