തിരിച്ചടി മറികടക്കാൻ ബിജെപി, ആധിപത്യമുറപ്പിക്കാൻ കോൺഗ്രസ്; ഹരിയാനയിൽ പോരാട്ടം തീപാറും

ഹരിയാനയുടെ 'രാഷ്ട്രീയ ഗോദ'യിൽ ആരുടെ കൈ ഉയരുമെന്ന ചോദ്യം സഖ്യകക്ഷികളുടെ കനിവിൽ ഭരണത്തിലിരിക്കുന്ന ബിജെപിക്കും പാർലമെൻ്റിൽ കരുത്ത് കാണിക്കുന്ന ഇൻഡ്യ മുന്നണിക്കും നിർണ്ണായകമാണ്

dot image

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികൾ അടങ്ങിയതിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുളള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞടുപ്പ് കമ്മീഷൻ. മൂന്ന് ഘട്ടമായി ജമ്മു കശ്മീരിലും ഒരൊറ്റ ഘട്ടമായി ഹരിയാനയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയിൽ ഒക്ടോബർ ഒന്നിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളുടെ അനുരണനങ്ങൾ ആദ്യമെത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നെന്ന നിലയിൽ ബിജെപിയും കോൺഗ്രസും നേരിട്ട് മത്സരിക്കുന്ന ഹരിയാന തിരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സംസ്ഥാനത്ത് ഭരണം തുടരാൻ ബിജെപി പതിനെട്ടടവും പയറ്റിനിൽക്കുമ്പോൾ, രാജ്യമാകെ അലയടിച്ച ബിജെപി വിരുദ്ധതയിലും രാഹുൽ തരംഗത്തിലും പ്രതീക്ഷ വെയ്ക്കുകയാണ് കോൺഗ്രസ്. ഹരിയാനയുടെ 'രാഷ്ട്രീയ ഗോദ'യിൽ ആരുടെ കൈ ഉയരുമെന്ന ചോദ്യം സഖ്യകക്ഷികളുടെ കനിവിൽ ഭരണത്തിലിരിക്കുന്ന ബിജെപിക്കും പാർലമെൻ്റിൽ കരുത്ത് കാണിക്കുന്ന ഇൻഡ്യ മുന്നണിക്കും നിർണ്ണായകമാണ്.

ജമ്മു കശ്മീർ ജനാധിപത്യത്തിലേക്ക് മടങ്ങിയെത്തുമ്പോൾ; ആശങ്കകളും പ്രതീക്ഷകളും

സംവരണവും കർഷക ആഭിമുഖ്യവും; ഹരിയാനയിൽ മുന്നേ ഓടി ബിജെപി

ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ഹരിയാനയിൽ കഴിഞ്ഞ മാസങ്ങളിൽ സംഭവിച്ചത്. 'സംവരണ വിരുദ്ധ പാർട്ടി' എന്ന നിലയിലുള്ള രാഷ്ട്രീയ ലേബൽ ഇപ്രാവശ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ബിജെപിക്ക് തിരിച്ചടിയായിരുന്നു. പാളിച്ചകൾ തിരുത്താൻ ആദ്യം ലഭിക്കുന്ന അവസരമെന്ന നിലയിലാണ് ബിജെപി ഹരിയാന തിരഞ്ഞെടുപ്പിനെ സമീപിക്കുക എന്ന സൂചനകളാണ് ലഭിക്കുന്നത്.

ഉള്ളൊഴുക്കിന്റെ വിജയം; സിനിമയിലെ സ്ത്രീകള് ഇവിടെയുണ്ടെന്ന മറുപടി

പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബിജെപി ഹരിയാനയിൽ പിന്നാക്കവിഭാഗങ്ങൾക്കുള്ള സംവരണം വർധിപ്പിച്ചിരുന്നു. ഗ്രൂപ്പ് എ, ഗ്രൂപ് ബി തസ്തികകളിൽ നിലവിലുള്ള 15 ശതമാനം സംവരണം ഒറ്റയടിക്ക് 27 ശതമാനമാക്കിയായാണ് ഉയർത്തിയത്. സംവരണ ആനുകൂല്യത്തിനുള്ള വരുമാനപരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായി വർധിപ്പിച്ചു.

കർഷകപ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന നിലപാട് കർഷക സംഘടകൾ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ അഗ്നിവീർ പാർലമെൻ്റിലും ചൂടേറിയ ചർച്ചയായായിരുന്നു. ഈ രണ്ട് വിഷയങ്ങളെയും ഹരിയാനയിലെ ബിജെപി സർക്കാർ അഭിസംബോധന ചെയ്തിരുന്നു. കൃഷിനാശം സംഭവിച്ച കർഷകർക്ക് ബോണസ് തുക വിതരണം ചെയ്യുകയും ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ നീക്കത്തിലൂടെ കർഷകരെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിച്ചത്. അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ, അഗ്നിവീർ സൈനികർക്ക് പൊലീസ്, മൈനിംഗ് ഗാർഡ് ജോലികളിൽ 10 ശതമാനം സംവരണമാണ് ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ചത്. ഈ നീക്കങ്ങളുടെയെല്ലാം വിളവെടുപ്പ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ബിജെപിയ്ക്ക് പ്രതിസന്ധിയായി 'വിള്ളൽ', കോൺഗ്രസ് മുതലെടുക്കുമോ?

തുടർച്ചയായി പത്ത് വർഷമാണ് ബിജെപി ഹരിയാന ഭരിച്ചത്. 2014ൽ 90ൽ 47 സീറ്റുകളിൽ വിജയിച്ച് ബിജെപി സർക്കാരുണ്ടാക്കിയപ്പോൾ 2019ൽ അവർക്ക് വിയർക്കേണ്ടിവന്നു. ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റുകൾ ലഭിക്കാതിരുന്നതിനാൽ, 10 സീറ്റുകൾ നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുമായി സഖ്യം ചേർന്നാണ് ബിജെപി 2019ൽ സർക്കാർ രുപീകരിച്ചത്. 2014ൽ വെറും 15 സീറ്റുകൾ മാത്രമേ നേടിയ കോൺഗ്രസ് 2019ൽ 31 സീറ്റുകൾ നേടി പ്രകടനം മെച്ചപ്പെടുത്തിയിരുന്നു.

എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിന് വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നു. നുഹ് വംശീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ വിള്ളൽ ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെ പൂർണ്ണമായി. ബിജെപി-ജെജെപി സഖ്യത്തിന് ഇതോടെ അന്ത്യമായി.

ബിജെപിയുമായുള്ള സഖ്യം പിളർന്ന ശേഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെജെപി ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. എന്നാൽ ഒരു ശതമാനം വോട്ട് വിഹിതം പോലും നേടാനാകാതെ ഒരൊറ്റ സീറ്റിൽ പോലും വിജയിക്കാൻ കഴിയാതെ ജെജെപി തകർന്നടിഞ്ഞു. എന്നാൽ അവർക്ക് ഹരിയാനയിലുള്ള സ്വാധീനത്തെ കുറച്ചുകാണാൻ ആരും തയാറായിട്ടില്ല. പിളർപ്പിന് ശേഷം ജെജെപി കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമെന്ന തരത്തിലുള്ള വാർത്തകളുണ്ടായിരുന്നു. രാജ്യസഭയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ പ്രഖ്യാപനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പുതിയ സഖ്യരൂപീകരണത്തിന്റെ സാധ്യതകളായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.

ഹോമോഫോബിയയെ തുരത്തി നേടിയ വിജയം; കാതൽ അംഗീകരിക്കപ്പെടുമ്പോൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച രാഹുൽ തരംഗത്തിലാണ് കോൺഗ്രസ് പ്രതീക്ഷ വെച്ചുപുലർത്തുന്നത്. ജെജെപിയുടെ പിന്തുണ കൂടി നേടാനായാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടാനാവുമെന്നാണ് കോൺഗ്രസിൻ്റെ കണക്ക് കൂട്ടൽ. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ ആത്മവിശ്വാസവും വർധിപ്പിച്ചിരുന്നു. ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങൾ മുതലെടുക്കാനുള്ള ശ്രമവും കോൺഗ്രസ് നടത്തിയേക്കും.

ബിഎസ്പിയുമായി സഖ്യത്തിൽ ഐഎൻഎൽഡി, ഒറ്റയ്ക്ക് മത്സരിക്കാൻ ആം ആദ്മി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിലേർപ്പെട്ടാണ് ഇന്ത്യൻ നാഷണൽ ലോക്ദൾ മത്സരിക്കുന്നത്. സഖ്യം സംബന്ധിച്ച ചർച്ചകൾക്കായി ഐഎൻഎൽഡി സെക്രട്ടറി ജനറൽ അഭയ് സിംഗ് ചൗട്ടാല നേരത്തെ മായാവതിയുമായി ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും സഖ്യത്തിലായിരുന്നു.

എന്നാൽ സംസ്ഥാനത്ത് ഭേദപ്പെട്ട രാഷ്ട്രീയ അടിത്തറയുള്ള ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. ഒരുമുഴം മുൻപേ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ പാർട്ടി സൗജന്യ വൈദ്യുതി, ചികിത്സ അടക്കമുളള വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്. 'കെജ്രിവാളിന്റെ അഞ്ച് ഗ്യാരണ്ടികൾ' എന്ന പേരിലാണ് എഎപി വാഗ്ദാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

ഹരിയാനയിൽ ഭരണം നിലനിർത്താൻ കഴിഞ്ഞാൽ ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്ന് കരകയറാനുള്ള ഊർജ്ജമാകും. മറിച്ച് വിജയം കോൺഗ്രസിനാണെങ്കിൽ ബിജെപി വിരുദ്ധ പ്രതിപക്ഷത്തിൻ്റെ കരുത്ത് വർദ്ധിക്കും. ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കൂടുതൽ ശക്തരായി മാറുകയും ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us