കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോൾ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഹരിയാന, ജമ്മു കശ്മീർ സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. 2019ൽ ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾ കമ്മീഷൻ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. 2019ൽ ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ സെപ്തംബർ 27നായിരുന്നു പുറത്ത് വന്നത്. 2019 ഒക്ടോബർ 21നായിരുന്നു മഹാരാഷ്ട്രയിലും ഹരിയാനയിലും തിരഞ്ഞെടുപ്പ്. ഒക്ടോബർ 24നായിരുന്നു രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ. 2009 മുതൽ ഹരിയാനയിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഒരുമിച്ചാണ്. എന്നാൽ ഇത്തവണ പതിവിൽ നിന്ന് വിരുദ്ധമായി ഹരിയാനയിൽ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
ആടുജീവിതത്തിന് ജനപ്രിയഅവാർഡിന് അർഹതയില്ലെന്ന് വിമർശനം; അത് ശരിയല്ലേ എന്ന് ബ്ലെസിഹരിയാന തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിന് പിന്നിൽ വ്യക്തമായ താല്പര്യങ്ങൾ ഉണ്ടെന്ന നിലപാടിലാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി. തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതി സർക്കാരിന് 'ഫ്രീബീസ്' പ്രഖ്യാപിക്കാൻ അവസരമൊരുക്കാനാണ് ഈ നീക്കമെന്ന ആരോപണമാണ് പ്രതിപക്ഷമായ മഹാവികാസ് ആഘാഡി സഖ്യം ഉയർത്തുന്നത്. നേരത്തെ ലോക്സഭാ ഇലക്ഷനിൽ അപ്രതീക്ഷിത വിജയമാണ് മഹാ വികാസ് അഘാഡി നേടിയത്. ആകെയുള്ള 48 സീറ്റുകളിൽ 30 എണ്ണത്തിലും എംവിഎ വിജയിച്ചിരുന്നു. ഇതിൽ കോൺഗ്രസിന് 13 സീറ്റും ശിവസേനക്ക് (യുബിടി) 9 സീറ്റും എൻസിപിക്ക് (എസ്സിപി) 8 സീറ്റും നേടിയിരുന്നു. ബിജെപിയ്ക്കും സഖ്യകക്ഷികളായ ശിവസേനയ്ക്കും എൻസിപിക്കും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മഹായുതിക്ക് നിലനിൽക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് തിരഞ്ഞെടുപ്പ് നീക്കി വെക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജനം മഹാ വികാസ് അഘാഡിക്ക് ഒപ്പമാണെന്ന സൂചനയാണെന്നും ഇത് ഭരണപക്ഷത്തെ ഭയപെടുത്തുകയാണെന്നുമാണ് മഹാവികാസ് ആഘാഡി വ്യക്തമാക്കുന്നത്. ഇലക്ഷൻ കമ്മീഷൻ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നും തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് അധിക സമയം നൽകാനാണെന്നും ശിവസേന നേതാവ് ആദിത്യ താക്കറെ ആരോപിച്ചിരുന്നു. ഇലക്ഷൻ പ്രഖ്യാപിക്കാൻ വൈകിയാൽ മഹായുതിക്ക് ജനങ്ങളെ കയ്യിലെടുക്കാനായി പുതിയ പദ്ധതികളും സൗജന്യങ്ങളും ഇലക്ഷനോടനുബന്ധിച്ച് നടപ്പിലാക്കാൻ ഈ സമയം ജനങ്ങൾ ഉപയോഗിക്കുമെന്നാണ് ആക്ഷേപം. മുൻപ് മഹായുതി നേതാവ് രവി റാണ നടത്തിയ ഒരു പ്രസ്താവനയും ഇപ്പോൾ വിവാദമാകുന്നുണ്ട്. "ലഡ്കി ബെഹൻ യോജന" എന്ന പദ്ധതി വഴി നൽകുന്ന പണം വോട്ട് ചെയ്തില്ലെങ്കിൽ തിരികെ വാങ്ങുമെന്നായിരുന്നു പ്രസ്താവന.
ഈ നിലയിൽ ഭരണമുന്നണി അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെല്ലാം പരിഹരിക്കാനുള്ള സമയം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയുകയാണെന്നാണ് മഹാവികാസ് ആഘാഡിയുടെ പക്ഷം. ജമ്മു കശ്മീർ തിരഞ്ഞെടുപ്പും മഹാരാഷ്ട്ര ഇലക്ഷൻ നീട്ടി വെക്കാൻ മറ്റൊരു കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെയും മഹാവികാസ് അഘാഡി നേതാക്കൾ വിമർശിച്ചിരുന്നു. ജമ്മു കാശ്മീരിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടായതെന്നും, ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണെന്നുമായിരുന്നു മുൻ മുഖ്യ മന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന ആദിത്യ താക്കറെ വിമർശനം ഉയർത്തിയിരുന്നു. മഹാരാഷ്ട്രയിൽ മാത്രമാണോ മഴ എന്നും മറ്റ് സംസ്ഥാനങ്ങളിലില്ലേ എന്നും, ഒരുകാലത്ത് പ്രസിദ്ധമായ ഈ സ്ഥാപനം എന്തൊരു നാണക്കേടായി മാറുകയാണെന്നും ആദിത്യ പരിഹസിച്ചിരുന്നു.
മറാത്താ സംവരണം നടപ്പിലാക്കിയതിനെ തുടർന്നുള്ള പ്രതിസന്ധികളും ഭരണപക്ഷ സഖ്യത്തെ ഉലയ്ക്കുന്നുണ്ട്. മഹായുതി സഖ്യത്തിനുള്ളിലെ വിള്ളലുകളും ഭരണപക്ഷത്തിന് വെല്ലുവിളിയാണ്. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാനായി സംയുക്ത മഹായുതി റാലിക്ക് ഒരുങ്ങുകയാണ് സഖ്യം. ആർഎസ്എസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ബിജെപി നീക്കവും തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കമായി തന്നെ വായിക്കണം. ആർഎസ്എസ് നേതാക്കളുമായി നാഗ്പൂരിലെ ആസ്ഥാനത്ത് ഫഡ്നാവിസ് ഇതിനകം മൂന്ന് കൂടിക്കാഴ്ചകൾ നടത്തി കഴിഞ്ഞു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ എൻസിപി അജിത് പവാർ വിഭാഗത്തെ ആർഎസ്എസ് രൂക്ഷമായി വിമർശിച്ചിരുന്നു. എൻസിപി സഖ്യം പരാജയത്തിന് കാരണമായി എന്നായിരുന്നു ആർഎസ്എസ് നിലപാട്. ബിജെപിക്കുള്ളിലും എൻസിപി സഖ്യത്തിൽ അതൃപ്തിയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിൻ്റെ മോശം പ്രകടനവും സഖ്യത്തിനുള്ളിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. ശരത് പവാർ പക്ഷത്തേക്കുള്ള അജിത് പവാർ വിഭാഗം നേതാക്കളുടെ കൊഴിഞ്ഞ് പോക്കും മഹായുതിയെ സംബന്ധിച്ചിടത്തോളം ആശങ്കക്ക് വഴിയൊരുക്കുന്നവയാണ്. ഉള്ളി കർഷകർ അടക്കം അഭിമുഖീകരിക്കുന്ന ദുരിതങ്ങളും മഹായുതി സഖ്യത്തിൻ്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രധാനഘടകമായിരുന്നു.
കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീസുരക്ഷ എവിടെ?; ആശുപത്രികളിലെ ലൈംഗികാതിക്രമത്തിൽ ജീവിതം ഇല്ലാതായവർനിലവിൽ വലിയ ജനപക്ഷ റാലികൾ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് ഇരു സഖ്യങ്ങളുടെയും ശ്രമം. ഇത്തരം നീക്കങ്ങൾ സഖ്യ ബന്ധങ്ങളിൽ കെട്ടുറപ്പുണ്ടാക്കുമെന്നാണ് ഇരുമുന്നണികളും പ്രതീക്ഷിക്കുന്നത്. ജനക്ഷേമ പദ്ധതികളുടെ സ്വാധീനവും മറാത്ത സംവരണം പോലുള്ള പ്രധാന വിഷയങ്ങളും ഉൾപ്പെടെ വിവിധ ഘടകങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം പ്രതിപക്ഷ വിമർശനത്തെ ശരിവെക്കുന്നതാണെങ്കിലും അല്ലെങ്കിലും മഹായുതിക്ക് ഈ സമയം ഗുണകരമാകുമെന്നതിൽ സംശയമില്ല.