ബംഗാൾ: ഗ്യാലറിയിലെ ചിരവൈരികൾ ചരിത്രത്തിലാദ്യമായി കൊൽക്കത്ത തെരുവിൽ കൈകോർത്തു

ചരിത്രത്തിലാദ്യമായി മോഹൻ ബഗാൻ ആരാധകരും ഈസ്റ്റ് ബംഗാൾ ആരാധകരും സാൾട്ട് ലേക്ക് മൈതാനത്ത് ഒരേ മനസ്സോടെ ഒരുമിച്ചിറങ്ങി, അവരുടെ സഹോദരിക്കായി.

dot image

'അടുത്ത ജന്മത്തിൽ ഞാൻ ഒരു ഫുട്ബാളറായി ജനിക്കും, ഈ തോൽവിക്ക് ഞാൻ പ്രതികാരം ചെയ്യും' , 1975 ലെ ഐഎഫ്എ ഷീൽഡ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനോട് തോറ്റപ്പോൾ മോഹൻ ബഗാൻ ആരാധകനായ ഉമാകാന്ത ഇതെഴുതി വെച്ച് ആത്മഹത്യ ചെയ്തു. ഇന്ത്യയുടെ സ്വതന്ത്ര സമര കാലത്തെ ബംഗാൾ വിഭജനത്തോളം പഴക്കമുള്ള ബംഗാൾ ഫുട്ബോളിന്റെ വിഭജനത്തിൻെറയും ശേഷമുള്ള രണ്ട് ക്ലബുകൾ തമ്മിലുള്ള വൈര്യത്തിന്റെയും വാശിയുടെയും ചരിത്രത്തിലെ ഒരുദാഹരണം മാത്രമായിരുന്നു ഉമാകാന്ത. 1920ൽ മോഹൻ ബഗാന്റെ പ്രതാപത്തിൽ നിന്നും ഇറങ്ങി വന്ന് ചേരിക്കാരായ കിഴക്കൻ ബംഗാളികൾ ഈസ്റ് ബംഗാൾ എന്ന പേരിൽ സ്വന്തമായി ഒരു ടീമുണ്ടാക്കിയത് മുതൽ തുടങ്ങുന്ന വൈര്യം പിന്നീട് സാൾട്ട്ലേക്കിലെ ഇന്ത്യൻ ഫുട്ബോളിന്റെ 'കൊൽക്കത്തൻ ഡെർബി'യായി.

ബാഴ്സലോണയും റയൽ മാഡ്രിഡും മാറ്റുരയ്ക്കുന്ന സ്പാനിഷ് ലീഗിലെ 'എൽ ക്ലാസ്സിക്കോ', ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ക്ലബ്ബുകൾ തമ്മിലുള്ള മാഞ്ചസ്റ്റർ ഡെർബി, പിഎസ്ജിയും മാർസിയയും ഏറ്റുമുട്ടുന്ന ഫ്രഞ്ച് ലീഗിലെ 'ലേ ക്ലാസികെ' ,എ സി മിലാനും ഇന്റർ മിലാനും തമ്മിലുള്ള ഇറ്റാലിയൻ ലീഗിലെ മിലാൻ ഡെർബി, ഇവയെല്ലാം ഒരുമിച്ച് ഇന്ത്യൻ ഫുട്ബോളിനുള്ളതാണ് മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ ഡെർബി. ഫിഫ റാങ്കിങ്ങിൽ 124-ാം സ്ഥാനത്തുള്ള ഇന്ത്യൻ ഫുട്ബോളിൽ, ഫിഫ വേൾഡ് ക്ലാസിക് ഡെർബികളിൽ ആദ്യ പത്തിലെണ്ണിയ ഈ ഡെർബിയാണ് ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ നടക്കേണ്ടിരുന്നത്. അറുപതിനായിരത്തോളം കാണികളാണ് മത്സരം കാണാൻ ടിക്കെറ്റെടുത്തിരുന്നത്.

ഡ്യൂറന്റ് കപ്പിലെ ഏറ്റവും വീറും വാശിയുമുള്ള മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ പോരാട്ടം പക്ഷെ കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാൽസംഗ കൊലപാതകത്തിലെ പ്രതിഷേധം മുന്നിൽ കണ്ട് മമതാ സർക്കാർ വിലക്കി. ടിക്കറ്റെടുത്ത എല്ലാവർക്കും തുക മടക്കി നൽകാമെന്ന് ജില്ലാ അധികൃതർ ഉറപ്പ് നൽകിരുന്നെങ്കിലും ടിക്കറ്റെടുത്തവരും അല്ലാത്തവരുമായ ആയിരക്കണക്കിന് പേർ സാൾട്ട്ലേക്കിലേക്ക് ഇരച്ചെത്തി. അതിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും യുവാക്കളുമെല്ലാമുണ്ടായിരുന്നു. പരസ്പരം കണ്ടാൽ പോരടിച്ചിരുന്ന, കടിച്ചു കീറിയിരുന്ന മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ആരാധകർ തങ്ങളുടെ സഹോദരിയുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തി. ഒരു വടിയിൽ രണ്ട് കൊടിയും കൂട്ടി കെട്ടി 'ജസ്റ്റിസ് ഫോർ അഭയ' ചാന്റും നടത്തി അവർ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെ ചുറ്റി. ആരാധകർക്ക് വേണ്ടി ഇരു ക്ലബുകളുടെ താരങ്ങളും തെരുവിലിറങ്ങി. കൊലപാതകം നടന്ന ആർജി കാർ ആശുപത്രിക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് സമരത്തെ ഒതുക്കാൻ സർക്കാർ-പൊലീസ് സംവിധാനങ്ങൾ ശ്രമിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ സാൾട്ട് ലേക്ക് ഒരു സമരഭൂമിയായി. ചരിത്രത്തിലാദ്യമായി മോഹൻ ബഗാൻ ആരാധകരും ഈസ്റ്റ് ബംഗാൾ ആരാധകരും സാൾട്ട് ലേക്ക് മൈതാനത്ത് ഒരേ മനസ്സോടെ ഒരുമിച്ചിറങ്ങി, അവരുടെ സഹോദരിക്കായി

dot image
To advertise here,contact us
dot image