2017 സെപ്റ്റംബർ അഞ്ച്. താൻ നടത്തിക്കൊണ്ടിരുന്ന പത്രമായ 'ലങ്കേഷ് പത്രികെ'യുടെ ഓഫിസിൽ നിന്ന് ബംഗളുരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് എത്തിയതായിരുന്നു ഗൗരി ലങ്കേഷ്. രാജ്യത്തെ വലതുപക്ഷ ഭീകരതയ്ക്കെതിരെ എന്നും നിലപാടുകളെടുത്ത 'ലങ്കേഷ് പത്രികെ'യും ഗൗരി ലങ്കേഷും നിരവധി പേരുടെ കണ്ണിലെ കരടായ സമയമായിരുന്നു അത്. വീട്ടിലെത്തിയ ഗൗരി ലങ്കേഷിനെ വധിക്കാൻ അന്ന് മൂന്ന് പേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഗൗരി വീട്ടിലേക്ക് കയറി വാതിലടയ്ക്കാൻ തയ്യാറെടുക്കുമ്പോഴേക്കും, ഹെൽമെറ്റ് ധരിച്ചിരുന്ന കൊലയാളികളിൽ ഒരുവൻ അവരുടെ നേർക്ക് നിറയൊഴിച്ചു. ശേഷം ബാക്കിയുള്ള രണ്ട് പേരും കനത്ത വിദ്വേഷത്തോടെ ഗൗരിയുടെ നേർക്ക് ബാക്കിയുള്ള വെടിയുണ്ടകളുതിര്ത്തു.
രാജ്യത്തെ നടുക്കിയ ഒരു കൊലപാതകമായിരുന്നു ഗൗരി ലങ്കേഷിന്റേത്. ആശയവും, പ്രത്യയശാസ്ത്രവും എങ്ങനെയാണ് മനുഷ്യരെ ഭ്രാന്തരാക്കുന്നതെന്ന് മൂന്ന് കൊലയാളികൾ ചേർന്ന് കാണിച്ചുതന്ന ദിവസം. നരേന്ദ്ര ദാബോൽക്കറിനും, ഗോവിന്ദ് പൻസാരെയ്ക്കും, എം എം കൽബുർഗിക്കും പിന്നാലെ തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രം കൊലപ്പെടുത്തിയ ഒരു ആക്ടിവിസ്റ്റ് കൂടിയായിരുന്നു ഗൗരി.
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഏഴ് വർഷമാകുമ്പോൾ കേസിന്റെ വിചാരണയും എങ്ങുമെത്താത്ത മട്ടാണ്. 2018ൽ തന്നെ പ്രത്യേക അന്വേഷണ സംഘം 18 പേരെ പ്രതി ചേർത്ത് കുറ്റപത്രം കൈമാറിയിരുന്നെങ്കിലും വിചാരണ നടപടികൾ അനന്തമായി നീണ്ടുകൊണ്ടേയിരിക്കുന്നു. സനാതൻ സൻസ്ത, ശ്രീ റാം സേന അടക്കമുള്ള സംഘടനകളിലെ അംഗങ്ങളാണ് പ്രതികൾ എന്നിരിക്കെ കൊലപാതകത്തിന്റെ നിറം എന്തായിരുന്നുവെന്ന് ആദ്യമേ വ്യക്തമായിരുന്നു.
കേസിൽ ഗൗരിക്ക് നേരെ വെടിയുതിർത്തവരെയും ദൗത്യം പദ്ധതിയിട്ടവരെയുമെല്ലാം അന്വേഷണ സംഘം പിടികൂടിയിരുന്നു. പ്രതികളിൽ ആറുപേർ നിലവിൽ ജയിലിലാണ്. 2022 ജൂലൈയിൽ മാത്രം വിചാരണ ആരംഭിച്ച, 527 സാക്ഷികൾ ഉളള കേസിൽ വർഷം രണ്ട് കഴിഞ്ഞിട്ടും വെറും 130 പേരെ മാത്രമേ വിചാരണ ചെയ്യാൻ കഴിഞ്ഞിട്ടുള്ളു എന്നത് കേസിന്റെ മെല്ലെപ്പോക്ക് എത്രയെന്ന് വെളിവാക്കുന്നു. ഇവയ്ക്ക് പുറമെ കേസിൽ അകപ്പെട്ട നിരവധി പ്രതികൾക്ക് ജാമ്യവും ലഭിച്ചു.
ഗൗരി വധക്കേസ് പ്രതികൾക്കും അവർക്ക് വേണ്ടി വാദിച്ച അഭിഭാഷകർക്കും, ബിജെപി നേതാക്കളും പോഷകസംഘടനകളും സ്വീകരണമൊരുക്കുന്നതും, സന്ദർശിക്കുന്നതും എല്ലാം ഈ കേസിന്റെ നാൾവഴികളിൽ എടുത്തുപറയേണ്ടതാണ്. നരേന്ദ്ര ദബോൽക്കർ വധക്കേസിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ചോദിച്ച ഒരു ചോദ്യം ഇങ്ങനെയാണ്; 'നരേന്ദ്ര ധാബോല്ക്കറിന്റെയും, ഗോവിന്ദ് പന്സാരെ, ഗൗരി ലങ്കേഷ്, കല്ബുര്ഗി എന്നിവരുടെയും മരണത്തില് പരസ്പര ബന്ധം ഉണ്ടോ?' എന്ന്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ആശയ ഭീകരതയ്ക്കെതിരെ നിരന്തരം ശബ്ദമുയർത്തിക്കൊണ്ടിരുന്ന ഈ നാല് പേരുടെയും കൊലപാതകത്തിന്റെ ലക്ഷ്യം ഒന്നായിരുന്നുവെന്ന് ആർക്കാണറിയാത്തത്?