അസമിലെ മുസ്ലിം വിവാഹ രജിസ്ട്രേഷൻ ബിൽ നിയമസഭയിൽ; ഏകീകൃത സിവിൽ കോഡിൻ്റെ മുന്നൊരുക്കമോ?

മുസ്ലിം വിവാഹ രജിസ്ട്രേഷൻ ബില്ലിനെ വിലയിരുത്തുമ്പോൾ ഇത് മുസ്ലിങ്ങളെ മാത്രം വിവേചനപരമായി സമീപിക്കുന്നുവെന്ന സംശയമാണ് ഉയരുന്നത്

dot image

അസം സർക്കാർ അവതരിപ്പിച്ച പുതിയ മുസ്ലിം വിവാഹ രജിസ്ട്രേഷൻ ബിൽ പ്രാബല്യത്തിൽ വരാൻ ഇനി ഏതാനും കടമ്പകൾ മാത്രമാണ് ബാക്കി. അസമിന് ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ബിൽ ഇതിനകം നിയമസഭയിൽ അവതരിപ്പിച്ച് കഴിഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെയും വിവിധ സംഘടനകളുടെയും ശക്തമായ എതിർപ്പിനിടയിലാണ് ബിൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ചത്. എന്തുകൊണ്ട് മുസ്ലിം വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നു എന്നതാണ് മറുപക്ഷത്തിൻ്റെ ചോദ്യം. ഇതിന് കൃത്യമായ ഉത്തരം അസം സർക്കാർ നൽകിയിട്ടുമില്ല. നിയമസഭയിൽ ബിൽ പാസാവാൻ വലിയ ബുദ്ധിമുട്ട് ഇല്ലെന്നിരിക്കെ ഈ ബില്ലിലെ വ്യവസ്ഥകളും വിവാദങ്ങളും എന്തെന്ന് പരിശോധിക്കാം.

1935ലെ നിയമത്തിന് പകരമായാണ് ഈ ബിൽ കൊണ്ടുവന്നത്. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള വിവാഹത്തിലെ വിഷയങ്ങൾ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചാണ് ഫെബ്രുവരിയിൽ സർക്കാർ ഇത് പ്രഖ്യാപിച്ചത്. അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935 ഒഴിവാക്കാനുള്ള തീരുമാനം അസം മന്ത്രിസഭയാണ് കൈകൊണ്ടത്.

'രാഷ്ട്രീയ തണലിൽ' ലോക ക്രിക്കറ്റ് ഭരണത്തിൻ്റെ തലപ്പത്ത്; 35-ാം വയസ്സിൽ ജയ് ഷാ സ്വപ്നതുല്യ പദവിയിൽ

'ഞങ്ങള് ഏക സിവില് കോഡിലേക്ക് (യുസിസി) നീങ്ങുകയാണെന്ന് മുഖ്യമന്ത്രി അടുത്തിടെ പ്രസ്താവിച്ചിരുന്നു. അതിനായി പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിട്ടുണ്ട്. അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷന് നിയമം 1935ന്റെ കീഴില് 95 മുസ്ലിം രജിസ്ട്രാര്മാര് ഇപ്പോഴും പ്രവര്ത്തിക്കുന്നുണ്ട്. അത് ഇന്ന് റദ്ദാക്കി. മന്ത്രിസഭ ഇന്ന് ഈ നിയമം അവസാനിപ്പിച്ചു, ഇനി ഈ നിയമപ്രകാരം മുസ്ലിം വിവാഹമോ വിവാഹമോചനമോ രജിസ്റ്റര് ചെയ്യില്ല. സ്പെഷ്യല് മാര്യേജ് ആക്ട് ഉള്ളതിനാല് എല്ലാ കാര്യങ്ങളും ആ നിയമത്തിലൂടെ ആകണമെന്ന് ഞങ്ങള് ആഗ്രഹിക്കുന്നത്', എന്നായിരുന്നു മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് മന്ത്രി ജയന്ത മല്ലബറുവ ഫെബ്രുവരിയിൽ വിശദീകരിച്ചിരുന്നത്.

അസം മന്ത്രിസഭയുടെ തീരുമാനത്തെ അതേ നിലയിൽ പ്രതിഫലിപ്പിക്കുന്ന നിലയാണ് Assam Compulsary Registration of Muslim Marriages and Divorce Act എന്ന് പേരിട്ടിരിക്കുന്ന നിയമം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലിം ഖാസിമാർക്ക് വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അധികാരത്തെ ഈ നിയമം പ്രധാനമായും എടുത്തുകളയുന്നു. അസമിൽ ഇത്തരത്തിൽ 95 ഖാസിമാർ ഉണ്ടെന്നാണ് കണക്ക്. ഇവരെയെല്ലാം ഒഴിവാക്കി വിവാഹ രജിസ്ട്രേഷനും വിവാഹമോചനവും സർക്കാർ രജിസ്ട്രാറുടെ പക്കൽ നിക്ഷിപ്തമാകുന്നതാണ് പുതിയ നിയമം. ബാലവിവാഹം നിർത്തലാക്കുക, ബഹുഭാര്യത്വം ഇല്ലാതാക്കുക, സ്ത്രീകൾക്ക് തുല്യ അവകാശം ഉറപ്പിക്കുക തുടങ്ങിയവയും ബില്ലിന്റെ ലക്ഷ്യങ്ങളായി പറയപ്പെടുന്നുണ്ട്.

ഈ ബിൽ ഏക സിവിൽ കോഡിലേക്കുള്ള ചവിട്ടുപടിയെന്നാണ് മറ്റൊരു വിമർശനം. തന്റെ നിരവധി പ്രസംഗങ്ങളിൽ ഹിമന്ത ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ ഇന്ത്യയിൽ ഏക സിവിൽ കോഡ് വേണമെന്നും തങ്ങൾ അത് നേടിയിരിക്കുമെന്നും അടക്കമുള്ള ഹിമന്തയുടെ പരാമർശങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വലിയ വിവാദമായിരുന്നു. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്. അതേ മാതൃക അസമിലും നടപ്പാക്കുമെന്ന് ഹിമന്ത വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയ മുസ്ലിം വിവാഹ നിയമവും ഏക സിവിൽ കോഡിലേക്കുള്ള മാർഗമാണെന്ന വിമർശനം ശക്തമാകുന്നത്.

ബില്ലിനെതിരെ വ്യാപകമായ വിമർശങ്ങളാണ് ഉയരുന്നത്. ബാലവിവാഹം ഒരു പൊതു സാമൂഹിക പ്രശ്നമാണെന്നിരിക്കെ മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ നിയമം തീർത്തും വർഗീയമാണ് എന്നതാണ് മറുപക്ഷ വാദം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മുസ്ലിം വിരോധത്തിന്റെ അടുത്ത ഘട്ടമാണ് ഈ ബിൽ എന്നും വിമർശനമുണ്ട്. അസം മുഖ്യമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം ഹിമന്ത പറഞ്ഞ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ അനവധിയാണ്. അസമില് 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില് 'ഹിന്ദുക്കൾ യഥാര്ത്ഥ ശത്രുക്കളെ തിരിച്ചറിയണം' എന്ന വർഗീയ പരാമർശമാണ് ഹിമന്ത നടത്തിയത്. അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്നും, അസമിലെ മുസ്ലീം ജനസംഖ്യ വർധിക്കുന്നത് ജീവിതവും മരണവുമായി ബന്ധപ്പെട്ടതെന്നതാണെന്നും ഹിമന്ത ബിശ്വശർമ പറഞ്ഞിരുന്നു. ഇത്തരത്തിൽ അനവധി വിദ്വേഷ പരാമർശങ്ങളാണ് മുസ്ലിങ്ങൾക്കെതിരെ ഹിമന്ത ഒരു നിയന്ത്രണവുമില്ലാതെ പറഞ്ഞിട്ടുള്ളത്.

ഇവയുടെയെല്ലാം പശ്ചാത്തലത്തിൽ ഈ മുസ്ലിം വിവാഹ രജിസ്ട്രേഷൻ ബില്ലിനെ വിലയിരുത്തുമ്പോൾ ഇത് മുസ്ലിങ്ങളെ മാത്രം വിവേചനപരമായി സമീപിക്കുന്നുവെന്ന സംശയമാണ് ഉയരുന്നത്. ഉള്ളടക്കം വിലയിരുത്തുമ്പോൾ ഇത്തരം ആശങ്കകൾ സ്വാഭാവികമെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം അഭിപ്രായപ്പെടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us