രാഹുല് എന്ന പ്രതിപക്ഷ ശബ്ദം

നിരന്തരം അപഹസിച്ചും വേട്ടയാടിയും നരേന്ദ്ര മോദിയും ബിജെപിയും തന്നെ നിര്മ്മിച്ചെടുത്ത കരുത്തനായ രാഹുല് ഗാന്ധിയാണ് ഇന്ന് ഇന്ത്യന് പ്രതിപക്ഷത്തിന്റെ മുഖം

dot image

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴോ, 10 വര്ഷം ഇന്ത്യന് പ്രധാനമന്ത്രി ആയിരുന്നപ്പോഴോ നരേന്ദ്ര മോദിക്ക് നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു കടമ്പയാണ് കൂട്ടുകക്ഷി സര്ക്കാര് എന്നത്. സഖ്യസര്ക്കാരിന്റെ സന്തുലിതാവസ്ഥയെ നിലനിര്ത്തുക എന്ന അധികബാധ്യത കൂടി പേറേണ്ടി വരുന്ന മൂന്നാം മോദി സര്ക്കാറിന് അതിനേക്കാള് വലിയ പ്രഹരമാവുകയാണ് ഇത്തവണത്തെ പ്രതിപക്ഷത്തിന്റെ കരുത്ത്.

ആര്ക്ക് മുന്പിലും തല ഉയര്ത്തി നില്ക്കുന്നവന് എന്ന പ്രതീതിയില് വാഴ്ത്തപ്പെട്ട നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ആണ് രാഹുല് ഇന്നലെ തന്റെ ശക്തമായ വാക്കുകള് കൊണ്ട് ആക്രമിച്ചത്. അതിന് പിന്ബലമായി രാഹുലിന് തന്റെ പ്രത്യയശാസ്ത്ര വ്യക്തത തന്നെ ധാരാളമായിരുന്നു. 101 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിലുടനീളം രാഹുല് ഏറ്റവുമധികം പ്രാധാന്യം നല്കിയത് ഒരു കാര്യം സ്ഥാപിക്കാനാണ്.

'' ഠറോ മത്, ഠറാവോ മത്''. ഭയപ്പെടരുത്, ഭയപ്പെടുത്തുകയും ചെയ്യരുതെന്ന് വ്യക്തമായി പറഞ്ഞു രാഹുല്. രാജ്യത്തെ ന്യൂനപക്ഷങ്ങളും ദളിതരും പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും ബദല് ശബ്ദങ്ങളും നിരന്തരം വേട്ടയാടപ്പെടുന്ന കാലത്ത് പ്രതിപക്ഷ നേതാവില് നിന്നും ജനം ആഗ്രഹിക്കുന്ന വാക്കുകളാണ് രാഹുല് പറഞ്ഞത്. മുന്നില് നിന്ന് നയിക്കാന് തങ്ങള്ക്കൊരു നേതാവ് ഉണ്ടായിരിക്കുന്നു എന്ന പ്രത്യാശ ഇരുള് മൂടി കിടന്ന ഹൃദയങ്ങളില് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.''കഴിഞ്ഞ വര്ഷം എനിക്ക് പലതും നഷ്ടമായെങ്കിലും ഒന്ന് ഞാന് സ്വന്തമാക്കി. അത് രാഹുല്ജി പറഞ്ഞത് പോലെ ഭയത്തില് നിന്നുള്ള സ്വാതന്ത്ര്യമാണ്.'' എന്നമഹുവാ മൊയ്ത്രയുടെ വാക്കുകള് അതിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

ഭയപ്പെടരുതെന്ന് കേവലം പ്രസംഗിക്കുന്ന നേതാവ് മാത്രമല്ല രാഹുല് ഗാന്ധി. സ്വന്തം രാഷ്ട്രീയ ജീവിതത്തിലൂടെ അത് നടപ്പിലാക്കി കാണിച്ചതിന് ശേഷമാണ് അയാള് ആ പ്രസംഗം നടത്തുന്നത്. അതുകൊണ്ടാണ് അതിന് ആധികാരികത ലഭിക്കുന്നത്. വെറുപ്പ് വിതച്ച മണിപ്പൂരിന്റെ മണ്ണില് നേരിട്ട് ചെന്ന് ഇരു വിഭാഗങ്ങളേയും ചേര്ത്ത് നിര്ത്താന് രാജ്യത്തെ പ്രധാനമന്ത്രിക്കില്ലാത്ത ധൈര്യം കാണിച്ച നേതാവാണ് രാഹുല്. ഭാരത് ജോഡോയുടെ സമാപനത്തില് ഗ്രനേഡുകളെയും ബുള്ളറ്റുകളെയും ഭയപ്പെടാതെയാണ് ആ മനുഷ്യന് കാശ്മീര് ജനതയുടെ സമ്മതത്തോടെ ത്രിവര്ണ്ണ പതാക ആ മണ്ണില് ഉയര്ത്തിയത്. തന്നെ പപ്പുവാക്കിയ ബിജെപി ട്രോള് ഫാക്ടറിയെയോ പരിഹാസങ്ങളെയോ ഭയക്കാതെയാണ് അയാള് ഇന്ത്യന് ജനതയുടെ പ്രതിപക്ഷ നേതാവായത്. എം പി സ്ഥാനത്ത് നിന്ന് പുറത്താക്കിയിട്ടും കേന്ദ്ര ഏജന്സികളെ വിട്ട് ചോദ്യം ചെയ്യിച്ചിട്ടും താമസിച്ചിരുന്ന വീട്ടില് നിന്ന് ഇറക്കി വിട്ടിട്ടും പാര്ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടും ഭയപ്പെടാതെ പോരാടിയ ധീരതയുടെ പേര് കൂടിയാണ് രാഹുല് ഗാന്ധി. പിതാവിന്റെയും മുത്തശ്ശിയുടെയും ചിന്നിചിതറിയ ശരീരം ബാല്യത്തില് തന്നെ കൈകളില് ഏറ്റുവാങ്ങേണ്ടി വന്നൊരു മനുഷ്യനെ ഇത്തരം ഗിമ്മിക്കുകള് കൊണ്ട് ഭയപ്പെടുത്താം എന്ന ചിലരുടെ തോന്നലാണ് പരാജയപ്പെടുന്നത്.

നീറ്റ് പരീക്ഷയിലെ അട്ടിമറിയെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും അഗ്നിവീറിനെ കുറിച്ചും രാഹുല് സംസാരിക്കുമ്പോള് ഭരണപക്ഷത്തിന് മറുപടിയില്ലായിരുന്നു. നീറ്റ് പരീക്ഷയില് വിദ്യാര്ഥികള്ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അത് സമ്പന്നര്ക്ക് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പരീക്ഷ മാത്രമാണെന്നുമുള്ള വിദ്യാര്ഥികളുടെ ഉത്കണ്ഠ രാഹുല് കൃത്യമായി പ്രതിധ്വനിപ്പിച്ചു. സ്പീക്കറുടെ പക്ഷപാതപരമായ പെരുമാറ്റത്തിനും രാഹുലിന്റെ കൈയ്യില് മറുമരുന്നുണ്ടായിരുന്നു. തന്നോട് നിവര്ന്നു നിന്ന് ഹസ്തദാനം ചെയ്യുന്ന സ്പീക്കര് എന്തിനാണ് പ്രധാനമന്ത്രിയുടെ മുന്നില് നട്ടെല്ല് വളച്ച് നില്കുന്നതെന്ന ചോദ്യത്തില് പതറുന്ന സ്പീക്കറെ കാണാമായിരുന്നു. താന് സംസാരിക്കുമ്പോള്, തന്നെ ഒഴിവാക്കുന്ന ലോക്സഭാ ക്യാമറകളുടെ ശ്രദ്ധയാകര്ഷിക്കാനുള്ള തന്ത്രങ്ങളും പയറ്റി തെളിഞ്ഞ രാഹുലിനെയാണ് ഇന്നലെ നാം കണ്ടത്.

തൊഴിലില്ലായ്മയിലോ നീറ്റ് വിവാദത്തിലോ ബിജെപി പ്രതികരണത്തിന് മുതിരില്ലെന്ന് വ്യക്തമായപ്പോഴാണ് രാഹുല് ബിജെപിയുടെ പോസ്റ്റില് കയറി അവരെ ആക്രമിക്കാന് തുനിഞ്ഞത്. ഹിന്ദു എന്ന് അവകാശപ്പെടുന്നവര് രാജ്യത്ത് വെറുപ്പും ഹിംസയും നുണയും പ്രചരിപ്പിക്കുന്നു എന്ന് രാഹുല് പ്രസ്താവിച്ചു. പ്രതീക്ഷിച്ചത് പോലെ ആ ചൂണ്ടയില് ബിജെപിക്ക് തങ്ങളുടെ മൗനം ഭേദിക്കേണ്ടി വന്നു. സാക്ഷാല് പ്രധാനമന്ത്രി തന്നെ മറുപടി നല്കാനായി എഴുന്നേറ്റു. രാഹുലിന്റെ പ്രസ്താവനയെ മുഴുവന് ഹിന്ദു സമൂഹത്തിനും എതിരായ പ്രസ്താവനയായി വ്യാഖ്യാനിക്കാന് ശ്രമമുണ്ടായി. പക്ഷേ രാഹുലോ പ്രതിപക്ഷമോ ഭയന്നില്ല. ബിജെപിയോ മോദിയോ ആര്എസ്എസോ ഹിന്ദുവിനെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന് പറയാനുള്ള അവസാരമാക്കി പ്രതിപക്ഷം അതിനെ മാറ്റി. അതോടെ 'കരുത്തനായ' പ്രധാനമന്ത്രിക്ക് മൗനം പാലിച്ച് തന്റെ ഇരിപ്പിടത്തില് ഇരിക്കേണ്ടി വന്നു.

രാജ്യത്ത് ഇസ്ലാമോഫോബിയ അതിന്റെ പാരമ്യത്തില് നില്ക്കുമ്പോഴാണ് രാഹുല് തന്റെ പ്രസംഗത്തില് ഖുറാന് ഉദ്ധരിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങള് എല്ലാ മേഖലയിലും പങ്കെടുത്തുകൊണ്ട് ലോകത്തിന് മുന്നില് ഇന്ത്യയുടെ യശസ്സ് ഉയര്ത്തുന്നവരാണെന്നും അവര്ക്കെതിരെയുള്ള അതിക്രമങ്ങള് അവസാനിപ്പിക്കണമെന്നും രാഹുല് പറഞ്ഞു. ഖുറാന് മാത്രമല്ല, യേശുവും ശിവനും ഗുരു നാനാക്കും മഹാവീരനുമൊക്കെ ഇന്നലെ രാഹുലിന്റെ വാക്കിലും പ്രവര്ത്തിയിലും പ്രതിഫലിച്ചു. ഗാന്ധി നിര്വ്വചിച്ച ഇന്ത്യന് ബഹുസ്വരതയെ അതിന്റെ തനിമ നഷ്ടപ്പെടാതെ സംവേദിക്കുന്ന രാഹുലിനെയാണ് പാര്ലമെന്റില് കണ്ടത്. ഗുജറാത്തിലും ഇന്ഡ്യ സഖ്യം അധികാരത്തിലെത്തുമെന്ന് മുന്നറിയിപ്പ് നല്കിയാണ് രാഹുല് ഇന്നലത്തെ ദിവസത്തെ സമ്പൂര്ണ്ണമാക്കിയത്.

നിരന്തരം അപഹസിച്ചും, വേട്ടയാടിയും നരേന്ദ്ര മോദിയും ബിജെപിയും തന്നെ നിര്മ്മിച്ചെടുത്ത കരുത്തനായ രാഹുല് ഗാന്ധിയാണ് ഇന്ന് ഇന്ത്യന് പ്രതിപക്ഷത്തിന്റെ മുഖം. അയാള് തന്റെ ആവനാഴിയിലേക്കുള്ള അസ്ത്രങ്ങള് ശേഖരിച്ചത് ജോഡോ യാത്രകളിലൂടെ ഇന്ത്യയിലെ തെരുവുകളില് നിന്നാണ്. അവയ്ക്ക് മൂര്ച്ചക്കൂട്ടിയത് ഭരണഘടന എന്ന വജ്രായുധം ഉപയോഗിച്ചാണ്. ആ അസ്ത്രങ്ങളില് നിന്നും ഒഴിഞ്ഞുമാറുക എന്നത് ഭരണപക്ഷത്തിന് വരും ദിവസങ്ങളില് എളുപ്പമാവില്ല!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us