ഗുസ്തി ഗോദ കീഴടക്കിയവർ രാഷ്ട്രീയഗോദയിലേക്ക് എത്തുന്നത് ഇതാദ്യമായല്ല. യോഗേശ്വർ ദത്തും ബബിത ഫോഗട്ടുമടക്കം നിരവധി പേർ ഇത്തരത്തിൽ ഉദാഹരണങ്ങളായി നമുക്ക് മുൻപിലുണ്ട്. ആദ്യം കോൺഗ്രസിൽ ചേർന്ന്, പിന്നീട് ബിജെപിയിലേക്ക് കൂറുമാറിയ ബോക്സർ വിജേന്ദർ സിംഗ് അടക്കം ഈ നിരയിലുണ്ട്. എന്നാൽ അവരെല്ലാം രാഷ്ട്രീയത്തിൽ ശോഭിച്ചോ എന്നതാണ് പ്രസക്തമാകുന്ന ചോദ്യം. ഇപ്പോളിതാ നിലവിലെ ഏറ്റവും 'സെൻസേഷണലായ' രണ്ട് കായികതാരങ്ങൾ കൂടി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നു. വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും !
വിനേഷ് ഫോഗട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചതും, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിനേഷിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതും ഒരുമിച്ചായിരുന്നുവെന്ന് തന്നെ പറയാം. വിനേഷ് ഫോഗട്ടിന്റെ വരവോടെ ജുലാന മണ്ഡലം ഒരു 'സ്റ്റാർ' മണ്ഡലമായി മാറിയിട്ടുണ്ട്. എന്നാൽ മണ്ഡലത്തിൽ ഒരു 'കുടുംബപ്പോര്' ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ ഉരുത്തിരിഞ്ഞുവരുന്ന ചർച്ച. വിനേഷിന് എതിരാളിയായി സ്വന്തം പിതൃസഹോദരപുത്രി കൂടിയായ ബബിത ഫോഗട്ടിനെ ബിജെപി രംഗത്തിറക്കിയാൽ വർഷങ്ങളായി 'ഫോഗട്ട് സഹോദരി'മാർക്കിടയിൽ നിലകൊള്ളുന്ന ഒരു വൈരത്തിന്റെ പോരാട്ടം കൂടിയാകുമത് !
ഇന്ത്യൻ ഗുസ്തി രംഗത്തെ ഇതിഹാസമായ മഹാവീർ സിങ് ഫോഗട്ടിന്റെ മകളാണ് ബബിത ഫോഗട്ട്. അദ്ദേഹത്തിന്റെത്തന്നെ സഹോദരന്റെ മകളാണ് വിനേഷ് ഫോഗട്ട്. ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയ വിനേഷിനെ വളർത്തിയതും ഗുസ്തി പഠിപ്പിച്ചതുമെല്ലാം മഹാവീറായിരുന്നു. ബബിതയും വിനേഷും വാശിയോടെ കളം പിടിച്ചതും ഗുസ്തിയിൽ അംഗീകാരങ്ങൾ നേടിക്കൊണ്ടിരുന്നതും ഏറെക്കുറെ ഒരേ കാലഘട്ടത്തിൽ, ഒരുമിച്ചുമായിരുന്നു.
വിനേഷ് ഫോഗട്ടിനെപ്പോലെത്തന്നെ നിരവധി മെഡലുകളും അംഗീകാരങ്ങളും നേടിയ ഗുസ്തി താരമാണ് ബബിതയും. ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രശസ്തമായ ഒരു ഗുസ്തി കുടുംബത്തിൽനിന്ന് വരുന്നതിന്റെ എല്ലാ മികവും പ്രകടിപ്പിച്ച ബബിത 2014 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണമെഡൽ നേടിയിരുന്നു. 2010, 2018 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലും നേടിയിരുന്നു.
2019ലാണ് ബബിത ബിജെപിയിൽ ചേരുന്നത്. അതേവർഷം നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ദാദ്രി മണ്ഡലത്തിൽ നിന്ന് ബബിത കനത്ത തോൽവി ഏറ്റുവാങ്ങുകയാണുണ്ടായത്. പാർട്ടി മൂന്നാം സ്ഥാനത്തായിപ്പോയ ആ തിരഞ്ഞെടുപ്പിന് ശേഷം ബബിതയ്ക്ക് പിന്നീട് ബിജെപി വലിയ പരിഗണനയോ, സ്ഥാനാർത്ഥിത്വമോ നൽകിയിരുന്നില്ല.
ബ്രിജ് ഭൂഷണെതിരേ വിനേഷ് ഫോഗട്ട് അടക്കമുള്ള ഗുസ്തി താരങ്ങൾ ദിവസങ്ങളോളം പ്രതിഷേധിച്ചപ്പോളും ബിജെപി നേതാവായ ബബിത കാര്യമായ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. സമരം ചെയ്യുന്ന പിതൃസഹോദരപുത്രിയോടുള്ള തന്റെ നിലപാടെന്തെന്ന് പോലും വെളിപ്പെടുത്താതെ സമരം രാഷ്ട്രീയപ്രേരിതമെന്ന് മാത്രമായിരുന്നു ബബിത പ്രതികരിച്ചിരുന്നത്. ഈ സമരം മൂലം ആറ് പേരടങ്ങുന്ന 'ഫോഗട്ട് സഹോദരിമാർ'ക്കിടയിൽ രാഷ്ട്രീയപരമായ വലിയ വിള്ളലുകൾ ഉണ്ടായതായും വാർത്തകളുണ്ടായിരുന്നു. സ്വന്തം കുടുംബത്തിലെ ഒരാൾ സമരമുഖത്തായിരുന്നിട്ടും മഹാവീർ സിങ് ഫോഗട്ടും കാര്യമായി ഒന്നും പ്രതികരിച്ചിരുന്നില്ല.
ഇത്തരത്തിൽ രാഷ്ട്രീയപരമായി കുടുംബം വിഘടിച്ചുനിൽക്കേയാണ് കോൺഗ്രസിലൂടെ വിനേഷിന്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. കർഷകസമരവും ദേശീയ തെരഞ്ഞെടുപ്പിലെ ട്രെൻഡുകളും മൂലം സംസ്ഥാനത്ത് ഒരു കോൺഗ്രസ് തരംഗമുണ്ടെന്ന് വിലയിരുത്തപ്പെടുന്നതിനിടെ, വിനേഷ് ഫോഗട്ടിന്റെ വരവും കോൺഗ്രസിനെ സംബന്ധിച്ച് ആത്മവിആശ്വാസം വർധിപ്പിക്കുമെന്ന് ഉറപ്പാണ്. ബിജെപിയ്ക്ക് ആ ആത്മവിശ്വാസത്തിന്റെ മുനയൊടിക്കണമെങ്കിൽ, നിലവിലുള്ള ഒരു മുറിവിൽ തന്നെ എണ്ണ തേയ്ക്കേണ്ടതുണ്ട്. അത്തരമൊരു രീതിയാണ് അവലംബിക്കുകയെങ്കിൽ ബബിത ഫോഗട്ടിനെ ജുലാനയിൽ ബിജെപി മത്സരിപ്പിച്ചേക്കും. കാത്തിരുന്ന് കാണണം, ജൂലാനയിൽ ഉണ്ടാകുക 'കുടുംബപ്പോരോ', 'രാഷ്ട്രീയപ്പോരോ' എന്നത് !