'ഉദയ് എക്സ്പ്രസ്സ്' പാലക്കാട്ടേക്ക് എന്ന് വരും? 'വളഞ്ഞ് മൂക്ക് പിടിക്കൽ' മാറ്റുമോ?

പാലക്കാട് നിന്നും പൊള്ളാച്ചി വഴി കോയമ്പത്തൂർ എന്ന 'ചുറ്റൽ' കാരണം ട്രെയിനിൽ ആള് കയറുമോ എന്ന ആശങ്ക പാലക്കാട്ടുകാർക്കുണ്ട്.

dot image

പാലക്കാട്ടുകാർ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഞങ്ങൾക്ക് ഒന്ന് ബാംഗ്ലൂർ പോകണമെങ്കിൽ എന്താണ് വഴിയെന്ന് ! ഒന്നല്ലെങ്കിൽ തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ട്രെയിനിലോ അല്ലെങ്കിൽ മലബാർ ഭാഗത്തുനിന്നുള്ള ട്രെയിനിലോ ടിക്കറ്റ് ബുക്ക് ചെയ്യണം. പക്ഷേ നിരവധി സ്റ്റേഷനുകൾ കടന്നുവരുന്ന ട്രെയിനുകളായതിനാൽ പാലക്കാട് നിന്ന് ടിക്കറ്റ് ലഭിക്കുന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നും വേണ്ട. ഇനി ഒരു സാധ്യതയുണ്ടെങ്കിലും അത് ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുള്ള എറണാകുളം - SMVT ബെംഗളൂരു സൂപ്പർഫാസ്റ്റ് തീവണ്ടിയാണ്. പക്ഷേ അതാണെങ്കിൽ ബാംഗ്ലൂർ നഗരത്തിന് 10 കിലോമീറ്റർ അപ്പുറത്തുള്ള SMVT സ്റ്റേഷനിലാണ് നിർത്തുക.

ഈ കഷ്ടപ്പാടിനെല്ലാം പരിഹാരമായാണ് പാലക്കാടിനെ ബംഗളൂരുവുമായി നേരിട്ട് ബന്ധിപ്പിക്കാൻ ഡബിൾ ഡക്കർ എക്സ്പ്രസ്സ് പ്രഖ്യാപിച്ചത്. ഏപ്രിൽ 17ന് കൊട്ടിഘോഷിച്ച് ട്രയൽ റൺ എല്ലാം നടന്നു. പക്ഷേ ട്രെയിൻ ഓടിത്തുടങ്ങുന്ന തീയതി മാത്രം ഇനിയും പ്രഖ്യാപിച്ചിട്ടില്ല! മാത്രമല്ല, പ്രഖ്യാപിച്ച റൂട്ട് യാത്രക്കാർക്ക് ഗുണകരമാകുമോ എന്ന കാര്യത്തിൽ സംശയവുമാണ്. മൺസൂൺ സമയക്രമം അവസാനിച്ചുകഴിഞ്ഞാൽ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് റെയിൽവെയുടെ ഭാഗത്തുനിന്ന് നിലവിൽ ലഭിക്കുന്ന സൂചന. എന്നാൽ അതിൽ ഉറപ്പ് പറയാനുമാകില്ല.

നിലവിൽ രണ്ട് ആവശ്യങ്ങളാണ് പാലക്കാട്ടുകാർക്കുള്ളത്. ഒന്ന് ഉദയ് ഡബിൾ ഡക്കർ എക്സ്പ്രസ് എത്രയും പെട്ടെന്ന് ഓടിത്തുടങ്ങണം. രണ്ട്, പാലക്കാട്ടുകാർക്ക് ഒരുപകാരവുമില്ലാത്ത വിധത്തിൽ ക്രമീകരിച്ച സമയക്രമം മാറ്റണം !

ഗുണമാണ്, പക്ഷേ അതിനേക്കാളേറെ ദോഷവുമുണ്ട്

ഉദയ് ഡബിൾ ഡക്കറിന്റെ പരീക്ഷണയോട്ടത്തിൽ അതീവ സന്തുഷ്ടരായിരുന്നു പാലക്കാട്ടെ ജനങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന, പലപ്പോഴും ടിക്കറ്റ് പൂർണമായും വിറ്റുതീർന്നിട്ടുണ്ടാകുമായിരുന്ന ട്രെയിനുകളല്ലാതെ പാലക്കാട് നിന്ന് നേരിട്ട് ബാംഗ്ലൂർ എത്താനായി വേറെ സാധ്യതകളില്ല. അപ്പോഴാണ് മുൻപ് കോയമ്പത്തൂർ - ബാംഗ്ലൂർ റൂട്ടിൽ ഓടിയിരുന്ന ഡബിൾ ഡക്കർ തീവണ്ടി പാലക്കാട്ടേക്ക് നീട്ടുന്നതായി അറിയിപ്പ് വന്നത്.

എന്നാൽ ട്രെയിനിന്റെ റൂട്ടും സമയക്രമവും പ്രഖ്യാപിച്ചപ്പോൾ പാലക്കാട്ടുകാരുടെ സന്തോഷം ഒന്നടങ്കം ഇല്ലാതെയാകുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാട് നിന്ന് പൊള്ളാച്ചി വഴി ബാംഗ്ലൂർ എന്ന അസാധാരണമായ റൂട്ട് റെയിൽവെ പ്രഖ്യാപിച്ചതോടെ നന്നേ പുലർച്ചെ ട്രെയിൻ കയറേണ്ടതായും, രാത്രി ഏറെ വൈകി ട്രെയിൻ ഇറങ്ങേണ്ടതുമായുള്ള ഗതികേടിലാകും പാലക്കാട് നിന്നുള്ള യാത്രക്കാർ.

ട്രയൽ റൺ കഴിഞ്ഞ ശേഷം പ്രഖ്യാപിച്ച സാധ്യതാ സമയക്രമം ഇങ്ങനെയാണ്. പാലക്കാട് നിന്നും പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട് 4.20ന് പൊള്ളാച്ചി എത്തും. ശേഷം 5.55ന് കോയമ്പത്തൂരും ഉച്ചയ്ക്ക് 12.40ന് ബാംഗ്ലൂരിലും എത്തും. തിരിച്ചുള്ള യാത്രയിൽ ഉച്ചയ്ക്ക് 2.15ന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന് ട്രെയിൻ രാത്രി 8.15നു കോയമ്പത്തൂരും 10.20ന് പൊള്ളാച്ചിയിലും ശേഷം 11.50 ന് പാലക്കാടുമെത്തും. അതായത് വെറും 54 കിലോമീറ്റർ മാത്രമുള്ള വാളയാർ സ്ട്രെച്ച് ഒഴിവാക്കി 104 കിലോമീറ്ററുള്ള പൊള്ളാച്ചി റൂട്ടിലൂടെ ഓടി ട്രെയിൻ പാലക്കാടെത്തുന്നു !

വളഞ്ഞ് മൂക്ക് പിടിക്കൽ മാറ്റുമോ?

പാലക്കാട് പൊള്ളാച്ചി റൂട്ടിൽ ആവശ്യത്തിന് ട്രെയിനുകളില്ല എന്ന പരാതി കാലങ്ങളായി ഉള്ളതാണ്. എന്നാൽ ഇപ്പോൾ ഉദയ് എക്സ്പ്രസിന് പുറമെ മംഗളുരു - രാമേശ്വരം തീവണ്ടി കൂടി ഈ പാതയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ മംഗളുരു - രാമേശ്വരം തീവണ്ടിയ്ക്ക് ഈ പാത ഗുണകരമാകുമെകിലും, പക്ഷേ ബംഗളുരു ഡബിൾ ഡക്കറിന് അങ്ങനെയല്ല. പാലക്കാട് നിന്നും പൊള്ളാച്ചി വഴി കോയമ്പത്തൂർ എന്ന 'ചുറ്റൽ' കാരണം ട്രെയിനിൽ ആള് കയറുമോ എന്ന ആശങ്ക പാലക്കാട്ടുകാർക്കുണ്ട്.

പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് വാളയാർ വഴി എടുക്കുക ആകെ ഒന്നരമണിക്കൂറിൽ താഴെ സമയം മാത്രമാണ്. അത്രയും സമയലാഭം ഉണ്ടാക്കാമെന്നിരിക്കെയാണ് പാലക്കാട് നിന്നും പൊള്ളാച്ചി വഴി കോയമ്പത്തൂർ എന്ന, മൂന്ന് മണിക്കൂറിനടുത്ത് വരുന്ന റൂട്ടാണ് റെയിൽവേ തിരഞ്ഞെടുത്തത്. ഇനി അഥവാ തീവണ്ടി പൊള്ളാച്ചി വരെ വേണമെന്ന് തന്നെയിരിക്കട്ടെ, പൊള്ളാച്ചിയിൽ നിന്ന് പുലർച്ചെ പുറപ്പെട്ട് പാലക്കാട് നിന്നും നാലുമണിക്ക് ശേഷം യാത്ര തിരിക്കുന്ന രീതിയിൽ സമയക്രമം ക്രമീകരിക്കാമായിരുന്നില്ലേ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ചെയ്താൽപ്പോലും നിരവധി പേർ ട്രെയിൻ ഉപയോഗപ്പെടുത്തുമെന്നിരിക്കെ, എന്തിനാണ് ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കുന്നതെന്നാണ് ചോദ്യം. അങ്ങനെയെങ്കിൽ പൊള്ളാച്ചിയിൽ ട്രെയിൻ എൻജിൻ റിവേഴ്സലിനുള്ള സമയമെല്ലാം ഒഴിവാക്കി മികച്ച ഒരു സമയക്രമം ഉണ്ടാക്കിയെടുക്കാവുന്നതുമാണ്.

എന്നാൽ ഈ സമയക്രമം മാറ്റാൻ ഇടപെടലുകൾ നടക്കുന്നതായും സൂചനകളുണ്ട്. ട്രെയിൻ പൊള്ളാച്ചിയിലേക്ക് പോകേണ്ട എന്നല്ല, മറിച്ച് പാലക്കാട് വന്ന ശേഷം പൊള്ളാച്ചിയിലേക്ക് എന്ന രീതിയിൽ റൂട്ട് പുനഃക്രമീകരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നത്. അങ്ങനെയെങ്കിൽ പുലർച്ചെ പാലക്കാട് നിന്ന് വരുന്ന ഡബിൾ ഡക്കർ വണ്ടി ഒരു നാലര മണിയോടെ പാലക്കാടെത്തിയാൽപ്പോലും വലിയ രീതിയിൽ സ്വീകരിക്കപ്പെടും.

പാലക്കാട്ടെ ജനങ്ങള്ക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന വണ്ടിയാണ് ഉദയ് ഡബിൾ ഡക്കർ എക്സ്പ്രസ്സ്. വെയ്റ്റിംഗ് ലിസ്റ്റുകളുടെയും, കോയമ്പത്തൂർ ചെന്ന് കണക്ഷൻ ട്രെയിനുകൾ പിടിക്കുന്നതിന്റെയും വലിയൊരു ബുദ്ധിമുട്ട് ഈ തീവണ്ടിയ്ക്ക് ഇല്ലാതെയാക്കാനായേക്കും. പക്ഷേ ട്രെയിൻ ചലിപ്പിച്ചുതുടങ്ങാനുണ്ടാകുന്ന ഈ മെല്ലെപ്പോക്ക് യഥാർത്ഥത്തിൽ സങ്കടകരമാണ്. മാത്രമല്ല, പ്രായോഗികമായ സമയക്രമം ഉണ്ടാക്കാനാകുകയും വേണം. അങ്ങനെയെങ്കിൽ പാലക്കാട് മേഖലയിലെ ഒരു യാത്രാപ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് നിശ്ചയമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us