ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. 10 വർഷത്തെ ഇടവേളക്ക് ശേഷം ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ രാജ്യം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജമ്മു കശ്മീരിൻ്റെ പ്രത്യേകാവകാശങ്ങൾ എടുത്ത് മാറ്റിയതിന് ശേഷം നടക്കുന്ന ആദ്യ ജനവിധി എന്ന നിലയിലും ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന് പ്രാധാന്യമുണ്ട്. മൂന്ന് ഘട്ടമായാണ് ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 18, 25, ഒക്ടോബർ 1 തീയതികളിലാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. എന്നാൽ ജനാധിപത്യത്തിൻ്റെ പാതയിലേക്ക് ജമ്മു കശ്മീർ മടങ്ങിയെത്തുമ്പോൾ പ്രതീക്ഷകളും ആശങ്കകളും സ്വഭാവികമാണ്.
2014-ലാണ് ജമ്മു കാശ്മീരിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ബിജെപിക്ക് ഭരണപങ്കാളിത്തം കിട്ടിയെന്നതായിരുന്നു ആ തിരഞ്ഞെടുപ്പിൻ്റെ സവിശേഷത. ബിജെപി പിന്തുണയോടെ പിഡിപി സർക്കാർ രൂപീകരിച്ചു. മുഫ്തി മുഹമ്മദ് സയിദും മെഹ്ബൂബ മുഫ്തിയുമായിരുന്നു അക്കാലയളവിലെ മുഖ്യമന്ത്രിമാർ. എന്നാൽ 2018ൽ ബിജെപി പിന്തുണ പിൻവലിച്ചതോടെ സർക്കാർ താഴെവീഴുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയുമായിരുന്നു.
2018 ഡിസംബർ 19ന് ആർട്ടിക്കിൾ 356 പ്രകാരം ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. പിന്നീട് 2019 ആഗസ്റ്റ് അഞ്ചിന് രണ്ടാം മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി. ഇതോടെ ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയും ഇല്ലാതായി. പഴയ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ജനാധിപത്യ ഭരണം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതോടെയാണ് തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങുന്നത്. രാഷ്ട്രീയ പാർട്ടികളുടെ നിലപാടിന് പിന്നാലെ ഉണ്ടായ സുപ്രീം കോടതി ഇടപെടലാണ് കശ്മീരിൽ തിരഞ്ഞെടുപ്പ് വേഗത്തിലാക്കിയത്. 2024 സെപ്റ്റംബർ 30നുള്ളിൽ തിരഞ്ഞെടുപ്പ് നടക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശം കൂടി പരിഗണിച്ചാണ് മൂന്ന്ഘട്ടങ്ങളിലായി ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.
നീണ്ട ഇടവേളക്ക് ശേഷമുള്ള തിരഞ്ഞെടുപ്പ് നെഞ്ചിടിപ്പോടെയാണ് രാഷ്ട്രീയ പാർട്ടികൾ നോക്കികാണുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, ഏറി വരുന്ന ഭീകരാക്രമണങ്ങളും തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ബിജെപി. പ്രത്യേക പദവി റദ്ദാക്കിയതിൻ്റെ കാരണമായി അന്ന് ബിജെപി നൽകിയ വിശദീകരണങ്ങളിലൊന്ന് ഭീകരമാക്രമണങ്ങളെ ചെറുക്കാൻ പുതിയ നീക്കം ഉപകാരപ്പെടുമെന്നായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഇൻ്റർനെറ്റ് അടക്കം നിരോധിച്ച് കശ്മീരിൽ കരിനിയമങ്ങൾ നടപ്പിലാക്കിയിരുന്നു. പിന്നീട് നിയന്ത്രണങ്ങൾ പിൻവലിച്ച് ജനജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങിയെത്തിയപ്പോൾ ഭീകരാക്രമണങ്ങൾ കുറഞ്ഞുവെന്ന കണക്കായിരുന്നു സർക്കാർ അവതരിപ്പിച്ചത്. എന്നാൽ അടുത്തിടെയായി ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വീണ്ടും തുടർക്കഥയാവുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭീകരാക്രമണം തടയാനാണെന്ന ബിജെപിയുടെ വിശദീകരണങ്ങൾ കൂടിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്. എന്നാൽ സമാധാനപരമായി ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞത് ബിജെപി നേട്ടമായി ഉയർത്തിക്കാണിക്കുമെന്ന് തീർച്ചയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചാം വർഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞതും ബിജെപി നേട്ടമായി ഉയർത്തിക്കാണിച്ചേക്കും.
10 വർഷത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന് വേറെയുമുണ്ട് സവിശേഷത. ലഡാക്ക് ഉൾപ്പെടാതെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മുൻപ് ജമ്മു കശ്മീരിൻ്റെ ഭാഗമായിരുന്ന ലഡാക്ക് ഇന്ന് കേന്ദ്രഭരണ പ്രദേശമാണ്. നേരത്തെ ലഡാക്കിൽ നിന്ന് നാല് നിയമസഭാ സീറ്റുകളാണ് ഉണ്ടായിരുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ ആകെയുള്ള അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ രണ്ട് സീറ്റുകളിൽ വീതം ജമ്മു കശ്മീർ നാഷണൽ കോൺഫറൻസും ബിജെപിയും വിജയിച്ചിരുന്നു. ബാരാമുള്ളയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ അബ്ദുൾ റാഷിദ് ഷെയ്ഖ് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പരാജയപ്പെടുത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില പരിശോധിക്കുമ്പോൾ ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസിന് നേരിയൊരു മുൻതൂക്കമുണ്ട്. ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ 36 ഇടത്ത് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന് ലീഡുണ്ട്. ബിജെപി 29, കോൺഗ്രസ് 7, പിഡിപി 5, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് 1 എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ലീഡ് നില. നിലവിൽ ഇൻഡ്യാ മുന്നണിയുടെ ഭാഗമായ ജെകെഎൻസി, കോൺഗ്രസ്, പിഡിപി എ എന്നിവർ ഒരുമിച്ച് നിന്നാൽ കേവലഭൂരിപക്ഷം നേടാമെന്ന പ്രതീതി കൂടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രം നൽകുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെകെഎൻസി നേതാവ് ഒമർ അബ്ദുള്ളയും പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദും പരാജയപ്പെട്ടിരുന്നു. ഗുലാം നബി ആസാദ് പാർട്ടി വിട്ടതോടെ ദുർബലമായിപ്പോയ കോൺഗ്രസ് പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ തിരിച്ചുവരവിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ഉണ്ടാക്കിയ ചലനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.
ജനങ്ങൾ ബുള്ളറ്റിന് പകരം ബാലറ്റ് തിരഞ്ഞെടുക്കുകയാണെന്നായിരുന്നു ഇലക്ഷൻ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പങ്കാളിത്തം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇലക്ഷനുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിൽ സുരക്ഷ വർധിപ്പിക്കുമെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വർധിച്ച് വരുന്ന ഭീകരാക്രമണങ്ങൾ ഇലക്ഷനോടനുബന്ധിച്ചുള്ള സുരക്ഷാ ആശങ്കകളെ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥ ഭരണത്തിന് പകരം ജനാധിപത്യ ഭരണം വരണമെന്ന ജനങ്ങളുടെ ആഗ്രഹം വലിയൊരു പ്രതീക്ഷയായി ഉയർന്ന് വന്നിട്ടുണ്ട്. ജമ്മു കശ്മീർ ജനത നിലവിൽ നേരിടുന്ന പ്രശ്നങ്ങളെ ചെറുക്കാൻ ജനാധിപത്യ ഭരണകൂടം പുനഃസ്ഥാപിക്കപ്പെടണമെന്ന ഇച്ഛ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനാധിപത്യത്തിൻ്റെ പുത്തൻപ്രഭാതം ജമ്മു കശ്മീരിൽ ഉദിക്കാൻ ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അശാന്തമായ കാശ്മീർ താഴ്വര ശാന്തിയുടെ പുത്തൻപ്രഭാതത്തിലേയ്ക്ക് മടങ്ങി വരുന്നതിനായി കാത്തിരിക്കാം.