തോമസ് പോൾ
1 min read|18 Jul 2024, 03:41 pm
dot image

2010ല്‍ പുറത്തിറങ്ങിയ 'പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയ്ന്റ്‌' എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് ഉണ്ട്. ഉമ്മന്‍ ചാണ്ടി എന്നാല്‍ ഒരാളേ ഉള്ളൂ എന്ന്. വര്‍ഷങ്ങള്‍ക്കിപ്പുറം 2024 ല്‍ ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആ ഡയലോഗ് അര്‍ത്ഥവത്താണെന്ന് പുതുപ്പള്ളി തെളിയിച്ചുകൊണ്ടേ ഇരിക്കുന്നു. മരത്തില്‍ നിന്ന് കൊഴിയാന്‍ മടിക്കുന്ന പൂക്കള്‍ പോലെ ഇന്നും ഉമ്മന്‍ ചാണ്ടിയോട് ചേര്‍ന്നുനില്‍ക്കാനാണ് പുതുപ്പള്ളിക്കാര്‍ക്ക് ഇഷ്ടം. ഒന്നാം ചരമ വാര്‍ഷികത്തിലും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ആള്‍ത്തിരക്കാണ്. എംഎല്‍എ ആയിരുന്ന സമയത്ത് ഞായറാഴ്ച്ചകളില്‍ കരോട്ട് വള്ളക്കാലിലെ വീട്ടില്‍ ഉണ്ടായിരുന്നതിനെക്കാള്‍ അധികം.

പുതുപ്പള്ളിയിലെ മിക്ക വീടുകളിലും ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോകള്‍ സൂക്ഷിച്ചിട്ടുണ്ട്. 53 കൊല്ലം പുതുപ്പള്ളിക്കാര്‍ തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടിയെ വിജയിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയക്കാരനില്‍ കാണാന്‍ സാധിക്കാത്ത, നന്മയുള്ള അപൂര്‍വ്വ നേതാവായിരുന്നു പുതുപ്പളളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ആളുകളുടെ ഇടയില്‍ ജീവിച്ച്, ആള്‍ത്തിരക്കിനെ ജീവവായുവാക്കിയ നേതാവിനെ ഒറ്റയ്ക്കാക്കാന്‍ ജനങ്ങള്‍ക്കാവില്ലല്ലോ. വിടവാങ്ങിയ ഒരാളെ തേടി വേണ്ടപ്പെട്ടവര്‍ എത്തുന്നത് സ്വാഭാവികം. വിടവാങ്ങിയതിന്‍റെ ഒന്നാം വാർഷിക ദിനത്തില്‍ അണമുറിയാതെയുള്ള ആള്‍ത്തിരക്ക് അദ്ദേഹത്തെ എത്രമാത്രം കേരള ജനത സ്‌നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്.

2023 ജൂലൈ 18 ന് ഞെട്ടലോടെയാണ് പുതുപ്പള്ളിയില്‍ സൂര്യനുദിച്ചത്. ജനപ്രീതി ആസ്വദിച്ച ജനപ്രിയന്റെ വിയോഗ വാര്‍ത്ത കേരളത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി. പിന്നീടുള്ള രാപ്പകലുകള്‍ കേരളത്തെ കണ്ണീരിലാഴ്ത്തിയത് എത്രമാത്രമെന്ന് വിലാപയാത്രയില്‍ കേരളം കണ്ടതാണ്. ഉമ്മന്‍ ചാണ്ടിയുടെ ചേതനയറ്റ മൃതശരീരവുമായി നടത്തിയ വിലാപയാത്രയെ ആബാലവൃദ്ധം ജനങ്ങള്‍ കണ്ണീര്‍ പൊഴിച്ചാണ് സ്വീകരിച്ചത്. വെയിലും മഴയും വകവെയ്ക്കാതെ വഴിയരികില്‍ കാത്തു നിന്ന മനുഷ്യര്‍, തങ്ങള്‍ക്ക് ലഭിച്ച സഹായത്തിന്റെയും കരുതലിന്റെയും കഥകള്‍ പങ്കുവെച്ച് വിലപിച്ചു. നല്ലൊരു നേതാവ് എങ്ങനെയായിരിക്കണമെന്ന് സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകള്‍ അവര്‍ക്ക് അറിയാവുന്ന ഭാഷകളില്‍ പറഞ്ഞു.

രാഷ്ട്രീയ ആരോപണങ്ങള്‍ മനഃസാക്ഷിയുടെ കോടതിയെ മുന്‍നിര്‍ത്തി നേരിട്ട ഉമ്മന്‍ ചാണ്ടിയെ കേരള ജനത സ്വീകരിച്ചത് ഇടനെഞ്ചിലായിരുന്നെന്ന് കാലം തെളിയിച്ചു. 1980ല്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്കാര്‍ക്ക് കൊടുത്ത വാക്കാണ് എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയില്‍ എത്തുമെന്നത്. 40 വര്‍ഷം ആ വാക്ക് പാലിച്ചു, ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് തിരിക്കും വരെ. നാട്ടില്‍ ഒരു മരണം ഉണ്ടായാല്‍ അവിടെ എത്തുക എന്നത് ഉമ്മന്‍ ചാണ്ടിക്ക് നിര്‍ബന്ധമായിരുന്നു. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തിരക്കിലാണെങ്കില്‍ തിരികെ പുതുപ്പള്ളിയിലെത്തുന്ന ആദ്യ ദിവസത്തെ പരിപാടി മരണ വീടുകളിലെ സന്ദര്‍ശനമായിരുന്നു. കാരണം പുതുപ്പള്ളിയിലെ ഓരോ വീടും ഉമ്മന്‍ ചാണ്ടിയുടെ കുടുംബമാണ്.

നിയമസഭയില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന വെെഭവമായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്. എതിരാളികള്‍ക്ക് പരമാവധി സംസാരിക്കാന്‍ അവസരം നല്‍കിയ ശേഷം അതില്‍ തിരിച്ചടിക്കുക എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സഭയിലെ പോരാട്ടശൈലി. ഒരു കുറിപ്പിന്റെയും പിന്‍ബലമില്ലാതെ ചരിത്രത്തില്‍ നിന്നുള്ള ഏതു സംഭവവും സാഹചര്യത്തിനൊത്ത് എടുത്തു പ്രയോഗിക്കാനുള്ള ഓർമ്മ പ്രസിദ്ധമായിരുന്നു. 2005ല്‍ കര്‍ഷക തൊഴിലാളികള്‍ക്കു ക്ഷേമ പെന്‍ഷന്‍ നല്‍കുന്നില്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തെ നേരിട്ടത്, പെന്‍ഷന്‍ കൊടുത്തു തീര്‍ക്കാതെ താന്‍ ഇനി ശമ്പളം കൈപ്പറ്റില്ല എന്ന പ്രഖ്യാപനത്തോടെയായിരുന്നു. ചികിത്സയ്ക്കായി പോയ നാളുകളില്‍ ഉമ്മന്‍ ചാണ്ടി പ്രത്യേക ദൂതന്‍ വഴി സ്പീക്കര്‍ക്കു കൃത്യമായി കത്തു നല്‍കിയാണ് അവധിയെടുത്തത്. തന്റേടത്തോടെ നിയമസഭയില്‍ നിന്ന ഉമ്മന്‍ചാണ്ടി വേദനയോടെ നിന്ന ഒറ്റ സംഭവമേ സഹപ്രവര്‍ത്തകര്‍ക്ക് ഓര്‍മ്മയുള്ളൂ. അതു പ്രതിപക്ഷത്തിരിക്കെ വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ വ്യക്തിപരമായ പദപ്രയോഗം കേട്ടായിരുന്നു.

എംഎല്‍എമാരുടെ അടുത്തേക്ക് പാര്‍ട്ടി നേതാക്കളുടെ കത്തുമായി എത്തി ആവശ്യങ്ങള്‍ നേടിയെടുക്കുന്ന കാലത്ത് വ്യത്യസ്തനായിരുന്നു കുഞ്ഞൂഞ്ഞ്. ശത്രുക്കള്‍ക്ക് പോലും ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്ന വ്യത്യസ്തന്‍. ഓരോ തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം ഉയരാനുള്ള കാരണം വേറെ അന്വേഷിക്കേണ്ടെന്നത് സാരം. വാളെടുത്ത സ്വന്തം ശിഷ്യനെ വിലക്കിയ യേശു ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ അക്രമണം ഉണ്ടായപ്പോള്‍ സ്വീകരിച്ച നിലപാട്. സംസ്ഥാന വ്യാപക ഹര്‍ത്താലിന് നേതൃത്വം തയ്യാറായപ്പോള്‍ അത് വിലക്കി. തന്റെ പേരില്‍ ഒരു അക്രമവും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു.

സോളാര്‍, ബാര്‍ കോഴ, പാലാരിവട്ടം പാലം അഴിമതി തുടങ്ങി നിരവധി അഴിമതി ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്നു. എന്നാല്‍ അക്ഷോഭ്യനായി ഇതെല്ലാം നേരിട്ട ഉമ്മന്‍ചാണ്ടി മനസാക്ഷിയുടെ കോടതിയില്‍ തെറ്റുകാരനല്ല എന്ന സിദ്ധാന്തത്തില്‍ ഉറച്ച് നിന്നു. ജീവിത-രാഷ്ട്രീയ പ്രതിസന്ധികളില്ലെല്ലാം അദ്ദേഹം അഭയം തേടിയത് പുതുപ്പള്ളി പള്ളിയില്‍ ആയിരുന്നു. ഒടുവില്‍ സകല അന്വേഷണ കമ്മീഷനുകളും മരണശേഷം ക്ലീന്‍ ചിറ്റ് നല്‍കിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്വര്‍ഗത്തിലിരുന്ന് പുഞ്ചിരിച്ചിട്ടുണ്ടാവും.

ഇന്ന് പുതുപ്പള്ളി പള്ളിയിലെ കബറിടത്തില്‍ ഉമ്മന്‍ ചാണ്ടി വിശ്രമം കൊള്ളുന്ന സ്ഥലത്ത് ജനപ്രവാഹമാണ്. മാറ്റി നിര്‍ത്തിയ സഭ തന്നെ അന്ത്യ വിശ്രമം കൊള്ളാന്‍ ഒരു അല്‍മായന് ഇടം ഒരുക്കിയ സ്ഥലമാണത്. മാറ്റി നിര്‍ത്തിയവർക്ക്, വേദനിപ്പിച്ചവര്‍ക്ക് എല്ലാം പുഞ്ചിരി സമ്മാനിച്ച നേതാവ് നിത്യതയില്‍ വിശ്രമിക്കുമ്പോള്‍ കര്‍ത്താവിനെ ക്രൂശിച്ച ശേഷം ഇവന്‍ നീതിമാനായിരുന്നെന്ന് ശതാധിപന്‍ പറയുന്നതിനോട് സാമ്യം തോന്നുന്നതില്‍ അത്ഭുതമില്ല.

നാടിനെ ഇത്രമേല്‍ സ്‌നേഹിച്ച നേതാവിന് അവിടം വിട്ട് പോകാന്‍ സാധിക്കില്ലെന്ന് പുതുപ്പള്ളിക്കാര്‍ വിശ്വസിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ അദ്യശ്യസാന്നിധ്യം ഇപ്പോഴും അവിടെ ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്ന് പുതുപ്പള്ളിക്ക് പുണ്യാളന്‍ ഒന്നല്ല രണ്ടാണ്. ഗീവര്‍ഗീസ് സഹദായുടെ കൂടെ ഉമ്മന്‍ ചാണ്ടിയും!

dot image
To advertise here,contact us
dot image