A.M.M.A ക്ക് ബദലായി WCC ഉയരണം

മീ ടൂ പ്രസ്ഥാനവും, അതിനെ തുടർന്ന് അനിതാ ഹില്ലിന്റെ നേതൃത്വത്തിൽ വന്ന ഹോളിവുഡ് കമ്മീഷനും ചെറിയ തോതിലെങ്കിലും ഹോളിവുഡ് സിനിമയിലെ പ്രവർത്തന മേഖലയെ നവീകരിക്കുന്നതിന് സഹായകമായിട്ടുണ്ട്.

ആദർശ് എച്ച് എസ്
1 min read|10 Sep 2024, 05:17 pm
dot image

'സമയം ആഗതമായൊരു ആശയത്തേക്കാൾ ശക്തമായ മറ്റൊന്നുമില്ല' എന്ന വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ ഒരിക്കൽ കൂടി ശരിയായിരിക്കുന്നു.അത്തരമൊരു ആശയം മലയാളക്കരയിൽ അതിന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു. ചൂഷണത്തിന് എതിരായി നിലകൊള്ളുക എന്നതാണ് മേല്പറഞ്ഞ ആശയത്തിന്റെ അടിസ്ഥാനം. സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടമാണ് ആ ആശയത്തെ നയിക്കുന്നത്. തത്വത്തിൽ ആ ആശയം പ്രിവിലേജുകളില്ലാത്ത മനുഷ്യരുടെ സംഗമ ഭൂമിയായി മാറുന്നു.

ഫെമിനിസം എന്ന വാക്കിനെ പ്രതിനിധാനം ചെയ്യുന്ന മനുഷ്യരെയൊക്കെ ഫെമിനിച്ചിയെന്ന് വിളിച്ച് പരിഹസിച്ചിരുന്ന സമൂഹകമാണ് നമ്മുടേത്. ഇന്ന് അതേ ആശയം ഈ മണ്ണിൽ അതിന്റെ പ്രസക്തി ബോധ്യപ്പെടുത്തിയിരിക്കുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളും ഇത്രയും കാലം അവഗണിക്കപ്പെട്ട പല വിഷയങ്ങളെയും അഭിസംബോധന ചെയ്യാൻ നമ്മുടെ സമൂഹത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

മനുഷ്യ വികാരങ്ങൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന സിനിമാ മേഖലയിൽ തന്നെ ഇത്തരമൊരു പോരാട്ടം ആദ്യം വേരൂന്നിയെന്നത് പ്രതീക്ഷ നല്കുന്ന കാര്യമാണ്. പക്ഷേ ഏതൊരു ആശയവും കാലത്തെ അതിജീവിച്ച് നിലനിൽക്കണമെങ്കിൽ അവയ്ക്ക് ഭൗതികമായ ഒരു സംഘടനാ ശരീരം കൈവരിക്കേണ്ടത് അനിവാര്യമാണ്. മാർക്സിനെയും ലെനിനെയും പോലെയുള്ളവർക്ക് അത്തരമൊരു ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് കമ്മ്യൂണിസം എന്ന ആശയം ഒരു പ്രസ്ഥാനമായി രൂപാന്തരപ്പട്ടത്. അതുകൊണ്ടാണ് ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ആ ആശയം സജീവമായി ചർച്ച ചെയ്യപ്പെടുന്നത്.

1994 രൂപീകരിക്കപ്പെട്ട മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ A.M.M.A മുഴുവൻ അഭിനേതാക്കളെയും ഉൾക്കൊള്ളുന്നു എന്ന് അവകാശപ്പെടുമ്പോഴും യഥാർത്ഥത്തിൽ അത് പുരുഷകേന്ദ്രീകൃതമായ ഒരു ഇടമാണ്. രണ്ട് ലക്ഷത്തോളം ഫീസ് വാങ്ങി മാത്രം അഭിനേതാക്കൾക്ക് അംഗത്വം നല്കുന്ന ഒരു ക്ലബ്ബാണ് A.M.M.A

മലയാള സിനിമാ മേഖലയിലെ ഫെമിനിസ്റ്റ് ആശയത്തിന്റെ ഭൗതിക രൂപമെന്നത് നിലവിലെ സാഹചര്യത്തിൽ WCC ആണ്. 2017 ൽ മലയാളത്തിലെ ഒരു നായിക നടിക്ക് നേരിടേണ്ടി വന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട WCC ചുരുങ്ങിയ കാലയളവിൽ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ പൊതുമധ്യത്തിൽ ചർച്ചയാക്കുന്നത് മുതൽ ഇന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട് വരെ എത്തിനില്ക്കുന്ന പോരാട്ടങ്ങളിൽ WCC യുടെ പങ്ക് വലുതാണ്.

എന്നാൽ നിലവിലെ സാമൂഹിക സാഹചര്യത്തിൽ, സ്ത്രീകളെ മാത്രം ഉൾക്കൊള്ളുന്ന സംഘടന എന്നതിൽ നിന്നും WCC വളരേണ്ടത് അനിവാര്യമാണ്. 1994 രൂപീകരിക്കപ്പെട്ട മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ A.M.M.A മുഴുവൻ അഭിനേതാക്കളെയും ഉൾക്കൊള്ളുന്നു എന്ന് അവകാശപ്പെടുമ്പോഴും യഥാർത്ഥത്തിൽ അത് പുരുഷകേന്ദ്രീകൃതമായ ഒരു ഇടമാണ്. രണ്ട് ലക്ഷത്തോളം ഫീസ് വാങ്ങി മാത്രം അഭിനേതാക്കൾക്ക് അംഗത്വം നല്കുന്ന ഒരു ക്ലബ്ബാണ് A.M.M.A . ചൂഷകർക്കൊപ്പം നില്ക്കാൻ അവരെ പ്രേരിപ്പിക്കുന്നതും അതിന്റെ സംഘടനാ ശരീരം മേല്പറഞ്ഞ രീതിയിൽ ആയത് കൊണ്ടാണ്.

ആയതിനാൽ, A.M.M.A ക്ക് ബദലായി സിനിമാ മേഖലയിൽ ഒരു സംഘടന ഉണ്ടാവുക എന്നത് അനിവാര്യമാണ്. ആ സംഘടനയ്ക്ക് ഒരു ക്ലബ്ബിന്റെ സ്വഭാവത്തിനപ്പുറം ട്രേഡ് യൂണിയന്റെ സ്വഭാവമാണ് ഉണ്ടാകേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അവകാശങ്ങളിൽ ഊന്നിയായിരിക്കണം അത് പ്രവർത്തിക്കേണ്ടത്. WCC ക്ക് സ്വയം നവീകരിച്ചുകൊണ്ട് അത്തരമൊരു ബദൽ സംഘടനയായി വളരാൻ കഴിയുന്നതാണ്. എല്ലാ ജൻഡറിൽ ഉൾപ്പെടുന്ന പുരോഗമന സ്വഭാവമുള്ള മനുഷ്യരെയും ഉൾപ്പെടുത്തി കൂടുതൽ ഇൻക്ലൂസിവായ ഒരു സംഘടനയായി WCC വികസിക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളിൽ മാത്രമാണ് ബദൽ ജനാധിപത്യ ഇടങ്ങളുണ്ടാവുക.

ഇതിനായി WCC സ്വയം പരിവർത്തനപ്പെടുത്തേണ്ടതുണ്ട്. കേവലം അഭിനേതാക്കളിൽ മാത്രം ചുരുങ്ങാതെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗം മനുഷ്യരുടെയും സംഘടനയായി സ്വയം നവീകരിക്കുക എന്നതാണ് ആദ്യ കടമ്പ. WCC യിൽ അംഗമായവർക്ക് അപ്രഖ്യാപിത വിലക്ക് കല്പിച്ചുകൊണ്ടാണ് A.M.M.A യിലെ ചിലർ ആ സംഘടനയെ തകർക്കാൻ ശ്രമിച്ചത്. ഭാവിയിൽ അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ സിനിമാ മേഖലയിലെ ഡയറക്ടർ മുതൽ ലൈറ്റ് ബോയ് വരെയുള്ളവരെ ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ട് പോകേണ്ടതുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് പോലെ ഇന്ന് മലയാള സിനിമയെയും A.M.M.A യെയും നിയന്ത്രിക്കുന്നത് ഒരു പവർ ഗ്രൂപ്പാണ്. ഇത്തരം ശക്തികേന്ദ്രങ്ങൾ എല്ലാ മേഖലയിലും ഉണ്ടാവുക സ്വാഭാവികമാണ്. ഇറ്റാലിയൻ ചിന്തകൻ ഗെയ്റ്റാനോ മോസ്കയുടെ എലൈറ്റിസ്റ്റ് സിദ്ധാന്തവും പറഞ്ഞു വയ്ക്കുന്നത് സമൂഹത്തിലെ ഒരു ചെറിയ വിഭാഗം മനുഷ്യരാണ് ഭൂരിപക്ഷത്തിന് മുകളിൽ എല്ലായിപ്പോഴും അധികാരം നിലനിർത്തുന്നത് എന്നാണ്. സംഘടനാ വൈദഗ്ധ്യവും, വിഭവങ്ങൾക്കും വിവരങ്ങൾക്കുമുള്ള പ്രാപ്യതയും, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ശേഷിയും, പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്ക് മുകളിലുള്ള അധികാരവും, അഭിപ്രായ രൂപീകരണത്തിലെ പങ്കുമൊക്കെയാണ് പവർ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നത്. അവയെ തകർക്കണമെങ്കിൽ മേല്പറഞ്ഞ മേഖലകളിൽ അവർക്ക് ബദലായ സംവിധാനങ്ങൾ സൃഷ്ടിക്കുക അനിവാര്യമാണ്.

WCC സർക്കാർ സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടതും രാഷ്ട്രീയ പാർട്ടികളുമായും മാധ്യമങ്ങളുമായും നയപരമായ ബന്ധം സൂക്ഷിക്കേണ്ടതും ഇതിനാൽ ആവശ്യമാണ്. ഇന്ത്യൻ സിനിമാ മേഖല ആത്യന്തികമായി ഒരു ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലാണ് പ്രവർത്തിക്കുന്നത്. അതിൽ മൂലധനത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഒരു ബദൽ സംഘടനയായി ഉയരണമെങ്കിൽ നിലവിൽ A.M.M.A പ്രവർത്തിക്കുന്നത് പോലെ സ്റ്റേജ് ഷോകളിൽ നിന്നും മറ്റും ധനസമാഹരണം നടത്തേണ്ടതായി വരും. അതുവഴി സംഘടനയെ സാമ്പത്തികമായി മുന്നോട്ട് ചലിപ്പിക്കാനും അവശത അനുഭവിക്കുന്ന സംഘടനയിലെ മറ്റ് അംഗങ്ങളെ സഹായിക്കാനും കഴിയും. നിലവിലെ A.M.M.A സംഘടനയ്ക്ക് ആധികാരികത നല്കുന്നത് അവർ നടത്തുന്ന ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടിയാണ്. സാമ്പത്തികമായ മുന്നേറ്റം കൈവരിക്കുന്നത് അത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ WCC ക്ക് സഹായകമാകും.

A.M.M.A എന്ന സംഘടന ചെയ്യാത്ത ചില കാര്യങ്ങൾ കൂടി നടപ്പിലാക്കാൻ WCC ബാധ്യസ്ഥരാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സുതാര്യതയാണ്. പണമിടപാടുകൾ മുതൽ സംഘടനാ തീരുമാനങ്ങളിൽ വരെ ഈ സുതാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

തുല്യ വേതനം എന്ന വിഷയം ചർച്ചയാകുമ്പോഴെല്ലാം സിനിമയിലെ സൂപ്പർ താരങ്ങൾ ഉൾപ്പടെ അതിനെ പ്രതിരോധിക്കുന്നത് താര മൂല്യമാണ് വേതനം നിശ്ചയിക്കുന്നത് എന്ന വാദത്തിലൂന്നിയാണ്. അപ്പോഴും സിനിമയിലെ സഹനടൻ്റെയോ സഹനടിയുടെയോ വേതനത്തിൽ പോലും തുല്യത ഉണ്ടാവാറില്ല എന്ന വസ്തുത നാം വിസ്മരിക്കുന്നു

തുല്യ വേതനം എന്ന വിഷയം ചർച്ചയാകുമ്പോഴെല്ലാം സിനിമയിലെ സൂപ്പർ താരങ്ങൾ ഉൾപ്പടെ അതിനെ പ്രതിരോധിക്കുന്നത് താര മൂല്യമാണ് വേതനം നിശ്ചയിക്കുന്നത് എന്ന വാദത്തിലൂന്നിയാണ്. അപ്പോഴും സിനിമയിലെ സഹനടൻ്റെയോ സഹനടിയുടെയോ വേതനത്തിൽ പോലും തുല്യത ഉണ്ടാവാറില്ല എന്ന വസ്തുത നാം വിസ്മരിക്കുന്നു. ഇനി അഥവാ താരമൂല്യമാണ് മാനദണ്ഡം എന്ന് കരുതുക. പക്ഷേ അവിടെയും ഒരു ശാസ്ത്രീയമായ രീതി അവലംബിക്കുക എന്നത് അനിവാര്യമാണല്ലോ. സിനിമ നേടുന്ന പണത്തിന്റെ ഒരു നിശ്ചിത ശതമാനം നായകനും നായികയ്ക്കും അർഹതപ്പെട്ടതെന്ന നിലയിൽ കരാറുകൾ സ്ഥാപിക്കാൻ കഴിയുന്നതാണ്. അഥവാ സിനിമ പരാജയപ്പെടുകയാണെങ്കിൽ അഭിനേതാക്കൾ ചെയ്യുന്നത് അവരുടെ തൊഴിലാണെന്ന് മനസിലാക്കി അതിനും ഒരു നിശ്ചിത തുക മുൻകൂട്ടി വേതനമായി നിശ്ചയിച്ചു വയ്ക്കാവുന്നതാണ്. നിലവിൽ ചെറിയ പശ്ചാത്തലത്തിൽ വരുന്ന ചിത്രങ്ങൾക്കും വലിയ ചിത്രങ്ങൾക്കും, വിജയിച്ച സിനിമകൾക്കും പരാജയപ്പെട്ട സിനിമകൾക്കുമൊക്കെ മിക്ക സൂപ്പർ താരങ്ങളും ഒരുപോലെയാണ് വേതനം വാങ്ങുന്നത്. വാസ്തവത്തിൽ ഈ സംസ്കാരം പ്രൊഡ്യൂസറിന് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. WCC പോലെയുള്ള സംഘടനകൾ വേതനത്തിൽ ശാസ്ത്രീയ രീതി അവലംബിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നാൽ ചില നിർമ്മാതാക്കളെങ്കിലും അതിനെ അനുകൂലിച്ച് രംഗത്ത് വരാൻ സാധ്യതയുണ്ട്.

മീ ടൂ പ്രസ്ഥാനവും, അതിനെ തുടർന്ന് അനിതാ ഹില്ലിന്റെ നേതൃത്വത്തിൽ വന്ന ഹോളിവുഡ് കമ്മീഷനും ചെറിയ തോതിലെങ്കിലും ഹോളിവുഡ് സിനിമയിലെ പ്രവർത്തന മേഖലയെ നവീകരിക്കുന്നതിന് സഹായകമായിട്ടുണ്ട്. സമാന സാധ്യതകൾ ഹേമാ കമ്മീഷൻ റിപ്പോർട്ടിനുമുണ്ട്. ആ റിപ്പോർട്ടിന്റെ പ്രത്യാഘാതങ്ങൾ മറ്റ് സിനിമാ ഇൻഡസ്ട്രികളിലും അലയടിച്ചു തുടങ്ങിയിരിക്കുന്നു. ഈ സമയത്ത് മലയാളം സിനിമാ മേഖലയിൽ ഉണ്ടാകുന്ന ഓരോ ചെറിയ ചലനങ്ങളും മറ്റ് ഇൻഡസ്ട്രികളിലും പ്രതിഫലിക്കും. അവിടങ്ങളിലെ ചൂഷക വിരുദ്ധ പോരാട്ടങ്ങൾക്ക് കൂടി മാർഗ്ഗദർശികളാകാനുള്ള ബാധ്യതയും അവസരവുമാണ് WCC യുടെ മുന്നിലുള്ളത്. WCC ആ അവസരം വിനിയോഗിക്കുകയും മാറ്റത്തിന്റെ തുടക്കമാവുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

'നല്ലൊരു പ്രതിസന്ധി ഒരിക്കലും പാഴാക്കാരുത്' എന്ന വിൻസ്റ്റൺ ചർച്ചിലിൻ്റെ വാക്കുകൾ സ്മരിക്കേണ്ട സമയമാണിത്. മലയാള സിനിമ ഇന്നൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആ പ്രതിസന്ധിയെ ദീർഘവീക്ഷണത്തോടെ കൈകാര്യം ചെയ്താൽ ആ മേഖലയിലെ മനുഷ്യർ അനുഭവിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. WCC അതിനുള്ള മാർഗ്ഗ ദീപമാകണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us