യെച്ചൂരി... സമര പോരാട്ടങ്ങളിലെ സിപിഐഎമ്മിൻ്റെ ജനകീയ മുഖം

പാർലമെന്റേറിയനായിരുന്ന 12 വർഷക്കാലയളവിൽ ബിജെപി ഭരണകൂടത്തിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ശബ്ദമായത് യെച്ചൂരിയായിരുന്നു

വിജു കൃഷ്ണൻ
3 min read|13 Sep 2024, 02:56 pm
dot image

സിപിഐഎമ്മിന്റെ ഏറ്റവും ജനപ്രിയ മുഖമായിരുന്നു സഖാവ് സീതാറാം യെച്ചൂരിയുടേത്. കഴിഞ്ഞ ഒരുദശാബ്ദത്തോളമായി കോർപ്പറേറ്റ്, വർഗീയ, ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തിൻ്റെ നിശിത വിമർശകൻ കൂടിയായിരുന്നു അദ്ദേഹം. എസ്എഫ്ഐയിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അധഃസ്ഥിതരുടെ ഉന്നമനത്തിന്ന് വേണ്ടി എന്നും സമർപ്പിക്കപ്പെട്ടതായിരുന്നു.

1970കളിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു യെച്ചൂരി എന്ന രാഷ്ട്രീയനേതാവിനെ പരുവപ്പെടുത്തിയത്. വിയറ്റ്നാമിലെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തകർച്ച, പലസ്തീൻ ലിബറേഷൻ മൂവ്മെൻ്റ് അടക്കമുളള പല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും അക്കാലത്ത് യെച്ചൂരിയെ സ്വാധീനിച്ചിരുന്നു. അടിയന്തിരാവസ്ഥ കാലത്തെ പ്രവർത്തനങ്ങൾ യെച്ചൂരിയെന്ന പൊതുപ്രവർത്തകനെ രൂപപ്പെടുത്തി. അതിന് ശേഷം അടുപ്പിച്ച് മൂന്ന് തവണ ജെൻഎൻയു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ റെക്കോർഡും ആർക്കും മറികടക്കാനായിട്ടില്ല. എസ്എഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനം അലങ്കരിച്ച യെച്ചൂരി വെറും മുപ്പത്തിരണ്ടാം വയസിലാണ് സിപിഐഎമ്മിൻ്റെ സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ശേഷം 1984ൽ സെൻട്രൽ സെക്രട്ടേറിയറ്റിലേക്കും 1992ൽ പതിനാലാം പാർട്ടി കോൺഗ്രസിൽ വെച്ച് പൊളിറ്റ് ബ്യൂറോയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

സോഷ്യലിസത്തിന്റെ ഭാവിയെപ്പറ്റിയും, സോവിയറ്റ് യൂണിയൻ തകർച്ചയെപ്പറ്റിയും ചൂടേറിയ ചർച്ചകൾ നടക്കുന്ന സമയത്ത് പ്രത്യയശാസ്ത്രപരമായി അതിനെ വിശദീകരിക്കുന്നതിൽ യെച്ചൂരിയുടെ സംഭാവന എടുത്ത് പറയേണ്ടതാണ്. അക്കാലത്ത് യെച്ചൂരി തന്റെ ആശയപരമായ കൃത്യത കൊണ്ട് കൂടുതൽ കണിശതയുള്ള നിലപാടുകൾ സ്വീകരിച്ചു. പിന്നീട് രാജ്യത്തെ ഹിന്ദുത്വ ശക്തികൾ ഭരണാധികാരത്തിലേയ്ക്ക് വന്ന ഘട്ടത്തിൽ ഫാസിസത്തിനെതിരെ ശക്തമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. ഹിന്ദുത്വത്തിനെതിരെയും, നിയോലിബറൽ സാമ്പത്തിക ആശയങ്ങൾക്കെതിരെയുമുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രസംഗങ്ങളും വലിയ പ്രാധാന്യത്തോടായാണ് രാജ്യം കണ്ടത്. രാജ്യത്ത് പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ കൂട്ടുകക്ഷി മന്ത്രിസഭകൾ അധികാരത്തിൽ വന്നപ്പോഴെല്ലാം അതിനെ കൂട്ടിയോജിപ്പിക്കുന്നതിൽ യെച്ചൂരി വഹിച്ച പങ്ക് ചരിത്രമാണ്.

രാജ്യസഭാംഗമായിരുന്ന 12 വർഷക്കാലയളവിൽ ബിജെപി ഭരണകൂടത്തിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ശബ്ദമാകാൻ യെച്ചൂരിക്ക് സാധിച്ചിരുന്നു. വിവാദ കർഷക ബില്ലുകൾക്കെതിരെ കർഷകരെ സംഘടിപ്പിക്കുകയും, കോർപ്പറേറ്റ് ശക്തികൾക്ക് സഹായകരമായിരുന്ന കർഷക നിയമങ്ങൾ പിൻവലിപ്പിക്കുന്നതിനായി രാജ്യമെങ്ങും ഉയർന്നുവന്ന കർഷക-തൊഴിലാളി പ്രതിഷേധങ്ങളുടെ നേതൃശബ്ദമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ പോരാട്ട വീര്യം എന്നും ഓർക്കപ്പെടേണ്ടതാണ്. രാജ്യം നേരിട്ട നിരവധി പ്രതിസന്ധികളിൽ എന്നും ഒരു പ്രതിഷേധ ശബ്ദമായി യെച്ചൂരിയുണ്ടായിരുന്നു.

വ്യക്തിപരമായി, യെച്ചൂരിയുമായി എനിക്ക് മൂന്നാണ്ട് കാലത്തെ ബന്ധമാണുള്ളത്. 1995ൽ ജെഎൻയുവിൽ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്. രാഷ്ട്രീയ സാഹചര്യങ്ങളുടെ കൃത്യമായ വിവരണം, സരസമായ സംസാരശൈലി കലർത്തിയാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. അദ്ദേഹം പ്രസംഗം എങ്ങനെ തുടങ്ങുമെന്ന് പോലും ഞങ്ങൾക്ക് ഊഹിക്കാമായിരുന്നു. ആദ്യം ഏത് ഭാഷയിൽ വേണം പ്രസംഗമെന്ന് ചോദിക്കും, ശേഷം വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ഓർമ്മകൾ പറയും, പിന്നീട് അടിയന്തിരാവസ്ഥ കാലത്തിലേക്ക്. ജെഎൻയുവിലെ ഹോസ്റ്റൽ കാലഘട്ടം വരെ പ്രസംഗത്തിലുണ്ടാകും. അങ്ങനെ പതിയെ ഗൗരവമേറിയ രാഷ്ട്രീയ പ്രസംഗങ്ങളിലേക്ക് കടക്കും മുൻപേയുള്ള അദ്ദേഹത്തിന്റെ സ്ഥിരം പാറ്റെർണാണ്. വരേണ്യ രാഷ്ട്രീയത്തിനെയും, ജാതീയമായ അടിച്ചമർത്തലുകളെയും നഖശിഖാന്തം എതിർത്ത യെച്ചൂരിയുടെ പ്രസംഗങ്ങളിൽ ലോകകാര്യങ്ങളും, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവുമെല്ലാം കടന്നുവരും. കടുപ്പമുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ ഏറെ ലളിതമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്.

അദ്ദേഹവുമായി നിരവധി തവണ പല പ്രശ്‌നങ്ങൾ ചർച്ചചെയ്യുകയോ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കൂടിയും സംവാദങ്ങളിൽ അദ്ദേഹം എപ്പോഴും എല്ലാവരുമായും ഊഷ്മളമായ പെരുമാറുന്നതായിരുന്നു സഖാവിൻ്റെ ശൈലി. അദ്ദേഹവുമായുള്ള എന്റെ അവസാനത്തെ കൂടിക്കാഴ്ച നാഗാ ജനങ്ങൾക്ക് വേണ്ടിയായിരുന്നു. അവിടെ സമാധാനം പുനഃസ്ഥാപിക്കേണ്ട പ്രക്രിയയ്ക്കായി പ്രതിപക്ഷത്തെ ഒന്നിച്ചുനിർത്തുമെന്നും, മോദിയുടെ അവകാശവാദങ്ങൾക്കെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ കടമ ബാക്കിയാക്കി അദ്ദേഹം പോയി. പ്രിയപ്പെട്ട സഖാവെ, നിങ്ങൾക്ക് റെഡ് സല്യൂട്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us