പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഷെയ്ഖ് ഹസീനയ്ക്ക് എന്നും പിന്തുണ നൽകിയിരുന്ന ഇന്ത്യ ഈ സുപ്രധാന നിമിഷത്തിലും കൈവിടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന സൂചന. സൈനിക വിമാനത്തിൽ ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ വന്നിറങ്ങിയ ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.
ഇതിനിടെ ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സുരക്ഷാകാര്യ സമിതി യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
യുകെയിൽ രാഷ്ട്രീയ അഭയം തേടാനാണ് ഹസീനയുടെ നീക്കം. ഹസീനയുടെ ഇളയ സഹോദരി രെഹാനയുടെ മകൾ തുലിപ് സിദ്ദിഖ് ബ്രിട്ടിഷ് പാര്ലമെന്റിലെ ലേബര് പാര്ട്ടി അംഗമാണ്. രെഹാനയ്ക്കൊപ്പമാണ് ഹസീന ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. അതുകൊണ്ടുതന്നെ യുകെയിൽ രാഷ്ട്രീയ അഭയം എന്ന സാധ്യത അന്തർദേശീയമാധ്യമങ്ങൾ തള്ളിക്കളയുന്നില്ല. എന്നാൽ യുകെയിൽ അഭയം നൽകുന്നതിൽ രാജ്യം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കും വരെ ഹസീനയ്ക്ക് ഇന്ത്യ താത്കാലിക അഭയം നൽകിയേക്കുമെന്നും സൂചനകളുണ്ട്. ഇക്കാര്യത്തിൽ എന്തായിരിക്കും ഇന്ത്യയുടെ നിലപാടെന്ന് ഇതുവരെയും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഇന്ത്യയിലെത്തിയ ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിലും ഇതുവരെയും വ്യക്തത വന്നിട്ടില്ല.
ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയാൽ ഇത് ചരിത്രത്തിന്റെ ആവർത്തനമാകും. ബംഗ്ലാദേശ് രൂപീകരണത്തിന് തൊട്ടുമുമ്പുള്ള യുദ്ധകാലത്ത് ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന് ഇന്ത്യ അഭയം നൽകിയിരുന്നു. പിന്നീട് 1975 ൽ മുജിബുർ റഹ്മാനെയും കുടുംബത്തെയും കൊലപ്പെടുത്തി സൈന്യം രാജ്യം പിടിച്ചെടുത്തപ്പോൾ അന്ന് രക്ഷപ്പെട്ട ഹസീനയെയും ഭർത്താവിനെയും മകനെയും സഹോദരി രെഹാനയെയും ഇന്ത്യ ചേർത്തുനിർത്തി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയായിരുന്നു ഈ സഹായഹസ്തം ഹസീനയ്ക്ക് നേരെ നീണ്ടത്. 1981 വരെ ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയം തുടർന്നു. ഗാന്ധി കുടുംബവുമായി അഗാധമായ ബന്ധമാണ് ഇന്നും ഹസീന സൂക്ഷിക്കുന്നത്. മോദിയുമായും മികച്ച ബന്ധം സൂക്ഷിക്കുന്ന ഷെയ്ഖ് ഹസീന, ഇക്കാരണങ്ങൾകൊണ്ട് ഇന്ത്യ തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിൽ തന്നെയാകും അയൽരാജ്യത്തേക്ക് ഓടിയെത്തിയത്.
ഹസീന രാജ്യം വിട്ടതോടെ പ്രധാനമന്ത്രിയുടെ വസതി പ്രക്ഷോഭകർ പിടിച്ചെടുത്തിരുന്നു. പാർലമെന്റ് പ്രക്ഷോഭകർ അടിച്ചുതകർത്തു. ഇതിനെല്ലാം പുറമെ ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ പ്രധാന നേതാക്കളുടെ വീടുകൾ ആക്രമിച്ചു. ഹസീനയെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്ന് പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളടക്കമുള്ളവർ കൊല്ലപ്പെട്ടതിൽ വിചാരണ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. മാത്രമല്ല, പ്രക്ഷോഭകർ തെരുവുകൾ വിട്ടുപോകാൻ തയ്യാറായിട്ടില്ല. സൈന്യം രാജ്യത്തിന്റെ ഭരണം ഏറ്റെടുത്ത് കഴിഞ്ഞു. താത്കാലിക ഭരണസംവിധാനം ഇനി പട്ടാളമാണ് നയിക്കുകയെന്ന് സൈനിക മേധാവി വാഖർ ഉസ് സമാൻ അറിയിച്ചു. ഇതോടെ രാജ്യത്തേക്ക് ഇനിയൊരു മടക്കം ഹസീനയ്ക്ക് ഉടൻ സാധ്യമാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.