എന്ത് പ്രഹസനമാണ് സജി; ഫെയ്സ്ബുക്കിൽ മൺകൂമ്പാരത്തിനൊപ്പം സെൽഫി, കർവാർ എസ്പി ഇത് മോശം

രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്ന എസ്പിയുടെ പ്രൊഫൈൽ വാളിൽ സംഭവസ്ഥലത്തു നിന്നുള്ള സെൽഫികൾ അടക്കമുള്ള ചിത്രങ്ങൾ ധാരാളമായി പങ്കുവെച്ചിട്ടുണ്ട്

dot image

ബെംഗളുരു അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടി തിരച്ചിൽ ആറാം ദിവസവും പിന്നിടുകയാണ്. ലോറിയോ അർജുനോ എവിടെയാണെന്നുള്ള ചെറിയ സൂചന പോലും ഇത് വരെ ലഭിച്ചിട്ടില്ല. നൂതനമായ രക്ഷാപ്രവർത്തന സംവിധാനങ്ങളുള്ള ഇക്കാലത്ത് രക്ഷാപ്രവർത്തനം 130 മണിക്കൂറും കടന്നിട്ടും അർജുനിലേക്ക് നമുക്ക് എത്താൻ കഴിഞ്ഞില്ല എന്നത് സംവിധാനത്തിന്റെ കൂടി പരാജയമാണ്. മണ്ണിടിച്ചിലുണ്ടായ ജൂലൈ പതിനാറ് മുതൽ മൂന്ന് ദിവസം കാര്യമായ രക്ഷാപ്രവർത്തനം നടന്നില്ല എന്നതും ഗുരുതരമായ അലംഭാവം രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിലുണ്ടായി എന്ന ഗുരുതരമായ ആരോപണം പലഭാഗത്തു നിന്നും ഉയർന്നു വന്നിരുന്നു.

കേരളത്തിൽ നിന്നുള്ള റെസ്ക്യൂ ടീമിനൊപ്പം പോയ ലോറിയുടെ ഉടമ കൂടിയായ മനാഫിനെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ മർദ്ദിച്ച വിവരം അദ്ദേഹം റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ദുരന്തമുനമ്പിൽ നിൽക്കുമ്പോഴും മനുഷ്വത്വ വിരുദ്ധ മനോഭാവം സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായി എന്നതിന് തെളിവായി ഇത് മാറുന്നു. രക്ഷപ്രവർത്തനത്തിന് കൃത്യമായ രേഖകളുമായി എത്തിയ രക്ഷാപ്രവർത്തകന് അപകട സ്ഥലത്തേയ്ക്ക് പ്രവേശനം നിഷേധിച്ചത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ട സ്ഥലം എസ്പിയാണ് എന്നതും ഗൗരവകരമാണ്. തന്നെ അപകട സ്ഥലത്തേയ്ക്ക് കടത്തി വിടാതെ എസ് പി മർദ്ദിച്ചുവെന്ന മനാഫിന്റെ വെളിപ്പെടുത്തലും പരിശോധിക്കേണ്ടതുണ്ട്. നിങ്ങളെക്കാൾ വലിയ എക്സ്പേർട്ടുകൾ ഇവിടെയുണ്ടെന്നാണ് തന്നോട് എസ്പി പറഞ്ഞത് എന്നും മനാഫ് വെളിപ്പെടുത്തിയിരുന്നു. എസ്പിയുടെ നേതൃത്വത്തിൽ മനാഫിനെ തടയുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഇതോടൊപ്പം തന്നെ മനാഫ് മറ്റ് രണ്ട് ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. പതിനാറാം തിയ്യതി തിരിച്ച് വീട്ടിലെത്തേണ്ട അർജുനെ കാണാത്തത് മൂലം മണ്ണിടിച്ചിൽ നടന്ന പ്രദേശത്തെ ആളുകളുടെ മൊഴികൾ കണക്കിലെടുത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്നായിരുന്നു മനാഫിൻ്റെ പരാതി. രാത്രിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ അവരെ ഇപ്പോൾ തിരച്ചിൽ നടത്താൻ പറ്റില്ലെന്നും രാവിലെ നോക്കാമെന്നും പറഞ്ഞ് ഇറക്കി വിട്ടു. പിന്നീടുള്ള മൂന്ന് ദിവസവും പല സ്റ്റേഷനുകളും ഓഫീസുകളും കയറിയിറങ്ങിയിട്ടും ജനപ്രതിനിധികളെ മാറി മാറി കണ്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും മനാഫ് പറഞ്ഞു. ശേഷം കേരള സർക്കാരിനെയും അർജുന്റെ നാടായ കോഴിക്കോട് എംപിയുടെയും സമ്മർദ്ദത്തിലാണ് കർണ്ണാടക സർക്കാർ കുറച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് തയ്യാറായതെന്നും മനാഫ് പറഞ്ഞിരുന്നു. കേരളത്തിൽ നിന്ന് ട്രെയിൻ വഴി അങ്കോളയിലെത്തിയ റെസ്ക്യൂ സംഘത്തിന് ആദ്യം സ്റ്റോപ്പ് അനുവദിക്കാത്തതും അലംഭാവത്തിന്റെയും നീതിരാഹിത്വത്തിന്റെയും മറ്റൊരു ഉദാഹരണമാണ്.

അപകടം നടന്നതിന് പിന്നാലെ കാര്യമായ രക്ഷാപ്രവർത്തനം നടന്നില്ലെന്ന പരാതി ഉയരുമ്പോഴാണ് ആരോപണ വിധേയനായ എസ്പിയുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ശ്രദ്ധേയമാകുന്നത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്ന എസ്പിയുടെ പ്രൊഫൈൽ വാളിൽ സംഭവസ്ഥലത്തു നിന്നുള്ള സെൽഫികൾ അടക്കമുള്ള ചിത്രങ്ങൾ ധാരാളമായി പങ്കുവെച്ചിട്ടുണ്ട്. ഒരു മനുഷ്യ ജീവന് മേൽ വീണ് കിടക്കുന്ന ടൺ കണക്കിന് മൺകൂമ്പാരത്തിനൊപ്പം സെൽഫിയെടുത്ത് എഫ്ബിയിലും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു കർവാർ എസ്പി നാരായണ ഐപിഎസ്. ദുരന്തസ്ഥലത്ത് നിന്നും മണിക്കൂറുകൾ ഇടവിട്ടിട്ടുള്ള തന്റെ മുഖം ഫ്രയിമിൽ ഉറപ്പ് വരുത്തിയുള്ള വീഡിയോയും ഫോട്ടോയുമാണ് തൻ്റെ എഫ്ബി പേജിൽ എസ്പി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടയിൽ സംഭവുമായി ബന്ധപ്പെട്ട് നടക്കുന്ന മീറ്റിങ്ങുകളും 'ടുഡേ മീറ്റിങ് വിത്ത് ഡിസ്ട്രിക്റ്റ് കളക്ടർ' പോലുള്ള ക്യാപ്‌ഷനുകൾക്കടിയിൽ ചേർക്കുന്നുണ്ട് ഇയാൾ.

അതിനിടയിൽ മണ്ണിടിച്ചിലുണ്ടായതിന്റെ മൂന്നാം ദിവസം ഒരു അനുമോദന ചടങ്ങിൽ പങ്കെടുക്കുന്നതിൻ്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഉത്തര കന്നഡ ജില്ലയിലെ ക്രൈം ഡിപ്പാർട്ട്മെൻ്റിൻ്റെ പൊലീസ് നായയുടെ ശവ സംസ്കാരത്തിന്റെ ചടങ്ങുകൾ തന്റെ അനുശോചന സന്ദേശത്തോടെ എസ്പി പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുരന്ത ദിവസങ്ങളിൽ മണിക്കൂറുകളുടെ ഇവേളയിലാണ് എസ്പി ഫേസ്ബുക്കിൽ ദുരന്ത സ്ഥലത്ത് നിന്നുള്ള പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ജോലിക്ക് ഇടയിലും അദ്ദേഹം പോസ്റ്റുകൾ ഇട്ടിരുന്നോ എന്ന് സംശയിക്കത്തക്ക നിലയിലാണ് മണിക്കൂറുകൾ മാത്രമുള്ള ഇടവേളകളിൽ സോഷ്യൽ മീഡിയയിലൂടെ എസ്പി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

എസ്പിയുടെ ഈ എഫ്ബി പോസ്റ്റുകൾക്ക് താഴെ പരിഹാസവും പ്രതിഷേധവും നിറഞ്ഞ കമൻ്റുകളും പ്രതിഷേധങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളികൾ തന്നെയാണ് അതിൽ ഭൂരിഭാഗവും. സേവ് അർജുൻ എന്നും ഷെയിം ഓൺ യു എന്നും ഹാഷ് ടാഗുകൾ എസ്പിയുടെ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

"ഫോട്ടോ എടുത്തു വീരവാദം മാത്രം പറയാൻ അല്ലാതെ താങ്കളെ കൊണ്ട് എന്തേലും പ്രയോജനം ഉണ്ടോ റെസ്ക്യൂന്"

"കേരളത്തിൽ ആയിരുന്നെങ്കിൽ ഈ ഗതി വരില്ലാരുന്നു...ഞങ്ങൾ മലയാളികൾ ഒരുപാട് ദുരന്തങ്ങൾ നേരിട്ടവർ ആണ്... നിങ്ങൾക്ക് അത് വെറും ഒരു ഡ്രൈവർ ആകാം പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ സഹോദരൻ ആണ്...എത്രയോ മണിക്കൂർ നിങ്ങൾ വെറും നോക്ക് കുത്തിയെ പോലെ നിന്ന്...

#Shame_on_karanataka_police

#Shame_on_karanataka_Govt

#Shame_on_karanataka_Disaster_Management"

ഇത്തരത്തിൽ മലയാളത്തിലെഴുതിയ കമൻ്റുകളാണ് എസ്പിയുടെ പോസ്റ്റുകൾക്ക് കീഴെ ഇടംപിടിച്ചിരിക്കുന്നത്.

ടൺ കണക്കിന് ഉയരത്തിൽ മണ്ണ് വന്ന് വീണിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നത് വസ്തുതയാണ്. അപ്പോഴും അപകടം നടന്ന ആദ്യ മൂന്ന് ദിവസം കാണിച്ച അലംഭാവത്തിന് പ്രാർത്ഥനയുടെ ഈ മണിക്കൂറിലും മാപ്പ് നൽകാനാവില്ല. അതിൽ കേന്ദ്രസർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും അലംഭാവം ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. അപകടത്തിൽ കുത്തിയൊലിച്ച് വീണ മണ്ണിനുള്ളിൽ ഒരു വാഹനം അകപ്പെട്ടിട്ടുണ്ടെന്നും അതിൽ അർജുനുണ്ടെന്നും ഫോൺ ബെല്ലടിക്കുന്നുണ്ടെന്നും അധികാരികൾക്ക് മുമ്പിൽ അർജുൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ആവർത്തിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ ഏറ്റവും നിർണ്ണായകമായ 'സുവർണ്ണ നിമിഷങ്ങളിൽ' ഇവർക്ക് മുമ്പിൽ കരുണയുടെ വാതിൽ കൊട്ടിയടച്ച ഭരണാധികാരികൾ നൽകുന്ന സന്ദേശം എന്താണ്? ആദ്യ മൂന്ന് ദിവസങ്ങളിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കിയിരുന്നെങ്കിൽ എന്ന ചിന്ത അതിനാൽ നമ്മളെയെല്ലാം കുത്തിനോവിക്കുക തന്നെ ചെയ്യും.

മണ്ണിനടിയിൽ പ്രാണപിടച്ചിലിൽ അർജുന് പകരം ഒരു വിഐപിയോ വിഐപിയുടെ മകനോ ആഡംബര വാഹനമോ ആയിരുന്നെങ്കിൽ ഇതാകുമോ സ്ഥിതി? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾക്ക് ഭരണാധികാരികൾ ഉത്തരം നൽകേണ്ടതുണ്ട്. അതിന് മുമ്പ് അർജുൻ എവിടെയെന്ന് കണ്ടെത്തപ്പെടട്ടെ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us