പ്രൊഫ. ഫ്രെഡറിക് ജെയിംസണ്‍ന്റെ നിര്യാണത്തോടെ അക്കാദമിക് ലോകത്തില്‍ മാര്‍ക്‌സിസത്തെ സൈദ്ധാന്തിക തലത്തിലും പ്രയോഗ തലത്തിലും ഗൗരവത്തില്‍ സമീപിക്കുകയും വിശകലനാത്മകമായ നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്ത ഒരു ചിന്തകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
മാര്‍ക്‌സിസ്റ്റ് രൂപശാസ്ത്ര പഠനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച പ്രൊഫ. ജെയിംസണ്‍ അത്യാധുനിക മുതലാളിത്തത്തിൻ്റെ സാംസ്‌കാരിക പഠനങ്ങളിലൂടെയാണ് പ്രശസ്തനാകുന്നത്. ആധുനികോത്തരവാദത്തെ, അത്യാധുനിക മുതലാളിത്തത്തിൻ്റെ സാംസ്‌കാരിക യുക്തിയായി വിശേഷിപ്പിച്ച അദ്ദേഹം, ഈ സാംസ്‌കാരിക യുക്തിയുടെ ഉള്‍പ്പിരിവുകളെയും വൈപരീത്യങ്ങളെയും കുറിച്ചുള്ള പഠനങ്ങളില്‍ വ്യാപൃതനായി.
ഉത്പാദന രീതികളുടെ വസ്തുനിഷ്ഠ യാഥാര്‍ത്ഥങ്ങളില്‍ നിന്നും അകന്നു എങ്ങനെ ഭ്രമാത്മക ലോകങ്ങളും പരികല്‍പനകളും ഈ സാംസ്‌കാരിക യുക്തിയെ സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി കലയും കെട്ടിടനിര്‍മാണ രീതികളും നഗരീകരണവും മുതല്‍, സയന്‍സ് ഫിക്ഷന്‍ വരെയുള്ള മേഖലകള്‍ അദ്ദേഹം പഠനങ്ങള്‍ക്കായി തിരഞ്ഞെടുത്തു. മറ്റു പല പാശ്ചാത്യ സൈദ്ധാന്തികരെയും പോലെ എംഗൽസും ലെനിനും അടക്കമുള്ള 'മാര്‍ക്‌സിസ്റ്റുകളില്‍' നിന്ന് മാര്‍ക്‌സിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജെയിംസണ്‍ വ്യാപൃതനായിരുന്നു.
ഹേഗെലിന്റെ അന്യവല്‍ക്കരണ സിദ്ധാന്തത്തെ മാര്‍ക്‌സിസത്തിൻ്റെ തന്നെ കേന്ദ്ര സത്തയായി അദ്ദേഹം കണ്ടു. മാര്‍ക്‌സിൻ്റെ മൂലധനത്തെക്കുറിച്ചുള്ള പഠനത്തില്‍ ഹേഗെലിയന്‍ വൈരുദ്ധ്യാത്മകതയിലെ നിഷേധങ്ങളും വൈരുധ്യങ്ങളും മാര്‍ക്‌സ് നിരാകരിക്കുന്നതായി ജെയിംസണ്‍ വാദിച്ചു. തൊഴിലിനെ സൃഷ്ടിക്കുന്നതിലല്ല, തൊഴില്‍ ഇല്ലായ്മയെ സൃഷ്ടിക്കാനുള്ള മുതലാളിത്തത്തിൻ്റെ കഴിവിലാണ് മാര്‍ക്‌സ് ഊന്നുന്നത്. അതായത്, സ്വന്തം അധ്വാന ശക്തിയില്‍ നിന്നും തൊഴിലാളി അന്യവല്‍ക്കരിക്കപ്പെടുന്നു.
മുതലാളിത്തത്തിനെതിരായ പോരാട്ടം, അന്യവല്‍ക്കരണത്തിനെതിരായ പോരാട്ടമാണ്. ഭരണകൂടത്തിന്റെ തകര്‍ച്ചയെ കുറിച്ചുള്ള മാര്‍ക്‌സിന്റെ നിലപാടുകള്‍ അനാര്‍ക്കിസ്റ്റ് സ്വാധീനത്തില്‍ ഉള്ളതാണെന്നാണ് ജെയിംസണ്‍ന്റെ വിലയിരുത്തല്‍. അതുകൊണ്ട്, വ്യവസ്ഥാപിത കമ്യുണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള വിപ്ലവത്തിനല്ല അന്യവല്‍ക്കരിക്കപ്പെട്ടവരുടെയും പുറംതള്ളപ്പെട്ടവരുടെയും ചെറുത്തു നില്പ്പിനാണ് പ്രാധാന്യം. ഇതിനായി ചില വേളകളില്‍ ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ ഭരണരീതികളെ സംരക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം വാദിച്ചു. ഇത്തരത്തില്‍ ഉള്ള ജനാധിപത്യ മുന്നേറ്റങ്ങളെ അദ്ദേഹം പിന്തുണച്ചു.