ആന്ധ്രാ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന പ്രസാദ ലഡുവിൽ മൃഗ കൊഴുപ്പുണ്ടെന്ന വെളിപ്പെടുത്തൽ. മറ്റാരുമല്ല സംസ്ഥാന മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് തിരുപ്പതി ലഡ്ഡുവുണ്ടാക്കാൻ മൃഗക്കൊഴുപ്പ് ചേർന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചെന്നാണ് ലാബ് റിപ്പോർട്ട് പുറത്തു വിട്ടു കൊണ്ടുള്ള ആരോപണം. തന്റെ സർക്കാർ അധികാരത്തിൽ വന്നതോടെ പ്രസാദ ലഡുവിന്റെ ഗുണനിലവാരം ഉറപ്പാക്കിയതായും അദ്ദേഹം വിശദീകരിച്ചു. ആന്ധ്രാ രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന ചന്ദ്രബാബു നായിഡു ആരോപണത്തിന് പിന്നിലെന്താണ്?
തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമിയുടെ ഭക്തരെ സംബന്ധിച്ചിടത്തോളം പുരട്ടസി (സെപ്റ്റംബർ - ഒക്ടോബർ) മാസം വളരെ പ്രധാനപ്പെട്ടതാണ്. ഭക്തരുടെ തിരക്ക് ഏറ്റവും കൂടുതലുള്ള സമയം. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഏറെ വിശേഷപ്പെട്ടതാണ് പ്രസാദമായി നൽകുന്ന ലഡു.ആന്ധ്രാപ്രദേശിലെ അമരാവതിയിൽ നടന്ന എൻഡിഎ ഘടകക്ഷി എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇപ്പോഴത്തെ വിവാദത്തിനു തിരിയിട്ടത്.
വെറുതെ ആരോപണം ഉന്നയിച്ചു പോകുകയായിരുന്നില്ല നായിഡു ചെയ്തത്. ലഡുവിൽ മൃഗകൊഴുപ്പിന്റെ അംശം കണ്ടെത്തിയതിനു തെളിവായി ലാബ് റിപ്പോർട്ട് പിറ്റേ ദിവസം പുറത്തു വിടുകയും ചെയ്തു. മൃഗ കൊഴുപ്പ് , മത്സ്യ എണ്ണ എന്നിവയുടെ അംശം കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിതരണം ചെയ്ത ലഡുവിൽ ഉണ്ടായിരുന്നതായാണ് ലാബ് റിപ്പോർട്ട്
വെറുതെ ആരോപണം ഉന്നയിച്ചു പോകുകയായിരുന്നില്ല നായിഡു ചെയ്തത്. ലഡുവിൽ മൃഗകൊഴുപ്പിന്റെ അംശം കണ്ടെത്തിയതിനു തെളിവായി ലാബ് റിപ്പോർട്ട് പിറ്റേ ദിവസം പുറത്തു വിടുകയും ചെയ്തു. മൃഗ കൊഴുപ്പ് , മത്സ്യ എണ്ണ എന്നിവയുടെ അംശം കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിതരണം ചെയ്ത ലഡുവിൽ ഉണ്ടായിരുന്നതായാണ് ലാബ് റിപ്പോർട്ട്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്പ്മെന്റിന്റെ കീഴിലുള്ള സെന്റർ ഫോർ അനാലിസിസ് ആൻഡ് ലേർണിംഗ് ഇൻ ലൈവ്സ്റ്റോക് ആൻഡ് ഫുഡ് (CALF) ആണ് ആന്ധ്രാ സർക്കാരിന് വേണ്ടി പരിശോധന ഫലം ഇറക്കിയത്. കഴിഞ്ഞ ജൂലൈ 23ന് പരിശോധന നടന്നതായാണ് റിപ്പോർട്ടിലുള്ളത്.
ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ പതനം ഉറപ്പാക്കി അധികാരം തിരിച്ചുപിടിച്ച ഉടൻ തന്നെ ചന്ദ്രബാബു നായിഡു തിരുപ്പതി ലഡുവിന്റെ ഗുണനിലവാരം പരിശോധിക്കാനിറങ്ങി എന്നാണ് മനസിലാവുന്നത്. ലഡുവിന്റെ ഗുണനിലവാരം സംബന്ധിച്ച് ഭക്തർക്കിടയിൽ നിന്ന് ഉയർന്ന പരാതിയാണ് ഇതിനാധാരമായി പറയുന്നത്.
ആന്ധ്രാ സർക്കാരിന് കീഴിലെ തിരുപ്പതി തിരുമല ദേവസ്വം (TTD) ബോർഡിനാണ് തിരുപ്പതി ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല . പ്രസാദ ലഡുവിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾക്കായി വർഷത്തിൽ രണ്ടു തവണ (ആറുമാസത്തിലൊരിക്കൽ) ആണ് ടെണ്ടർ വിളിക്കുന്നത്. ഇതിൽ നെയ് ഉൾപ്പടെ എല്ലാം പെടും. നെയ് വാങ്ങാനായി കഴിഞ്ഞ 15 വർഷമായി ദേവസ്വം ബോർഡ് ആശ്രയിച്ചിരുന്നത് കർണാടക മിൽക്ക് ഫെഡറേഷനെ ആയിരുന്നു. കെഎംഎഫിന്റെ ഉൽപ്പന്നമായ നന്ദിനി നെയ്യാണ് ലഡു നിർമാണത്തിന് ഉപയോഗിച്ച് പോന്നിരുന്നത്. എന്നാൽ 2023ൽ കർണാടക മിൽക്ക് ഫെഡറേഷൻ നെയ്യിന്റെ വില ഉയർത്തിയതോടെ ദേവസ്വം ബോർഡ് അതിനേക്കാൾ കുറഞ്ഞ വിലയിൽ നെയ്യ് നൽകാൻ സമ്മതിച്ച മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടു. ഇതോടെ കഴിഞ്ഞ കുറെ വർഷമായി നിലനിന്ന നന്ദിനി-തിരുപ്പതി ബന്ധം അവസാനിച്ചു. അഞ്ചു ലക്ഷം കിലോഗ്രാം നെയ്യാണ് പ്രതിവർഷം പ്രസാദ ലഡ്ഡു നിർമാണത്തിനായി ചെലവ് വരുന്നത്. 3.5 ലക്ഷം ലഡുവാണ് പ്രതിദിനം തിരുപ്പതിയിൽ നിർമിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ കണക്കു നോക്കിയാൽ ഒരു ലഡുവിന് 40 രൂപയോളം നിർമാണ ചെലവ് വരും.
ജഗൻ മോഹൻ സർക്കാരിന്റെ അവസാന കാലത്തായിരുന്നു കെഎംഎഫുമായുള്ള കരാർ ദേവസ്വം അവസാനിപ്പിച്ചത്. ഈ ഒരു വർഷകാലം ലഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യിനെ ചൊല്ലിയാണ് ഇപ്പോഴത്തെ വിവാദം. ആന്ധ്രയിൽ ഭരണമാറ്റം ഉണ്ടായ 2024 മെയ്മാസത്തിൽ തന്നെ കർണാടക മിൽക്ക് ഫെഡറേഷനുമായി ബന്ധം പുനഃസ്ഥാപിച്ച ചന്ദ്രബാബു നായിഡു സർക്കാർ നന്ദിനി നെയ്യ് വീണ്ടും എത്തിച്ചു ലഡു നിർമാണം തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു മാസമായി നന്ദിനി നെയ്യ് ഉപയോഗിച്ചാണ് ലഡു നിർമാണം. കെഎംഎഫ് ആവശ്യപ്പെട്ട അധിക തുക നൽകിയായിരുന്നു ഗുണമേന്മയിൽ വിട്ടു വീഴ്ച വരുത്താതെ പശുവിൻ നെയ് കർണാടകയിൽ നിന്ന് വാങ്ങിയത്. ലഡുവിന്റെ ഗുണനിലവാരം ഉറപ്പാക്കിയതോടൊപ്പം തിരുമല തിരുപ്പതി ദേവസ്വം ബോർഡിലെ പഴയ ഭരണ സമിതിക്കെതിരെ നീങ്ങാനും ആന്ധ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. പഴുതുകളടച്ചുള്ള വകുപ്പ് തല അന്വേഷണത്തിനൊടുവിലാണ് ലഡുവിൽ മൃഗ കൊഴുപ്പെന്ന രാഷ്ട്രീയ ബോംബ് നായിഡു പൊട്ടിച്ചത്.
ഭക്തരുടെ വികാരം വൃണപ്പെടുത്തി ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്ന പ്രത്യാരോപണമാണ് വൈഎസ്ആർ കോൺഗ്രസിന്റേത്. ദൈവത്തെ വെച്ചുള്ള രാഷ്ട്രീയം കളിക്കൽ ചന്ദ്രബാബു നായിഡു നിർത്തണമെന്നാണ് അഭ്യർത്ഥന
ഭക്തരുടെ വികാരം വൃണപ്പെടുത്തി ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്ന പ്രത്യാരോപണമാണ് വൈഎസ്ആർ കോൺഗ്രസിന്റേത്. ദൈവത്തെ വെച്ചുള്ള രാഷ്ട്രീയം കളിക്കൽ ചന്ദ്രബാബു നായിഡു നിർത്തണമെന്നാണ് അഭ്യർത്ഥന. വിജയവാഡയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പരാജയം മറച്ചു വെക്കാനാണ് തിരുമല പ്രസാദത്തെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതെന്നും വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കുടുംബസമേതം തിരുപ്പതിയിൽ വന്ന് സത്യം ചെയ്യാൻ ചന്ദ്രബാബു നായിഡു തയ്യാറാണോയെന്ന് വൈഎസ്ആർ കോൺഗ്രസ് രാജ്യസഭാംഗം സുബ്ബ റെഡ്ഡി വെല്ലുവിളിച്ചു. ദേവസ്വം ബോർഡ് മുൻ ചെയർമാൻ കൂടിയാണ് റെഡ്ഢി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണങ്ങൾ വളരെ മോശമാണ്. രാഷ്ട്രീയ നേട്ടത്തിനായി ദൈവത്തെ ഉപയോഗിക്കുന്നവരോട് ദൈവം പൊറുക്കില്ല. രാഷ്ട്രീയ എതിരാളികളെ ഈ വിധം ഇല്ലായ്മ ചെയ്യുന്നത് ചന്ദ്രബാബു നായിഡുവിന് പുതിയ കാര്യമല്ലെന്നും ആരോപിക്കുകയാണ് മുൻ ഭരണസമിതി അംഗങ്ങൾ.
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പെന്ന മുഖ്യമന്ത്രിയുടെ വാദം പാടെ തള്ളുകയാണ് ആന്ധ്രാ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. നായിഡു വിശ്വാസികളെ വെച്ച് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ആദ്യ പ്രതികരണം . മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം തെളിയിക്കുന്ന ലാബ് റിപ്പോർട്ട് കെട്ടിച്ചമച്ചതാണ്. ദൈവത്തിന്റെ പേരിലും രാഷ്ട്രീയം കളിക്കുകയാണ് നായിഡു. കള്ളം പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും പരിധി വേണം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ആരാധനാലയത്തെയാണ് മുഖ്യമന്ത്രി അപമാനിക്കുന്നതെന്നും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ റെഡ്ഡി പ്രതികരിച്ചു. ലഡു നിർമാണം സുതാര്യമാണെന്നും. യോഗ്യതാ മാനദണ്ഡം പാലിച്ചാണ് ടെണ്ടറിൽ പങ്കെടുത്ത കമ്പനികളിൽ നിന്ന് എ ആർ ഡയറിയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാൽ ലഡുവിന്റെ ഗുണമേന്മയിൽ സംശയം തോന്നിയപ്പോൾ തന്നെ ആന്ധ്രാ സർക്കാരിനെ വിവരമറിയിച്ചിരുന്നെന്നാണ് തിരുപ്പതി തിരുമല ദേവസ്വം ബോർഡിന്റെ പ്രതികരണം. ഇപ്പോൾ നെയ്യ് വിതരണം ചെയ്യുന്ന എആർ ഡയറി കമ്പനിയുടേത് ഗുണ നിലവാരമില്ലാത്ത നെയ്യാണ്. ലാബ് ടെസ്റ്റിന് മുൻപേ ഇവരിൽ നിന്ന് നെയ്യ് വാങ്ങുന്നത് നിർത്തിയിരുന്നു. പരിശോധനയിൽ തെളിഞ്ഞതെല്ലാം സത്യമാണെന്നും കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നെന്നുമാണ് എക്സികുട്ടീവ് ഓഫിസർ ശ്യാമള റാവുവിന്റെ പ്രതികരണം.
വിഷയം ഹിന്ദു മത വിശ്വാസികളുമായി ബന്ധപ്പെട്ടതായതു കൊണ്ട് തന്നെ ബിജെപിയും സംഘപരിവാർ സംഘടനകളുമെല്ലാം ജഗനെതിരെ കലാപക്കൊടി ഉയർത്തുന്നുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ആന്ധ്രാ കോൺഗ്രസ്. ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരി കൂടിയായ ശർമിള റെഡ്ഢിയാണ് ആന്ധ്രാ പിസിസി അധ്യക്ഷ. പ്രതിപക്ഷത്തായിരുന്നപ്പോൾ ജഗന്റെ കയ്യിൽ നിന്ന് ആവശ്യത്തിലധികം രാഷ്ട്രീയ പ്രഹരമേറ്റയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. അധികാരത്തിൽ നിന്ന് പുറത്തായ ജഗൻ മോഹൻ റെഡ്ഢിയെ വരിഞ്ഞു മുറുക്കുക തന്നെയാണ് തുറന്ന രാഷ്ട്രീയ പോരിലൂടെ ചന്ദ്രബാബു നായിഡു ലക്ഷ്യമിടുന്നത്. അതിനാണ് പുതിയ വിവാദം ചന്ദ്രബാബു നായിഡു ഉയർത്തിയിരിക്കുന്നത്. വിശാഖപട്ടണത്തെ റൂഷി കൊണ്ടയിലെ ജഗൻ മോഹൻ റെഡ്ഢിയുടെ കൊട്ടാര സമാനമായ ക്യാമ്പ് ഓഫിസിന്റെ മേലായിരുന്നു ടിഡിപി സർക്കാർ ആദ്യം കൈവെച്ചത്. 500 കോടിരൂപ ചിലവാക്കിയുള്ള കൊട്ടാര നിർമാണത്തിൽ ജഗനെ കുരുക്കിലാക്കിയതിനു പിന്നാലെയാണ് ഇരുതല മൂർച്ചയുള്ള പുതിയ ആയുധം ചന്ദ്രബാബു നായിഡു പ്രയോഗിച്ചിരിക്കുന്നത്. തെലുഗു നാട്ടിൽ ഇനിയങ്ങോട്ട് നായിഡു-റെഡ്ഢി പോരിന്റെ നാളുകളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.