2024 കലണ്ടർ വർഷം തീരാൻ ഇനി കഷ്ടിച്ച് മൂന്ന് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒമ്പത് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീമിന് പക്ഷെ ഇത് വരെയും ഈ വർഷം ഒരു മത്സരം പോലും വിജയിക്കാനായിട്ടില്ല. ഒടുവിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിലും വേൾഡ് കപ്പ് ക്വാളിഫെയറിലും എ എഫ് സി ഏഷ്യൻ കപ്പിലും ടീമിന്റെ പ്രകടനം ശരാശരിക്കും ഏറെ താഴെയായിരുന്നു. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ പതിമൂന്ന് ഗോളുകൾ വഴങ്ങിയപ്പോൾ ടീമിന് അടിക്കാനായത് വെറും രണ്ട് ഗോൾ മാത്രമാണ്.
2023 കലണ്ടർ വർഷത്തിൽ സാഫ് കപ്പും ഇന്റർകോണ്ടിനെന്റൽ കപ്പും ത്രിരാഷ്ട്ര കപ്പും നേടി ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്തിയ ഇന്ത്യ ഇപ്പോൾ കിടക്കുന്നത് 124 -ാം സ്ഥാനത്താണ്. തുടർച്ചയായ പരാജയങ്ങൾ മൂലം ഇഗോർ സ്റ്റിമാച്ചിന് പകരം സ്പാനിഷ് പരിശീലകനായ മനോള മാർക്വേസിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടും കാര്യമായ ഫലമുണ്ടാകുന്നില്ല എന്നതാണ് ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റിലെ പ്രകടനവും നമുക്ക് മുന്നിൽ നിൽക്കുന്ന ചിത്രം. സുനിൽ ഛേത്രിക്ക് പകരം ടീമിനായി ഗോൾ നേടാൻ ആരെന്ന ചോദ്യത്തിന് മാർക്വേസിന്റെ കയ്യിലും വ്യക്തമായ ഉത്തരമില്ലെന്ന് അർത്ഥം.
ഫിഫ റാങ്കിങ്ങിൽ 179-ാം സ്ഥാനത്തുള്ള മൗറീഷ്യസിനെതിരേയായിരുന്നു ഈ വർഷത്തെ ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റിലെ ആദ്യ മത്സരം. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ മുന്നേറ്റനിര പൂർണ്ണമായും പരാജയപ്പെട്ടു. ഗോൾ നേടിയില്ലെന്ന് മാത്രമല്ല, ഗോളിലേക്കുള്ള ശ്രമങ്ങൾ സൃഷ്ടിക്കാനും താരങ്ങൾക്ക് കഴിഞ്ഞില്ല. ഇതിലും മോശമായി കളിക്കാൻ ഒരു ടീമിനും കഴിയില്ല എന്നാണ് ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ കുറിച്ച് മത്സര ശേഷം പുതിയ പരിശീലകൻ മാർക്വേസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ശേഷം സിറിയയോട് നടന്ന നിർണായക മൽസരത്തിലും തോറ്റു. 2007 ലും 2009 ലും സിറിയയെ തോൽപ്പിച്ച് നെഹ്റു കപ്പ് നേടിയിട്ടുള്ള ഇന്ത്യ കലണ്ടർ വർഷത്തിൽ ആശ്വാസ ജയവും കിരീടവും നേടാനുള്ള സുവർണാവസരവും പാഴാക്കി. അതിന് മുമ്പ് നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഫിഫ റാങ്കിങ്ങിൽ 151-ാം സ്ഥാനത്തുള്ള അഫ്‌ഗാനിസ്ഥാനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റപ്പോൾ 131-ാം സ്ഥാനത്തുള്ള കുവൈത്തുമായി ഗോൾ രഹിത സമനിലയിലായി. ഉസ്ബക്കിസ്ഥാനോടും സിറിയയോടും ഖത്തറിനോടും ആസ്ട്രേലിയയോടും സമാനമായ രീതിയിൽ തോൽവി വഴങ്ങി.
എതിർടീമുകളുടെ പോസ്റ്റിലേക്ക് അടിക്കുന്ന ഗോളുകളുടെ എണ്ണത്തിൽ കുറവാണെങ്കിലും വിവാദ സെൽഫ് ഗോളുകളാൽ സമ്പന്നമായിരുന്നു ഇന്ത്യൻ ഫുട്‍ബോളിന്റെ 2024 കാലം. ലൈംഗികാതിക്രമവും വനിത താരങ്ങൾക്ക് നേരെ കയ്യേറ്റവും അഴിമതിയും ജ്യോതിഷ വിവാദവുമടക്കം പിറകോട്ടാണ് ഇന്ത്യയിൽ ഇക്കാലയളവിൽ ഫുട്‍ബോൾ ഉരുണ്ട് നീങ്ങിയത്. മാർച്ചിൽ ഗോവയിൽ സമാപിച്ച ഇന്ത്യൻ വിമൻസ് ലീഗിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ദീപക് ശർമ്മ ഹോട്ടൽ റൂമിൽ കയറി വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
ടീം യാത്രകളില്‍ പരസ്യമായി മദ്യപിക്കുകയും ലഹരിയുപയോഗിക്കുകയും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നതായി താരങ്ങൾ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ എഐഎഫ്എഫ് തുടക്കത്തിൽ തയ്യാറായിരുന്നില്ല. ശേഷം ഉയർന്ന വ്യാപക പ്രതിഷേധത്തിനൊടുവിൽ അദ്ദേഹത്തെ പിന്നീട് സസ്‌പെൻഡ് ചെയ്തു. സമാനമായ സംഭവം 2024 ന്റെ തുടക്കത്തിലുമുണ്ടായിരുന്നു. ഇത്തവണ താരങ്ങൾക്ക് പകരം ഐഐഎഫ്എഫ് ഹെഡ്ക്വാർട്ടേഴ്‌സിലെ ജീവനക്കാരി തന്നെയാണ് അതിക്രമത്തിനിരയായത്. ഇന്റേണൽ കമ്മറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഐഎഫ്എഫിലെ മുതിർന്ന ജീവനക്കാരനെ പിന്നീട് സസ്‌പെൻഡ് ചെയ്തു.
ഈ രണ്ട് വിവാദങ്ങൾക്ക് പുറമെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ അഴിമതിയാരോപണങ്ങളിൽ പെട്ടതും കളങ്കമായി. ഫെഡറേഷന്റെ നിയമ ഉപദേഷ്ടാവ് നിലഞ്ജൻ ഭട്ടാചാരി തന്നെയാണ് പ്രസിഡന്റിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി രംഗത്തെയിരുന്നത്. ടെൻഡർ നൽകുന്നതിലും കരാർ നൽകുന്നതിലും കല്യാൺ ചൗബേ കോടികളുടെ അഴിമതി നടത്തിയതായി നിലഞ്ജൻ ഭട്ടാചാരി മോദിക്ക് തുറന്ന കത്തെഴുതിയിരുന്നെങ്കിലും ചൗബേ ഇപ്പോഴും പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരുകയാണ്. നേരത്തെ ഫെഡറേഷന്റെ ഔദ്യോഗിക ക്രെഡിറ്റ് കാർഡുകൾ പേഴ്‌സണൽ ആവശ്യത്തിനായി ചൗബേ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ആന്ധ്രാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.
2019 മുതൽ ഈ അടുത്ത് വരെ ടീമിന്റെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന ഇഗോർ സ്റ്റിമാച്ച് പിടിച്ച പുലിവാലാണ് മറ്റൊന്ന്. ടീം ഇലവൻ തിരഞ്ഞെടുപ്പിന് സ്റ്റിമാച്ച് ഫെഡറേഷനിൽ നിന്ന് കോടികൾ ചിലവഴിച്ച് ജ്യോതിഷിയെ നിയമിച്ചതാണ് വിവാദമായത്. പെർഫോമൻസിനും ഫിറ്റ്നസിനും അപ്പുറം ജ്യോതിഷി ഭൂപേഷ് ശർമ്മയുടെ നിർദേശപ്രകാരം താരങ്ങളുടെ നക്ഷത്ര ഫലത്തിനായിരുന്നു സ്റ്റിമാച്ച് പ്രാധാന്യം കൊടുത്തിരുന്നത്. അറ്റാക്കിങ്, ഡിഫൻഡിങ്, സബ്സിറ്റൂഷ്യൻ പോളിസി വരെ തീരുമാനിച്ചത് ഭൂപേഷിന്റെ കവടിയിലെ ഗ്രഹനിലയ്ക്ക് അനുസരിച്ചായിരുന്നു. ഫുട്‍ബോൾ ഫെഡറേഷന്റെ അഖിലേന്ത്യ സെക്രട്ടറി തന്നെയായിരുന്നു ഇതിന് ഒത്താശ നൽകിയത് എന്നതാണ് ഏറ്റവും ദയനീയത. സംഭവം വലിയ വിവാദമാവുകയും ഭൂപേഷും സ്‌റ്റിമാച്ചും തമ്മിലുള്ള സന്ദേശങ്ങൾ പുറത്ത് വരുകയും ചെയ്‌തെങ്കിലും ഫെഡറേഷൻ സ്റ്റിമാച്ചിനെ സംരക്ഷിച്ചു. കരാർ വീണ്ടും നീട്ടി കൊടുത്തു.
മുൻനിര രാജ്യങ്ങളും ക്ലബുകളും ലീഗുകളും ടീമുകളുടെയും താരങ്ങളുടെയും പെർഫോമൻസ് അനാലിസിസിലും ഫോർമേഷൻ സ്ട്രാറ്റജിയിലുമൊക്കെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കൂടി സാധ്യതകൾ ഉപയോഗിക്കുമ്പോയായിരുന്നു കവടി നിരത്തിയുള്ള ഇന്ത്യൻ ഫുട്‍ബോളിന്റെ കളി. ഒടുവിൽ തുടർച്ചയായ തോൽവികളിൽ കായിക പ്രേമികളുടെ വ്യാപക പ്രതിഷേധമുയർന്നതോടെ കഴിഞ്ഞ മാസം എഐഎഫ്എഫ് സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി. 2026 വരെയുള്ള കാരാർ തനിക്കുണ്ടായിരുന്നുവെന്നും നഷ്ടപരിഹാരം നല്കണമെന്നുമാവശ്യപ്പെട്ട് ക്രൊയേഷ്യൻ പരിശീലകൻ നിയമ നടപടിക്കൊരുങ്ങി. അവസാനം നാല്പത് ലക്ഷം ഡോളർ (ഏകദേശം 3.36) കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എഐഎഫ്എഫ് തടി തപ്പി.
ഐ എസ് എൽ ടൂർണമെന്റിൽ മാത്രമൊതുങ്ങി പോകുന്നു ഇന്ത്യയിലെ ഫുട്‍ബോൾ എന്നതാണ് പ്രധാന പ്രശ്നം. ഇന്ത്യയിലെ പ്രധാന ലീഗായ ഐഎസ്എൽ ക്ലബുകൾക്ക് വരെ ഗ്രാസ് റൂട്ട് ലെവലിൽ അക്കാദമികളില്ല. ക്ലബുകളുടെ അംഗീകാരത്തിന് ഗ്രാസ്റൂട്ട് പ്രവർത്തനങ്ങൾ നിർബന്ധമാണെന്ന ഫിഫ നിയമം നിലനിൽക്കുമ്പോൾ തന്നെയാണ് ഇത്. ഐ ലീഗ് ടൂർണമെന്റും ഡ്യൂറൻഡ് കപ്പും ശവമഞ്ചയിലേറിയിട്ട് വർഷങ്ങളായി. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുണ്ടായിരുന്ന രാജ്യങ്ങളും രാജ്യത്തെ ഒരു ജില്ലയുടെ വലിപ്പമുള്ള രാജ്യങ്ങളും അടുത്ത കാലത്ത് വലിയ മുന്നേറ്റമുണ്ടാക്കുമ്പോൾ ഇന്ത്യ മാത്രം കിതക്കുകയാണ്. 2018 ലോകകപ്പിൽ ഫിഫ കൊണ്ട് വന്ന് തുടർന്നുള്ള വർഷങ്ങളിൽ ലോകത്തെ ഒട്ടുമിക്ക എല്ലാ ലീഗുകളും നടപ്പിലാക്കിയ വാർ സംവിധാനം 2024 ലും ഇന്ത്യയിലിലില്ല. ഫുട്‍ബോൾ മൈതാനത്തെ മത്സരത്തെക്കാൾ പുറത്ത് വിവാദങ്ങളുടെ മത്സരത്തിനാണ് തലപ്പത്തുള്ളവർക്ക് താല്പര്യം എന്നർത്ഥം.