പൊതുകാര്യങ്ങളെ സംബന്ധിച്ച എല്ലാവരുടെയും അഭിപ്രായങ്ങള് രേഖപ്പെടുത്താനുള്ളതാണ് തന്നെയാണ്, അതില് സംശയമില്ല. പക്ഷേ അത് പറയുന്ന അവസരമാണ് പ്രധാനം. പറയുന്നത് ഉചിതമാകുമോ എന്ന ആത്മപരിശോധനയാണ് ആദ്യം ഉണ്ടാവേണ്ടത്. അഭിപ്രായങ്ങളില് ചര്ച്ചകള് ഉണ്ടാകണം, എതിര്വാദങ്ങള് ഉയരണം, പ്രശ്നങ്ങള്ക്ക് പരിഹാരം കാണണം...ഒക്കെ ശരിയാണ്. പക്ഷേ, ജീവനു വേണ്ടി മല്ലിട്ടോ അതിനുപോലും അവസരം കിട്ടാതെ ജീവന് വെടിഞ്ഞോ മണ്ണില് പുതഞ്ഞ് ഒരുകൂട്ടം സഹജീവികള് അവിടെയുണ്ട്, മുണ്ടക്കൈയില്. അത് മറന്നിട്ട് ആ ദുരന്തത്തിന്റെ കാര്യകാരണങ്ങള് ചികഞ്ഞ് റിപ്പോര്ട്ടുകളും വിദഗ്ധാഭിപ്രായങ്ങളും ഇഴകീറി പരിശോധിച്ച് ആരെയൊക്കെയോ പ്രതിക്കൂട്ടിലാക്കാനും ദുരന്തത്തില് എല്ലാം നഷ്ടപ്പെട്ട ആ മനുഷ്യരെപ്പോലും കുറ്റപ്പെടുത്താനും ഒരു വിഭാഗം കാണിക്കുന്ന വ്യഗ്രത എന്തിനാണ്? ഉള്ളുപൊട്ടി നീറുന്ന ജനത ഒന്ന് നേരെ നിന്നോട്ടെ, ഭരണസംവിധാനങ്ങള് ദൈനംദിന സാഹചര്യങ്ങളിലേക്ക് മടങ്ങിവന്നോട്ടെ, അതുവരെ കാത്തിരുന്നുകൂടേ?
പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള് സേഫ്സോണിലിരിക്കുന്ന മനുഷ്യരാണ് ഉടനടി മാധവ് ഗാഡ്ഗില് റിപ്പോര്ട്ട് പോലെയുള്ളവ ഉയര്ത്തിപ്പിടിച്ച് അങ്കംകുറിച്ച് സോഷ്യല്മീഡിയയില് പടപ്പുറപ്പാട് തുടങ്ങുന്നവരില് ഏറെയും. 'അന്നേ പറഞ്ഞതാണ് എന്നിട്ട് കേട്ടോ? കേട്ടിരുന്നെങ്കില് ഇങ്ങനെ വരുമായിരുന്നോ? അന്ന് വേണ്ടാ വേണ്ടാ എന്ന് എതിര്ത്തവരാണ് ഇപ്പോള് മുതലക്കണ്ണീരൊഴുക്കി ദുരന്തമുഖത്തേക്ക് വരുന്നത്' തുടങ്ങി ചോദ്യങ്ങളുടെയും വിമര്ശനങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ഘോഷയാത്രയാണ് പിന്നെ. ഇവിടെയാണ് ദുരന്തങ്ങളെ നേരിടാന് കേരളം ഒറ്റക്കെട്ടാണെന്ന അഭിമാനത്തിന് വിള്ളലേല്ക്കുന്നത്.
റിപ്പോര്ട്ടുകളിലെയും പഠനങ്ങളിലെയും വസ്തുതകള് നിരാകരിക്കണമെന്നോ അവ നടപ്പാക്കേണ്ടതില്ലെന്നോ അല്ല, അത് ഉന്നയിക്കേണ്ടത് ഇപ്പോഴല്ല എന്നതാണ് കാര്യം. അപ്പോള് ചോദ്യം ഉയരും, ഇങ്ങനെയൊന്ന് ഉണ്ടാകുമ്പോഴല്ലേ ഇതുയര്ത്തി ചര്ച്ചയാക്കാന് പറ്റൂ? അതെ, അതുതന്നെയാണ് പ്രശ്നം. ഓരോ ഉരുള്പൊട്ടലിലും പ്രളയത്തിലും പൊങ്ങിവരുന്ന ഈ കരുതലും ആശങ്കയും ദിവസങ്ങള്ക്കുള്ളില് അപ്രസക്തമാകും, ഇതുവരെയുള്ള ചരിത്രം അതാണല്ലോ! മറിച്ച്, കുറച്ചു ദിവസങ്ങള് കാത്തിരിക്കൂ... എന്നിട്ട് ഗാഡ്ഗില് റിപ്പോര്ട്ടിലേതടക്കമുള്ള കാര്യങ്ങള് ചര്ച്ചയാക്കൂ, ഒന്നിച്ച് പോരാടൂ, ആവശ്യമായ നടപടികള് സ്വീകരിക്കാനും അപകടസാധ്യതാ മേഖലകളില് നിന്ന് മനുഷ്യരെ മാറ്റിപ്പാര്പ്പിക്കുന്ന കാര്യങ്ങളടക്കമുള്ളവ നടപ്പാക്കാനും അധികൃതരെ സമ്മര്ദ്ദത്തിലാക്കൂ.
ഇപ്പോള് അത് സംസാരിച്ചാല് അതിനൊരുപാട് മൈലേജ് കിട്ടുമെങ്കിലും മിണ്ടാതിരിക്കുക എന്നതാണ് ഈ സമയത്തെ മര്യാദ. ഇത് നമുക്ക് പരിചയമുള്ളതരം ദുരന്തമല്ല'.
'മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ ഗാഡ്ഗില് റിപ്പോര്ട്ട് വീണ്ടും ചര്ച്ചയാകുന്നു, പ്രസക്തി മനസിലാകുന്നു' എന്നൊക്കെ ദുരന്തം നടന്ന ദിവസം തന്നെ കൊട്ടിഘോഷിക്കുന്നവരില് പലര്ക്കും അജണ്ടകള് കൃത്യമായി ഉണ്ടാകും. അതൊന്നുമറിയാതെയാണ് സാമാന്യ ജനത്തില് പലരും ആ ട്രാപ്പിലേക്ക് എടുത്തുചാടുന്നത്. സോഷ്യല് മീഡിയയിലെ പുതിയ ട്രെന്ഡ് അറിയില്ലേ, ഏകതാനക സംവിധാനത്തിലാണ് ഇപ്പോഴവിടുത്തെ ചര്ച്ചകള്. തങ്ങളാണ് ശരിയെന്ന് ഉദ്ഘോഷിക്കുന്ന ചിലര് ഒരു വിഷയത്തില് ചര്ച്ച തുടങ്ങിവെക്കുന്നു, 'മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിന്നേ ഗമിക്കും ബഹുഗോക്കളെല്ലാം' എന്ന് പറയും പോലെ അവരെ പിന്തുടര്ന്ന് ഒരു സമൂഹം അതേ അഭിപ്രായത്തോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് സ്വയം തുരുത്തായി മാറുന്നു. ഇവിടെ എതിര്വാദങ്ങള് ദുര്ബലമാകാറാണ് പതിവ്. അഥവാ ഈ പറയുന്ന ബുദ്ധിജീവി/ പുരോഗമന/ ആര്ഷസംസ്കാര വക്താക്കളുടെ വാദങ്ങളോട് താദാത്മ്യം പ്രാപിച്ച് പലരും എതിരഭിപ്രായങ്ങള് പരസ്യപ്പെടുത്താതിരിക്കുന്നു. ഇതേ ട്രാക്കിലേക്കാണ് ഇന്നലെ മുതല് മുണ്ടക്കൈ സംഭവത്തോട് ചേര്ത്ത് ഗാഡ്ഗില് റിപ്പോര്ട്ടിനെ ചര്ച്ചയാക്കുന്നതും പോകുന്നത്.
ഇതൊരു അപകടമാണെന്ന് പറയാതെ പറഞ്ഞുവെക്കുന്നു പരിസ്ഥിതി പ്രവര്ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്. 'ദുരന്തകാരണങ്ങളെപ്പറ്റിയുള്ള അവനവന്റെ തോന്നലുകളോ മുന് പഠനങ്ങളോ പറയേണ്ട സമയമല്ലിപ്പോള്. 2013 മുതല് മണ്ണിടിച്ചിലുകളെപ്പറ്റിയുള്ള പഠനങ്ങള് വെച്ച് എത്രയോ കേസുകള് നടത്തി വിജയിച്ച ആളാണ് ഞാന്. ഇപ്പോള് അത് സംസാരിച്ചാല് അതിനൊരുപാട് മൈലേജ് കിട്ടുമെങ്കിലും മിണ്ടാതിരിക്കുക എന്നതാണ് ഈ സമയത്തെ മര്യാദ. ഇത് നമുക്ക് പരിചയമുള്ളതരം ദുരന്തമല്ല.
3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ രാത്രി ഒരുമിച്ചു ഒരിടത്ത്, മണ്ണിടിച്ചില് സാധ്യതാ മേഖലയില് പെയ്താല് ഈ ദുരന്തമുണ്ടാകും, നാളെയുമുണ്ടാകാം. ദുരന്തലഘൂകരണത്തിനു ഒരു ഒറ്റമൂലിയുമില്ല. ആഘാതം കുറയ്ക്കാന് ശാസ്ത്രീയമായ വഴികളുണ്ട്. അത് പറയാന് ഇനിയും സമയമുണ്ട്. ദയവായി ദുരന്തകാരണങ്ങളെപ്പറ്റിയുള്ള ഊഹാപോഹങ്ങള് ഇപ്പോള് മിണ്ടാതിരിക്കാം. അതിപ്പോ ഏത് ഗാഡ്ഗില് ആയാലും.
ആദ്യം മൃതദേഹങ്ങള് എല്ലാം കണ്ടെടുക്കട്ടെ, സംസ്കരിക്കട്ടെ. ഒറ്റപ്പെട്ടവര് സുരക്ഷിതമായ സ്ഥലങ്ങളില് എത്തട്ടെ. എല്ലാവര്ക്കും ഭക്ഷണവും വസ്ത്രവും താല്ക്കാലിക പാര്പ്പിടവും കിട്ടട്ടെ. ദുരന്തഭൂമി ഒന്നടങ്ങട്ടെ. രക്ഷാപ്രവര്ത്തനം കഴിഞ്ഞു നമുക്ക് ഇതിന്റെ കാരണങ്ങള് ചര്ച്ച ചെയ്തു തുടങ്ങാം. അതുവരെ blame game ഇല്ലാതെ മിണ്ടാതിരിക്കുന്നതാണ് മിനിമം മര്യാദ. നുണകളും അര്ത്ഥസത്യങ്ങളും ശാസ്ത്രീയമെന്ന മട്ടില് അവതരിപ്പിച്ച് നിരവധി പോസ്റ്റുകള് കണ്ടു, അതുകൊണ്ട് പറഞ്ഞതാണ്. ഊഹാപോഹങ്ങള് തടയാന് ഷെയര് ചെയ്യുന്നവരും വിചാരിക്കണം'.
അതെ, ഊഹാപോഹങ്ങള് പരത്തല് അല്ല പ്രബുദ്ധ കേരളത്തിന്റെ കടമ. അത് സഹജീവിയോടൊപ്പം നില്ക്കുക എന്നതാണ്. ഉരുള്പൊട്ടലിന് കാരണം മനുഷ്യന് തന്നെ എന്ന് പറഞ്ഞ് പലരും വിരല് ചൂണ്ടുന്നത് ദുരന്തഭൂമിയിലും കേരളത്തിലെ അപകടസാധ്യത മേഖലകളിലും ജീവിക്കുന്ന സാധാരണക്കാര്ക്കു നേരെ കൂടിയാണ്. അവരെന്ത് പിഴച്ചു എന്ന് ഒരുപരിധി വരെ ചോദിക്കാന് കഴിയും. കാരണം, ഇക്കഴിഞ്ഞ കാലങ്ങളില് കേരളം കണ്ട ദുരന്തങ്ങള്- കവളപ്പാറ, പുത്തുമല, പെട്ടിമുടി, മുണ്ടക്കൈ, കൂട്ടിക്കല്- ഏറിയ പങ്കും ഉണ്ടായത് തോട്ടം തൊഴിലാളികളുടെ ആവാസമേഖലകളിലാണ്. അവരാരും സ്വമേധയാ മലകയറി മണ്ണുവെട്ടി ജീവിതം പടുത്തുയര്ത്തി കോടീശ്വരന്മാരായവരല്ല. അന്നത്തെ അന്നത്തിന് വഴി തേടി തേയിലത്തോട്ടങ്ങളിലും എസ്റ്റേറ്റുകളിലും തൊഴിലാളികളായി എത്തിയവരാണ്. ലയങ്ങള് അഥവാ പാടികളില് ഞെങ്ങിഞെരുങ്ങി ജീവിതം വളര്ത്തിയവരാണ്. മെച്ചപ്പെട്ട സാഹചര്യങ്ങളുണ്ടായപ്പോള് ലയം വിട്ട് തൊട്ടടുത്ത പരിസരങ്ങളില് ജീവിതം തുടങ്ങിയവരാണ്.
തോട്ടങ്ങളോട് ചേര്ന്ന് അധികദൂരത്തല്ലാതെ മുതലാളിമാര് ഈ അടിമകള്ക്കായി ലയങ്ങള് പണിതു. അവരെ അവിടേക്ക് പുനരധിവസിപ്പിച്ചു. ബ്രിട്ടീഷുകാരായ മുതലാളിമാര് സ്വാതന്ത്ര്യാനന്തരം ഇന്ത്യ വിട്ടുപോയെങ്കിലും പുതിയ മുതലാളിമാര് ആ സമ്പ്രദായം തുടര്ന്നുപോന്നു. അങ്ങനെ ലയത്തിലേക്കെത്തിയ തൊഴിലാളികള് പല തലമുറകളായി അവിടെ ജീവിച്ചുപോരുന്നു. ഇക്കോളജിക്കലി സെന്സിറ്റീവ് സ്പോട്ടാണെന്നോ ഭാവിയില് പ്രകൃതി ദുരന്തങ്ങള് കാത്തിരിക്കുന്നെന്നോ അറിയാതെ അവരൊക്കെ സ്വപ്നം കണ്ടത് അല്പ്പം കൂടി മെച്ചപ്പെട്ട ജീവിതം മാത്രമാണ്.
1800കളിലാണ് കേരളത്തിന്റെ കുന്നുകളില് ബ്രിട്ടീഷുകാര് തേയിലച്ചെടികള് നട്ടുവളര്ത്താന് തുടങ്ങിയത്. മൈസൂര്, മദ്രാസ് നാട്ടുരാജ്യങ്ങളുടെ അധിപരായിരുന്ന ഈ സായിപ്പുമാര് തങ്ങളുടെ കാര്യസ്ഥരെ/ദല്ലാളുമാരെ മുന്നില് നിര്ത്തി തൊഴിലാളികളെക്കൊണ്ട് അടിമവേലയെടുപ്പിച്ചു. അങ്ങനെ പല കുന്നുകളും തേയിലക്കാടുകളായി. തോട്ടങ്ങളോട് ചേര്ന്ന് അധികദൂരത്തല്ലാതെ മുതലാളിമാര് ഈ അടിമകള്ക്കായി ലയങ്ങള് പണിതു. അവരെ അവിടേക്ക് പുനരധിവസിപ്പിച്ചു. ബ്രിട്ടീഷുകാരായ മുതലാളിമാര് സ്വാതന്ത്ര്യാനന്തരം ഇന്ത്യ വിട്ടുപോയെങ്കിലും പുതിയ മുതലാളിമാര് ആ സമ്പ്രദായം തുടര്ന്നുപോന്നു. അങ്ങനെ ലയത്തിലേക്കെത്തിയ തൊഴിലാളികള് പല തലമുറകളായി അവിടെ ജീവിച്ചുപോരുന്നു. ഇക്കോളജിക്കലി സെന്സിറ്റീവ് സ്പോട്ടാണെന്നോ ഭാവിയില് പ്രകൃതി ദുരന്തങ്ങള് കാത്തിരിക്കുന്നെന്നോ അറിയാതെ അവരൊക്കെ സ്വപ്നം കണ്ടത് അല്പ്പം കൂടി മെച്ചപ്പെട്ട ജീവിതം മാത്രമാണ്. അവിടങ്ങളില് പ്രതികൂല കാലാവസ്ഥയെയും മൃഗങ്ങളെയുമൊക്കെ എതിരിട്ട് പോയതലമുറ വെട്ടിപ്പിടിച്ചത് ഭാവിതലമുറയെങ്കിലും പുറംനാട്ടില് പോയി രക്ഷപ്പെടട്ടെ എന്ന പ്രതീക്ഷയിലേക്കുള്ള നീക്കിയിരിപ്പ് മാത്രമാണ്. അവരൊക്കെ സുരക്ഷിതമായ ഇടങ്ങളിലേക്ക് റീ ലൊക്കേറ്റ് ചെയ്യപ്പേടേണ്ടവരാണ്, സംശയമില്ല. അതിലേക്കുള്ള വഴികള് ഇനിയും തെളിക്കപ്പെട്ടിട്ടില്ല എന്ന് മാത്രം. നിലവില് സമയം രക്ഷാപ്രവര്ത്തനത്തിനുള്ളതാണ്, ദുരന്തമുഖത്ത് ഒറ്റക്കെട്ടായി പോരാടാനുള്ളതാണ്.
ഒരു ദുരന്തം ഉണ്ടാകുമ്പോള് അതിന് ഒറ്റമൂലി പരിഹാരവും ആയി എത്തുന്നതില് ഒരു അര്ത്ഥവുമില്ല. അസമയത്താണ്, അനൗചിത്യമാണ്.
ഈ സമയത്തെക്കുറിച്ച് ദുരന്തനിവാരണ വിദഗ്ധന് മുരളി തുമ്മാരുകുടി പറയുന്നു. ശാസ്ത്ര വിശകലനത്തിനും വിവാദത്തിനും ഒക്കെ ഇനിയും സമയം ഉണ്ടല്ലോ. മുന് നിരയില് ആര്മിയും, ദുരന്ത രക്ഷാ സേനയും, സര്ക്കാരും, സന്നദ്ധപ്രവര്ത്തകരും ഒക്കെ സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ പകലും രാവും ജോലി എടുക്കുന്നു. പിന്നിരയില് സര്ക്കാര് സംവിധാനങ്ങള് എണ്ണയിട്ട യന്ത്രം പോലെ പ്രവര്ത്തിക്കുന്നു. എന്തിനും എല്ലാത്തരത്തിലും പിന്തുണയുമായി പൊതുസമൂഹം കേരളത്തില് ഒട്ടാകെയും വിദേശത്തും നിലകൊള്ളുന്നു. ഇതിനൊക്കെ മുകളില് നമ്മുടെ സമൂഹം വെള്ളപ്പൊക്കമോ കൊറോണയോ ഒക്കെ നേരിട്ടപ്പോള് ഒക്കെ അതിനെ ശരിയായി കൈകാര്യം ചെയ്ത മുഖ്യമന്ത്രിയുണ്ട്. മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് മാതൃകാപരമായി പെരുമാറുന്ന പ്രതിപക്ഷ നേതാക്കള് ഉണ്ട്. മാധ്യമങ്ങള് പൊതുവെ വളരെ നന്നായി ദുരന്തത്തില് കേന്ദ്രീകരിച്ച്, രക്ഷാപ്രവര്ത്തനത്തെ പിന്തുണച്ച് റിപ്പോര്ട്ട് ചെയ്യുന്നു.
കേരളത്തില് മലനിരകളില് ദുരന്തസാധ്യതകള് ഉണ്ടെന്നുള്ളത് പുതിയ അറിവല്ല. മലയിടുക്കില് മാത്രമല്ല ഇടനാട്ടിലും തീരപ്രദേശത്തും നഗരത്തിലും ഗ്രാമത്തിലും പുഴയിലും തടാകത്തിലും കടലിലും ഒക്കെ ദുരന്ത സാദ്ധ്യതകള് ഉണ്ട്. കാലാവസ്ഥ വ്യതിയാനം, നമ്മുടെ ജീവിത സൗകര്യങ്ങളിലെ മാറ്റം ഇതൊക്കെ ദുരന്ത സാധ്യതകളെ കൂട്ടുന്നു. ഇതിനെ കുറിച്ചുള്ള അവബോധവും പ്രതിരോധ പ്രവര്ത്തനവും ഒക്കെ സ്ഥിരമായി വേണ്ടതാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോള് അതിന് ഒറ്റമൂലി പരിഹാരവും ആയി എത്തുന്നതില് ഒരു അര്ത്ഥവുമില്ല. അസമയത്താണ്, അനൗചിത്യമാണ്.
പരിസ്ഥിതിക്ക് വേണ്ടി വാദിക്കുകയും കോണ്ക്രീറ്റ് കൊട്ടാരം പണിയാനും വീടിന്റെ മച്ച് മേയാനും പ്രകൃതിയെ ചൂഷണം ചെയ്യുകയും ചെയ്തിട്ട് ഇത്തരം സന്ദര്ഭങ്ങളില് സോഷ്യല്മീഡിയയില് ധീരഘോരം വാദിക്കുന്നതിലെന്ത് മേന്മ?
അസമയത്തെ ഈ അനൗചിത്യത്തെക്കുറിച്ച് മുഖ്യമന്ത്രിയും ഇന്ന് പറഞ്ഞിട്ടുണ്ട്. 'ഗാഡ്ഗില് റിപ്പോര്ട്ട് എല്ലാ കാലത്തും ചിലര് ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യമായി മാത്രമേ കാണേണ്ടതുള്ളൂ. ദുരന്തമുഖത്ത് ശരിയല്ലാത്ത പ്രചാരണങ്ങള് നടത്തരുത്'. ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്.
പ്രചാരണങ്ങള് നടത്തുന്നവരോട് മറ്റൊന്നുകൂടി. പശ്ചിമഘട്ടത്തിലോ ഗാഡ്ഗില് റിപ്പോര്ട്ടിന്റെ പരിസരങ്ങളിലോ അല്ല നിങ്ങളുടെ ആവാസം എന്നതുകൊണ്ട് മല പൊട്ടിക്കാമെന്നും മണ്ണ് മാന്താമെന്നും മരംവെട്ടാമെന്നുമാണോ? അതും പ്രകൃതിക്ക് ദോഷം തന്നെയല്ലേ. പരിസ്ഥിതിക്ക് വേണ്ടി വാദിക്കുകയും കോണ്ക്രീറ്റ് കൊട്ടാരം പണിയാനും വീടിന്റെ മച്ച് മേയാനും പ്രകൃതിയെ ചൂഷണം ചെയ്യുകയും ചെയ്തിട്ട് ഇത്തരം സന്ദര്ഭങ്ങളില് സോഷ്യല്മീഡിയയില് ധീരഘോരം വാദിക്കുന്നതിലെന്ത് മേന്മ? കുറഞ്ഞ സമയത്തിനുള്ളില് പെയ്ത കൂടിയ അളവിലുള്ള മഴയാണ് ദുരന്തകാരണമെന്നും ഉണ്ടായത് ഉരുള്പൊട്ടലല്ല ഒരു പ്രത്യേക ഭൗമപ്രതിഭാസമാണ് എന്നുമൊക്കെ വിദഗ്ധരുടെ അഭിപ്രായങ്ങള് പുറത്തുവരുന്നുണ്ട്. അതൊക്കെ സംബന്ധിച്ച് ശാസ്ത്രീയത ആദ്യം വെളിപ്പെടട്ടെ, എന്നിട്ട് നമുക്ക് റിപ്പോര്ട്ടുകളെയും പഠനങ്ങളെയും കൂട്ടുപിടിക്കാം, സംവാദങ്ങള് നടത്താം.
വാല്ക്കഷ്ണം: 'ക്ഷീരമുള്ളോരു അകിടിന്ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം' എന്ന് കെ സി വേണുഗോപാല് എംപിയെക്കൊണ്ട് ഇന്ന് പാര്ലമെന്റില് പറയിച്ചത് ബിജെപി എംപി തേജസ്വി സൂര്യയുടെ പരാമര്ശമായിരുന്നു. അഞ്ച് വര്ഷമായി കേരളത്തില് ഇത്തരത്തില് നിരവധി അപകടങ്ങള് നടക്കുന്നുവെന്നാണ് ബിജെപി അംഗം പറഞ്ഞത്. അപകടത്തെ രാഷ്ട്രീയവല്ക്കരിക്കരുതെന്ന് കെ സി മറുപടിയും നല്കി. അവിടംകൊണ്ടും തീര്ന്നില്ല, ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയിരുന്നെന്നും കേരളം എന്തുകൊണ്ട് ഒന്നും ചെയ്തില്ല എന്നും ചോദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ പിന്നാലെ രംഗത്തെത്തി. പഴഞ്ചൊല്ല് പറഞ്ഞ് പാര്ലമെന്റില് കസറിയെങ്കിലും പുറത്തുവന്ന്, ഇക്കാര്യത്തില് കേരളം മറുപടി പറയണമെന്ന് കെസി ആവശ്യപ്പെട്ടു കഴിഞ്ഞു. എന്തായാലും കുത്തിത്തിരിപ്പ് വിജയിച്ചുതുടങ്ങിയെന്ന് കരക്കമ്പിയുണ്ട്!