അന്ന് സുഷമ, ഇന്ന് അതിഷി; ചരിത്രത്തിലെ ആവര്‍ത്തനവും കെജ്‍രിവാള്‍ മാനത്ത് കണ്ടതും!

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അന്ന് സുഷമ സ്വരാജിനു മുമ്പിലുണ്ടായിരുന്നതിനു സമാനമായ ദൗത്യമാണ് ഇന്ന് അതിഷിക്കു മുമ്പിലുള്ളതും.

വീണാ ചന്ദ്
1 min read|18 Sep 2024, 07:41 am
dot image

രണ്ട് ജീവിതകാലമാണ്, രണ്ട് രാഷ്ട്രീയ പാർട്ടിയാണ്…. എന്നിട്ടും സുഷമാ സ്വരാജിനെയും അതിഷി മർലേനയെയും ഒരേ വഴിയിൽ അടയാളപ്പെടുത്തുന്നു ഇന്ദ്രപ്രസ്ഥം!

26 വർഷം മുമ്പാണ് (1998) സുഷമാ സ്വരാജ് ഡൽഹി മുഖ്യമന്ത്രിയായത്. ഉൾപ്പാർട്ടി പ്രശ്നങ്ങളും ഉള്ളിവില വർധനയും ഭരണവിരുദ്ധവികാരവുമെല്ലാം ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയ സമയമായിരുന്നു അത്. 1993ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ ബിജെപി 1996 മുതൽ പ്രശ്നത്തിലായിരുന്നു. മദൻ ലാൽ ഖുറാനയാണ് അന്ന് ഡൽഹി മുഖ്യമന്ത്രി, എൽ കെ അദ്വാനി പാർട്ടി ദേശീയ അധ്യക്ഷനും. ജെയിൻ ഹവാല അഴിമതിക്കേസിൽ ഇരുവർക്കുമെതിരെ ആരോപണങ്ങളയുർന്നതോടെയാണ് പാർട്ടി പ്രതിരോധത്തിലായത്. 'ദില്ലി സിംഹം' എന്നൊക്കെ വിളിപ്പേരുണ്ടായിരുന്നെങ്കിലും മദൻ ലാൽ ഖുറാനയ്ക്ക് സമ്മർദ്ദങ്ങൾക്കു മുമ്പിൽ വഴങ്ങി രാജിവെക്കേണ്ടി വന്നു. അങ്ങനെ, മറ്റൊരു പ്രമുഖ നേതാവായ സാഹിബ് സിം​ഗ് വർമ മുഖ്യമന്ത്രിക്കസേരയിലെത്തി. പക്ഷേ, അദ്ദേഹത്തിന്റെ ഭരണത്തിനും അധികം ആയുസുണ്ടായിരുന്നില്ല. സാമ്പത്തികവിഷയങ്ങളിൽ അടിപതറിയ വർമ സർക്കാർ ജനരോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബുദ്ധിമുട്ടി. കുത്തനെ ഉയർന്ന ഉള്ളിവില ഉൾപ്പെടെയുള്ള വിഷയങ്ങൾ വ്യാപക പ്രതിഷേധത്തിന് വഴിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം അകലമുള്ളപ്പോഴായിരുന്നു അത്. അങ്ങനെ ​ഗത്യന്തരമില്ലാതെ സാഹിബ് സിം​ഗ് വർമയെ താഴെയിറക്കി ബിജെപി പുതിയൊരു തന്ത്രം പരീക്ഷിച്ചു, സുഷമാ സ്വരാജിനെ മുഖ്യമന്ത്രിയാക്കി!

സുഷമ സ്വരാജ് സാഹിബ് സിംഗ് വര്‍മയ്ക്കൊപ്പം

സുഷമാ സ്വരാജിനെ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനത്തെ തന്ത്രപരമെന്ന് ചരിത്രവും രേഖപ്പെടുത്തി. പണപ്പെരുപ്പവും ഭരണവിരുദ്ധവികാരവും കൊടികുത്തിവാണ കാലത്ത് നയതന്ത്രതീരുമാനങ്ങളിലൂടെ ജനരോഷം അൽപമെങ്കിലും തണുപ്പിക്കാൻ അവർക്കു കഴിഞ്ഞു. ഉള്ളിവില വർധന പരിശോധിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനും സുഷമ ഒരു സമിതിയെ നിയോ​ഗിച്ചു. സർക്കാർ മുൻകയ്യെടുത്ത് പൊതുസ്ഥലങ്ങളിൽ ഉള്ളി വിതരണം ചെയ്തു. "ഡൽ‌ഹി പൊലീസ് അന്നും മുഖ്യമന്ത്രിയുടെ ഭരണത്തിനു കീഴിൽ അല്ല. പക്ഷേ, സുഷമ ഓരോ പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങി അവിടങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. ജനങ്ങളുടെ പരാതികളിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. അതിലൊന്നും ഒരു പുതുമുഖ മുഖ്യമന്ത്രിയുടെ പരിചയക്കുറവ് കാണാനേ ഉണ്ടായിരുന്നില്ല"- സുഷമയുടെ ഭരണമികവിനെ ബിജെപിയുടെ മുതിർന്ന നേതാവ് വേദ്‍വ്യാസ് മഹാജൻ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. 1979ൽ 27ാം വയസിലാണ് സുഷമാ സ്വരാജ് ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷയായത്. അവിടെ രണ്ട് തവണ എംഎൽഎ ആയി. ദേവിലാൽ സർക്കാരിൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തു. 1990ൽ രാജ്യസഭാ എംപിയുമായി.

പക്ഷേ, സുഷമയുടെ വൈദ​ഗ്ധ്യം 1998ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ചില്ല. ശക്തമായ ഭരണവിരുദ്ധ വികാരം ഡൽഹി കോൺ​ഗ്രസിനുള്ള വോട്ടായി രേഖപ്പെടുത്തി. അങ്ങനെ, ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ കോൺ​ഗ്രസ് ഡൽഹിയിൽ അധികാരത്തിലെത്തി.

ഇനി അതിഷി മർലേനയിലേക്ക് വരാം.

26 വർഷങ്ങൾക്കിപ്പുറം ഡൽഹി വീണ്ടും ഒരു രാഷ്ട്രീയ, ഭരണ പ്രതിസന്ധിയെ നേരിടുന്നു. അഴിമതി രഹിത ജനസേവനത്തിന്റെ മുഖമായി ഉയർന്നുവന്ന അരവിന്ദ് കെജ്‍രിവാൾ അഴിമതിക്കേസിൽ കുടുങ്ങി ജയിലിലാവുന്നു. അഴിമതി രഹിത ഭരണം വാ​ഗ്ദാനം ചെയ്ത് മൂന്നു വട്ടം ഡൽഹിയിൽ അധികാരത്തിലെത്തിയ എഎപി, ഏത് വ്യവസ്ഥയെയാണോ നവീകരിക്കാൻ ശ്രമിച്ചത് അതേ വ്യവസ്ഥയിൽ കുരുങ്ങി പ്രതിസന്ധിയിലാവുന്നു. ജയിൽവാസത്തിനും ജാമ്യം ലഭിക്കലിനും ശേഷം കെജ്‍രിവാൾ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള തന്റെ രാജി പ്രഖ്യാപിക്കുന്നു. 1998ൽ ബിജെപി നേരിട്ടതിനു സമാനമായ പ്രതിസന്ധിയെന്ന് വേണമെങ്കിൽ പറയാം.

ഇനിയെന്ത് എന്ന് ഡൽഹിയിലേക്ക് ഇന്ത്യാ രാഷ്ട്രീയം ഉറ്റുനോക്കുമ്പോൾ അനിശ്ചിതത്വത്തിനൊടുവിൽ അതിഷി മർലേനയെ എഎപി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നു. പിന്നാലെ, ഉറച്ച ശബ്ദത്തിൽ‌ വ്യക്തവും കൃത്യവുമായി അതിഷി നയം വ്യക്തമാക്കുന്നു. എഎപിയെ പ്രതിരോധത്തിലാക്കാനുള്ള ബിജെപിയുടെ നീക്കമാണ് കെജ്‍രിവാൾ അടക്കമുള്ള നേതാക്കൾക്കെതിരായ ആരോപണങ്ങളും നടപടികളുമെന്ന് എല്ലാക്കാലത്തും ശക്തമായി വാദിച്ചിട്ടുള്ള നേതാവാണ് അതിഷി, എഎപി മന്ത്രിസഭയിലെ കരുത്തുറ്റ സാന്നിധ്യം.

അതിഷി മര്‍ലേന

അന്ന് സുഷമ സ്വരാജിനു മുമ്പിലുണ്ടായിരുന്നതിനു സമാനമായ ദൗത്യമാണ് ഇന്ന് അതിഷിക്കു മുമ്പിലുള്ളതും. അഴിമതിയാരോപണത്തിൽ പ്രതിഛായയ്ക്ക് മങ്ങലേറ്റ കെജ്‍രിവാളിനെയും എഎപിയെയും പൂർവ്വാധികം ശക്തിയായി അധികാരത്തിലേക്ക് വീണ്ടുമെത്തിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്, 2025 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പുണ്ടാകും. എഎപി സർക്കാരിനെതിരായ വികാരം ഒരുതരത്തിലും ജനങ്ങളിലുണ്ടാകാതെ പാർട്ടിയെ കാത്തുസൂക്ഷിക്കേണ്ടത് ഇനി അതിഷിയുടെ കടമയാണ്. വിദ്യാഭ്യാസ പരിഷ്കാരങ്ങളടക്കം നടപ്പാക്കിയ പ്ര​ഗത്ഭമതിയായ നേതാവ് എന്ന പരിവേഷം അതിഷിക്കുണ്ട്. ഇത് ഇനി അവശേഷിക്കുന്ന ഭരണകാലയളവിലും വരുന്ന തിരഞ്ഞെടുപ്പിലും ​ഗുണകരമാകുമെന്നാണ് എഎപിയുടെ കണക്കുകൂട്ടൽ.

ബിജെപി മനസിൽ കണ്ടത് മാനത്ത് കണ്ട കെജ്‍രിവാൾ

അഴിമതി ആരോപണം നേരിട്ട താൻ, നിരപരാധിയാണെന്ന് തെളിയിക്കപ്പെടേണ്ടത് ജനങ്ങളുടെ കോടതിക്ക് മുമ്പിലാണെന്ന് നിലപാടെടുത്ത് കെജ്‍രിവാൾ രാജി പ്രഖ്യാപനം നടത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു. അ​ഗ്നിശുദ്ധി വരുത്തിയേ ഇനി മുഖ്യമന്ത്രിക്കസേരയിലേക്കുള്ളു എന്ന തീരുമാനം കെജ്‍രിവാളിന് പെട്ടന്നുണ്ടായ വെളിപാടൊന്നുമല്ല. കൃത്യമായ കരുക്കൾ നീക്കിത്തന്നെയാണ് ആ പഴയ ഇൻകം ടാക്സ് കമ്മീഷണർ കളിതുടങ്ങിയിരിക്കുന്നത്. തന്റെ രാജിയെ ഭാര്യ സുനിതയുടെ രാഷ്ട്രീയപ്രവേശത്തിനുള്ള പട്ടുപരവതാനിയായി പോലും വ്യാഖ്യാനിച്ചവരെ ഇളിഭ്യരാക്കിക്കൊണ്ടാണ് പാർട്ടിക്കകത്തും പുറത്തുമുള്ള എതിർശബ്ദങ്ങളെ കെജ്‍രിവാൾ നിശബ്ദമാക്കിയത്. എഎപിക്ക് എക്കാലവും മുഖ്യശത്രു ബിജെപിയാണ്. അഴിമതിയാരോപണങ്ങളിൽ കുടുക്കി നേതാക്കളെ നിഷ്കാസിതരാക്കി എഎപിയെ പൂട്ടാനുള്ള ബിജെപി തന്ത്രത്തിനു മുന്നിൽ തോറ്റുപോവുന്ന വീര്യമല്ല കെജ്‍രിവാളിന്റേത്. അതിന്റെ അവസാനത്തെ ഉദാഹരണമാകുകയാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം.

അരവിന്ദ് കെജ്‍രിവാള്‍

ഡൽഹിക്ക് ഇതിനു മുമ്പ് രണ്ട് വനിതാ മുഖ്യമന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്, സുഷമാ സ്വരാജും ഷീലാ ദീക്ഷിതും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യം വച്ചിരിക്കുന്നത് ഒരു വനിതാ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കളത്തിലിറക്കി നേട്ടം കൊയ്യാനാണ് എന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയവൃത്തങ്ങളിലെ സംസാരം. ആ സ്ഥാനാർത്ഥി മറ്റാരുമല്ല, സാക്ഷാൽ‌ സ്മൃതി ഇറാനി തന്നെ! ഡൽഹിക്ക് ഒരു വനിതാമുഖ്യമന്ത്രിയെന്ന ബിജെപി തന്ത്രത്തിന് ഒരു മുഴം മുന്നേ കെജ്‍രിവാൾ എറിഞ്ഞ മറുതന്ത്രമാണ് അതിഷി മർലേന.

അമേഠിയിൽ രണ്ടാമൂഴത്തിൽ അടിതെറ്റിയ സ്മൃതി ഇറാനി കെട്ടുംകിടക്കയുമെടുത്ത് ഡൽഹിയിലേക്ക് വണ്ടികേറിയത് വെറുതെയല്ലെന്ന് കെജ്‍രിവാളിനും നന്നായറിയാം. തന്റെ പ്രവർത്തനമണ്ഡലം സ്വദേശത്തേക്ക് (ഡൽഹിയിലേക്ക്) മാറ്റിച്ചവിട്ടിയ സ്മൃതി പാർട്ടിയുടെ അം​ഗത്വക്യാമ്പയിനിൽ സജീവസാന്നിധ്യമായിരുന്നു. 14 ജില്ലാ യൂണിറ്റുകളിൽ ഏഴിടത്തെ ചുമതല സ്മൃതിക്കാണ്. സൗത്ത് ഡൽഹിയിൽ സ്മൃതി ഇറാനി സ്വന്തമായി വീടും വാങ്ങിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ഡൽഹി തന്നെ തന്റെ തട്ടകമെന്ന് സ്മൃതി ഉറപ്പിച്ചെന്ന് വ്യക്തം.

സ്മൃതി ഇറാനി

2020ൽ എഴുപതിൽ ഏഴിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. മദ്യനയഅഴിമതിയിൽ കുടുങ്ങി പ്രതിഛായ ഇടിഞ്ഞതോടെ കെജ്‍രിവാളിനെയും എഎപിയെയും തറപറ്റിച്ച് ഇക്കുറി ഡൽഹി പിടിച്ചടക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. അതിലേക്കുള്ള ചുവടുവെപ്പായാണ് സ്മൃതി ഇറാനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രം​ഗത്തിറക്കാനുള്ള നീക്കവും. വനിതാ മുഖ്യമന്ത്രിയെന്ന തുറുപ്പുചീട്ടിറക്കി സ്ത്രീവോട്ടുകൾ പെട്ടിയിലാക്കാമെന്ന ബിജെപിയുടെ മോഹത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന നീക്കമാണ് കെജ്‍രിവാൾ ഇപ്പോൾ നടത്തിയിരിക്കുന്നത്.


അരവിന്ദ് കെജ്‍രിവാൾ സ്മൃതി ഇറാനി എന്ന മത്സരഫോര്‍മുല പൊളിച്ച് അതിഷി മർലേന സ്മൃതി ഇറാനി എന്ന് എഴുതിച്ചേർക്കാനാണോ കെജ്‍രിവാൾ ലക്ഷ്യംവെക്കുന്നത്? അതിഷിയുടെ ഭരണപാടവം വരുന്ന മാസങ്ങളിൽ ഡൽഹി കണ്ടറിയട്ടെ എന്ന കണക്കുകൂട്ടലും കെജ്‍രിവാളിനുണ്ടാവാം. അതിഷി ഡമ്മി മുഖ്യമന്ത്രിയാണെന്ന സ്വാതി മാലിവാളിന്റെ വിമർശനമൊന്നും വിലപ്പോവുന്ന മട്ടിലല്ല കാര്യങ്ങൾ. എന്തൊക്കെ തന്ത്രം എതിരാളികൾ പയറ്റിയാലും അവയെയൊക്കെ പ്രതിരോധിക്കാനുള്ള അമ്പുകൾ കെജ്‍രിവാളിന്റെ ആവനാഴിയിലുണ്ടെന്ന് വേണം കരുതാൻ!

ഡൽഹിക്കൊരു വനിതാ മുഖ്യമന്ത്രി വരുമ്പോൾ….

ഡൽഹിയുടെ ആദ്യ മുഖ്യമന്ത്രിയായ സുഷമാ സ്വരാജ് ആ പദവിയിലിരുന്നത് വെറും 52 ദിവസം മാത്രമാണ്. പിന്നാലെ എത്തിയ ഷീലാ ദീക്ഷിതിന് പക്ഷേ 15 വർഷം ആ സ്ഥാനത്ത് തുടരാനായി. ഭരണവിരുദ്ധവികാരത്തെ വ്യക്തിപ്രഭാവം കൊണ്ട് തടുത്തുനിർത്തിയ നേതാവായിരുന്നു ഷീലാ ദീക്ഷിത്. പക്ഷേ, നിർഭയ കേസും പിന്നാലെയുണ്ടായ ജനരോഷവും 2013ൽ ഷീലാ ദീക്ഷിതിനെയും കോൺ​ഗ്രസിനെയും അധികാരത്തിൽ നിന്ന് താഴെയിറക്കി. അന്നുമുതൽ എഎപിയാണ് ഭരണത്തിലുള്ളത്. പത്തു വർഷത്തിനിപ്പുറം അതിഷി മർലേനയിലൂടെ വീണ്ടുമൊരു വനിതാ മുഖ്യമന്ത്രി ഡൽഹിക്ക് ഉണ്ടായിരിക്കുന്നു. നിലവിൽ അതിഷിയോളം ആ പദവിക്ക് അനുയോജ്യയായൊരു വനിതാ നേതാവ് വേറെയില്ല. വിദ്യാഭ്യാസ വിചക്ഷണതയും പൊതുപ്രവർത്തനപാടവവും അതിഷിയെ മികച്ച മുഖ്യമന്ത്രിയാക്കുമോയെന്നത് കണ്ടറിയണം.

സുഷമ സ്വരാജും ഷീലാ ദീക്ഷിതും

ഒരു വനിതാ മുഖ്യമന്ത്രിയെ ആവശ്യമുള്ള സംസ്ഥാനമാണ് ഡൽഹി. ആഴത്തിൽ വേരൂന്നിയ സ്ത്രീകേന്ദ്രീകൃത വിഷയങ്ങൾ ഡൽഹിക്കുണ്ട്. പരിഷ്കൃതസമൂഹവും പുരോ​ഗമനനിലപാടും മുഖമുദ്രയാകുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുൻപന്തിയിലാണ് ഡൽഹിയുടെ സ്ഥാനം. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ സർവ്വേ റിപ്പോർട്ട് പ്രകാരം ലോകത്ത് തന്നെ സ്ത്രീകൾ സുരക്ഷിതരല്ലാത്ത ന​ഗരങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഡൽഹി. പൊതുഇടങ്ങളിലെ അതിക്രമം, പൊതു​ഗതാ​ഗതസംവിധാനങ്ങളിലെ സുരക്ഷിതത്വമില്ലായ്മ, ​ഗാർഹിക പീഡനം തുടങ്ങിയവയുടെയൊക്കെ നിരക്ക് വലുതാണ്. കൃത്യവും വ്യക്തവുമായ ഭരണസംവിധാനമാണ് ഉണ്ടാവേണ്ടത്. ഭരണതലപ്പത്ത് സ്ത്രീയാണെങ്കിൽ നീതി നടപ്പാകും എന്ന വിശ്വാസം രൂഢമൂലമായി ഡൽഹിയിലെ സാധാരണജനങ്ങളിലുണ്ട്. സുഷമാ സ്വരാജിന്റെയും ഷീലാ ദീക്ഷിതിന്റെയും പിൻ​ഗാമിയായി അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഉയരുന്ന പ്രതീക്ഷയും ചെറുതല്ല. അതിഷിയുടെ മുഖ്യമന്ത്രിപദത്തിൽ സന്തോഷിക്കാൻ ഒന്നിലേറെ കാരണങ്ങളുണ്ട്. സ്ത്രീ ശാക്തീകരണമാണ് ഒന്ന്, മറ്റൊന്ന് മികച്ച ഭരണനിർവ്വഹണം…. എന്തായാലും തീരുമാനങ്ങളിലെയും നടപടികളിലെയും തിരഞ്ഞെടുപ്പ് അതിഷിയുടേതാണ്!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us