രമേശ് നാരായണൻ എന്ന സംഗീത സംവിധായകന് നടൻ ആസിഫ് അലിയോട് തോന്നുന്ന പുച്ഛം ഒരുതരം മനോരോഗമാണ്. വരേണ്യവർഗ്ഗത്തിൻ്റെ പ്രതിനിധിയായ രമേശിന് ആസിഫ് എന്ന സാധാരണക്കാരനെ അംഗീകരിക്കാൻ വലിയ പ്രയാസമുണ്ടാകും. മമ്മൂട്ടിയോ മോഹൻലാലോ സമ്മാനിക്കുന്ന പുരസ്കാരം നിഷേധിക്കുവാൻ രമേശ് ധൈര്യപ്പെടുമോ?ആസിഫ് അലിമാരോട് മാത്രമേ രമേശ് നാരായണൻമാർ അസഹിഷ്ണുത പ്രകടിപ്പിക്കുകയുള്ളൂ. രമേശ് ആസിഫിനെ അപമാനിച്ചു എന്ന പ്രസ്താവന ഒരു അണ്ടർസ്റ്റേറ്റ്മെൻ്റ് ആണ്. ഒരു പൊതുവേദിയിൽ വെച്ച് ആസിഫ് ഉരുകിയുരുകി ഇല്ലാതാവുകയാണ് ചെയ്തത്!
വിവാദമായി മാറിയ ആ വീഡിയോ അതീവ ശ്രദ്ധയോടെ കാണേണ്ടതാണ്. രമേശിന് അവാർഡ് നൽകുന്നതിനുവേണ്ടി ആസിഫ് നടന്നുവരികയാണ്. ആ സമയത്ത് അയാൾ രമേശിനെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. രമേശിനോടൊപ്പമുള്ള ഒരു ഫോട്ടോ ആസിഫ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ രമേശ് അതിനൊന്നും തയ്യാറാവുന്നില്ല! രമേശ് തനിക്ക് ഒരു ചിരിയെങ്കിലും സമ്മാനിക്കുമെന്ന് ആസിഫ് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ രമേശ് ആസിഫിൻ്റെ മുഖത്ത് പോലും നോക്കുന്നില്ല! അവസാനം തനിക്ക് ഇവിടെ ഒരു റോളും ഇല്ല എന്ന കാര്യം മനസ്സിലാക്കി ആസിഫ് സ്വയം മാറിനിൽക്കുന്നു! ആസിഫ് അനുഭവിച്ചത് കരൾ പിളരുന്ന വേദനയാണ്. അപമാനം എന്ന വാക്കുകൊണ്ട് അതിനെ പരിമിതപ്പെടുത്താനാവില്ല.
സംഗീതജ്ഞരുടെ കുടുംബത്തിലാണ് രമേശ് ജനിച്ചത്. അയാൾ മ്യൂസിക് കോളജിൽ പഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്ത മ്യുസീഷ്യൻമാരുടെ ശിഷ്യത്വവും സ്വീകരിച്ചിട്ടുണ്ട്. എല്ലാ രീതിയിലും പ്രിവിലേജ്ഡ് ആയ ജീവിതമാണ് രമേശിൻ്റേത്. ആസിഫിൻ്റെ കാര്യം അങ്ങനെയല്ല. കലയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു വീട്ടിൽനിന്നാണ് അയാൾ വരുന്നത്. പഠിക്കുന്ന കാലത്ത് അബദ്ധത്തിൽ പോലും ആസിഫ് സ്റ്റേജിൽ കയറിയിട്ടില്ല. വെള്ളിത്തിരയിലെ താരമാകുന്നതിന് വേണ്ടി ആസിഫ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവസരങ്ങൾക്കുവേണ്ടി സംവിധായകരുടെ പുറകെ അയാൾ അലഞ്ഞിട്ടുണ്ട്. പ്രാദേശിക ചാനലിലെ അവതാരകൻ്റെ വേഷത്തിൽ ഭാഗ്യപരീക്ഷണം നടത്തിയിട്ടുണ്ട്. നായകനായി അഭിനയിച്ച ചില സിനിമകളിൽ സഹസംവിധായകൻ്റെ ജോലി കൂടി താൻ നിർവ്വഹിച്ചിട്ടുണ്ടെന്ന് ആസിഫ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആസിഫ് പൂർണ്ണമായും സാധാരണക്കാരൻ്റെ പ്രതിനിധിയാണ്. അങ്ങനെയുള്ള ആസിഫിനോട് രമേശ് നാരായണന് അനിഷ്ടം തോന്നും. അതിൻ്റെ പേരാണ് എലീറ്റിസം.
പാവപ്പെട്ട മനുഷ്യരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ജീവിതമാണ് ആസിഫിൻ്റേത്. ആ മേന്മ രമേശിന് അവകാശപ്പെടാനില്ല. രമേശ് നാരായണൻ എന്ന പേര് പലരും ഇപ്പോഴാണ് ആദ്യമായി കേൾക്കുന്നത്! എന്നാൽ ആസിഫ് വർഷങ്ങളായി മലയാളികൾക്ക് സുപരിചിതനാണ്. ആസിഫിനെ ഒരു പുൽക്കൊടിയെപ്പോലെ പരിഗണിച്ചത് രമേശിൻ്റെ അൽപ്പത്തരമാണ്. 'ഏയ് ഓട്ടോ' എന്ന സിനിമയിൽ ഒരു രംഗമുണ്ട്. മോഹൻലാൽ അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തെ വിളമ്പിവെച്ച ഭക്ഷണത്തിൻ്റെ മുന്നിൽനിന്ന് എഴുന്നേൽപ്പിച്ചുവിടുന്ന സീൻ. ആ രംഗം ഞാൻ ഒരിക്കലേ കണ്ടിട്ടുള്ളൂ. വീണ്ടും വീണ്ടും കാണാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ടാണ്. രമേശ് നാരായണന് ആസിഫ് അലി അവാർഡ് സമ്മാനിക്കുന്നതിൻ്റെ വിഡിയോ ഇനി ഞാൻ കാണില്ല. നേരിട്ട അപമാനം മുഴുവനും ഉള്ളിലൊതുക്കി ''ഹാപ്പി ബെർത്ത്ഡേ മീനുക്കുട്ടീ'' എന്ന് പറഞ്ഞ് ചിരിച്ച സുധിയുടെ മുഖം മരണംവരെ എൻ്റെ മനസ്സിലുണ്ടാകും. ഒരു ചെറുചിരിയിൽ എല്ലാം ഒളിപ്പിച്ച് രമേശിൽ നിന്ന് നടന്നകന്ന ആസിഫിനെയും ഞാൻ മറക്കില്ല...!