'പളനി ആണ്ടവ'നും രാഷ്ട്രീയത്തിലേക്ക്; ട്വിസ്റ്റ് 'ഹിന്ദുത്വ'ക്ക് മറുപടി, തമിഴകത്ത് ഇനിയെന്ത് നടക്കും?

ശ്രീരാമനു ശേഷം മുരുകനും രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ തമിഴകം ഇനി എന്തൊക്കെ കാണേണ്ടിവരും

dot image

"വെട്രി വേൽ മുരുഗനുക്ക് ഹരോ ഹര,

വീരവേൽ മുരുഗനുക്ക് ഹരോ ഹര"

തമിഴകത്ത് ഡിഎംകെയുടെ പാർട്ടി പരിപാടികളിൽ ഇങ്ങനെ 'മുരുകസൂക്തം' ഉയർന്നുകേൾക്കുന്ന കാലം വിദൂരമല്ല. ദ്രാവിഡ മൂല്യങ്ങളിലൂന്നി, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ വേരുകളാഴ്ത്തി ഉയർന്നുവന്ന പാർട്ടിയാണ് ഡിഎംകെ. അതേ ഡിഎംകെ കഴിഞ്ഞ ദിവസം ഒരു മതസമ്മേളനം നടത്തി. പാർട്ടിയ്ക്കുള്ള ഹിന്ദുത്വ വിരുദ്ധ പ്രതിഛായ ഇല്ലാതാക്കാനും ബിജെപി സംസ്ഥാനത്ത് നടത്തുന്ന ജാതിരാഷ്ട്രീയത്തിന് ബദൽ സൃഷ്ടിക്കാനുമാണ് ഡിഎംകെ പുതിയ തന്ത്രം മെനഞ്ഞിരിക്കുന്നത്. അതിന് കൂട്ട് പിടിച്ചിരിക്കുന്നതോ സാക്ഷാൽ പഴനിയാണ്ടവനെയും!!

മുരുകൻ തമിഴർക്ക് പൊതുവികാരമാണ്. തമിഴരുടെ സ്വത്വവുമായി ഇഴചേർന്നിരിക്കുന്ന ദൈവികസങ്കല്പം. അപ്പോൾപ്പിന്നെ ശ്രീരാമനെ ഉയർത്തിക്കാട്ടി ദ്രാവിഡമണ്ണിൽ വിജയം കൊയ്യാനുള്ള ബിജെപി നീക്കങ്ങളെ ചെറുക്കാൻ മുരുകനോളം വലിയ ബിംബം വേറെയില്ലല്ലോ? സംഗതി മുരുകൻ ശിവപുത്രനാണെങ്കിലും തനിയെ നിന്ന് 'ആറുപടൈ വീടുകൾ' ഭരിക്കുന്ന വീരനാണ്. തിരുപ്പറകുണ്ഡ്രം, തിരുച്ചെന്തൂർ, പഴനി, സ്വാമിമലൈ, തിരുത്താണി, പഴമുദിർച്ചോലൈ എന്നീ ആറുപടൈ വീടുകൾക്ക് നാഥനായ മുരുകന് വേൽ ആണ് ആയുധം. വേലുമേന്തി വെട്രിവേൽ, വീരവേൽ എന്ന് ആരവം മുഴക്കി യുദ്ധമുഖത്തേക്ക് പോയ ചരിത്രമാണ് തമിഴ് രാജാക്കന്മാരുടേതെന്ന് പുരാതനഗ്രന്ഥങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ജാതിമതഭേദമന്യേ ആളുകൾ ആരാധിക്കുന്ന മൂർത്തിയാണ് മുരുകൻ. ബാലഭാവത്തിൽ വാത്സല്യനിധിയായും വള്ളീ, ദേവയാനി സമേതനായി ഗൃഹസ്ഥാശ്രമിയായും ആളുകൾ ആരാധിക്കുന്ന മുരുകൻ ദേവസേനയുടെയാകെ സൈന്യാധിപനാണെന്നാണ് പുരാണങ്ങളിലെ കഥ. എന്തായാലും മുരുകൻ ജാതിമതഭേദങ്ങളിലാത്ത ദൈവമാണെന്നാണ് പരക്കെയുള്ള വിശ്വാസം. മുരുകന്റെ ഭാര്യമാരിലൊരാളായ വള്ളി വനഗോത്ര വിഭാഗത്തിൽ നിന്നുള്ളവളാണത്രേ. ജാതിവിവേചനമില്ലാത്ത ദൈവമെന്ന ഖ്യാതിക്ക് ഇതും ഒരു കാരണമാണ്. വിശ്വാസവും ഐതിഹ്യവും എന്തുതന്നെയായാലും തമിഴ് മക്കളെ സ്വാധീനിക്കാൻ മുരുകനോളം പോന്ന മറ്റൊരു ദൈവമില്ലെന്ന് ഡിഎംകെയ്ക്ക് നന്നായറിയാം.

ബിജെപി ഹിന്ദുത്വവാദവും ശ്രീരാമസ്തുതിയുമായി വോട്ടുപിടിക്കാനിറങ്ങുമ്പോൾ പഴനിയാണ്ടവനെ വിട്ടൊരു കളി നമുക്ക് വേണ്ടെന്ന് തമിഴകത്തോട് പറയുകയാണ് ഡിഎംകെ. തമിഴ്നാട്ടിൽ ശ്രീരാമനെ കൂട്ടുപിടിച്ച് വലിയ നേട്ടമുണ്ടാക്കല് സാധ്യമല്ല, അവിടുത്തെ ജനതയ്ക്ക് ശ്രീരാമനല്ല കണ്കണ്ട ദൈവം . കാര്യം രാമേശ്വരം തമിഴ്നാട്ടിലാണെങ്കിലും ശിവപ്പെരുമാളിന്റെ 12 ജ്യോതിർലിംഗങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നതിനപ്പുറമുള്ള പ്രസക്തിയൊന്നും ഇക്കാര്യത്തിൽ ആ നാടിനില്ല. കമ്പരാമായണത്തിലല്ലാതെ മറ്റൊരു തമിഴ്പുരാണത്തിലും ശ്രീരാമനെക്കുറിച്ച് പ്രതിപാദ്യവുമില്ല. ഹിന്ദുത്വ വിരുദ്ധരെന്ന പ്രതിഛായ നീക്കാൻ ഡിഎംകെയെ സഹായിക്കാൻ മുരുകനല്ലാതെ മറ്റാർക്കാണ് കഴിയുക.

ഹിന്ദു വിരുദ്ധരല്ലെന്ന് തെളിയിക്കാനുള്ള പെടാപ്പാട്

പഴനിയിൽ, സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ഡിഎംകെ സംഘടിപ്പിച്ച മുത്തമിഴ് മുരുഗൻ ഇന്റർനാഷണൽ കോൺഫറൻസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുരുകഭക്തരാണ് പങ്കെടുത്തത്. ദ്രാവിഡ പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ ഇത്തരമൊരു മതപരിപാടി നടത്തുന്നതിനെ പലരും നെറ്റിചുളിച്ചാണ് നോക്കുന്നതെന്ന് ഉദയനിധി സ്റ്റാലിൻ തന്റെ പ്രസംഗത്തിൽ പറയുകയും ചെയ്തു.

"ഇത് അങ്ങനെ പെട്ടെന്ന് നടത്തുന്നൊരു പരിപാടിയല്ല. മൂന്നു വർഷമായി പ്ലാൻ ചെയ്തു നടത്തിയതാണ്. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്ട്മെന്റ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ വിവിധ പരിപാടികളിലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ദ്രാവിഡം എന്നാൽ എല്ലാവർക്കും എല്ലാം എന്നാണ്. ദ്രാവിഡം ഒന്നിനെയും വിവേചനത്തോടെ കാണുന്നില്ല. അത് എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്"- ഉദയനിധി സ്റ്റാലിന് വ്യക്തമാക്കി.

ഓർക്കണം, ഇതേ ഉദയനിധിയാണ് കഴിഞ്ഞ വർഷം സനാതനധർമ്മ പരാമർശത്തിലൂടെ പുലിവാൽ പിടിച്ചത്. ചെന്നൈയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് സനാതന ധർമ്മത്തിനെതിരായ പരാമർശം ഉദയനിധിയുടെ ഭാഗത്തുനിന്നുണ്ടായത്. സനാതന ധർമ്മം സാമൂഹ്യനീതിക്കും തുല്യതയ്ക്കും എതിരാണെന്നും മലേറിയയും ഡെങ്കുവും പോലെ ഇല്ലാതാക്കേണ്ടതാണെന്നുമായിരുന്നു പരാമർശം. സംഗതി വലിയ വിവാദമായി, ബിജെപി അതേറ്റുപിടിച്ചുണ്ടാക്കിയ പുകിലുകൾക്ക് കണക്കില്ല. ആ സംഭവത്തിലൂടെ ഡിഎംകെയ്ക്ക് പ്രതിഛായയിലുണ്ടായ തട്ടുകേട് പരിഹരിക്കാൻ കൂടിയാണ് മുരുകനെ കൂട്ടുപിടിച്ചുള്ള പുതിയ നീക്കമെന്ന് വ്യക്തം.

1950കളിലും 1960കളിലും തമിഴ് വികാരം വിജയകരമായി ഉപയോഗിച്ച പാർട്ടിയാണ് ഡിഎംകെ. ഇതേ തന്ത്രം തമിഴ് കടവുൾ മുരുകനെ മുൻനിർത്തി ഒരിക്കൽ കൂടി പയറ്റുകയാണ് അവർ. ഉദയനിധി സ്റ്റാലിനെ വരുംകാല മുഖ്യമന്ത്രിയായി അവരോധിക്കാനുള്ള നീക്കത്തിന് സനാതനധർമ്മ പരാമർശം ഒരുതരത്തിലും വിലങ്ങുതടിയാവരുതെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ഉപമുഖ്യമന്ത്രിയാണ് നിലവിൽ ഉദയനിധി, അതിലേക്കുള്ള യാത്രയിൽ ആ വിവാദപരാർശം സൃഷ്ടിച്ച പ്രശ്നങ്ങൾ ചെറുതല്ലായിരുന്നു.

മുന്നണിയിൽ തന്നെ എതിർസ്വരങ്ങൾ ഉയരുമ്പോൾ

ഡിഎംകെയുടെ പെട്ടെന്നുള്ള ഈ മുരുകസ്നേഹത്തിനെതിരെ പാർട്ടിയുടെ സഖ്യകക്ഷികൾ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. മതനിരപേക്ഷതയ്ക്കെതിരാണ് സർക്കാരിന്റെ പുതിയ നീക്കമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പ്രതികരിച്ചത്. സംസ്ഥാനസർക്കാർ നേതൃത്വം നൽകുന്ന ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്ട്മെന്റിനെതിരെ ബിജെപിയും ആർഎസ്എസും ഉയർത്തിയ പ്രതിഷേധങ്ങൾ മറക്കരുതെന്നും സിപിഐഎം ഡിഎംകെയെ ഓർമ്മിപ്പിക്കുന്നു.

വിടുതലൈ ചിരുതൈഗൾ കച്ചിയും (വിസികെ) എതിർപ്പറിയിച്ചു. സർക്കാർ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് സാമുദായിക ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളു എന്ന് വിസികെ എംപി ഡി രവികുമാർ പറഞ്ഞു. മതപരിപാടി സംഘടിപ്പിക്കുമ്പോൾ, അത് തമിഴ് കടവുളിന്റെ പേരിലായാൽ പോലും ജാതിവിവേചനത്തെ പ്രോത്സാഹിപ്പിക്കാനേ സഹായിക്കൂ. മതപരിപാടികളെ ഹിന്ദുത്വ അജണ്ട തട്ടിയെടുത്ത് അവരുടെ സ്വന്തമാക്കിയിട്ട് കാലങ്ങളേറെയായെന്നും രവികുമാർ ചൂണ്ടിക്കാട്ടുന്നു.

പരിപാടി മാത്രമല്ല, അതിൽ പാസാക്കിയ തീരുമാനങ്ങളെയും ഡിഎംകെ സഖ്യകക്ഷികൾ എതിർക്കുന്നു. പാഠ്യപദ്ധതിയിൽ മുരുകനെക്കുറിച്ചുള്ള സാഹിത്യ ഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നുള്ളതാണ് അതിലൊന്ന്. അതേവിഷയത്തിൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കണമെന്നതാണ് മറ്റൊന്ന്. പാഠ്യപദ്ധതികളെയും വിദ്യാഭ്യാസ മേഖലയെയും കാവിവത്കരിച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തുല്യമല്ലേ ഇതും എന്നാണ് സഖ്യകക്ഷികളുടെ വിമർശനം. ഇത്രയേറെ എതിർപ്പുകളുയർന്നിട്ടും പരിപാടി നടത്താനും തുടർനീക്കങ്ങളുമായി മുമ്പോട്ടുപോകാനും ഡിഎംകെ തീരുമാനിക്കുമ്പോൾ ഭാവി കണക്കുകൂട്ടലുകൾ കൃത്യമെന്ന് വ്യക്തം.

ശ്രീരാമനും മുരുകനും നേർക്കുനേർ വരുമ്പോൾ ദൈവങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയാകുകയാണ് തമിഴക രാഷ്ട്രീയം. ദ്രാവിഡ രാഷ്ട്രീയത്തിനു മാത്രം മേൽക്കൈയ്യുള്ള മണ്ണിൽ വേരുറപ്പിക്കാൻ ബിജെപി പതിനെട്ടവും പയറ്റുന്നുണ്ട്. ഡിഎംകെയെ ചേർത്തുപിടിച്ച് ഇൻഡ്യ മുന്നണി പാർട്ടികൾ മറുവശത്തുണ്ട്. അതിനിടയിലേക്ക് തമിഴക വെട്രി കഴകവുമായി നടൻ വിജയ്യും അരയും തലയും മുറുക്കി കളത്തിലിറങ്ങിക്കഴിഞ്ഞു. ട്വിസ്റ്റുകൾ പ്രതീക്ഷിക്കാമോ അതോ ഡിഎംകെ - എഐഎഡിഎംകെ ദ്വന്ദത്തിന്റെ തേർവാഴ്ച ഇനിയും തുടരുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കിടയിലാണ് വേലുമായി മുരുകൻ രാഷ്ട്രീയപ്രവേശം നടത്തിയിരിക്കുന്നത്. ശ്രീരാമനു ശേഷം മുരുകനും രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ തമിഴകം ഇനി എന്തൊക്കെ കാണേണ്ടിവരും, കാത്തിരിക്കാം.

പിൻകുറിപ്പ്: തമിഴരുടെ മുരുക ഭക്തി കണക്കിലെടുത്ത്, പാർട്ടിയെ വളർത്താൻ വേൽ യാത്ര (2020) നടത്തിയ ഒരു നേതാവുണ്ട് ബിജെപിക്ക്, മുൻ സംസ്ഥാന അധ്യക്ഷൻ എൽ മുരുഗൻ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us