വര്‍ഗീയതയ്‌ക്കെതിരെ മതേതരപാര്‍ട്ടികളെ ഒരുകുടക്കീഴിലാക്കിയ യെച്ചൂരി

മതേതര, ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍പ്പിടിക്കുന്നതിന് മുന്നില്‍ നിന്നിരുന്ന സീതാറാമിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമല്ല, ജനാധിപത്യ രാഷ്ട്രം സ്വപ്‌നം കാണുന്നവര്‍ക്കാകെ ഒരുപോലെ നഷ്ടമാണ്

രതിമോൾ വി കെ
1 min read|13 Sep 2024, 11:12 am
dot image

ഇടതുപക്ഷ പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ സീതാറാം യെച്ചൂരിയെന്ന വിപ്ലവയുഗം അവസാനിച്ചിരിക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തെ ചേര്‍ത്തുപിടിച്ച് സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയെ എതിര്‍ത്തവരെയെല്ലാം യെച്ചൂരി ഒരുകുടക്കീഴില്‍ അണിനിരത്തി. 1996 ല്‍ ഐക്യമുന്നണി സര്‍ക്കാരിന്റെ രൂപീകരണത്തില്‍ വിവിധപാര്‍ട്ടികളെ ഒന്നിച്ചണിനിരത്തിയതില്‍ യെച്ചൂരിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. പിന്നീട് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇന്‍ഡ്യാ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരി നിര്‍ണായക പങ്കുവഹിച്ചു. ബിജെപിക്കെതിരെ സമരമുഖത്തുള്ള കോണ്‍ഗ്രസ്, എസ്പി, ഡിഎംകെ, ആര്‍ജെഡി, ആംആദ്മി പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായിരുന്നു യെച്ചൂരി. മതേതര, ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍പ്പിടിക്കുന്നതിന് മുന്നില്‍ നിന്നിരുന്ന സീതാറാമിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമല്ല, ജനാധിപത്യ രാഷ്ട്രം സ്വപ്‌നം കാണുന്നവര്‍ക്കാകെ ഒരുപോലെ നഷ്ടമാണ്.

ഇടത് രാഷ്ട്രീയത്തെ ചേര്‍ത്തുപിടിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെയാണ് മറ്റ് പാര്‍ട്ടികളുമായി സമരസപ്പെട്ടുപോകാന്‍ കഴിയുക എന്ന് തോന്നാം. അവിടെയാണ് യെച്ചൂരിയെന്ന ജനകീയ കമ്മ്യൂണിസ്റ്റ് നേതാവ് വ്യത്യസ്തനാകുന്നത്. ഇന്ത്യ എന്ന മതേതര രാജ്യത്തിന് ഭീഷണിയാകുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുമായി സഹകരിക്കാം എന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്. ഇന്‍ഡ്യാ മുന്നണിയുടെ രൂപീകരണത്തില്‍ വരെ എത്തിയത് സീതാറാം യെച്ചൂരിയുടെ ആ നിലപാടാണ്.

ബിജെപി കൂടുതല്‍ കരുത്താര്‍ജിച്ച തൊണ്ണൂറുകള്‍. അന്ന് സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നത് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്. ബിജെപിയെ എതിര്‍ക്കുന്ന ദേശീയവും പ്രാദേശികവുമായ പാര്‍ട്ടികളെ ഒന്നിച്ചണിനിരത്താന്‍ അന്ന് ഹര്‍കിഷന്‍ സിംഗ്, അദ്ദേഹത്തിന്റെ വലംകൈ കൂടിയായ ഒരാളെ ഏര്‍പ്പെടുത്തി. പൊളിറ്റി ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയെ. തന്നെ ഏല്‍പിച്ച ജോലി യെച്ചൂരി ഭംഗിയായി നിര്‍വഹിച്ചു. ബിജെപിക്കെതിരെ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തി. എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായി.

ബിജെപി സര്‍ക്കാരിനെതിരെ 2004 ല്‍ യുപിഎ മുന്നണി രൂപീകരിച്ച കാലം. അന്നും ബിജെപി വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളെ അണിനിരത്താന്‍ ഹര്‍കിഷന്‍ സിംഗ് ചുമതലപ്പെടുത്തിയത് സീതാറാം യെച്ചൂരിയെ ആയിരുന്നു. ഹര്‍കിഷന് സോണിയാ ഗാന്ധിയുമായുള്ള അടുത്ത ബന്ധം പിന്നീട് സീതാറാമിലേയ്ക്കും വളര്‍ന്നു. അത് രാഹുലുമായുള്ള സൗഹൃദത്തിലെത്തി. ഇന്ത്യയെ മതേതര രാഷ്ട്രമാക്കി നിലനിര്‍ത്താനും ബിജെപിയെ താഴെയിറക്കാനും രൂപീകരിച്ച ഇന്‍ഡ്യാ മുന്നണിയുടെ രൂപീകരണത്തിന് യെച്ചൂരി പൂര്‍ണപിന്തുണ നല്‍കി. ഇന്ത്യയുടെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കണം പ്രതിപക്ഷ മുന്നണി എന്ന ആശയം സീതാറാം യെച്ചൂരി മുന്നോട്ടുവച്ചു. ഈ ആശയത്തെയാണ് രാഹുല്‍ മുന്നണിയുടെ പേരായി നിര്‍ദേശിച്ചത്. അങ്ങനെ ബിജെപിക്ക് ഒത്ത എതിരാളിയായി ഇന്‍ഡ്യാ മുന്നണി രൂപംകൊണ്ടു. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇന്‍ഡ്യാ മുന്നണിയെ എതിര്‍ത്തപ്പോള്‍ രാജ്യത്തിന്റെ ബഹുസ്വരത ഉയര്‍ത്താന്‍ ഇന്‍ഡ്യാ മുന്നണി വേണമെന്ന നിലപാടായിരുന്നു സീതാറാം യെച്ചൂരി സ്വീകരിച്ചത്. ഇന്‍ഡ്യാ മുന്നണിയുടെ യോഗങ്ങളില്‍ യെച്ചൂരി സാന്നിധ്യമറിയിച്ചു.

ബിജെപിയെ എതിര്‍ക്കുന്നതില്‍ മുന്നിട്ടുനിന്ന പാര്‍ട്ടികളോടെല്ലാം അനുഭാവ നിലപാടാണ് യെച്ചൂരി സ്വീകരിച്ചത്. കോണ്‍ഗ്രസ്, ആംആദ്മി, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, അടക്കമുള്ള പാര്‍ട്ടികളോട് ചേര്‍ന്നുനിന്നു. അതില്‍ പശ്ചിമ ബംഗാളില്‍ സിപിഐഎം ഭരണം അവസാനിപ്പിച്ച മമത ബാനര്‍ജിയോട് മാത്രമാണ് യെച്ചൂരിക്ക് ഒത്തുപോകാന്‍ കഴിയാതിരുന്നത്. എന്നാല്‍ കണ്ടപ്പോഴൊന്നും യെച്ചൂരി മുഖം തിരിച്ചിട്ടില്ല. സിപിഐഎമ്മിന്റെ പ്രത്യയ ശാസ്ത്രത്തില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കുര്‍ ഭട്ടാചാര്യയുമായി അടുത്ത ബന്ധമായിരുന്നു യെച്ചൂരി പുലര്‍ത്തിയത്. നേപ്പാളിലെ മാവോയിസ്റ്റുകളുമായും യെച്ചൂരി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നേപ്പാളില്‍ രാജഭരണം അവസാനിപ്പിക്കുന്നതിനും മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാനും യെച്ചൂരി നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിനോട് അനുഭാവ നിലപാടാണെങ്കിലും നരസിംഹറാവുവിനോട് യെച്ചൂരി മുഖം തിരിച്ചൊരു സംഭവമുണ്ട്. 1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായി. അന്ന് തന്റെ മന്ത്രിസഭയില്‍ സാമൂഹിക, രാഷ്ട്രീയ അവബോധമുള്ള ആള്‍ മന്ത്രിയായി വേണമെന്ന് റാവു ആഗ്രഹം പ്രകടിപ്പിച്ചു. അതിന് റാവുവിന്റെ മനസിലുണ്ടായിരുന്നത് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയായിരുന്നു. തന്റെ ആഗ്രഹവുമായി ഒരു ദൂതനെ റാവു യെച്ചൂരിയുടെ അടുത്തേയ്ക്ക് അയച്ചു. എന്നാല്‍ കേട്ടപാടെ യെച്ചൂരി അതിനെ തള്ളി. സിപിഐഎം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് റാവുവിന് അറിയാമെന്നും തന്റെ മന്ത്രിയാക്കാമെന്ന് പറഞ്ഞത് തമാശയെന്നുമായിരുന്നു യെച്ചൂരി ദൂതന് മറുപടി നല്‍കിയത്. മന്ത്രിസ്ഥാനം മോഹിച്ചല്ല രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയതെന്നും യെച്ചൂരി നിലപാട് വ്യക്തമാക്കി. ധീരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ വ്യക്തവും കൃത്യവുമായ നിലപാടായിരുന്നു അത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us