'A hug communicates a thousand words'
ഒരു ആലിംഗനം ആയിരം വാക്കുകൾ ആശയവിനിമയം ചെയ്യും. ശരിയാണ്..
മുന് മന്ത്രി കെ രാധാകൃഷ്ണനെ ആശ്ലേഷിച്ച ദിവ്യ എസ് അയ്യർ ഐഎഎസിന്റെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിലിപ്പോള് വൈറലാകുന്നത്. കേവലമൊരു കെട്ടിപ്പിടിത്തത്തിൽ ഇതിനുമാത്രം എന്തിരിക്കുന്നുവെന്ന ചോദ്യമൊക്കെ തത്ക്കാലം അവിടെ നിൽക്കട്ടെ. ചില വിഷമഘട്ടങ്ങളിൽ, സന്തോഷങ്ങളിൽ ലിംഗവ്യത്യാസമില്ലാതെ ഒരാളെ ആലിംഗനം ചെയ്യുമ്പോൾ ഒരേസമയം ആശ്വാസവും സമാധാനവും കിട്ടാറുണ്ട്. അത്തരമൊരു സമാധാനം ഈ ചിത്രവും നമുക്ക് നൽകുന്നുണ്ട്. സ്നേഹത്തിന്റെയും കരുതലിന്റെയും അംഗീകാരത്തിന്റെയും ഈ ആശ്ലേഷം പങ്കുവയ്ക്കുന്നത് നിരവധി അർത്ഥതലങ്ങളാണ്. ദിവ്യ എസ് അയ്യർ കാണിച്ചുതന്നത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് കൂടിയാണ്. സാഹോദര്യവുംമാനവികതയും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമാണെന്ന് ഒരു ആശ്ലേഷണത്തിലൂടെ അവർ കാണിച്ചുതരുന്നു.
ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയുമെല്ലാം പേരിലുള്ള വേർതിരിവുകൾ ഇപ്പോഴും ഈ സമൂഹത്തിൽ പ്രത്യക്ഷമായി തന്നെ നിലകൊള്ളുന്നുണ്ട്. കാക്കയുടെ നിറമെന്നു പറഞ്ഞ് ഒരു കലാകാരനെ അധിക്ഷേപിച്ച സത്യഭാമയെപ്പോലുള്ളവർ വളരെയേറെ 'നാഗരികത'യോടെ ഈ സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുമ്പോഴും ഈ ചിത്രത്തിന് പ്രസക്തി ഏറെയാണ്. ദേവസ്വം മന്ത്രിസ്ഥാനത്തേക്ക് ദളിത് വിഭാഗത്തിൽ നിന്ന് കെ രാധാകൃഷ്ണൻ എത്തിയത് ചർച്ചയായതുപോലെതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മത്സരിപ്പിച്ചതും ഡൽഹിലേക്കയയ്ക്കുന്നതും ചര്ച്ചയാകുന്നുണ്ട്.
പൊതുസമൂഹത്തിൽ ലിംഗവ്യത്യാസമില്ലാതെ ഇടപെടുമ്പോൾ പലപ്പോഴും ഭയപ്പെട്ടുപോകാറുണ്ട്. അൽപ്പനേരം സമാധാനത്തോടെ ഒഴിഞ്ഞ ഒരു സ്ഥലത്തുനിന്ന് സുഹൃത്തിനോട് സംസാരിക്കുമ്പോഴോ, ഒന്നിച്ച് യാത്ര ചെയ്യുമ്പോഴോ, ഒരു ആൺ സുഹൃത്തിനൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്യുമ്പോഴോ താല്പര്യമില്ലാത്ത തരം നോട്ടവും വാക്കുകളും പരിഹാസങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. സ്നേഹ പ്രകടനങ്ങൾക്ക് എങ്ങനെയാണ് അതിർവരമ്പുകളുണ്ടാകുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുമുണ്ട്. എന്തായാലും മലയാളി മനസിലുള്ള സദാചാര ബോധത്തിന് കൊടുക്കാവുന്ന ഏറ്റവും മിഴിവാർന്ന രാഷ്ട്രീയ ചിത്രമായി ഇതിനെ കണക്കാക്കാം. മനുഷ്യർ പരസ്പരം കെട്ടിപ്പിടിക്കുമ്പോഴോ ഉമ്മവയ്ക്കുമ്പോഴോ ഒരു സംസ്കാരവും വീണുടയുന്നില്ല. നിലപാടുകൾ ഉറക്കെയുറക്കെ പറയാൻ ഇത്തരം കെട്ടിപ്പിടിക്കലുകളുണ്ടാകട്ടെ, ലിംഗവ്യത്യാസമില്ലാതെ സ്നേഹം കൈമാറപ്പെടട്ടെ....