നടക്കില്ലെന്നറിഞ്ഞിട്ടും 'ഒറ്റ തിരഞ്ഞെടുപ്പു'മായി മോദി മുന്നിട്ടിറങ്ങുന്നതെന്തിന്?

ഇപ്പോഴുള്ളത് മോദിയുടെ അവസാനത്തെ ഊഴമാണെന്ന രാഷ്ട്രീയ വിലയിരുത്തലുകൾക്കിടയിലും, 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിജെപിയെ സംബന്ധിച്ച് ഒരു അഭിമാന പദ്ധതിയാണ്

dot image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാൻ കച്ചകെട്ടിയിറങ്ങുകയാണ് ബിജെപി. ഇതിനായുള്ള ആദ്യ പടിയെന്നോണം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. 2024 മാർച്ചിൽ സമർപ്പിച്ച, 18,626 പേജുള്ള റിപ്പോർട്ടാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭ റിപ്പോർട്ട് അംഗീകരിച്ചതോടെ സഖ്യകക്ഷികൾക്കിടയിലും റിപ്പോർട്ട് അംഗീകരിക്കപ്പെട്ടു എന്നുള്ളത്, സമീപകാല സഖ്യരാഷ്ട്രീയ അനുഭവങ്ങൾ വെച്ചുനോക്കുമ്പോൾ ബിജെപിക്ക് വലിയ ആശ്വാസമാണ്. അതിനെല്ലാമപ്പുറം 2014, 2019 തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഭൂരിപക്ഷം നന്നേ കുറഞ്ഞുനിൽക്കുന്ന ഈ സമയത്തും, ഇപ്പോഴുള്ളത് മോദിയുടെ അവസാനത്തെ ഊഴമാണെന്ന രാഷ്ട്രീയ വിലയിരുത്തലുകൾക്കിടയിലും, 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിജെപിയെ സംബന്ധിച്ച് ഒരു അഭിമാന പദ്ധതിയുമാണ്.

വേണ്ടത് 15 ഭേദഗതികൾ, നടപ്പിലാക്കൽ വെല്ലുവിളി

രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പറ്റി വിശദമായി പഠിച്ച് മാർച്ച് 14-നാണ് രാഷ്ട്രപതിക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പ്രകാരം 15 ഭരണഘടനാ ഭേദഗതികളാണ് ഒറ്റ തെരഞ്ഞെടുപ്പിനായി വേണ്ടി വരിക. നിലവിലുള്ള വകുപ്പുകൾ പൊളിച്ചുപണിതും, പുതിയ വകുപ്പുകൾ കൊണ്ടുവന്നുമാണ് ഈ പ്രക്രിയ പൂർത്തിയാക്കേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ നിയമ നൂലാമാലകളുടെ ഒരു വലിയ കടമ്പ തന്നെ മോദി സർക്കാരിന് കടക്കേണ്ടതുണ്ട്.

Also Read:

ഭേദഗതികൾ കൊണ്ടുവന്നാലും അവ പാസാക്കുന്നതിലും ഉണ്ട് വെല്ലുവിളി. ഭരണഘടനാ ഭേദഗതികൾ സഭയിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ പാസാക്കാനാകൂ. അതായത് ലോക്സഭയിൽ 362 എംപിമാരുടെ പിന്തുണയോടെ മാത്രമേ ഭരണഘടനാ ഭേദഗതികൾ പാസാക്കാനാകൂ. നിലവിൽ എൻഡിഎയ്ക്ക് അകെ 293 എംപിമാർ മാത്രമാണുള്ളത്. പ്രതിപക്ഷത്തുനിന്ന് പോലും എംപിമാർ പിന്തുണയുമായി രംഗത്തെത്തിയാലും, 362 എന്ന സംഖ്യയിലെത്തുക എന്നത് സാധിക്കാത്ത കാര്യമാണ്. രാജ്യസഭയിലും ഇതുതന്നെയാണ് സ്ഥിതി. ഭേദഗതികൾ പാസാക്കാൻ രാജ്യസഭയിൽ വേണ്ട അംഗബലം 156 ആണ്. എന്നാൽ നിലവിൽ എൻഡിഎയ്ക്ക് ആകെയുള്ളത് 121 അംഗങ്ങളും !

സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ വരുമ്പോൾ കൂടുതൽ സങ്കീർണമാണ് കാര്യങ്ങൾ. ഭരണഘടനാ ഭേദഗതികൾക്ക് പുറമെ, പകുതിയിൽ കുറയാത്ത സംസ്ഥാനങ്ങളുടെ അനുമതിയും ഈ വിഷയത്തിൽ ആവശ്യമാണ്. നിലവിൽ 19 സംസ്ഥാനങ്ങളിൽ തങ്ങളുടെ സർക്കാരുകൾ ഉള്ളതുകൊണ്ട് ഈ കടമ്പ കടക്കാൻ ബിജെപിക്ക് പ്രയാസമുണ്ടാകില്ല. ഇത്രയും സങ്കീർണമായ വെല്ലുവിളികൾ മുന്നിൽ നിൽക്കുമ്പോഴും നിയമം നടപ്പിലാക്കാൻ സാധിക്കില്ലെന്ന് കണക്കുകൾ പറയുമ്പോഴുമാണ്, ബിജെപി സധൈര്യം ഈ നീക്കവുമായി മുന്നോട്ടു പോകുന്നത്.

Also Read:

ബിജെപി ഉദ്ദേശിക്കുന്നതെന്ത്?

ഭരണഘടനാ ഭേദഗതികൾ പാസാക്കിയെടുക്കാനുള്ള അംഗബലം പോലും ബിജെപിക്ക് ഇരു സഭകളിലും ഇല്ല എന്നിരിക്കെ, എന്താകും ഒറ്റ തെരഞ്ഞെടുപ്പുമായി സധൈര്യം മുന്നോട്ടുപോകാനുള്ള പ്രചോദനം എന്ന ചോദ്യം നിരവധി കോണുകളിൽ നിന്ന് ഉയർന്നുവരുന്നുണ്ട്. അതിന് നിരവധി രാഷ്ട്രീയ മാനങ്ങളുണ്ട് എന്നതാണ് ഉത്തരവും.

മോദിക്ക് തന്റെ സഖ്യകക്ഷികളുടെ പിന്തുണയോടെയുള്ള സർക്കാരിനെ എന്നും രാഷ്ട്രീയ വെള്ളിവെളിച്ചത്തിൽ നിർത്തേണ്ട ബാധ്യത വർധിച്ചിട്ടുണ്ട് എന്നതാണ് ആദ്യത്തെ ഉത്തരം. രാജ്യത്ത് പ്രതിപക്ഷം ശക്തിപ്രാപിച്ചതോടെ എൻഡിഎ സർക്കാരിന്റെ സ്വരങ്ങൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ല എന്ന നിരീക്ഷണം ശക്തമാണ്. പ്രതിപക്ഷം പല ഘട്ടങ്ങളിലും അഭിപ്രായപ്രകടനങ്ങളിലൂടെ ഭരണപക്ഷത്തെ മറികടക്കുന്നു എന്ന പൊതുവികാരവും ശക്തമാണ്. ഇവയെ എല്ലാം മറികടക്കാൻ മോദിക്കും ബിജെപിക്കും നിരന്തരം വലിയ പദ്ധതികളിൽ ഏർപ്പെട്ടെ മതിയാകൂ.

മൂന്നാം മോദി സർക്കാർ 100 ദിവസം പിന്നിട്ടതിന്റെ അടുത്ത ദിവസമാണ് ഒറ്റ തെരഞ്ഞെടുപ്പ് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്നത്, മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സഖ്യകക്ഷികൾ അടക്കം അംഗീകരിക്കുന്നത്. വിശാല രാഷ്ട്രീയ പരിതസ്ഥിതിയിൽ പരിശോധിച്ചാൽ മോദി സർക്കാരിന്റെ ഒരു അഭിമാന പദ്ധതിയായി ഇനി ആകെ ബാക്കിയുള്ളത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പാണ്. എന്തുകൊണ്ട് അതൊരു അഭിമാന പദ്ധതിയായി മാറിയെന്ന ചോദ്യത്തിന് ഈ 100 ദിവസം കൊണ്ട് ബിജെപി പഠിച്ച ചില പാഠങ്ങളാണ് ഉത്തരം.

അവിചാരിതമായ പ്രതിസന്ധികളാണ് ആദ്യത്തെ 100 ദിവസത്തിൽ മൂന്നാം മോദി സർക്കാർ, അഥവാ എൻഡിഎ സർക്കാരിനെ കാത്തിരുന്നത്. സഖ്യകക്ഷി ഭരണത്തിന്റെ യഥാർത്ഥ ചൂരറിഞ്ഞ ഈ കാലഘട്ടത്തിൽ, ബിജെപി നേരിട്ടത് കനത്ത വെല്ലുവിളികളാണ്. ലാറ്ററൽ എൻട്രി വിഷയത്തിലും, വഖഫ് ബോർഡ് ബില്ലിലുമെല്ലാം സ്വന്തം സഖ്യകക്ഷികൾ ബിജെപിയുമായി ഇടഞ്ഞു. ബഹുജന പ്രക്ഷോഭങ്ങൾ മൂലം കര്‍ഷകനിയമങ്ങൾ പോലുള്ളവ ബിജെപിക്ക് പിൻവലിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും, സ്വന്തം പാളയത്തിൽ നിന്നുയർന്ന എതിർപ്പിനെത്തുടർന്ന് നിയമങ്ങൾ പിൻവലിക്കേണ്ടിവന്നത് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.

ബിജെപിയെക്കാളും മോദി എന്ന ബ്രാൻഡിനാണ് ഈ യു ടേൺ നീക്കങ്ങൾ തിരിച്ചടിയായത്. പ്രതിപക്ഷം ഈ അവസരങ്ങളെ സമർത്ഥമായി മുതലെടുക്കുന്നതും, രാഹുൽ ഗാന്ധിയടക്കം പ്രതികരണങ്ങളുമായി സദാസമയം വാർത്തകളിൽ നിറയുന്നതും ബിജെപിക്കുള്ളിൽ തന്നെ മുറുമുറുപ്പുകൾക്ക് ഇടയാക്കിയിരുന്നു. അവസാനത്തെ മോദി മന്ത്രിസഭയാകും ഇത്തവണത്തേത് എന്ന പ്രതീതിയും ശക്തമായി നിലനിൽക്കെ മുന്നണി ഒരുമിച്ച് അംഗീകരിച്ച ഈ നിയമം ബിജെപിക്ക് ഒരു വലിയ കച്ചിത്തുരുമ്പാണ്.

ഇൻഡ്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാനുള്ള ഒരു നടപടിയായി കൂടിയാണ് മോദി സർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് മറ്റൊരു നിരീക്ഷണം. നിലവിൽ യൂണിഫോം സിവിൽ കോഡിന്റെ കാര്യത്തിൽ 'ഇൻഡ്യ' സഖ്യകക്ഷികൾക്കിടയിൽ ഏകാഭിപ്രായമില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ 'ഇൻഡ്യ'യിൽ വീണ്ടുമൊരു ഭിന്നത ഉണ്ടാക്കാനാകുമോ എന്ന രാഷ്ട്രീയപദ്ധതികൂടി ബിജെപിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

പ്രതീതി സൃഷ്ടിക്കേണ്ടത് അത്യാവശ്യം

എന്‍ഡിഎ സര്‍ക്കാരിന് വലിയ ആയുസില്ലെന്ന പ്രവചനങ്ങളെ മോദി ഭയക്കുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. വരാനിരിക്കുന്ന ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ദില്ലി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ഇൻഡ്യ സഖ്യവും നേട്ടം കൊയ്യുമെന്നാണ് നിലവിലെ രാഷ്ട്രീയ ട്രെൻഡ് സൂചിപ്പിക്കുന്നത്. ഹരിയാനയിൽ എഎപിയും കോൺ​ഗ്രസും വെവ്വേറെ മത്സരിക്കുന്നെങ്കിൽ പോലും ബിജെപിക്കുള്ളിലെ പടലപ്പിണക്കങ്ങൾ എൻഡിഎയ്ക്ക് വെല്ലുവിളിയാകുമെന്നാണ് സൂചനകൾ. ജാർഖണ്ഡിൽ ചംപയ് സോറനെ പാളയത്തിലെത്തിച്ചത് വലിയ നേട്ടമായി ബിജെപി കൊണ്ടാടുമ്പോഴും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കാനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. ഹേമന്ദ് സോറനെ ജയിലിലടച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ബിജെപിക്ക് സ്ഥിതി പ്രതികൂലമാക്കുമെന്നും ഒരു രാഷ്ട്രീയ പക്ഷമുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പ് ട്രെൻഡുകൾ പ്രകാരം, മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തെ തറപറ്റിച്ച് കോൺ​ഗ്രസ്- എൻസിപി-ശിവ്സേന ഉദ്ദവ് വിഭാ​ഗം സഖ്യമായ മഹാവികാസ് അഘാഡി വിജയം നേടുമെന്നാണ് നിലവിലെ സൂചന.

Also Read:

മേൽപ്പറഞ്ഞ വിലയിരുത്തലുകളും സൂചനകളുമെല്ലാം സംഭവിച്ചുകഴിഞ്ഞാൽ പിന്നാലെ വരാനിരിക്കുന്ന ബിഹാർ‌ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് മുന്നിൽ വലിയ ചോദ്യചിഹ്നമാകും. ബിഹാറിൽ വിജയം നേടേണ്ടത് എൻഡിഎക്ക് അത്യാവശ്യമാണ്. നിതീഷ് കുമാറിന് അത് അതിലേറെ ആവശ്യവുമാണ്. ബിജെപിക്ക് അടിതെറ്റുന്നെന്ന് ഉറപ്പായാൽ നിതീഷ് സഖ്യം ഉപേക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെവന്നാൽ കേന്ദ്രസർക്കാർ താഴെ വീഴും. ഇതിനെ പ്രതിരോധിക്കാൻ, പതിനെട്ടടവും പയറ്റി പ്രതിപക്ഷത്തിന്റെ കുതിപ്പിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തടഞ്ഞേ മതിയാവൂ മോദിക്കും ബിജെപിക്കും. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനത്തിലൂടെ എന്തോ വലുത് നടപ്പാക്കാൻ സർക്കാർ തയ്യാറാവുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതും ഈ പ്രതിരോധ നീക്കത്തിന്റെ ഭാ​ഗമായി കാണാവുന്നതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us