പ്രപഞ്ചം കീഴടക്കിയ റൊസാരിയോ തെരുവിലെ അത്ഭുത ബാലന് ഭൂമിയില് അവതരിച്ചിട്ട് ഇന്നേക്ക് 37 വര്ഷം പൂര്ത്തിയാവുകയാണ്. ഇനി മെസ്സിക്ക് മുന്നില് നിയോഗങ്ങളൊന്നും ബാക്കിയില്ല, മടക്കം മാത്രം!. പുല്മൈതാനത്തോട് വിടപറയാന് ഇനി ഏറെനാള് ബാക്കിയില്ലെന്ന യാഥാര്ത്ഥ്യം ഒരുപക്ഷേ അയാളെ വല്ലാതെ അലട്ടുന്നുണ്ടാവും. തല്ലിയും തലോടിയും കരയിപ്പിച്ചും ആഹ്ലാദിച്ചും ചേര്ത്തുനിര്ത്തിയ ചതുരക്കളം വിടേണ്ടിവരുമെന്നത് ദുഃഖ സത്യമല്ലാതെ മറ്റെന്താണ്..! ഇത്തവണ കോപ്പയില് ഹൃദയഭാരമില്ലാതെ ആല്ബിസെലസ്റ്റുകള് മത്സരം വീക്ഷിക്കുമെങ്കിലും മെസ്സിയുടെ പെരുങ്കളിയാട്ടം അവസാനിക്കുകയാണെന്നത് അവരെയും അസ്വസ്ഥരാക്കുന്നുണ്ട്.
ക്രൂശിച്ചവര്ക്കും കുരിശിലേറ്റിയവര്ക്കും ഇനിയൊന്നും അടക്കം പറയാന് ബാക്കിനിര്ത്താതെയാണ് ലിയോണല് ആന്ദ്രേസ് മെസ്സി കരിയറിന്റെ അധിക സമയത്ത് പന്ത് തട്ടുന്നത്. ക്ലബ് ഫുട്ബോളിലും ദേശീയ കുപ്പായത്തിലും അയാള് എല്ലാം നേടിയിട്ടുണ്ട്, ഇനി അയാളെ ചൂണ്ടി വിമര്ശിക്കാനൊന്നും ബാക്കിയില്ല. 24 മാസങ്ങള്ക്കപ്പുറം മറ്റൊരു ലോകകപ്പ് വേദി ഉണരുമ്പോള് അയാളുണ്ടാകുമെന്ന് ഉറപ്പില്ല. എങ്കിലും, വിശ്വം ജയിച്ചവനെന്ന അഹങ്കാരത്തോടെ അയാള് മൈതാനത്ത് നിറഞ്ഞാടുന്നത് പ്രപഞ്ചത്തിലെ ഏറ്റവും കുളിര്മയുള്ള കാഴ്ച്ചയാണ്.
The Little Man from Rosario
ലുസെയ്ല് സ്റ്റേഡിയത്തില് പതിറ്റാണ്ടുകളുടെ ദൈര്ഘ്യമുള്ള മത്സരത്തിനൊടുവില് ഒരു നീണ്ട വിസില് മുഴങ്ങി. മെസ്സി അതുവരെ തലയിലേറ്റിയ എല്ലാ വേദനകളും മറന്ന് മുട്ടുകുത്തി ആകാശത്തേക്ക് കണ്ണുകളുയര്ത്തി മുത്തശ്ശിയെ നോക്കി, ജീവനും മരണത്തിനുമിടയില് നിന്നാണ് അയാള് ലോകകീരീടം താലോലിച്ച് കൈയ്യിലെടുത്തത്, ഇനിയെത്ര എഴുതിയാലും പറഞ്ഞാലും അടയാളപ്പെടുത്താനാവാത്ത നിമിഷം. ക്യാമ്പ് നൌവില് പതിനായിരങ്ങളുടെ ആരവങ്ങള്ക്കിടയില് ഒരു മനുഷ്യായുസ്സിന് സാധിക്കാവുന്ന എല്ലാ കിരീടങ്ങളും ചേര്ത്തുവെച്ച് അയാള് നൃത്തം ചവിട്ടിയിട്ടുണ്ട്. എന്നാല് അതിനൊന്നും ലുസെയ്ലിലെ അനുഭൂതിയുണ്ടായിരുന്നില്ല.
വര്ത്തമാനത്തില് അയാള്ക്ക് ആവശ്യമായതൊന്നുമില്ല.. കോപ്പയിലെ ആദ്യ മത്സരത്തില് കാനഡയ്ക്കെതിരെ മാലാഖയും മിശിഹയും നിരവധി അവസരങ്ങള് കളഞ്ഞെങ്കിലും വിമര്ശകരുടെ കണ്ണേറേറ്റിട്ടില്ല, അയാളുടെ കുറവുകളെക്കുറിച്ച് ആര്ക്കും ഒന്നും പറയാനുണ്ടായി കാണില്ല. രണ്ട് ഗോളിന്റെ അനായാസ വിജയമാണ് കാനഡയ്ക്കെതിരെ അര്ജന്റീന കുറിച്ചത്. വരും മത്സരങ്ങളില് വലിയ എതിരാളികള് കാത്തിരിക്കുന്നുണ്ട്. ഒരുപക്ഷേ കിരീടം നേടാന് സാധിക്കില്ലായിരിക്കും, എങ്കിലും ആരാധകരോ സ്കലോണിയോ മെസ്സിയോ നിരാശരാകില്ല.
വിശ്വകിരീട നേട്ടത്തിന് ശേഷം നിരാശയുടെ മൂടുപടലം എന്നന്നേക്കുമായ മെസ്സിയുടെ മുഖത്ത് നിന്ന് മാഞ്ഞു കഴിഞ്ഞു. ഇനി ബൂട്ടഴിക്കുന്ന രാത്രിയിലാവും ആ കണ്ണുകള് നിറയുക. എങ്കിലും! അവസാന അങ്കമായേക്കാവുന്ന കോപ്പ കിരീടത്തോടെ അവസാനിക്കാന് ആഗ്രഹിക്കാതിരിക്കാനാവില്ല.
ദൈവത്തിന് നന്ദി, മെസ്സിയുടെ കാലഘട്ടത്തില് ജനിക്കാനും മെസ്സിക്കൊപ്പം കണ്ണീരണിയാനും ആഹ്ലാദിക്കാനും അവസരം നല്കിയതിന്...