കെ ജെ ബേബിയുടെ കാലവും ജീവിതവും

ഒരു പക്ഷേ ഒരു വ്യക്തിയുടെ ആഗ്രഹചിന്തകളുടെ പരിമിതവൃത്തങ്ങളിൽ തട്ടി പൊലിഞ്ഞു പോയ സ്വപ്നങ്ങളാവാം, അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ പൂർണ്ണവിരാമത്തിനു കൂടി നിമിത്തമായി തീർന്നിരിക്കുക.

ടി കെ ഇബ്രാഹിം
2 min read|01 Sep 2024, 04:10 pm
dot image

തിരുവിതാംകൂറിൽ നിന്നും പേരാവൂരിലേക്കും അവിടെ നിന്ന് വയനാട്ടിലെ മാനന്തവാടിക്കടുത്ത താന്നിക്കൽ എന്ന ഗ്രാമത്തിലേക്കും കുടിയേറിയ ദരിദ്ര-കുടിയേറ്റ കർഷക കുടുംബത്തിലെ ഒരംഗമാണ് കെ ജെ ബേബിയെന്ന കനവ് ബേബി. (നാടുഗദ്ദിക ബേബി എന്ന പേരിലും അറിയപ്പെടുന്നു.)

താന്നിക്കലെത്തിയപ്പോൾ തൻ്റെ മനസ്സിൽ ബാല്യത്തിൽ കുടിയേറിയ സംഗീതവും നാടകവുമെല്ലാം വയനാടിൻ്റെ പ്രത്യേക പ്രകൃതി പശ്ചാത്തലത്തിൽ ആദിവാസികളെ കൂടി ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കാൻ എൺപതുകളുടെ തുടക്കത്തിലേ ബേബി ശ്രമിച്ചു തുടങ്ങി. ആദ്യം അരങ്ങേറിയത് 'അപൂർണ്ണ' എന്ന നാടകമായിരുന്നു. മാനന്തവാടി ബോർഡ് സ്കൂൾ ഗ്രൗണ്ടിലായിരുന്നു അത്. പിന്നീട് മാനന്തവാടിയിലെ പ്രസിദ്ധ ഫോട്ടോഗ്രാഫർ ബേബി തങ്കപ്പനും, ആർട്ടിസ്റ്റ് കെ പി തോമസും ഈ ലേഖകനുമെല്ലാം അടങ്ങിയ 'വർണ്ണക്ഷേത്ര' എന്ന സാംസ്കാരിക ഗ്രൂപ്പിൽ ബേബി സജീവമായി.

ആയിടെ ശക്തിയാർജ്ജിച്ച് വന്ന രണ്ടാം നക്സലൈറ്റ് മുന്നേറ്റവുമായി ആഭിമുഖ്യമുള്ള ജനകീയസാംസ്കാരിക വേദിയിലേക്ക് സിവിക് ചന്ദ്രൻ്റെ താല്പര്യ പ്രകാരം ബേബിയെ ബന്ധപ്പെടുത്തുന്നത് ഈ ലേഖകനാണ്. ആ കൂട്ടുകെട്ടിൽ നിന്നുമാണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന് ശേഷം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഏറ്റവുമധികം അരങ്ങേറിയ നാടകത്തിൻ്റെ അവതരണമുണ്ടായത്. കവി സച്ചിദാനന്ദൻ, ജെ ജി ശങ്കരപിള്ള തുടങ്ങി കവികളും നാടകക്കാരുമടങ്ങിയ വലിയൊരു സംഘം സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ സംവാദങ്ങളിൽ നിന്നുമാണ് ഇന്ന് നാം കാണുന്ന 'നാടുഗദ്ദിക' എന്ന നാടകം രൂപപ്പെട്ടത്.

ഈ നാടകത്തിൻ്റെ അവതരണവുമായി ബന്ധപ്പെട്ട് ബേബിയെയും നാടകത്തിലെ ആദിവാസി സ്ത്രീകലാകാരികളുൾപ്പെട്ട നടീ നടന്മാരെയും പോലീസ്അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമുണ്ടായി. ഈ ലേഖകനൊപ്പം കേണിച്ചിറ വെച്ചും ബേബി അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. കോഴിക്കോട് മാനാഞ്ചിറയിലെ അറസ്റ്റിനോടനുബന്ധിച്ച റിമാൻഡ് കാലം ഏകദേശം നാലു മാസം നീണ്ടു നിന്നു. ജനകീയസാംസ്കാരിക വേദിയുടെ അവസാന കാലത്ത് രൂപപ്പെട്ട ആശയപരമായ ഭിന്നതകളിൽ ബേബി വേദിയുമായി അകന്നു.

തുടർന്ന് ആദിവാസി വിമോചനവുമായി ബന്ധപ്പെട്ട ചില എൻജിഒ സംഘടനകളുടെ സഹായത്തോടെ സമാന്തര ഗോത്രവർഗ്ഗ വിദ്യാഭ്യാസ-ജീവന പദ്ധതികളുമായി സ്വന്തം നിലയിൽ മുമ്പോട്ടു പോവുകയാണ് ബേബി ചെയ്തിരുന്നത്. ഈ കാലയളവിലാണ് കോളേജധ്യാപികയായിരുന്ന ഷേർളിയുമായുള്ള വിവാഹം നടന്നത്. ആ ബന്ധത്തിൽ രണ്ടുപെൺകുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. ഇതിനിടയിൽ 'മാവേലി മൻറം' എന്ന നോവൽ അദ്ദേഹം രചിക്കുകയുണ്ടായി. ആദിവാസിജീവിതത്തിൻ്റെയും കുടിയേറ്റങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥ വേറിട്ട രീതിയിൽ ആവിഷ്ക്കരിച്ച മേൽകൃതിക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. സ്വന്തം സ്ഥാപനമായ കനവുമായുള്ള ബന്ധം അവിടെയുള്ള അന്തേവാസികളെ തന്നെയേൽപ്പിച്ച് എഴുത്തും ചിന്തകളുമായി തൻ്റെ സ്വകാര്യതയിലേക്ക് ബേബി ഉൾവലിയുന്നതാണ് പിൽക്കാലത്ത് നമുക്ക് കാണാൻ കഴിഞ്ഞത്. ഇക്കാലത്താണ് രണ്ടാമത്തെ നോവലായ 'ഗുഡ് ബൈ മലബാർ', രചിക്കുന്നത്. ഒപ്പം ഒരു ഏകപാത്രനാടകം കേരളത്തിൽ പലയിടത്തും അരങ്ങേറുകയുണ്ടായി. രണ്ടു വർഷം മുമ്പ് അദ്ദേഹത്തിൻ്റെ പ്രിയതമ ഷേർളി അന്തരിച്ചിരുന്നു. ഇതുണ്ടാക്കിയ ഏകാന്തത കൂടിയായപ്പോഴാവാം ഇത്തരമൊരു കഥാന്ത്യത്തെക്കുറിച്ച് ഈ ദുർബല മാനസനായ കലാകാരൻ ചിന്തിച്ചിട്ടുണ്ടാവുക എന്നു വേണം കരുതാൻ.

സ്വയമേവ തെരഞ്ഞെടുത്തു നടപ്പാക്കുന്ന ഓരോ മരണവും ഉയർത്തുന്ന ദാർശനികമായ ചില ചോദ്യങ്ങളുണ്ട്. അത് ചിലപ്പോൾ വേട്ടയാടുന്ന വിധിക്കു മുമ്പിലെ കീഴടങ്ങലിൻ്റെയോ, അല്ലെങ്കിൽ ഭൗതികമായ ഒന്നിനോടും സന്ധിയില്ലെന്ന ധീരതയുടെയോ ആവാം. അതുമല്ലെങ്കിൽ അനുഭവവേദ്യമായ ജീവിതത്തിൻ്റെ നിരർത്ഥകതയ്ക്കു മുമ്പിൽ ആത്മാവ് പറിച്ചെറിഞ്ഞ് ഒരു ഗൗളിയെ പോലെ ഓടി മറഞ്ഞതാവാം. ഉത്തരങ്ങൾ അത്ര ലളിതമല്ല.

കെ ജെ ബേബിയെ സംബന്ധിച്ച് അയാൾ പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുത്തത് വിപ്ലവമാർഗ്ഗമാണെന്നു ഇതെഴുതുന്നയാളുമായുള്ള സുദീർഘകാല ബന്ധത്തിൽ ബോധ്യപ്പെട്ടിട്ടില്ല. ആഴത്തിലുള്ള പ്രത്യയ ശാസ്ത്രധാരണയോ, വർഗ്ഗ വീക്ഷണമോ അയാൾക്കുള്ളതായും മനസ്സിലാക്കിയിട്ടില്ല. മറിച്ച് ഗോത്രസമൂഹത്തോടും,ഗോത്രജീവിതത്തോടും അയാൾ പ്രത്യേകമായ ആഭിമുഖ്യം പുലർത്തിയിരുന്നു എന്നതാണ് യാഥാർത്ഥ്യം. എഴുത്തിലും അരങ്ങുകളിലും പ്രതിനിധീകരിക്കുന്ന ആശയങ്ങളുടെ ഉള്ളടക്കം ഇതൊന്നു മാത്രമായിരുന്നു.

എന്നാൽ 'കനവി'ലൂടെ മുന്നോട്ടു വച്ച സമാന്തര ബോധന മാർഗ്ഗമോ സഹജീവനമോ എത്ര മാത്രം വിജയം കണ്ടു എന്നത് പഠന വിധേയമാക്കേണ്ടതാണ്. 'കനവി'ൽ നിന്നും ശ്രദ്ധേയരായ പ്രതിഭകളാരും സർഗ്ഗാത്മക രംഗത്തോ തൊഴിൽ മേഖലകളിലോ ഉയർന്നുവന്നതായറിവില്ല. നിലനിൽക്കുന്ന പൊതു സമൂഹത്തിൻ്റെ മുഖ്യധാരയിലേക്കെന്നല്ല, ചിന്തിക്കുന്ന മനുഷ്യർ ഗോത്രജീവിതത്തെക്കുറിച്ച് പങ്കുവെയ്ക്കുന്ന ഉൽക്കണ്ഠകൾക്കും ചോദ്യങ്ങൾക്കും ബേബിയുടെ ചിന്തകളിലോ പരിശ്രമങ്ങളിലോ പരിഹാരമോ പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരമോ ഉണ്ടായില്ല. ഒരു ഘട്ടത്തിൽ അയാൾ അതുപേക്ഷിച്ചു പോകുന്നു. പ്രതിസന്ധികൾ സ്വാഭാവികമായും അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം. എന്നാൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇത്തരം പദ്ധതികൾക്കു മുമ്പേ ഉണ്ടായില്ലെന്നു വേണം കരുതാൻ.

ഒരു പക്ഷേ ഒരു വ്യക്തിയുടെ ആഗ്രഹചിന്തകളുടെ പരിമിതവൃത്തങ്ങളിൽ തട്ടി പൊലിഞ്ഞു പോയ സ്വപ്നങ്ങളാവാം അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ പൂർണ്ണവിരാമത്തിനു കൂടി നിമിത്തമായി തീർന്നിരിക്കുക. എന്തോ, ആർക്കറിയാം...

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us