രാജ്യമൊന്നാകെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ യെച്ചൂരിയൂടെ വേര്‍പാടില്‍ വേദനിക്കുകയാണ്. യെച്ചൂരിയുടെ വേർപാടിൻ്റെ വിവരം ഒരു പക്ഷെ ഏറ്റവും ഹൃദയവേദനനയോടെ കേട്ട ഒരാൾ വി എസ് ആയിരിക്കും. വിട വാങ്ങിയത് വി.എസിന്റെ സ്വന്തം സഖാവാണ്. 29 വര്‍ഷത്തിന്റെ പ്രായവ്യത്യാസത്തെ മറികടക്കുന്ന ആശയ അടുപ്പവും പരസ്പര ബഹുമാനവും കാത്തുസൂക്ഷിച്ചവരായിരുന്നു വി.എസും യെച്ചൂരിയും. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഈ സഖാക്കള്‍ പുലര്‍ത്തിയ രാഷ്ട്രീയഅടുപ്പം സമാനതകളിലില്ലാത്തതാണ്.
കേരളാ പാര്‍ട്ടിയിലെ പിണറായി പക്ഷം തനിക്കെതിരെ വാളെടുത്തുപ്പോഴെല്ലാം തരിമ്പും പതറാതെ നില്‍ക്കാന്‍, ഉള്ളിലെ വിപ്ലവവീര്യത്തോടൊപ്പം ദല്‍ഹിയിലെ യെച്ചൂരിയും വി എസിന് കരുത്തായിരുന്നു. സംസ്ഥാന സിപിഐഎമ്മില്‍ വിഭാഗീയത കൊടികുത്തി വാണ കാലത്തും വി എസിനെ അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം നടത്താന്‍ യെച്ചൂരിയ്ക്കും കഴിഞ്ഞിരുന്നു. ജനറല്‍ സെക്രട്ടറി ആയ കാലത്തും അതിന് മുമ്പും വി എസായിരുന്നു കേരളത്തിലെ യെച്ചൂരിയുടെ പ്രിയ സഖാവ്. പാര്‍ട്ടിയുടെ ഭാവി നേതൃത്വമായി യെച്ചൂരിയെ വിഎസും പരിഗണിച്ചിരുന്നു.
യെച്ചൂരി എസ്എഫ്ഐയിലൂടെ പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന കാലത്ത് കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന നേതാവായിരുന്നു വി എസ്. സമൂഹത്തിൻ്റെ അടിത്തട്ടുകളില്‍ പ്രവര്‍ത്തിച്ചുയര്‍ന്നു വന്ന നേതാക്കളെ താന്‍ നെഞ്ചേറ്റിയ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളായിട്ടായിരുന്നു യെച്ചൂരി കണ്ടത്. അതുകൊണ്ട് തന്നെ വി.എസിനെ വലിയ മാതൃകയായാണ് യെച്ചൂരി എക്കാലവും കണ്ടത്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് സ്ഥാനാര്‍ത്ഥിയാകുന്നതിലും മുഖ്യമന്ത്രിയാകുന്നതിലും യെച്ചൂരിയുടെ പിന്തുണ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് അദ്ദേഹം സ്വീകരിച്ച നടപടികള്‍ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനെയും പാര്‍ട്ടിയെയും ചൊടിപ്പിച്ചപ്പോഴും യെച്ചൂരിയുടെ വി എസ് പിന്തുണ മാറ്റമില്ലാതെ തുടര്‍ന്നു. വി.എസിന്റെ പ്രകൃതിസംരക്ഷണ കാഴ്ചപ്പാടുകളോട് യെച്ചൂരിയ്ക്കുണ്ടായിരുന്ന സമാനമനസ് കൂടിയായിരുന്നു അതിന് കാരണമെന്നും വിലയിരുത്തലുകളുണ്ട്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുമ്പോഴും താന്‍ കണ്ട അനീതികള്‍ക്കെതിരെ പ്രതിപക്ഷവീര്യത്തോടെ പോരാടിയ വി എസിനെ നിറഞ്ഞ ബഹുമാനത്തോടെയാണ് യെച്ചൂരി സമീപിച്ചിരുന്നത്.
പിന്നീട് 2015ല്‍ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ വി എസിനെതിരെ കേന്ദ്ര നേതൃത്വം അച്ചടക്ക നടപിടിയിലേയ്ക്ക് പോകാതിരുന്നതിന് പിന്നിൽ യെച്ചൂരിയുടെ നിലപാടും ഇടപെടലുകളുമായിരുന്നു. അഭിപ്രായഭിന്നതകളെയും അച്ചടക്ക ലംഘനങ്ങളെയും ജനാധിപത്യപരമായി വേണം മനസിലാക്കാനും നടപടികള്‍ സ്വീകരിക്കാനുമെന്നായിരുന്നു യെച്ചൂരിയുടെ പക്ഷം. വി എസ് പാര്‍ട്ടി വിടുമോ എന്ന ആശങ്കളെ ദുരീകരിക്കുന്നതില്‍ വി.എസുമായി യെച്ചൂരി നടത്തിയ സംഭാഷണങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു.
2016ലാണ് യെച്ചൂരിയുടെ ദീര്‍ഘവീക്ഷ്ണത്തോടെയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ പാര്‍ട്ടിയ്ക്ക് മുന്‍പില്‍, ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചോദ്യം ചങ്കിടിപ്പോടെ എത്തി. അന്ന്, 2000ങ്ങളില്‍ തുടങ്ങിയ വിഭാഗീയതയുടെ തീയും പുകയും വീണ്ടും ഉയരുമെന്ന ഭയപ്പാടിനെ പിണറായിയെയും വി എസിനെയും ഇരുപുറവുമിരുത്തി ഒരു വാര്‍ത്ത സമ്മേളനത്തില്‍ യെച്ചൂരി പരിഹരിച്ചു.
പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തോട് വി.എസ് തര്‍ക്കങ്ങളില്ലാതെ സമ്മതം മൂളിയത് യെച്ചൂരിയുടെ ഇടപെടലിലൂടെയായിരുന്നു. ആ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞ വാക്കുകള്‍ വി.എസിന്റെ ഇടതുപക്ഷ രാഷ്ട്രീയജീവിതത്തെ ഏറ്റവും മനോഹരമായി രേഖപ്പെടുത്തുന്നതായിരുന്നു. 'കേരളത്തിന്റെ ഫിദല്‍ കാസ്ട്രോയാണ് വി.എസ്. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ പടക്കുതിര. അദ്ദേഹം എന്നെന്നും പാര്‍ട്ടിയുടെ വഴികാട്ടിയായിരിക്കും,' എന്നായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍.
'കേരളത്തിന്റെ ഫിദല്‍ കാസ്ട്രോയാണ് വി.എസ്. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ പടക്കുതിര. അദ്ദേഹം എന്നെന്നും പാര്‍ട്ടിയുടെ വഴികാട്ടിയായിരിക്കും,' എന്നായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍
ഇരുവരും പിന്തുടര്‍ന്ന പ്രത്യയശാസ്ത്ര-പ്രായോഗിക അടുപ്പം സി.പി.ഐ.എമ്മിന്റെ ദേശീയതലങ്ങളിലും പ്രതിഫലിച്ചു. കേരളത്തിലെ പാര്‍ട്ടി കാരാട്ടിന്റെ ദല്‍ഹി പക്ഷത്തിനൊപ്പമായിരുന്നപ്പോള്‍ വി.എസ് യെച്ചൂരിയുടെ ബംഗാള്‍ പക്ഷത്തിനൊപ്പമായിരുന്നു. 1992ല്‍ യെച്ചൂരി തയ്യാറാക്കിയ പ്രത്യയശാസ്ത്രരേഖയ്ക്കുമേല്‍ വലിയ ചര്‍ച്ചകള്‍ നടന്നപ്പോഴും യെച്ചൂരിയുടെ കാഴ്ചപ്പാടിനും നിലപാടുകള്‍ക്ക് പിന്തുണ നല്‍കാന്‍ വി എസ് ഉണ്ടായിരുന്നു. പലപ്പോഴും പിബിയിലെ വി എസ് പക്ഷം എന്ന വിശേഷണം സീതാറാമിന് ചാർത്തി കിട്ടുന്ന അവസരങ്ങളുമുണ്ടായി. ഈ നിലയിൽ വി എസിൻ്റെ പ്രിയ സഖാവായിരുന്നു യെച്ചൂരി, തിരിച്ച് സീതാറാമിനും പ്രിയപ്പെട്ടവനായിരുന്നു വിഎസ്.