'എന്റെ അറസ്റ്റും ഒറ്റപ്പെടുത്തലുമെല്ലാം ഒരു വിശാലമായ പദ്ധതിയുടെ പ്രതീകാത്മകത മാത്രം ഉള്‍കൊളളുന്നതാണ്. അതായത് മുസ്ലീങ്ങള്‍ക്കെതിരായ നീക്കത്തിന്റെ പ്രതീകം മാത്രം: ഉമര്‍ ഖാലിദ്
കുറ്റക്കാരാണെന്ന് തെളിയിക്കപ്പെട്ടവര്‍ പോലും പൊതു സമൂഹത്തില്‍ പേടി കൂടാതെ ഇറങ്ങി നടക്കുമ്പോഴും നാല് വര്‍ഷമായി തടവറയുടെ ഇരുട്ടില്‍ വിചാരണ തടവുകാരനായി ജീവിക്കുകയാണ് ഉമര്‍ ഖാലിദ് എന്ന ഗവേഷക വിദ്യാര്‍ത്ഥി. അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെയും തന്റെ സ്വത്വത്തിന്റെയും പേരില്‍ അയാളിപ്പോഴും നീതി കാത്തു നില്‍ക്കുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സമയം. സാധാരണ ജനങ്ങള്‍ മുതല്‍ വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളും തുടങ്ങി ജനാധിപത്യത്തിലും മതേരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ തെരുവിലിറങ്ങി പോരാടി. പ്രതിഷേധത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ രണ്ട് ദിവസം അക്ഷരാര്‍ത്ഥത്തില്‍ രാജ്യ തലസ്ഥാനം നിന്ന് കത്തുകയായിരുന്നു.
2020 ഫെബ്രുവരി 23ന് ആരംഭിച്ച ഡല്‍ഹി കലാപത്തില്‍ 53 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ കലാപത്തിലെ മുഖ്യസൂത്രകാരനെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് ഉമറിനെ അതേ വര്‍ഷം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 17ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ നടത്തിയ 17 മിനുറ്റ് നീളുന്ന നീണ്ട പ്രസംഗത്തിന്റെ എഡിറ്റഡ് ഭാഗം ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തിറക്കിയതിന് പിന്നാലെയാണ് ഉമര്‍ ഖാലിദ് രാജ്യത്ത് വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.
ഈ പ്രസംഗം ഡല്‍ഹി കലാപത്തിനുള്ള ആഹ്വാനമാണെന്ന് ആരോപിച്ചായിരുന്നു ഉമറിന്റെ അറസ്റ്റ്. ഉമറിനെ കൂടാതെ 18 പേര്‍ ഡല്‍ഹി കലാപത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്. പിന്നീട് ഉമറിനെതിരെ ചുമത്തിയ കുറ്റങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. ആയുധം കൈവശം വയ്ക്കല്‍ നിയമം, യുഎപിഎ, കൊലപാതകം, വധശ്രമം, രാജ്യദ്രോഹം, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തല്‍, തീവ്രവാദ പ്രവര്‍ത്തനം, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കല്‍ തുടങ്ങിയ നിരവധി വകുപ്പുകളാണ് ഒരു ഗവേഷക വിദ്യാര്‍ത്ഥിക്ക് മേല്‍ പൊലീസ് ചുമത്തിയത്. എന്നാല്‍ അന്ന് ആദ്യമായിരുന്നില്ല ഉമര്‍ ഖാലിദ് ഭരണകൂടത്തിന്റെ കണ്ണിലെ കരടാകുന്നത്. 2016ല്‍ ജെഎന്‍യുവില്‍ നടത്തിയ പ്രതിഷേധത്തില്‍ രാജ്യദ്രോഹികള്‍ എന്ന് മുദ്ര കുത്തി ഉമര്‍ ഖാലിദിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യം രണ്ട് കേസുകളായിരുന്നു ഉമര്‍ ഖാലിദിന്റെ പേരിലുണ്ടായിരുന്നത്. കലാപത്തിനിടയിലെ കല്ലേറ് കേസില്‍ കുറ്റ വിമുക്തനായെങ്കിലും കലാപത്തിന്റെ ആസൂത്രകനെന്ന നിലയില്‍ ഇപ്പാഴും വിചാരണപോലും തുടങ്ങാത്ത കേസില്‍ ഉമര്‍ ജയിലില്‍ കഴിയുകയാണ്. നാല് വര്‍ഷത്തിനിടയില്‍ ജാമ്യത്തിന് വേണ്ടി ഉമര്‍ കയറാത്ത കോടതികളില്ല. കീഴ്കോടതി മുതല്‍ സുപ്രീം കോടതിക്ക് മുന്നില്‍ വരെ ഉമറിന്റെ ജാമ്യാപേക്ഷ എത്തിയിട്ടുണ്ട്. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയും മാറ്റിവെച്ചും വീണ്ടും വീണ്ടും ആ ഗവേഷക വിദ്യാര്‍ത്ഥിയോട് അനീതി കാണിക്കുകയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയെന്നും ആക്ഷേപങ്ങളുണ്ട്. സുപ്രീം കോടതി 14 തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ മാറ്റി വെച്ചത്.
2023 ലാണ് ഉമര്‍ ആദ്യമായി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. അവസാനം 14-ാം തവണയും സുപ്രീം കോടതി ജാമ്യാപേക്ഷ മാറ്റിവെച്ചതിന് പിന്നാലെ ഉമര്‍ തൻ്റെ ജാമ്യാപേക്ഷ പിന്‍വലിച്ച് വിചാരണക്കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ മെയ് മാസത്തില്‍ ഡല്‍ഹി കോടതി വീണ്ടും ജാമ്യ ഹര്‍ജി തള്ളി, നിലവില്‍ ഒരിക്കല്‍ കൂടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച ഉമറിന്റെ ജാമ്യ ഹര്‍ജി അടുത്ത മാസം ഏഴിന് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടയില്‍ 2022 ഡിസംബറില്‍ ഏഴ് ദിവസം സഹോദരിയുടെ വിവാഹത്തിന് ഒരാഴ്ചത്തെ പരോള്‍ ലഭിച്ചപ്പോഴും കോടതികളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെയുമാണ് ഉമര്‍ പുറം ലോകത്തെ കണ്ടിരുന്നത്. ഓരോ തവണയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇത്തവണയെങ്കിലും താന്‍ പരിഗണിക്കപ്പെടുമെന്ന് ഉമര്‍ ആഗ്രഹിച്ചിട്ടുണ്ടാകും, സ്വപ്നം കണ്ടിട്ടുണ്ടാകും. ഇതേ പ്രതീക്ഷയോടെ അയാള്‍ അടുത്ത മാസവും ഹൈക്കോടതിയിലെത്തും. വിധിയെന്തായാലും സ്വീകരിക്കാമെന്ന പാകപ്പെടലോടെ.