കെജ്‍രിവാളിന്‍റെ രാജി അഗ്നിപരീക്ഷയിലേക്കുള്ള വഴി മാത്രമല്ല,നാടകാന്തം കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റോ?

മദ്യനയ അഴിമതിക്കേസില്‍ നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും പാര്‍ട്ടിയുടെ വിദൂരഭാവിക്ക് തങ്ങളുടെ നിരപരാധിത്വം ജനങ്ങളെ ബോധിപ്പിച്ചേ മതിയാകൂ എന്ന് എഎപിക്ക് നന്നായി അറിയാം. .

ഐഷ ഫർസാന
8 min read|16 Sep 2024, 07:09 am
dot image

പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ രാജി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ആറ് മാസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് രണ്ടാം ദിവസമാണ് കെജ്‌രിവാളിന്റെ വിവാദ പ്രഖ്യാപനം ഉണ്ടായത്, ഡല്‍ഹിക്കപ്പുറം ദേശീയതലത്തില്‍ കൂടി വലിയ ചര്‍ച്ചകളിലേക്ക് വഴിവച്ച നീക്കം. കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്തായിരിക്കും ഇനി ഡല്‍ഹി രാഷ്ട്രീയത്തില്‍ സംഭവിക്കുക? ആം ആദ്മി പാര്‍ട്ടിയുടെ ഈ നീക്കം എന്ത് ലക്ഷ്യത്തിലേക്കാണ്?

എന്താണ് കെജ്‌രിവാള്‍ പറഞ്ഞത്

തനിക്ക് കോടതിയില്‍ നിന്നും നീതി ലഭിച്ചുവെന്നും എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള നീതിയാണ് ഇനിയാവശ്യമെന്നുമായിരുന്നു ചടങ്ങില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശം.

'രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം ഞാന്‍ രാജിവെക്കും. ജനങ്ങള്‍ വിധി പറയാതെ ആ കസേരയില്‍ ഇനി തുടരാനില്ല. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയാണ്. ഇപ്പോള്‍ കോടതിയില്‍ നിന്ന് എനിക്ക് നീതി ലഭിച്ചു. ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള ജാമ്യമാണ്. ജനവിധി പ്രകാരം മാത്രമേ ഇനി മുഖ്യമന്ത്രിക്കസേരയിലിരിക്കൂ. എനിക്ക് ഡല്‍ഹിയിലെ ജനങ്ങളോട് ചോദിക്കാനുള്ളത് ഒന്നേയുള്ളൂ, കെജ്‌രിവാള്‍ കുറ്റക്കാരനാണോ നിരപരാധിയാണോ? നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ വോട്ട് ചെയ്യൂ. ബിജെപി സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങളിലെ മന്ത്രിമാരെ കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയാണ്. അറസ്റ്റിലാക്കപ്പെടുന്നവരോട് രാജിവെച്ച് പിന്മാറരുത് എന്ന് മാത്രമാണ് പറയാനുള്ളത്. ജയിലില്‍ നിന്നും സര്‍ക്കാരിനെ നയിക്കാന്‍ ശ്രമിക്കുക', കെജ്‌രിവാള്‍ പറഞ്ഞു.

ജനാധിപത്യത്തിനായി പോരാടണമെന്നുള്ളതിനാലാണ് രാജിവെക്കാതിരുന്നത്. ജനാധിപത്യത്തെ ബഹുമാനിക്കുന്നുവെന്നും ഭരണഘടനയാണ് തനിക്ക് പ്രധാനമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

എഎപിയുടെ വിശദീകരണം എന്ത് ?

കെജ്‌രിവാള്‍ രാജിവെക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഒരു മുതിര്‍ന്ന എഎപി നേതാവ് പ്രതികരിച്ചത്. (പേര് വെളിപ്പെടുത്താതെയാണ് ഇന്ത്യന്‍ എക്സ്പ്രസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്) ജാമ്യവ്യവസ്ഥകള്‍ മുഖ്യമന്ത്രിയായി തുടരുന്നതിന് വിവിധ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കുന്നതിന് ജാമ്യവ്യവസ്ഥയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒപ്പ് വേണ്ട ഫയലുകള്‍ മാത്രം പരിശോധിക്കാനാണ് അനുമതി. ഇത്തരത്തില്‍ മുഖ്യമന്ത്രിയായി തുടരുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നതിന് പ്രയാസമുണ്ടാക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഭാവിയേയും ഇത് പ്രതികൂലമായി ബാധിച്ചേക്കും. നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട ചെയ്തു. ഇതിനു പിന്നാലെ പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണവുമായി അതിഷി മര്‍ലേന രംഗത്തെത്തി.

'ഇന്ത്യൻ ജനാധിപത്യത്തിൽ മാത്രമല്ല, ലോക ജനാധിപത്യത്തിൽ ഇന്ന് ചരിത്രദിനമായി പ്രഖ്യാപിക്കപ്പെടും. 'എന്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്യുക, അല്ലെങ്കിൽ എനിക്ക് വേണ്ടി നിങ്ങൾ വോട്ട് ചെയ്യേണ്ടതില്ല' എന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് പറയാൻ കെൽപ്പുള്ള മറ്റൊരു നേതാവ് രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടുണ്ടാകാൻ ഇടയില്ല. അദ്ദേഹത്തിന്റെ തീരുമാനത്തെ മനസിലാകണമെങ്കിൽ കെജ്‌രിവാൾ എന്ന വ്യക്തി ആരാണെന്ന് അറിഞ്ഞിരിക്കണം. കെജ് രിവാളിന് സഹിക്കാനാകാത്ത ഒന്നുണ്ടെങ്കിൽ അത് അഴിമതിയും, സത്യസന്ധതയില്ലായ്മയും, പൊതുജനത്തിന്റെ പണം സ്വന്തം കീശ നിറയ്ക്കാനെടുക്കുന്നതുമാണ്. അഴിമതിക്ക് എതിരെ പോരാടാനുറച്ച് എല്ലാം ഉപേക്ഷിച്ച് മുന്നോട്ടുവന്ന വ്യക്തിയെ സംബന്ധിച്ച് അഴിമതി ആരോപണങ്ങൾ നേരിടേണ്ടി വരുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മാനസിക പ്രയാസങ്ങളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ.
അദ്ദേഹത്തിന് എങ്ങനെയാണ് രാത്രിയിൽ ഉറങ്ങാനാവുക?, അതിഷി പറഞ്ഞു.

' ഞാൻ ജനങ്ങളുടെ കോടതിയിൽ അ​ഗ്നിപരീക്ഷയ്ക്കിറങ്ങുകയാണ്. ജനങ്ങളുടെ കോടതിയിലെ അ​ഗ്നിപരീക്ഷയിൽ വിജയിച്ചാൽ, ഞാൻ മുഖ്യമന്ത്രി കസേരയിലിരിക്കും. എന്റെ ഭാഗത്ത് സത്യമുണ്ടെങ്കില്‍ എനിക്ക് വോട്ട് ചെയ്യുക, അല്ലെങ്കില്‍ എനിക്ക് വേണ്ടി നിങ്ങള്‍ വോട്ട് ചെയ്യേണ്ടതില്ല' എന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് പറയാന്‍ കെല്‍പ്പുള്ള മറ്റൊരു നേതാവ് രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെയുണ്ടായിട്ടില്ലെന്ന് എഎപി നേതാക്കള്‍ ഊന്നിപ്പറയുന്നുണ്ട്. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ധാര്‍മിക നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

അഗ്നിശുദ്ധി വരുത്തി തിരിച്ചെത്താനുള്ള നീക്കമോ?

പാര്‍ട്ടിയും കെജ്‍രിവാളും പറഞ്ഞുവെക്കുന്നത് സ്ഥാനത്യാഗം ചെയ്യുന്നത് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്താനാണ് എന്നാണ്. ജനങ്ങളുടെ കോടതിയിലാണ് താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്തേണ്ടതെന്നാണ് ജാമ്യം അനുവദിച്ചുള്ശ സുപ്രീംകോടതി വിധിക്കു പിന്നാലെ കെജ്‍രിവാള്‍ പ്രതികരിച്ചത്.

'ഞാൻ ജനങ്ങളുടെ കോടതിയിൽ അ​ഗ്നിപരീക്ഷയ്ക്കിറങ്ങുകയാണ്. ജനങ്ങളുടെ കോടതിയിലെ അ​ഗ്നിപരീക്ഷയിൽ വിജയിച്ചാൽ, ഞാൻ മുഖ്യമന്ത്രി കസേരയിലിരിക്കും'. കെജ്‌രിവാൾ പറഞ്ഞു.

കെജ്‍രിവാളിന്‍റെ പ്രതിഛായയ്ക്ക് കോട്ടം തട്ടിയിട്ടുണ്ടെന്ന ബിജെപി വിമർശനത്തെ നേരിടാനുള്ള മാര്‍ഗമെന്ന നിലയില്‍ ഇതിനെ നോക്കിക്കാണാവുന്നതാണ്. ജനങ്ങളാണ് ജനാധിപത്യത്തിന്‍റെ അവസാനവാക്കെന്ന ആദര്‍ശത്തിലൂന്നി വീണ്ടുമൊരു അഗ്നിപരീക്ഷയ്ക്കാണ് കെജ്‍രിവാള്‍ തയ്യാറാകുന്നതെന്ന് വ്യക്തം. പക്ഷേ, അതുമാത്രമാണോ കാരണം....!

രാഷ്ട്രീയപ്രതിസന്ധി മുതല്‍ വ്യക്തിതാല്പര്യം വരെ നീളുന്ന പട്ടിക

രാജി പ്രഖ്യാപനത്തിന് പിന്നില്‍ എഎപിയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ മാത്രമല്ല കെജ്‍രിവാളിന്‍റെ വ്യക്തി താത്പര്യങ്ങളുമുണ്ടെന്ന ചര്‍ച്ചകളും സജീവമാണ്. ഉള്‍പ്പാര്‍ട്ടി പോര് പല ഘട്ടത്തിലും മറനീക്കി പുറത്തുവന്നിട്ടുള്ളതാണ്. കെജ്‍രിവാള്‍ അല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരുകാലത്തും കൃത്യമായി പറയാന്‍ എഎപിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും കെജ്‍രിവാള്‍ എന്ന അച്ചുതണ്ടില്‍ ചുറ്റുന്ന ഗ്രഹമായി പാര്‍ട്ടി പരിമിതപ്പെടുന്നു. ഇനിയൊരു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാലും കെജ്‍രിവാളിന്‍റെ പേരില്‍ മാത്രമാകും പാര്‍ട്ടി അറിയപ്പെടുക. അങ്ങനെ വ്യക്തിതാല്പര്യത്തിനു വേണ്ടി ജനങ്ങളില്‍ സഹതാപ തരംഗം സൃഷ്ടിക്കാനാണ് കെജ്‍രിവാള്‍ രാജി പ്രഖ്യാപനം നടത്തിയത് എന്നതാണ് ഉയരുന്ന ആരോപണങ്ങളില്‍ ഒന്ന്. തങ്ങള്‍ അധികാരത്തിനല്ല മറിച്ച് സാമൂഹിക ധാര്‍മികതയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്ന കെജ്‌രിവാളിന്റെ പരാമര്‍ശം ജനങ്ങളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളാനാവില്ല. അവിടെയും ഏറെ ഗുണം കെജ്‍രിവാളിനാണ്.

ഡല്‍ഹി മദ്യനിരോധന അഴിമതിക്കേസില്‍ മുതിര്‍ന്ന നേതാക്കളെല്ലാം ജയിലിലായത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. അഴിമതിക്കെതിരെ പോരാടാനുറച്ച് സ്ഥാപിതമായ പാര്‍ട്ടിയുടെ എല്ലാ നേതാക്കളും അഴിമതി കേസില്‍ തന്നെ ജയിലിലാക്കപ്പെട്ടത് പാര്‍ട്ടിയെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. പല ഘട്ടത്തിലായി പ്രധാനനേതാക്കളെല്ലാം അതിനുമുമ്പേ തന്നെ പാര്‍ട്ടിയുടെ അധികാരവൃത്തത്തിനു പുറത്തായിരുന്നു. അക്കാരണത്താല്‍ കൂടി കെജ്‍രിവാള്‍ അല്ലാതെ മറ്റാരും പാര്‍ട്ടിക്കൊരു മുഖമായി ഉണ്ടായില്ല. ആ സാഹചര്യത്തിലാണ് കെജ്‍രിവാളിന്‍റെ ഭാര്യ സുനിതയെ പൊതുരംഗത്തേക്കിറക്കാനുള്ള നീക്കം നടന്നത്. കെജ്‌രിവാള്‍ ജയിലിലായിരുന്ന കാലത്ത് പൊതുറാലികള്‍ നടത്തിയും പാര്‍ട്ടി ക്യാമ്പെയിനുകള്‍ നടത്തിയും പൊതുരംഗത്ത് സജീവമായിരുന്നു സുനിത. ഇപ്പോഴും എഎപിയുടെ ഭാവിയില്‍ സുനിതയുടെ സാന്നിധ്യം വലുതായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്ന പാര്‍ട്ടിയുടെ ആവശ്യം പോലും സുനിതയെ കൂടി ജനവിധിയിലൂടെ അധികാരരാഷ്ട്രീയത്തിലേക്കെത്തിക്കാനുള്ള നീക്കമാണോ എന്ന സംശയം ഉയരുന്നുണ്ട്.

നിലവില്‍ ധനകാര്യ വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന മന്ത്രി അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുന്നതിനുള്ള തടസങ്ങള്‍ നീക്കാനാണ് രാജി പ്രഖ്യാപന നാടകമെന്ന വാദങ്ങളും ഉയരുന്നുണ്ട്. ധനം, റവന്യു, നിയമം, വിദ്യാഭ്യാസം, പിഡബ്ല്യുഡി. ജലം തുടങ്ങിയ സുപ്രധാന ചുമതലകളെല്ലാം നിലവില്‍ അതിഷിയാണ് കൈകാര്യം ചെയ്യുന്നത്. ജയിലില്‍ കഴിഞ്ഞിരുന്ന സമയത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് തന്റെ സ്ഥാനത്തുനിന്ന് ത്രിവര്‍ണപതാകയുയര്‍ത്താന്‍ അതിഷിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തെഴുതിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ ആവശ്യം തള്ളിയ ഗവര്‍ണര്‍ ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗെഹ്ലോട്ടിനെയാണ് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അനുമതി നല്‍കിയത്.

ബിജെപിക്കെതിരായ പോരാട്ടം

മദ്യനയ അഴിമതിക്കേസില്‍ നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും പാര്‍ട്ടിയുടെ വിദൂരഭാവിക്ക് തങ്ങളുടെ നിരപരാധിത്വം ജനങ്ങളെ ബോധിപ്പിച്ചേ മതിയാകൂ എന്ന് എഎപിക്ക് നന്നായി അറിയാം. ഡല്‍ഹിയില്‍ പെട്ടെന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നിരന്തര ആക്രമണം, നേതാക്കള്‍ക്കെതിരെയുള്ള കള്ളക്കേസ് ചുമത്തല്‍, ഇഡി വേട്ട തുടങ്ങിയ വിഷയങ്ങള്‍ എഎപിക്ക് തുറുപ്പുചീട്ടാക്കാമെന്ന ദീര്‍ഘവീക്ഷണവും രാജിക്ക് പിന്നിലുണ്ടായേക്കാം. മുഖ്യമന്ത്രി സ്ഥാനത്ത് കെജ്‌രിവാള്‍ തുടരുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിപക്ഷ ചോദ്യങ്ങളും വിമര്‍ശനങ്ങളും വിവാദങ്ങളും ഒഴിവാക്കാനും രാജികൊണ്ടുസാധിക്കുമെന്ന് എഎപി കണക്കുകൂട്ടുന്നുണ്ടാവാം.

വെല്ലുവിളികള്‍, പ്രതീക്ഷകള്‍

ജനഹിതത്തിന് അനുകൂലമായി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്ന നിലപാട് മുന്നോട്ടുവെക്കുമ്പോഴും പാര്‍ട്ടിയുടെ മുഖമായി കെജ്‍രിവാളല്ലാതെ മറ്റൊരു നേതാവില്ലെന്നത് വെല്ലുവിളിയാണ്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടി തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രി അനുയായികള്‍ക്കും വോട്ടര്‍മാര്‍ക്കും ഒരു പോലെ സ്വീകാര്യനായിരിക്കണമെന്നതും അനിവാര്യമാണ്. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ ഈ സാധ്യതയെ തല്ലിക്കെടുത്തുന്നു.

ഉള്‍പാര്‍ട്ടി പോരുണ്ടാകാനുള്ള സാധ്യത കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുതലെടുക്കാനുള്ള സാധ്യതയും പാര്‍ട്ടിക്ക് തള്ളിക്കളയാനാകില്ല. ജയിലില്‍ കഴിഞ്ഞ കാലത്തും ഭരണനിര്‍വഹണം നടത്തിയ കെജ്‌രിവാള്‍, ജാമ്യം ലഭിച്ചതിന് ശേഷം രാജിവെക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയാകാനുള്ള സാധ്യതകളും ഏറെയാണ്. അതിഷി സൂചിപ്പിച്ചത് പോലെ കെജ്‌രിവാളിന്റെ തീരുമാനത്തെ മനസിലാകണമെങ്കില്‍ അദ്ദേഹം ആരാണെന്നും ആരായിരുന്നുവെന്നും അറിയേണ്ടതുണ്ട്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആദായനികുതി കമ്മീഷണര്‍ പദവി രാജിവെച്ച് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് മുന്‍ കാലങ്ങളിലെ സര്‍ക്കാര്‍ നിങ്ങള്‍ക്കു വേണ്ട് എന്തുചെയ്തുവെന്ന് പൊതുജനത്തോട് ഉറക്കെ ചോദിച്ച് അധികാരത്തിലെത്തിയതാണ് കെജ്‌രിവാള്‍.

'നാടകാന്തം' എന്ത് സംഭവിക്കും ?

ബിജെപി കെജ്‌രിവാളിന്റെ നീക്കത്തെ നാടകമെന്ന് മുദ്രകുത്തിക്കഴിഞ്ഞു. 48 മണിക്കൂറിന് ശേഷം രാജിവെക്കുന്നത് എന്തിനാണെന്നും ഇപ്പോള്‍ തന്നെ രാജിവെക്കാത്തത് എന്തുകൊണ്ടാണെന്നുമാണ് ബിജെപിയുടെ ചോദ്യം. സുനിത കെജ്‍രിവാളിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ സമവായം ഉണ്ടാക്കാനാണ് ഈ കാലാവധിയെന്ന് അഭ്യൂഹമുണ്ട്. രാജി പ്രഖ്യാപനം ബിജെപി ആയുധമാക്കുന്നതെങ്ങനെയാണെന്ന് കണ്ടറിയണം. ഡല്‍ഹിയില്‍ കളമുറപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാന്‍ എഎപി പതിനെട്ടടവും പയറ്റുമെന്ന് അവര്‍ക്ക് നന്നായറിയാം. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിയും എഎപിയുടെ നീക്കത്തെ ആകാംക്ഷയോടെ നോക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അരവിന്ദ് കെജ്‍രിവാള്‍ ഒരു സുപ്രഭാതത്തില്‍ വെറുതെയങ്ങ് ഡല്‍ഹി മുഖ്യമന്ത്രിയാവുകയായിരുന്നില്ല. അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ നീണ്ടകാല ചരിത്രമുണ്ട് ഡല്‍ഹിയുടെ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ആ യാത്രയ്ക്ക്. പ്രയത്നങ്ങളെയെല്ലാം വിസ്മരിച്ച് സ്ഥാനത്യാഗം ചെയ്ത് സ്വന്തം രാഷ്ട്രീയഭാവി തുലാസിലാക്കാനുള്ള ബുദ്ധിമോശമല്ല ആ പഴയ ഇന്‍കംടാക്സ് കമ്മീഷണര്‍ക്കുള്ളത്. സാധാരണജനങ്ങളെ കൂട്ടുപിടിച്ച് കൊലകൊമ്പന്മാരെ തറപറ്റിച്ച കെജ്‍രിവാള്‍ മാജിക് അവസാനിച്ചെന്ന് കരുതാനുമാവില്ല. ഊഹാപോഹങ്ങള്‍ക്കോ പ്രവചനങ്ങള്‍ക്കോ പിടികൊടുത്തിട്ടുള്ള ചരിത്രമല്ല അദ്ദേഹത്തിന്‍റേത്. അതുകൊണ്ടുതന്നെ കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല. അതെ, കെജ്‍രിവാളിന്‍റെ കളി രാജ്യം കാണാനിരിക്കുന്നതേ ഉള്ളൂ!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us