'രാഷ്ട്രീയ തണലിൽ' ലോക ക്രിക്കറ്റ് ഭരണത്തിൻ്റെ തലപ്പത്ത്; 35-ാം വയസ്സിൽ ജയ് ഷാ സ്വപ്നതുല്യ പദവിയിൽ

പ്രമുഖ ബിജെപി നേതാക്കളുടെ മക്കളുടെ എൻട്രി പോയിൻ്റായി ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭരണസംവിധാനം മാറുന്നതിൻ്റെ സൂചനയായും ഇത് വായിക്കപ്പെടുന്നുണ്ട്

dot image

രാഷ്ട്രീയ പശ്ചാത്തത്തലമുള്ള കുടുംബത്തിൽ നിന്നും വീണ്ടുമൊരാൾ കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുകയാണ്. നേരത്തെ ശരത് പവാറായിരുന്നു ഈ പദവിയിലെത്തിയ ഇന്ത്യയിൽ നിന്നുള്ള ഏക രാഷ്ട്രീയ പ്രവർത്തകൻ. ശരത്പവാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ കൂടിയാണ്. എന്നാൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഐസിസി അധ്യക്ഷൻ ജയ് ഷായ്ക്ക് നേരിട്ടുള്ള രാഷ്ട്രീയ പശ്ചാത്തലമില്ല. പക്ഷെ ജയ് ഷായുടെ വളർച്ചയുടെ പിൻബലം അദ്ദേഹത്തിൻ്റെ പിതാവിൻ്റെ രാഷ്ട്രീയ പശ്ചാത്തലമാണെന്നതിൽ സംശയമില്ല.

17 അംഗ വോട്ടിംഗ് കൗൺസിലാണ് ഐസിസിയുടേത്. അതിൽ 12 വോട്ടുകൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടേതാണ്. മറ്റ് 5 വോട്ടുകൾ ഭരണനിർവഹണ തലത്തിലുളള ഉദ്യോഗസ്ഥരുടേതും. ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജയ് ഷായുടെ മുൻപിൽ എതിരാളികൾ ആരും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഒരാൾ പോലും എതിർത്ത് വോട്ട് ചെയ്തതുമില്ല. കാര്യമായ ക്രിക്കറ്റ് പശ്ചാത്തലമൊന്നുമില്ലാതെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെയും ബിസിസിഐയുടെയും തലപ്പത്തെത്തിയ, അവിടെനിന്നും ഐസിസി വരെയെത്തിയ ജയ് ഷായുടെ ചുരുങ്ങിയ കാലത്തെ വലിയ വളർച്ച, രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തിന് എവിടെയും എപ്പോഴും കടന്ന് ചെല്ലാമെന്നതിന്റെ സൂചനകളായി കാണാമെന്നാണ് ഉയർന്നുകേൾക്കുന്ന ഒരു നിരീക്ഷണം.

2009ൽ, വെറും 21 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഏറ്റവും പ്രബലനായ രാഷ്ട്രീയനേതാവ് അമിത് ഷായുടെ മകൻ ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ എക്സികുട്ടീവ് ബോർഡ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് നരേന്ദ്ര മോദിയാണ് അസോസിയേഷൻ പ്രസിഡന്റ്. പിതാവ് അമിത്ഷാ അന്ന് മോദിയുടെ വലംകൈയ്യും. ജയ് ഷായുടെ ക്രിക്കറ്റ് പശ്ചാത്തലം അന്വേഷിച്ചുപോയാൽ നിരാശ മാത്രമാകും ഫലം എന്നതാണ് സത്യം. അവിടെനിന്ന് വെറും നാല് വർഷത്തിനുള്ളിൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ ജോയിന്റ് സെക്രട്ടറി ആയി ജയ് ഷാ വളർന്നു. അപ്പോഴേയ്ക്കും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രസിഡന്റ് പദവിയിലേയ്ക്ക് അമിത് ഷാ എത്തിയിരുന്നു. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത് ഷാ ബിജെപി പ്രസിഡൻ്റുമായതോടെ ഇരുവരുടെ തട്ടകം ഡൽഹിയിലേയ്ക്ക് മാറി. പക്ഷെ അപ്പോഴും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റായി അമിത് ഷാ തുടർന്നു. പിന്നീട് കേന്ദ്ര മന്ത്രിസഭയിൽ ഇടംപിടിച്ചതോടെയാണ് അമിത് ഷാ ആ പദവി ഒഴിഞ്ഞത്. അപ്പോഴേയ്ക്കും ക്രിക്കറ്റ് സംഘാടകനെന്ന നിലയിൽ ബിസിസിഐയുടെ തലപ്പത്ത് ജയ് ഷാ പടർന്ന് പന്തലിച്ചിരുന്നു.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയിരിക്കെത്തന്നെ ബിസിസിഐയുടെ ഫിനാൻസ്, മാർക്കറ്റിംഗ് കമ്മിറ്റികളിലും ജയ് ഷാ അംഗമായിരുന്നു. ഇക്കാലയളവിൽ അഹമ്മദാബാദിൽ നരേന്ദ്രമോദി സ്റ്റേഡിയം പണിയാൻ മുൻകൈയെടുത്തതും ജയ് ഷായ്ക്ക് വലിയ മതിപ്പ് നേടികൊടുത്തിരുന്നു. 1,32,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 'നമസ്തേ ട്രംപ്' പരുപാടിയടക്കം നടന്നത് സവിശേഷമായ ശ്രദ്ധ നേടിയിരുന്നു. പിന്നീട് പൊടുന്നനെ 2019ൽ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജയ് ഷാ നിയമിക്കപ്പെടുന്നതാണ് നമ്മൾ കണ്ടത്.

നിരവധി രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും, ക്രിക്കറ്റിനെ ഏറ്റവും നല്ല രീതിയിൽ കമ്പോളവത്കരിക്കുന്നത് ഇന്ത്യയിലാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഐപിഎൽ. ഐപിഎൽ സംഘടിപ്പിക്കപ്പെടുന്ന രണ്ട് മാസം ഉത്സവപ്രതീതിയാണ് രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത്. കൊവിഡ് ലോകമാകെ ആഞ്ഞടിച്ച 2020ൽ കർശനമായ ബയോ ബബിളിൽ യുഎഇയിൽ ഐപിഎൽ നടന്നത് ജയ് ഷായുടെ തീരുമാനപ്രകാരമായിരുന്നു. 2022ൽ ഐപിഎല്ലിന്റെ മീഡിയ റൈറ്റ്സ് റെക്കോർഡ് തുകയായ 48,390 കോടിക്ക് വിറ്റുപോയതും ജയ് ഷായുടെ തൊപ്പിയിലെ പൊൻതൂവലായി. ഈ ഡീൽ ഐപിഎല്ലിനെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കായിക ഇവൻ്റാക്കി മാറ്റി. ഇവയ്ക്ക് പുറമെ മാച്ച് ഫീസ് വർദ്ധനവ്, സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ മാച്ച് ഫീസ് എന്നിവയും ജയ് ഷായുടെ കാലഘട്ടത്തിൽ ഉണ്ടായ തീരുമാനങ്ങളാണ്. ഇത്തരത്തിൽ സാമ്പത്തികമായി ഏറെ മുന്നേറുന്ന ഒരു ബോർഡ് എന്ന നിലയിൽ, ബിസിസിഐയ്ക്ക് ഐസിസിയിൽ ഉള്ള ഒരു സ്വാധീനം ചെറുതല്ല. ഇതും കൂടിയാണ് ജയ് ഷായുടെ എതിരില്ലാത്ത തിരഞ്ഞെടുപ്പിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെറും 21 വയസുള്ളപ്പോൾ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിൽ തുടങ്ങി, 31-ാം വയസിൽ ബിസിസിഐ തലപ്പത്തെത്തി, വെറും നാല് വർഷത്തിനുള്ളിൽ ഐസിസി അധ്യക്ഷ സ്ഥാനത്തെത്തിയ ജയ് ഷായുടെ വളർച്ചയെ രാജ്യത്ത് ഇപ്പോഴുള്ള അധികാരശ്രേണിയുമായി ബന്ധപ്പെടുത്തി മാത്രമേ നോക്കിക്കാണാനാകൂ എന്ന നിരീക്ഷണം ശക്തമാണ്. മോദി-അമിത് ഷാ ദ്വയത്തിനൊപ്പം രാജ്യത്തെ ഏറ്റവും സമ്പന്നമായ കായിക സംവിധാനത്തിലൂടെ വളർന്ന് ഐസിസി അധ്യക്ഷ പദവിയിലെത്തി നിൽക്കുകയാണ് ജയ്ഷാ . അതു വെറും മുപ്പത്തിയഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ. ഇന്ത്യൻ ക്രിക്കറ്റിലെ നെടുംതൂണായ വിരാട് കോഹ്ലിയും ജയ് ഷായും സമപ്രായക്കാരാണ് എന്നത് മറ്റൊരു കൗതുകമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

ജയ് ഷായുടെ ഒഴിവിലേക്ക് നിലവിൽ പരിഗണിക്കപ്പെടുന്നത് അരുൺ ജെയ്റ്റ്ലിയുടെ മകൻ രോഹൻ ജെയ്റ്റ്ലി ആകുമെന്നാണ് സൂചന. നിലവിൽ ദില്ലി ക്രിക്കറ്റ് അസോയിയേഷന്റെ പ്രസിഡന്റ് ആണ് രോഹൻ. പ്രമുഖ ബിജെപി നേതാക്കളുടെ മക്കളുടെ എൻട്രി പോയിൻ്റായി ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭരണസംവിധാനം മാറുന്നതിൻ്റെ സൂചനയായും ഇത് വായിക്കപ്പെടുന്നുണ്ട്.

dot image
To advertise here,contact us
dot image