സ്വവർഗ ലൈംഗികതയെ കുറ്റകൃത്യമാക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണ്? മെഡിക്കൽ കമ്മീഷന് ഉത്തരമുണ്ടോ!!

പാഠ്യഭാഗങ്ങൾ പരിഷ്കരിച്ച് പ്രസിദ്ധീകരിക്കും എന്ന ഒറ്റവരിയില് തീരുന്നതാണോ പ്രശ്നം? സ്ത്രീ-പുരുഷ സ്വവർഗാനുരാഗ ലൈംഗികത കുറ്റകൃത്യമാണ് എന്ന് ഭാവിഡോക്ടർമാർ പഠിക്കട്ടെ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചതിനെ കേവലം 'മർത്യനുകൈപ്പിഴജന്മസിദ്ധം' ടാഗ്ലൈനിൽ എഴുതിത്തള്ളാനാകുമോ?

വീണാ ചന്ദ്
6 min read|06 Sep 2024, 07:06 pm
dot image

ലൈംഗിക ന്യൂനപക്ഷ (LGBTQIA+) വിരുദ്ധ പാഠഭാഗങ്ങൾ എംബിബിഎസ് സിലബസിൽ ഉൾപ്പെടുത്തിയ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നടപടി കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദത്തിനും കാരണമായിരുന്നു. ഒടുവിൽ, വിമർശനങ്ങളെത്തുടർന്ന് ഗത്യന്തരമില്ലാതെ പാഠഭാഗങ്ങൾ പിൻവലിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ തടിയൂരി. 'പാഠഭാഗങ്ങൾ പരിഷ്കരിച്ച് പ്രസിദ്ധീകരിക്കും' എന്ന ഒറ്റവരി ഔദ്യോഗിക പ്രതികരണത്തിൽ തീരുന്നതാണോ ലൈംഗിക ന്യൂനപക്ഷങ്ങളോട് ദേശീയ മെഡിക്കൽ കമ്മീഷൻ ചെയ്ത ഈ അനീതി? സ്ത്രീ -പുരുഷ സ്വവർഗാനുരാഗ ലൈംഗികത കുറ്റകൃത്യമാണ് എന്ന് ഭാവിഡോക്ടർമാർ പഠിക്കട്ടെ എന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചതിനെ കേവലം 'മർത്യനുകൈപ്പിഴജന്മസിദ്ധം' ടാഗ്ലൈനിൽ എഴുതിത്തള്ളാനാകുമോ?

എന്താണ് വിവാദമായത്?

സ്ത്രീ-പുരുഷ സ്വവർഗാനുരാഗ ലൈംഗികത (Sodomy and lesbianism) കുറ്റകൃത്യമാണ് എന്നാണ് പരിഷ്കരിച്ച എംബിബിഎസ് പാഠ്യപദ്ധതിയിൽ പറഞ്ഞിരുന്നത്. ഫോറൻസിക്, ടോക്സിക്കോളജി എന്നിവയ്ക്കുള്ള പുതുക്കിയ പാഠ്യപദ്ധതിയിലാണ് ഇത്തരം പാഠഭാഗങ്ങളുണ്ടായിരുന്നത്. 2022 ഓഗസ്റ്റിൽ, കോടതി നിർദേശപ്രകാരം നീക്കം ചെയ്ത പാഠഭാഗങ്ങളാണ് ദേശീയ മെഡിക്കൽ കമ്മീഷൻ തിരികെ കൊണ്ടുവന്നത്. നേരത്തെ പാഠ്യപദ്ധതിയില് നിന്ന് നീക്കം ചെയ്തിരുന്ന 'കന്യാചർമത്തിന്റെ പ്രധാന്യം, കന്യകാത്വത്തിന്റെ നിർവചനം, നിയമസാധുത' തുടങ്ങിയവയും തിരികെക്കൊണ്ടുവന്നു. സ്വവർഗാനുരാഗം ലൈംഗികകുറ്റകൃത്യമല്ലെന്നും കന്യകാത്വപരിശോധന അശാസ്ത്രീയവും മനുഷ്യത്വരഹിതവും വിവേചനപരവുമാണെന്നും വ്യക്തമാക്കുന്ന പാഠ്യപദ്ധതിയായിരുന്നു തൊട്ടുമുമ്പുണ്ടായിരുന്നത്. ഇതെല്ലാം ഒഴിവാക്കിയാണ് രാജ്യത്തെ പരമോന്നത മെഡിക്കൽ വിദ്യാഭ്യാസ റെഗുലേറ്ററായ ദേശീയ മെഡിക്കൽ കമ്മീഷൻ പുതിയ പരിഷ്കരണം നടത്തിയത്. ക്വീർ വ്യക്തികള് തമ്മിലുള്ള ഉഭയസമ്മത ലൈംഗികബന്ധവും വിവാഹേതരബന്ധം, ലൈംഗികകുറ്റകൃത്യങ്ങള് എന്നിവയൊക്കെ സംബന്ധിച്ച വ്യത്യാസങ്ങളും പാഠ്യപദ്ധതിയില് നിന്ന് ഒഴിവാക്കി. ഫൗണ്ടേഷൻ കോഴ്സിന്റെ ഭാഗമായുള്ള, വൈകല്യത്തെക്കുറിച്ചുള്ള ഏഴ് മണിക്കൂർ പരിശീലനവും പാഠ്യപദ്ധതിയില് നിന്ന് എടുത്തുകളഞ്ഞു.

സൈക്യാട്രി സംബന്ധിച്ചുള്ള പാഠഭാഗങ്ങളിലും മാറ്റങ്ങളുണ്ട്. ലൈംഗികത, സ്വത്വം തുടങ്ങിയവയെക്കുറിച്ചൊന്നും വിശദമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഇവ തമ്മിലുള്ള വ്യത്യാസം, ഇവ സംബന്ധിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ, അബദ്ധ വിചാരങ്ങൾ എന്നിവയൊന്നും പാഠ്യവിഷയമായിട്ടില്ല. ജെൻഡർ ഐഡന്റിറ്റി ഡിസോർഡേഴ്സ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം അനിവാര്യമാണെന്നും പാഠ്യഭാഗങ്ങളിലില്ല.

ഭാരതീയ നാഗരിക സുരക്ഷ സംഹിത (BNSS), ഭാരതീയ ന്യായ് സംഹിത (BNS), ഭാരതീയ സാക്ഷ്യ അധിനിയമം (BSA) എന്നിവയും പോക്സോ (POCSO) നിയമവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. സിവിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ, ഇൻക്വസ്റ്റ്, കൊഗ്നിസിബിൾ നോൺ കൊഗ്നിസിബിൾ കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ചും പാഠഭാഗങ്ങളുണ്ട്.

ട്രാൻസ് വ്യക്തിത്വവും ലെസ്ബിയനിസവുമൊക്കെ മനോരോഗങ്ങളാണെന്ന് വിശ്വസിക്കുന്ന, അങ്ങനെ വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ മെഡിക്കൽ സിലബസ് തന്നെ പൊളിച്ചെഴുതിയിരിക്കുകയാണ്. അത് പഠിക്കേണ്ടതാരാണ്, ഭാവി ഡോക്ടർമാർ!

എന്തായിരുന്നു 2021ലെ മദ്രാസ് ഹൈക്കോടതി വിധി

മെഡിക്കല് പാഠ്യപദ്ധതിയിലെ അശാസ്ത്രീയവും ലൈംഗിക ന്യൂനപക്ഷ വിരുദ്ധവുമായ ഉള്ളടക്കങ്ങള് എടുത്തുമാറ്റണമെന്നാണ് 2021 ജൂണിൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് അന്ന് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിനെതിരെ, സ്വവര്ഗാനുരാഗികളായ രണ്ടു സ്ത്രീകള് നല്കിയ ഹര്ജിയിലായിരുന്നു കോടതിയുടെ വിധി. അറിവില്ലായ്മ വിവേചനത്തിനുള്ള ന്യായീകരണം അല്ല എന്നുള്ള വിധിയിലെ വരികള് അന്ന് വലിയ ചർച്ചയായിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളെപ്പറ്റി കൃത്യമായ ധാരണ ഇല്ലാതിരുന്ന ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വിദഗ്ധരുടെ സഹായത്തോടെ ആ വിഷയത്തിൽ പഠനം നടത്തിയതിനു ശേഷമാണ് അന്ന് കേസില് വിധി പറഞ്ഞത്. സ്കൂൾ, കോളേജ് വിദ്യാഭ്യാസ പദ്ധതികൾ ലൈംഗിക ന്യൂനപക്ഷ സൗഹൃദമാകുന്ന തരത്തിൽ പരിഷ്കരിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യ മേഖല, കണ്വെര്ഷന് തെറാപ്പി എന്ന പേരില് സ്വവര്ഗാനുരാഗികളോട് നടത്തുന്ന ക്രൂര പീഡനങ്ങള് നിരോധിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. തുടർന്നാണ് 2022ൽ, സ്വവർഗാനുരാഗം ലൈംഗികകുറ്റകൃത്യങ്ങളില് നിന്ന് ഒഴിവാക്കി എംബിബിഎസ് പാഠ്യപദ്ധതി പരിഷ്കരിച്ചത്.

കേരള ഹൈക്കോടതിയും ഈ വിഷയത്തിൽ അന്ന് സമാന വിധി പുറപ്പെടുവിച്ചിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംഘടനയായ ‘ക്വിയര് റിഥം’, സാമൂഹിക സംഘടനയായ ദിശ എന്നിവ ചേര്ന്ന് നല്കിയ ഹർജിയിലായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്. മെഡിക്കൽ പാഠപുസ്തകങ്ങളിലെ ലൈംഗിക ന്യൂനപക്ഷ വിരുദ്ധത അടിയന്തരമായി തിരുത്തപ്പെടേണ്ടതാണെന്നും അതിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നും കോടതി ദേശീയ മെഡിക്കൽ കമ്മീഷന് നിര്ദ്ദേശം നൽകിയിരുന്നു.

എന്താണ് നാഷണൽ മെഡിക്കൽ കമ്മീഷൻ ഉദ്ദേശിച്ചത്?

മെഡിക്കൽ രംഗത്തെ പെരുമാറ്റച്ചട്ടങ്ങൾ, മെഡിക്കൽ ധാർമ്മികത, പ്രൊഫഷണൽ പെരുമാറ്റം, മെഡിക്കൽ അശ്രദ്ധ തുടങ്ങിയവയെക്കുറിച്ചുള്ള മെഡിക്കോ-ലീഗൽ ചട്ടക്കൂട് മനസിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതാണ് പാഠ്യപദ്ധതി പരിഷ്കരണം എന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പറഞ്ഞത്. 'നിലവിലുള്ള നിയന്ത്രണങ്ങളുടെയും മാർഗനിർദേശങ്ങളുടെയും വിവിധ ഘടകങ്ങളും വ്യത്യസ്ത വശങ്ങളും പുനർവിചിന്തനം ചെയ്യേണ്ട സമയമാണിത്. ജനസംഖ്യാശാസ്ത്രം, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, ധാരണകൾ, മൂല്യങ്ങൾ, മെഡിക്കൽ വിദ്യാഭ്യാസത്തിലെ പുരോഗതി എന്നിവയ്ക്കനുസൃതമായി അവയെ പാകപ്പെടുത്തുകയും വേണം'- ഇങ്ങനെയാണ് പാഠ്യപദ്ധതി മാർഗനിർദേശങ്ങൾ 2024ൽ നാഷണൽ കമ്മീഷൻ വിശദീകരിച്ചിരിക്കുന്നത്.

'അറിവ്, കഴിവ്, നിലപാട്, മൂല്യങ്ങൾ, പ്രതികരണശേഷി എന്നിവയൊക്കെയുള്ള ഒരു ഇന്ത്യൻ മെഡിക്കൽ ബിരുദധാരിയെ വാർത്തെടുക്കാൻ പ്രാപ്തമായതാണ് ഈ കോഴ്സ്. എന്നാൽ മാത്രമേ അവനോ അവൾക്കോ ആഗോളതലത്തിൽ തിരിച്ചറിയപ്പെടുന്ന ഒരു ഭിഷഗ്വരനായിരിക്കുമ്പോൾത്തന്നെ സമൂഹവുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയായി ഉചിതമായും ഫലപ്രദമായും പ്രവർത്തിക്കാൻ കഴിയൂ'- പാഠ്യപദ്ധതിയുടെ ആമുഖത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ പറഞ്ഞുവെക്കുന്നു.

സമൂഹത്തോട് മാപ്പ് പറയാൻ കൂടി അവർ തയ്യാറാവണം. ആർട്ടിക്കിൾ 377 റദ്ദാക്കിയതല്ലേ, സ്വവർഗ ലൈംഗികത പിന്നെങ്ങനെയാണ് കുറ്റകൃത്യമാകുന്നത്
ടി ജി പത്മാലക്ഷ്മി

ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്ന സന്ദേശം എന്താണ്?

ക്വീർഫോബിയ എന്ന് വിമർശനമുയരുന്ന തരത്തിലുള്ള നടപടിയാണ് രാജ്യത്തെ പരമോന്നത മെഡിക്കൽ വിദ്യാഭ്യാസ റെഗുലേറ്ററായ ദേശീയ മെഡിക്കല് കമ്മീഷനില് (NMC) നിന്ന് ഉണ്ടായിരിക്കുന്നത്. എല്ലാവരും തുല്യരാണ് എന്ന അടിസ്ഥാനതത്വത്തെ പോലും ചോദ്യം ചെയ്തുകൊണ്ടാണ് മെഡിക്കൽ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് എൻഎംസി എത്തിയത്. ലൈംഗിക ന്യൂനപക്ഷ (LGBTQIA+) സൗഹൃദമാകണം കാര്യങ്ങളെന്ന് കോടതിയടക്കം നിരന്തരം നിർദേശിക്കുന്ന/ നിർദേശിക്കേണ്ടി വരുന്ന പശ്ചാത്തലമുള്ള ഒരു രാജ്യത്താണ് ഇത് നടക്കുന്നതെന്നോർക്കണം.'അറിവില്ലായ്മ വിവേചനത്തിനുള്ള ന്യായീകരണം അല്ല' എന്ന് 2021ൽ മദ്രാസ് ഹൈക്കോടതി പറഞ്ഞതിനെ ഇവിടെ വീണ്ടും ആവർത്തിക്കുകയേ തരമുള്ളു.

ട്രാൻസ് വ്യക്തിത്വവും ലെസ്ബിയനിസവുമൊക്കെ മനോരോഗങ്ങളാണെന്ന് വിശ്വസിക്കുന്ന, അങ്ങനെ വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ മെഡിക്കൽ സിലബസ് തന്നെ പൊളിച്ചെഴുതിയിരിക്കുകയാണ്. അത് പഠിക്കേണ്ടതാരാണ്, ഭാവി ഡോക്ടർമാർ! ഒന്നോർത്തുനോക്കൂ, ഇങ്ങനെയൊക്കെ കാര്യങ്ങൾ പഠിക്കുകയും അതനുസരിച്ച് കാഴ്ച്ചപ്പാടുകളും ചിന്തകളും രൂപപ്പെടുത്തുകയും ചെയ്യുന്ന ഭാവിതലമുറയിലെ ഡോക്ടർമാർ ലൈംഗിക ന്യൂനപക്ഷങ്ങളോട് പെരുമാറുന്നതെങ്ങനെയായിരിക്കും? ലൈംഗിക ന്യൂനപക്ഷങ്ങൾ അവർക്കസുഖം എന്തെങ്കിലും വന്നാൽ രോഗികളായി ഇത്തരം ഡോക്ടർമാർക്കരികിലേക്ക് പോകാൻ മടിക്കുന്നൊരു അവസ്ഥ വരില്ലേ? ഇതിലൂടെ എൻഎംസി എന്ത് ആശയമാണ് പകർന്നുനൽകുന്നത്, ഈ രാജ്യവും സമൂഹവും സ്ത്രീ- പുരുഷ ജെൻഡറുകളെ മാത്രം അംഗീകരിക്കുന്ന ഒന്നായാണ് വളർന്നുവരേണ്ടതെന്നോ!

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, ജീവിക്കാനുള്ള അവകാശത്തിൽ അനിവാര്യമാണ്. LGBTQIA+ കമ്മ്യൂണിറ്റി ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഈ പാഠ്യപദ്ധതി പരിഷ്കരണം പിൻവലിക്കുന്നു എന്ന ഒറ്റവരിയിൽ പറഞ്ഞവസാനിപ്പിക്കാൻ കഴിയുന്നതല്ല എൻഎംസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് പറയുന്നു ട്രാൻസ്ജെൻഡർ അഭിഭാഷകയായ ടി ജി പത്മാലക്ഷ്മി. 'ലൈംഗികന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങളുണ്ടെന്ന് രാജ്യത്തെ നിതീന്യായ വ്യവസ്ഥ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ആതുരസേവനം ചെയ്യേണ്ടവർ പഠിക്കുന്ന സിലബസിലാണ് ലൈംഗികന്യൂനപക്ഷ വിരുദ്ധത ഉൾപ്പെടുത്തിയിരിക്കുന്നത്. ആതുരസേവനം ചെയ്യേണ്ടവർ പോലും കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്നില്ല എങ്കിൽ അവസ്ഥ എന്താവും. എല്ലാവരും തുല്യരാണെന്ന് നിയമം അംഗീകരിച്ചിട്ടുള്ളതാണ്. അതിനെതിരായ കാര്യമാണ് എൻഎംസി മെഡിക്കൽ സിലബസിൽ ഉൾപ്പെടുത്തിയത്. പരിഷ്കരണം പിൻവലിച്ചത് നല്ല കാര്യമാണ്, തെറ്റായത് പിന്വലിക്കുക തന്നെയാണ് വേണ്ടത്. പക്ഷേ, ഇത് പിൻവലിക്കുന്നു എന്ന സ്റ്റേറ്റ്മെന്റിൽ അവസാനിപ്പിക്കുകയല്ല, സമൂഹത്തോട് മാപ്പ് പറയാൻ കൂടി അവർ തയ്യാറാവണം. ആർട്ടിക്കിൾ 377 റദ്ദാക്കിയതല്ലേ, സ്വവർഗ ലൈംഗികത പിന്നെങ്ങനെയാണ് കുറ്റകൃത്യമാകുന്നത്'. പത്മാലക്ഷ്മി റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചു.

അറിവ് എന്നതിനെ നിഷ്കളങ്കമായി തെറ്റിദ്ധരിച്ചുപോരുന്ന പരമ്പരാഗത രീതികളോട് ചേർത്താണ് ഈ വിഷയത്തെ വായിക്കേണ്ടതെന്ന് ക്വീർ ആക്ടിവിസ്റ്റായ ആദി റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. 'ഇത് ഇന്നോ ഇന്നലെയോ സംഭവിച്ചുതുടങ്ങിയതല്ല. എത്രയോ കാലങ്ങളായി ക്വീർ വ്യക്തികളെ മെഡിക്കൽ രംഗം പരിഗണിച്ചുപോരുന്നത് രോഗീശരീരങ്ങളായാണ്. ഇത് മാനസികരോഗമാണ് എന്ന തരത്തിലുള്ള പ്രചാരവും കൺവേർഷൻ തെറാപ്പി പോലെയുള്ള ചികിത്സാസമ്പ്രദായങ്ങളുമൊക്കെ ഈ കാഴ്ച്ചപ്പാടുകളിൽ നിന്ന് ഉണ്ടായതും തുടർന്നുപോരുന്നതുമാണ്. ഒരു മെഡിക്കൽ വിദ്യാർത്ഥി, അയാൾ ക്വീർ ആണെങ്കിൽ പോലും പഠിക്കുന്നതും എംബിബിഎസ് പാസാകാൻ വേണ്ടി പരീക്ഷയ്ക്കെഴുതേണ്ടതും സ്ത്രീ പുരുഷ ജെൻഡറുകൾ എന്നതിനപ്പുറത്തേക്കുള്ളതിനെ സംബന്ധിച്ചതൊക്കെയും രോഗാവസ്ഥയാണ് എന്നാണ്. ഇതിലൊക്കെ മാറ്റം വരണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. 2014ലെ നൽസ വിധി (NALSA) മുതൽ ആർട്ടിക്കിൾ 377 റദ്ദാക്കൽ വരെ നമുക്ക് മുമ്പിലുണ്ട്. എന്നിട്ടും ആരോഗ്യരംഗം പലപ്പോഴും പെരുമാറുന്നത് ഇങ്ങനെയൊക്കെയാണ്. പാഠപുസ്തകങ്ങളിൽ പറയുന്നത് പഠിച്ചാണല്ലോ ഡോക്ടർമാർ പെരുമാറുക. ആരോഗ്യം എന്നത് മനുഷ്യന്റെ പ്രാഥമികമായ ഒന്നാണ്. അവിടെയാണ് ഇത്തരം തെറ്റായ കാര്യങ്ങൾ പഠിച്ച്, അതിനനുസരിച്ച് കാഴ്ച്ചപ്പാടുകൾ രൂപപ്പെട്ട ഡോക്ടർമാർ ലൈംഗികന്യൂനപക്ഷങ്ങളെ ചികിത്സിക്കുന്നത്. അതിലൊരുപാട് പ്രശ്നങ്ങളുണ്ടാവുമല്ലോ. നിരന്തരം ചർച്ച ചെയ്യപ്പെടുകയും ആവശ്യങ്ങളുയരുകയുമൊക്കെ ചെയ്ത് കുറേയൊക്കെ മാറ്റങ്ങൾ സമീപനങ്ങളിൽ വരുന്നുണ്ട് എന്നത് ആശാവഹമാണ്. പക്ഷേ, മെഡിക്കൽ കമ്മീഷന്റെ ഈ നടപടി പോലെയുള്ളവ തിരിച്ചടിയാണ്. സമൂഹം മാറണം, അത് പക്ഷേ എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല. അച്ഛൻ, അമ്മ, കുട്ടി = കുടുംബം എന്ന സാമ്പ്രദായിക ക്രമത്തിൽ നിന്ന് ചിന്തകൾ പുറത്തുകടന്നാൽ മാത്രമേ കാലക്രമേണ അത് സാധ്യമാവൂ'. ആദി പറയുന്നു.

ആർഷഭാരത സംസ്കാരം അനുശാസിച്ചേ പ്രവർത്തിക്കൂ എന്ന് ഉൾപ്പുളകം കൊണ്ട് ഇങ്ങനെയോരോ പരിഷ്കരണങ്ങൾ കൊണ്ടുവരാൻ കമ്മീഷന്റെ തലപ്പത്തുള്ളവർക്ക് നിർദേശവും ഉപദേശവും കൊടുക്കുന്നതാരാണ് എന്നതാണ് ചോദ്യം. ഇതിലൂടെയൊക്കെ രാജ്യം മുന്നിലേക്കല്ല, പിന്നിലേക്കാണ് നടക്കുന്നതെന്ന യാഥാർത്ഥ്യം മറക്കരുത്.

സ്വവർഗലൈംഗികത കുറ്റകരമാണെന്ന നിയമം 2018ലാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഭാരതീയ ന്യായ് സൻഹിത ബിൽ 2023ൽ, സ്വവർഗലൈംഗികത കുറ്റകരമാക്കണമെന്ന ശുപാർശ ഉണ്ടായിരുന്നു. എന്നാൽ, ഇത് കോടതിവിധിക്ക് എതിരാണെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി മന്ത്രിസഭ തള്ളുകയായിരുന്നു. 2023 ഒക്ടോബറിൽ, സ്വവർഗ വിവാഹങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുമ്പോൾ സുപ്രീം കോടതി പറഞ്ഞ കാര്യങ്ങളും ഇതിനോട് ചേർത്ത് വായിക്കണം. 'സ്വവർഗ ലൈംഗികത ഒരു നഗര സങ്കൽപ്പമല്ല, അഥവാ സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങളിൽ മാത്രമുള്ള ഒന്നല്ല. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, ജീവിക്കാനുള്ള അവകാശത്തിൽ അനിവാര്യമാണ്. LGBTQIA+ കമ്മ്യൂണിറ്റി ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഭിന്നലിംഗ ബന്ധത്തിലുള്ള ട്രാൻസ്ജെൻഡർ വ്യക്തിയെ നിയമപ്രകാരം അംഗീകരിക്കണം, ട്രാൻസ്മാനും ട്രാൻസ്വുമണും തമ്മിലുള്ള ബന്ധം നിലവിലെ നിയമപ്രകാരം അംഗീകരിക്കുന്നതാണ്'- ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അന്ന് പറഞ്ഞിരുന്നു.

ഇവയൊക്കെ കാറ്റിൽപ്പറത്തിയാണ് മെഡിക്കൽ കമ്മീഷൻ പുതിയ പരിഷ്കരണം നടത്തിയത്. പണി പാളി, പാഠ്യപദ്ധതി പിൻവലിക്കേണ്ടിയും വന്നു. എന്നിട്ടും, സംഭവത്തെ നിസാരവൽക്കരിക്കുന്ന നിലപാടിന് മാറ്റമൊന്നുമില്ല. 2023ൽ ലോഗോ പരിഷ്കരിച്ചപ്പോൾ ഉയർന്ന വിമർശനങ്ങളെയും ഇതേ നിസംഗതയോടെ നേരിട്ടവരായതുകൊണ്ട് ഇക്കുറിയും വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്ന് അഭിപ്രായങ്ങളുയരുന്നുണ്ട്. ലോഗോയിൽ നിന്ന് അശോക സ്തംഭം മാറ്റി, ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രം ചേർത്തതാണ് അന്ന് വിവാദമായത്. 'ഇന്ത്യ' എന്നതിനു പകരം 'ഭാരത്' എന്നും ചേർത്തു. അങ്ങനെ നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ , നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഭാരത് ആയി. ആരോഗ്യ രംഗത്തെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന കമ്മീഷൻ മതേതരമായും പുരോഗമനപരമായും പ്രവർത്തിക്കണമെന്നൊക്കെ അന്ന് ആവശ്യങ്ങളുയർന്നതാണ്. എന്നാൽ ധന്വന്തരിയുടെ ചിത്രം നേരത്തെ ഉണ്ടായിരുന്നതായും ഇത് കളർ ചിത്രമാക്കി മാറ്റിയതാണെന്നും വാദിച്ച് കമ്മീഷൻ അനുകൂലികൾ പ്രതിരോധം തീർത്തു. 2022ൽ മെഡിക്കല് വിദ്യാര്ഥികളുടെ ബിരുദദാനച്ചടങ്ങില് ചൊല്ലുന്ന 'ഹിപ്പോക്രാറ്റിക് പ്രതിജ്ഞ' ഒഴിവാക്കി ഇന്ത്യന് പാരമ്പര്യം അനുശാസിക്കുന്ന തരത്തില് 'മഹര്ഷി ചരക് ശപഥ്' നടപ്പിലാക്കാനുള്ള കമ്മീഷന്റെ ശുപാര്ശയും വിവാദമായിരുന്നു. പറഞ്ഞുവന്നത്, ഇത്തരം വിവാദമൊന്നും നാഷണൽ മെഡിക്കൽ കമ്മീഷന് പുത്തരിയല്ല എന്നാണ്. ആർഷഭാരത സംസ്കാരം അനുശാസിച്ചേ പ്രവർത്തിക്കൂ എന്ന് ഉൾപ്പുളകം കൊണ്ട് ഇങ്ങനെയോരോ പരിഷ്കരണങ്ങൾ കൊണ്ടുവരാൻ കമ്മീഷന്റെ തലപ്പത്തുള്ളവർക്ക് നിർദേശവും ഉപദേശവും കൊടുക്കുന്നതാരാണ് എന്നതാണ് ചോദ്യം. ഇതിലൂടെയൊക്കെ രാജ്യം മുന്നിലേക്കല്ല, പിന്നിലേക്കാണ് നടക്കുന്നതെന്ന യാഥാർത്ഥ്യം മറക്കരുത്.

മാറ്റങ്ങളെ ഉൾക്കൊണ്ടു വളരുന്നതാണ് ഓരോ സമൂഹവും. തുല്യത, അവകാശം, ലിംഗനീതി, സഹിഷ്ണുത എന്നിവയൊക്കെ കൂടിച്ചേരുമ്പോഴാണ് ഒരു സമൂഹം പുരോഗമനത്തിലേക്ക് വളരുന്നത്. ആശയ, അഭിപ്രായ, ലിംഗ, മത, ജാതി, സമുദായ വ്യത്യാസങ്ങളെ മറികടന്നും സഹജീവിയോടുള്ള കരുതലും സ്നേഹവും ഉണ്ടാകുമ്പോഴാണ് ഏതൊരു സമൂഹവും കരുത്തുറ്റതാവുന്നത്. അതിനുള്ള പാഠം പകർന്നുകിട്ടേണ്ടതും ഇതേ സമൂഹത്തിൽ നിന്ന് തന്നെയാണ്.

'ആചാര്യാദ് പദമാദത്തേ

പാദം ശിഷ്യസ്സ്വമേധയാ

പാദം സബ്രഹ്മചാരിഭ്യ

പാദം കാലക്രമേണതു' എന്നാണ് പ്രാചീന സുഭാഷിതങ്ങളിലൊന്ന്. ഒരാളുടെ അറിവിന്റെ നാലിലൊന്ന് ഗുരുക്കന്മാരിൽ നിന്ന് വിദ്യാഭ്യാസകാലത്ത് ലഭിക്കുന്നതാണ്. നാലിലൊന്ന് ശിഷ്യൻ സ്വയം അക്കാലയളവിൽ ആർജിച്ചെടുക്കുന്നതാണ്. നാലിലൊന്ന് സുഹൃത്തുക്കളിൽ നിന്ന് നേടുന്നതാണ്. ബാക്കിയുള്ള നാലിലൊന്ന് കാലക്രമേണ അനുഭവങ്ങളിൽ നിന്ന് സ്വായത്തമാക്കുന്നതാണ്. ഇവിടെയാണ് വിഷയം പ്രസക്തമാകുന്നത്. സ്വവർഗലൈംഗികത കുറ്റകൃത്യമാണെന്ന് അധ്യാപകരിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും അറിയുന്ന തലമുറ പിന്നീടുള്ള കാലവും തന്റെ ചിന്തയെയും കാഴ്ച്ചപ്പാടുകളെയും രാകിയെടുക്കുന്നത് ആ അടിസ്ഥാനത്തിൽ തന്നെയാവില്ലേ? ഇത്തരം തെറ്റായപാഠങ്ങൾ പിന്നീട് തിരുത്തിയെടുക്കാൻ ഒരു തലമുറയിൽ എത്രപേർ തയ്യാറാവുമെന്നാണ്?

വാൽക്കഷ്ണം: ട്രാൻസ്വ്യക്തിയാവുന്നത് മാനസികരോഗമാണോ എന്ന് സംശയം ചോദിച്ച ഇരുപത്തിരണ്ടുകാരി പറഞ്ഞത് അവൾക്കാ വിവരം ലഭിച്ചത് സുഹൃത്തുക്കളിൽ നിന്നാണ് എന്നാണ്. അവരോട് ആര് പറഞ്ഞു ഇങ്ങനെയൊക്കെ എന്ന് ചോദിച്ചപ്പോൾ മറുപടി അവരുടെ അധ്യാപകരിലാരോ പറഞ്ഞുകൊടുത്തു എന്നാണ്. ഈ സംഭാഷണം നടന്ന വർഷം 2024 ആണ്, മാസം സെപ്റ്റംബർ ആണ്, തീയതി ആറ് ആണ്!

dot image
To advertise here,contact us
dot image