2012 ഏപ്രിലിലാണ്, പശ്ചിമബംഗാളിൽ പാർക്ക് സ്ട്രീറ്റ് ബലാത്സംഗകേസ് അന്വേഷണം പുരോഗമിക്കുന്ന സമയം. കൊൽക്കത്ത പൊലീസ് ജോയിന്റ് കമ്മീഷണറും അന്വേഷണ ഉദ്യോഗസ്ഥയുമായ ദയമന്തി സെൻ ഐപിഎസിനെ തേടി സ്ഥലംമാറ്റ ഉത്തരവെത്തി. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്തെന്ന് ദമയന്തിക്ക് മനസിലായില്ല. പാർക്ക് സ്ട്രീറ്റ് ബലാത്സംഗ കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തി, പ്രതികളെ അറസ്റ്റ് ചെയ്ത്, മാധ്യമങ്ങളിലാകെ ദമയന്തി സ്റ്റാർ ആയി നിൽക്കുന്ന സമയത്താണ് ബാരക്പൂർ പൊലീസ് ട്രെയിനിംഗ് കോളേജിലേക്ക് പരിശീലനച്ചുമതലയുള്ള ഡിഐജിയായി അവരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. വിഷയം ചർച്ചയായി, ദമയന്തി ചെയ്ത കുറ്റം എന്തെന്ന് കാര്യകാരണസഹിതം വെളിപ്പെട്ടു. പാർക്ക് സ്ട്രീറ്റ് കേസിൽ പുതിയ മുഖ്യമന്ത്രിയുടെ വാദങ്ങളെ ഖണ്ഡിച്ച് അവർക്കുനേരെ വിരൽചൂണ്ടാൻ ദമയന്തി തയ്യാറായതായിരുന്നു അവർക്കെതിരായ നീക്കത്തിന് പിന്നിലെ കാരണം. കേസ് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു അന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വാദിച്ചത്. അധികാരത്തിലേറി ഒരു വർഷം പോലും തികയാത്ത തന്റെ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ഈ കെട്ടിച്ചമച്ച കേസ് എന്നും മുഖ്യമന്ത്രി വാദിച്ചു, മമത ബാനർജി ആയിരുന്നു ആ മുഖ്യമന്ത്രി!
ആർക്കെതിരെയാണ് മമത ഈ പ്രതിഷേധിക്കുന്നതെന്ന് ആശ്ചര്യം തോന്നുന്നുണ്ടോ? മമത തന്നെയല്ലേ ഇപ്പോഴും അധികാരത്തിലുള്ളത് എന്ന് സംശയം തോന്നുന്നുണ്ടോ? അതെ, അതുതന്നെയാണ് മമത പയറ്റുന്ന തന്ത്രം, ഇരവാദം.
അന്ന് മുതൽ ഇന്ന് വരെ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിരവധി ബലാത്സംഗകേസുകൾക്ക് പശ്ചിമബംഗാൾ സാക്ഷ്യം വഹിച്ചു. ഹാൻസ്ഖാലി, കാംധുനി, കാക്ദ്വിപ്, റാണാഘട്ട്, സിയുരി, സന്ദേശ്ഖാലി....എന്നിങ്ങനെ നീളുന്ന പട്ടികയിലെ അവസാനത്തേതാണ് കൊൽക്കത്ത സംഭവം. മുഖ്യമന്ത്രിസ്ഥാനത്തുള്ള മമത ബാനർജിയെ എക്കാലത്തും ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയതും ബലാത്സംഗകേസുകളാണ്. പ്രേമബന്ധമാണെന്നും കെട്ടിച്ചമച്ചതാണെന്നും മാവോയിസ്റ്റ് നീക്കമാണെന്നുമൊക്കെ വാദിച്ച് ഇത്തരം സംഭവങ്ങളിൽ സർക്കാരിനെ പ്രതിരോധിക്കാനാണ് മമത എല്ലായ്പ്പോഴും ശ്രമിച്ചത്. ഇത്തവണയും അതിന് മാറ്റമില്ല. കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പ്രതിഷേധം നയിക്കുകയാണ് പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി! കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് പ്രതിഷേധം ശക്തമാകുമ്പോഴും മമത പറയുന്നു 'സർക്കാരിനോട് നീതി കാട്ടൂ, ഞങ്ങളാണ് ഇരകൾ' എന്ന്. ആർക്കെതിരെയാണ് മമത ഈ പ്രതിഷേധിക്കുന്നതെന്ന് ആശ്ചര്യം തോന്നുന്നുണ്ടോ? മമത തന്നെയല്ലേ ഇപ്പോഴും അധികാരത്തിലുള്ളത് എന്ന് സംശയം തോന്നുന്നുണ്ടോ? അതെ, അതുതന്നെയാണ് മമത പയറ്റുന്ന തന്ത്രം, ഇരവാദം.
ഇത്തരം സംഭവങ്ങളോ അതിനെച്ചുറ്റിപ്പറ്റി സർക്കാരിനെതിരെ ആരോപണങ്ങളോ ഉയരുമ്പോൾ മമത സ്വയം പ്രതിരോധം തീർക്കും, തനിക്കെതിരായ രാഷ്ട്രീയനീക്കമാണെന്ന് വരുത്തിത്തീർക്കും. 2022ൽ നാദിയയിൽ 14കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഒരുദാഹരണമാണ്. 'പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചത് ബലാത്സംഗത്തിനിരയായതുകൊണ്ടാണെന്ന് പറയുന്നു, അതിനെ ബലാത്സംഗമെന്ന് പറയാനാകുമോ? അവൾ ഗർഭിണിയായിരുന്നോ അല്ലെങ്കിൽ പ്രേമബന്ധത്തിലായിരുന്നോ? അക്കാര്യം അന്വേഷിച്ചിട്ടുണ്ടോ? ഞാൻ പൊലീസിനോട് ചോദിച്ചിരുന്നു. അവർ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളുമായി പെൺകുട്ടി പ്രേമത്തിലായിരുന്നെന്നാണ് എനിക്ക് കിട്ടിയ വിവരം.' ഇതായിരുന്നു അന്ന് മമതയുടെ പ്രതികരണം. കേസിലെ യഥാർത്ഥ പ്രതി തൃണമൂൽ കോൺഗ്രസിന്റെ ഒരു പ്രാദേശികനേതാവിന്റെ മകനായിരുന്നു
2013ൽ കംധുനി കൂട്ടബലാത്സംഗകേസിലും മമതയുടെ ഭാഗത്തുനിന്ന് വിവാദപരാമർശമുണ്ടായി. സംഭവം നടന്ന് പത്തുദിവസത്തിനു ശേഷം മമത കംധുനിയിലെത്തി. രോഷാകുലരായ സ്ത്രീകളടങ്ങിയ ജനക്കൂട്ടമാണ് അന്ന് മമതയെ നേരിട്ടത്. 'നിങ്ങളുടെ മുഖം കാണിക്കാനാണോ ഇവിടെ വന്നത്?'- ഒരു സ്ത്രീ മമതയോട് ആക്രോശിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുമ്പായിരുന്നു സംഭവം. അതുകൊണ്ടുതന്നെ തന്റെ സർക്കാരിനെതിരായ 'ഗൂഢാലോചന' ദീദി വീണ്ടും മണത്തു. 'ഇവിടെയുള്ള ഈ ജനങ്ങളൊക്കെ സിപിഐഎം അനുകൂലികളാണ്. പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്, പക്ഷേ സിപിഐഎം രാഷ്ട്രീയം കളിക്കുകയാണ്. കേസിൽ അറസ്റ്റിലായവരൊക്കെ ഗുണ്ടകളാണ്, സിപിഐഎം അനുകൂലികളാണ്. കള്ളന്റെ അമ്മയാണല്ലോ ഏറ്റവും ഉച്ചത്തിൽ അലറുക'- തിരികെ കാറിൽ കയറുംമുമ്പ് മമത പറഞ്ഞു. ആ ജനക്കൂട്ടത്തിന് മമതയുടെ പ്രസ്താവന പൊറുക്കാനാവാത്തതായിരുന്നു. കാരണം, തൃണമൂൽ കോൺഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുവാണ് പ്രധാനപ്രതിയെന്ന് അവർക്കെല്ലാമറിയാമായിരുന്നു.
സ്വയം പ്രതിരോധം തീർത്ത് രാഷ്ട്രീയ എതിരാളികളുടെ മേൽ പഴിചാരി രക്ഷപ്പെടാനാണ് മമത എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഒരു വനിതാ നേതാവായിട്ടുപോലും വനിതകൾക്കെതിരായ അതിക്രമങ്ങളോട് പലപ്പോഴും അവർ സ്വീകരിച്ച സമീപനം നീതികരിക്കാനാവുന്നതായിരുന്നില്ല.
മമത ബാനർജിയുടെ ഭാഗത്തുനിന്നുണ്ടായ മര്യാദലംഘനങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിലുള്ളത് ബലാത്സംഗകേസുകൾ തന്നെയാണ്. സ്വന്തം പാർട്ടിയായ തൃണമൂലിന്റെ നേതാക്കൾക്കാർക്കെങ്കിലും പങ്കുള്ള കേസാണെങ്കിൽ പിന്നെ പറയുകയും വേണ്ട! ഇത്തരം കേസുകളിൽ സ്വയം പ്രതിരോധം തീർത്ത് രാഷ്ട്രീയ എതിരാളികളുടെ മേൽ പഴിചാരി രക്ഷപ്പെടാനാണ് മമത എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഒരു വനിതാ നേതാവായിട്ടുപോലും വനിതകൾക്കെതിരായ അതിക്രമങ്ങളോട് പലപ്പോഴും അവർ സ്വീകരിച്ച സമീപനം നീതികരിക്കാനാവുന്നതായിരുന്നില്ല. കൊൽക്കത്തയിലെ ഡോക്ടറുടെ കേസിലും സമീപനം മറിച്ചല്ല. കേസുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. കേസിലുൾപ്പെട്ട ഉന്നതർ തൃണൂലിന് വേണ്ടപ്പെട്ടവരാണ് എന്ന വാദത്തിലൂന്നിയാണ് പ്രതിഷേധങ്ങൾ ശക്തമായത്. പിടിയിലായ പ്രതി ഡമ്മി മാത്രമാണെന്ന് ആരോപണമുയരുമ്പോഴും കേസ് സിബിഐക്ക് വിട്ട് കൈകഴുകി ഇരിപ്പാണ് തൃണമൂൽ സർക്കാർ. ഇനിയെല്ലാം നടപ്പാക്കേണ്ടത് സിബിഐ ആണെന്ന തൃണമൂൽ നേതാവും രാജ്യസഭാ എംപിയുമായ ഡെറിക് ഒ ബ്രിയാന്റെ പ്രസ്താവനയും ഇതു ശരിവെക്കുന്നതാണ്.
സർക്കാരിനെതിരെ പ്രതിഷേധം കനക്കുമ്പോഴും തങ്ങളുടെ പാർട്ടിയിലെ വനിതാ എംഎൽഎമാരെയും എംപിമാരെയും വിളിച്ചുകൂട്ടി തെരുവിലിറങ്ങി പ്രതിഷേധിക്കാൻ മമത തയ്യാറായതിന്റെ കാരണമായി പാർട്ടി നിരത്തുന്ന വാദങ്ങളിങ്ങനെയാണ്.
ഇപ്പോൾ കേസ് കൈകാര്യം ചെയ്യുന്ന സിബിഐ അന്വേഷണവിവരങ്ങൾ നിർബന്ധമായും പങ്കുവെക്കണം.
കൊൽക്കത്ത പൊലീസ് കേസിലെ ഒരു പ്രതിയെ അറസ്റ്റുചെയ്തിരുന്നു. മറ്റ് പ്രതികളെയും പിടികൂടി അതിവേഗകോടതിയിലേക്ക് കേസ് കൈമാറിയാലേ നീതി നടപ്പാകൂ.
കേസിലെ പ്രതികളെയല്ല മറിച്ച് കേസ് അന്വേഷണത്തിനെത്തിയ കേന്ദ്ര ഐജൻസിയായ സിബിഐയെ വില്ലൻ പരിവേഷം നൽകി ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കാനാണ് മമത ശ്രമം നടത്തുന്നതെന്ന് അവരുടെ നീക്കങ്ങളിൽ നിന്ന് വ്യക്തമെന്ന് വിമർശനങ്ങളുയരുന്നുണ്ട്. പിജി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിനു സമീപമുള്ള മുറികൾ പുനരുദ്ധാരണത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയത് തെളിവുനശിപ്പിക്കാനെന്ന വാദത്തെ എങ്ങനെയാണ് ഖണ്ഡിക്കാനാവുക? സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ഡോക്ടർമാരുടെ സമരപ്പന്തലിലേക്ക് അർധരാത്രി വലിയൊരു ജനക്കൂട്ടം എത്തിയതിനും ആശുപത്രി അടിച്ചുതകർത്തതിനും പിന്നിൽ ആരാണെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതല്ലേ? ഇങ്ങനെയൊരു കുറ്റകൃത്യം നടന്ന മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാളിനെ ഉടൻ തന്നെ മറ്റൊരിടത്ത് പ്രിൻസിപ്പാളായി നിയമിക്കാൻ സർക്കാരിന് കഴിയുന്നതെങ്ങനെയാണ്? പുലര്ച്ചെ കുറ്റകൃത്യം കണ്ടെത്തിയിട്ടും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രിന്സിപ്പാൾ ശ്രമിച്ചത് ആരുടെ പ്രേരണ കൊണ്ടാണ്? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ തുടരുമ്പോഴാണ് ഇരവാദം ഉയർത്തി സ്വയം രക്ഷപ്പെടാനുള്ള മമത സർക്കാരിന്റെ നീക്കം.
'മാ, മാട്ടി, മാനുഷ്' (അമ്മ, നാട്, ജനങ്ങൾ) എന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ ആപ്തവാക്യം. എന്നിട്ടും, അതിക്രമങ്ങൾക്കിരയാകുന്ന പെൺകുട്ടികളുടെ അമ്മമാരെയോ അവരുടെ കണ്ണുനീരോ മമത കാണുന്നില്ല. പ്രതിഷേധത്തിൽ ആളിക്കത്തുന്ന വംഗനാടിനെ മമത കാണുന്നില്ല. അനീതിക്കെതിരെ ശബ്ദമുയർത്തുന്ന അവിടുത്തെ ജനങ്ങളെ മമത കാണുന്നില്ല. ഇതിനൊക്കെയപ്പുറം എല്ലാം രാഷ്ട്രീയഗൂഢാലോചനയെന്ന് ആവർത്തിച്ച് സ്വന്തം രക്ഷമാത്രം നോക്കുകയും ചെയ്യുന്നു. കൊൽക്കത്ത സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോഴും മമതയുടെ വാദം 'സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നത് ബംഗാളിനെ ബംഗ്ലാദേശ് ആക്കാനാണ്' എന്നാണ്. രാഷ്ട്രീയ എതിരാളികളുടെ വിലകുറഞ്ഞ തന്ത്രമാണ് ഈ പ്രതിഷേധങ്ങൾക്കു പിന്നിലെന്ന് അവർ ആരോപിക്കുന്നു. തനിക്ക് അധികാരക്കൊതി ഇല്ലെന്ന് ആവർത്തിച്ച് പറയുന്നു. സ്വയം ഇരവേഷം കെട്ടി തെരുവിലിറങ്ങിയും പ്രതിഷേധിച്ചും മമത തന്റെ പതിവ് അടവ് പയറ്റുകയാണ്. ഇതുവരെയുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ പോലെയല്ല ഇത്തവണത്തേത് എന്ന് ഇനിയും മമതയ്ക്ക് മനസിലായിട്ടില്ല എന്നാണോ? ഏത് രാഷ്ട്രീയകൊടുങ്കാറ്റിലും ആടിയുലയാതെ പിടിച്ചുനിന്നിട്ടുള്ള ചരിത്രമാണ് തന്റേതെന്നും അതിനുള്ള കെൽപ്പ് ഇപ്പോഴുമുണ്ട് എന്നുമുള്ള ആത്മവിശ്വാസമാണോ അവരെ നയിക്കുന്നത്?
പൊതുജനവും പ്രതിപക്ഷവും തനിക്കെതിരെ നിലകൊള്ളുമ്പോഴും അവർ ഉറക്കെ പറയുന്നു. 'ഞാനൊരു രാഷ്ട്രീയക്കാരിയാണ്. പക്ഷേ, ഒരു മനുഷ്യനുമാണ്. ആരോടും ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല'.
നീതിയാണ് താൻ ആവശ്യപ്പെടുന്നതെന്ന് മമത ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. പൊതുജനവും പ്രതിപക്ഷവും തനിക്കെതിരെ നിലകൊള്ളുമ്പോഴും അവർ ഉറക്കെ പറയുന്നു. 'ഞാനൊരു രാഷ്ട്രീയക്കാരിയാണ്. പക്ഷേ, ഒരു മനുഷ്യനുമാണ്. ആരോടും ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല'. ദിവസങ്ങൾ കഴിയുമ്പോൾ ഈ കോലാഹലമെല്ലാം കെട്ടടങ്ങുമെന്നും മറ്റേതൊരു കേസും പോലെ ഇതും അപ്രസക്തമാകുമെന്നും മമത കണക്കുകൂട്ടുന്നു. അപ്പോഴേക്കും പതിവുപോലെ പോരാട്ടങ്ങളെ അതിജീവിച്ച ധീരവനിതയാകാം, സ്വയം ചാർത്തിയ ഇരവേഷം അഴിച്ചുവച്ച് അതിജീവിതയാകാം എന്നും അവർ മനക്കോട്ട കെട്ടുന്നുണ്ടാകാം. പക്ഷേ, മമത മറന്നുപോകുന്ന ചിലതുണ്ട്. 2012ൽ നിർഭയ സംഭവവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും ഉണ്ടായ പ്രതിഷേധങ്ങളുടെ അനുരണനമായിരുന്നു ഡൽഹിയിൽ കോൺഗ്രസ് ഭരണത്തിന് അറുതിവരുത്തിയതും ആം ആദ്മി പാർട്ടിയെ അധികാരത്തിലെത്തിച്ചതും. അന്ന് ഡൽഹിയിലെ കോൺഗ്രസ് മുഖ്യമന്ത്രി ഒരു സത്രീയായിരുന്നു, പേര് ഷീലാ ദീക്ഷിത്. നിർഭയയ്ക്കുവേണ്ടി പ്രതിഷേധിച്ചവരോട് അവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. നിർഭയയ്ക്കുവേണ്ടി ജന്തർമന്ദറിൽ മെഴുതിരി കത്തിക്കുകയും ചെയ്തിരുന്നു......!
വാൽക്കഷ്ണം: 18ാം ലോക്സഭയിലേക്ക് ഏറ്റവുമധികം വനിതാ അംഗങ്ങളെ അയച്ച സംസ്ഥാനമാണ് പശ്ചിമബംഗാൾ. 12 വനിതാ എംപിമാരിൽ 11 പേരും തൃണമൂൽ കോൺഗ്രസിൽ നിന്നുള്ളവരാണ്.