പൗരത്വവും ബംഗാളിൽ കച്ചിത്തുരുമ്പായില്ല; 'മതുവ ഹിന്ദു' വിഭാഗവും ബിജെപിയെ കൈവിടുന്നോ?

ഏറ്റവും കൂടുതല്‍ രാഷ്ട്രീയനിക്ഷേപം നടത്തിയ ഒരു വിഭാഗത്തില്‍ നിന്നുതന്നെ പാര്‍ട്ടിക്ക് തിരിച്ചടി ലഭിച്ചത് ബിജെപിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്

dot image

ബിജെപിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള, എന്നും ഉറച്ച ഒരു വോട്ട് ബാങ്കായിരുന്നു ബംഗാളിലെ മതുവാ എന്ന ഹിന്ദു വിഭാഗം. ആശയാടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും ബംഗാളില്‍ ബിജെപി ഏറ്റവും വലിയ 'നിക്ഷേപം' നടത്തിയിട്ടുള്ളതും മതുവാ ഹിന്ദുക്കളിലായിരുന്നു. ബംഗാള്‍ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന മതുവാ ഹിന്ദുക്കളും ഒടുവില്‍ ബിജെപിയെ കയ്യൊഴിഞ്ഞത് സംഘപരിവാറിന്റെ ബംഗാള്‍ പ്രതീക്ഷകളെ മുച്ചൂടും തകര്‍ത്തിരിക്കുകയാണ്.

ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോവാണ് മതുവാ ഹിന്ദുക്കളും ബിജെപിയെ കയ്യൊഴിഞ്ഞു എന്നറിയുന്നത്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ, പൗരത്വ പ്രതിസന്ധി ഇപ്പോഴും അലട്ടുന്ന, മതുവാ ഹിന്ദു വിഭാഗം ബിജെപിയെ കൈവിടുകയാണോ?

തൃണമൂൽ മുന്നേറ്റം

മതുവാ ഹിന്ദുക്കളുടെ ശക്തികേന്ദ്രമായ രണ്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നോര്‍ത്ത് 24 പർഗനാസ് ജില്ലയിലെ ബാഗ്ദാ മണ്ഡലവും, നാദിയ ജില്ലയിലെ റാണാഘട് ദക്ഷിണ്‍ മണ്ഡലവും. ഇവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സ്ഥാനാര്‍ത്ഥികളായ മധുപര്‍ണ താക്കൂറും, മുകുന്ദ് മണി അധികാരിയും ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ജയിച്ചുകയറി.

Also Read:

മേൽപറഞ്ഞതുപോലെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയനിക്ഷേപം നടത്തിയ ഒരു വിഭാഗത്തില്‍ നിന്നുതന്നെ പാര്‍ട്ടിക്ക് തിരിച്ചടി ലഭിച്ചത് ബിജെപിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തു നിന്ന് തൃണമൂലിന്റെ അധികാര വേരിനെ അറുത്തുകളയാന്‍ ബംഗ്ലാദേശി ഹിന്ദുക്കളായ മതുവ വിഭാഗത്തിനോട് പൗരത്വത്തിന്റെ പേര് പറഞ്ഞാണ് ബിജെപി അടുത്തിരുന്നത്. പൗരത്വനിയമം വന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണം മതുവാ വിഭാഗത്തിനെന്ന വാദമുയര്‍ത്തി നിരവധി പ്രചാരണപരിപാടികളാണ് ഇവരുടെ സ്വാധീനമേഖലകളില്‍ ബിജെപി നടത്തിയിരുന്നത്.

ഒരു സമയത്ത് വര്‍ഗീയമായി വരെ ഈ പ്രചാരണങ്ങള്‍ വഴിത്തിരിഞ്ഞു പോയി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുന്‍പ് പൗരത്വനിയമം നടപ്പില്‍വരുത്തി ഈ വിഭാഗത്തെ പാര്‍ട്ടിയോടൊപ്പം ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു ബിജെപിയുടെ ഒടുവിലത്തെ ബുദ്ധിപരമായ നീക്കം. അതിന് പാര്‍ട്ടി വഴിവെട്ടിയത് ബന്‍ഗാവോണില്‍ നിന്നുള്ള ബിജെപി എംപിയും മാതുവ സമുദായ അംഗവുമായ ശന്തനു താക്കൂര്‍ വഴിയും. ശന്തനു എന്ന പാലം വഴി മതുവ ഹിന്ദുക്കളിലേക്ക് ബിജെപി നടന്നുകയറിയ കയറ്റം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയം ഉണ്ടാക്കിക്കൊടുത്തിരുന്നു.

പൊതുതെരഞ്ഞടുപ്പില്‍ ബിജെപി ജയിച്ചുകയറിയെങ്കിലും കൂടുതല്‍ പ്രാദേശികമായ കാഴ്ചപ്പാടിൽ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മതുവ വിഭാഗം ആര്‍ക്കൊപ്പമെന്ന് യഥാര്‍ത്ഥത്തില്‍ വെളിപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ പൗരത്വ കാര്‍ഡിന് പകരമായി, പൗരത്വം ലഭിക്കാനുള്ള സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടി തൃണമൂല്‍ നടത്തിയ പ്രചാരണമാണ് ഇവിടം ലക്ഷ്യം കണ്ടത്. പൗരത്വം ലഭിക്കാനായി, പലായനം ചെയ്ത രാജ്യത്തില്‍നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള രേഖകള്‍ വേണമെന്ന നിബന്ധന, ആദ്യ ഘട്ടത്തിലെ സന്തോഷത്തിന് ശേഷം സമുദായത്തിന്റെ ഇടയില്‍ അസ്വാരസ്യമുണ്ടാക്കിയിരുന്നു.

ഇതിനെല്ലാമപ്പുറം ബാഗ്ദാ മണ്ഡലത്തില്‍ വിജയിച്ച മതുവ ഹിന്ദുവായ, വെറും 25 വയസ് മാത്രമുള്ള മധുപര്‍ണ താക്കൂര്‍ വഴിയും തൃണമൂല്‍ സമുദായത്തോട് കൂടുതല്‍ അടുക്കുകയാണ്. മധുപര്‍ണയെ സ്വന്തം വീട്ടില്‍നിന്ന് ഇറക്കിവിട്ട്, സഹോദരനും ബിജെപി എംപിയും കൂടിയായ ശന്തനു താക്കൂര്‍ നടത്തിയ രാഷ്ട്രീയ നീക്കം, തത്വത്തില്‍ മധുപര്‍ണയ്ക്ക് ഗുണകരമാകുകയായിരുന്നു.

മധുപര്‍ണ താക്കൂര്‍

ബിജെപിയെ കൈവിടുമോ മതുവ ഹിന്ദുക്കൾ?

2019 മുതല്‍ക്കുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ മതുവ ഹിന്ദുക്കള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ കൂടുതലും കൈകൊടുത്തത് ബിജെപിയ്ക്കാണ്. മൂന്ന് വര്‍ഷത്തിനിപ്പുറം അവ ഒന്നൊന്നായി തൃണമൂലിലേക്ക് തിരിച്ചുവരുന്നുവെന്ന സൂചനയാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ഇത്തരത്തില്‍ ബിജെപിയുടെ ശക്തികേന്ദ്രത്തിലേക്ക് കയറി ചെന്നുനേടിയ ഈ വിജയം തൃണമൂലിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

രാജ്യമെങ്ങും പ്രതിപക്ഷം ശക്തി പ്രാപിച്ച സാഹചര്യമാണ് നിലവിലുള്ളത്. ബംഗാളില്‍ തകരുമെന്ന് കരുതിയ തൃണമൂലും കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുന്നു. അങ്ങനെയങ്കില്‍ 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മതുവ ഹിന്ദുക്കളെന്ന കാല്‍കീഴിലെ മണ്ണ് ഒലിച്ചുപോകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടായെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് വിലയിരുത്തലുകളുണ്ട്. ബിജെപി കൈക്കുമ്പിളില്‍ കൊണ്ടുനടന്ന, ബംഗാളിലെ പ്രബലമായ ഒരു ഹിന്ദു സമുദായം അവരില്‍നിന്ന് അകലുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us