എതിരാളികളെ മലർത്തിയടിക്കാൻ ‌ഗോദയിൽ നിന്ന് മൈതാനത്തേക്കിറങ്ങിയ വിനേഷ് ഫോ​ഗട്ട്, ബിജെപിയുടെ ഭയം വെറുതെയല്ല!

പ്രചാരണവാഹനം കടന്നുപോകുന്ന വഴിയരികിൽ വിനേഷിനെ കാത്ത് വൻ ജനാവലിയാണ് എത്തുന്നത്.

റാംഷ സി പി
1 min read|24 Sep 2024, 02:36 pm
dot image

ജുലാനയിലെ ​ഗ്രാമപ്രദേശങ്ങളിലൂടെ കോൺ​ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾ‌ കുതിക്കുകയാണ്, കാറുകളുടെയും ട്രാക്ടറുകളുടെയും നീണ്ട നിര, മുകളിൽ പാറിപ്പറക്കുന്ന കോൺ​ഗ്രസ് പതാക, ഉറക്കെ മുഴങ്ങുന്ന പ്രചാരണ ​ഗാനങ്ങൾ…..ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച കൂടിയേ ഉള്ളു. പ്രചാരണം പൊടിപൊടിക്കുമ്പോൾ എല്ലാ കണ്ണുകളും ആകാംക്ഷയോടെ നോക്കുന്നത് ജുലാന മണ്ഡലത്തിലേക്കാണ്. ബിജെപിയെ മലർത്തിയടിക്കാൻ അവിടെ കോൺ​​ഗ്രസ് തിരഞ്ഞെടുപ്പ് ​ഗോദയിലിറക്കിയിരിക്കുന്നത് വിനേഷ് ഫോ​ഗട്ടിനെയാണ്, രാജ്യത്തിന്റെ പുലിക്കുട്ടിയെ!!



പ്രചാരണവാഹനം കടന്നുപോകുന്ന വഴിയരികിൽ വിനേഷിനെ കാത്ത് വൻ ജനാവലിയാണ് എത്തുന്നത്. എല്ലാവരെയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്ന വിനേഷ്, സ്ത്രീകൾക്കരികിലെത്തി നേരിട്ട് കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ജുലാനയിലെ ​ഗോതമ്പ് പാടങ്ങളിൽ കാറ്റ് വീശുന്നത് വിനേഷിന്റെ വിജയത്തിലേക്കാണെന്ന് പറയുന്നു രാഷ്ട്രീയവിദ​ഗ്ധർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിനേഷിന്റെ ജീവിതം മാറിമറിയുകയായിരുന്നെന്ന് പറയാം. ഓ​ഗസ്റ്റ് ആറിന് പാരിസ് ഒളിമ്പിക്സിൽ സ്വർണമെഡലിന് തൊട്ടരികെയെത്തിയപ്പോൾ മുട്ടുകുത്തിയിരുന്ന് കൃതജ്ഞതയോടെ, അഭിമാനത്തോടെ സന്തോഷം പങ്കുവച്ച വിനേഷിനെ മണിക്കൂറുകൾക്കകം കാത്തിരുന്നത് വേദനിപ്പിക്കുന്ന വാർത്തയായിരുന്നു. അയോ​ഗ്യതയുടെ പേരിൽ പുറത്താക്കപ്പെട്ട് അപമാനിതയായ വിനേഷ് പിന്നാലെ വിരമിക്കലും പ്രഖ്യാപിച്ചു. പക്ഷേ, രാജ്യം ഒന്നടങ്കം പറഞ്ഞു നിങ്ങളാണ് ഞങ്ങളുടെ മനസിൽ യഥാർത്ഥ വിജയി എന്ന്.

കായികരം​ഗത്തേക്ക് രാഷ്ട്രീയവും അധികാരവും കൈകടത്തൽ നടത്തിയതിന്റെ ബലിയാടാവുകയായിരുന്നു വിനേഷ് ഫോ​ഗട്ട് എന്നത് പരസ്യമായ രഹസ്യമായി. ​ഗുസ്തിതാരങ്ങൾക്ക് വേണ്ടി ബ്രിജ്ഭൂഷണിനെതിരെ സമരരം​ഗത്ത് പോരാടിയ വിനേഷ് ബിജെപിക്ക് അന്നേ തലവേദനയായിരുന്നു. ഇപ്പോഴിതാ, അതേ വിനേഷിനെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ രം​ഗത്തിറക്കിയിരിക്കുന്നു കോൺ​ഗ്രസ്. കായികരം​ഗത്തെ അട്ടിമറിയും ചതിയുമൊക്കെ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിക്കെതിരെ പോലും ശബ്ലമുയർത്തിയ വിനേഷിന്റെ രാഷ്ട്രീയപ്രവേശം തന്നെ ചരിത്രപരമായ തീരുമാനമായിരുന്നു. ഗോദയിലെ പോരാട്ടം അവസാനിപ്പിച്ച്, സ്ത്രീകൾക്ക് വലിയ വിജയ ചരിത്രം ഇല്ലാത്ത ഹരിയാനയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ​ഗോദയിൽ മത്സരത്തിനിറങ്ങുക എന്നത് വിനേഷിന്റെ സാഹസികത നിറഞ്ഞ മറ്റൊരു അടയാളപ്പെടുത്തലാവുന്നു.


ഗോദയിലെ യോദ്ധാവിനെ തിരഞ്ഞെടുപ്പ് ​ഗോദയിലിറക്കുന്നതിലൂടെ കോൺ​ഗ്രസ് ലക്ഷ്യംവെക്കുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തുക എന്നതുതന്നെയാണ്. ഗുസ്തി താരങ്ങൾക്കെതിരായ ലൈം​ഗികാതിക്രമകേസിൽ ബ്രിജ്ഭൂഷനെതിരെ സമരത്തിനിറങ്ങിയവരുടെ കൂട്ടത്തിൽ മുന്നിലുണ്ടായിരുന്നു വിനേഷ് ഫോ​ഗട്ട്. ഈ സമരം ബിജെപിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ​ഗുസ്തി താരം മത്സരരംഗത്തെത്തുന്നു എന്നതിനപ്പുറം വിനേഷ് ഫോ​ഗട്ടിന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ രാഷ്ട്രീയ മാനങ്ങൾ ഉണ്ടാവുന്നതും. ഹരിയാനയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി പരിശോധിക്കുമ്പോൾ ബിജെപിക്ക് ആശങ്കപ്പെടാന് ചെറുതല്ലാത്ത വകയുണ്ട് എന്ന കാര്യം ബോധ്യപ്പെടും. ജുലാന മണ്ഡലത്തിൽ വിനേഷ് ഫോ​ഗട്ടിനെ നേരിടാൻ ആര് എന്നത് ബിജെപിയെ ആദ്യഘട്ടത്തിൽ കുഴക്കിയ ചോദ്യമായിരുന്നു. വിനേഷിന്റെ പിതൃസഹോദരപുത്രിയും ​ഗുസ്തിതാരവുമായ ബബിത ഫോ​ഗട്ടിനെ രം​ഗത്തിറക്കുമെന്ന ചർച്ചകൾ ഉയർന്നെങ്കിലും ഒടുവിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയത് ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ്.


2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ 10 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഇക്കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ ആ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല, പകുതി സീറ്റുകൾ നഷ്ടമാവുകയും ചെയ്തു. ജനസംഖ്യയുടെ 27 ശതമാനം വരുന്ന ജാട്ടുകൾക്കിടയിൽ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യംവച്ചാണ് കോൺഗ്രസ് ഹരിയാനയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇത്തരം ശ്രമങ്ങൾ വിജയം കാണുന്നുണ്ടെന്നാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതും. ജാട്ട് വിഭാ​ഗത്തിന്റെ വോട്ടുകൾ സമാഹരിക്കുകയെന്നത് തന്നെയാണ് പാർട്ടികളുടെ പ്രധാന കടമ്പ. ജാട്ടുവിഭാ​ഗം ഇത്തവണ തങ്ങൾക്കൊപ്പമാണെന്നാണ് കോൺ​ഗ്രസിന്റെ അവകാശവാദം. അതിലാകട്ടെ അല്പം കാര്യവുമുണ്ട്. ജാട്ട് വിഭാ​ഗത്തിന് ബിജെപിയോടുണ്ടായ അകൽച്ചയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എംപിമാരുടെ എണ്ണം പകുതിയാക്കി കുറച്ചത്. 8-10 ശതമാനം ബ്രാഹ്മണർ, 7-8 ശതമാനം ഘത്തരീസ്, 27 ശതമാനം ഒബിസി, 7 ശതമാനം മുസ്ലീങ്ങൾ എന്നിങ്ങനെയാണ് ഹരിയാനയുടെ സാമുദായിക ഘടന. ഇതിലാകട്ടെ മുസ്ലീം വോട്ടുകളിൽ മഹാ ഭൂരിപക്ഷവും കോൺ​ഗ്രസിനൊപ്പം നിലയുറപ്പിക്കുന്നവയാണ്. ജാട്ട് വിഭാ​ഗത്തിന്റെ വോട്ടുകൾ കൂടി സമാഹരിക്കാനായാൽ ഭരണം നേടാനാകുമെന്നാണ് കോൺ​​ഗ്രസ് കണക്ക് കൂട്ടുന്നത്.


കർഷകസമരങ്ങളുടെ സ്വാധീനവും ​ഹരിയാനയുടെ മണ്ണിൽ നിർണ്ണായകമാണെന്നത് ബിജെപിയുടെ തലവേദന കൂട്ടുന്നു. കർഷക സമരങ്ങളുടെ തിരയിളക്കം ഇനിയും ഒടുങ്ങിയിട്ടില്ല. സമരത്തെ തടയുന്നതിനായി അടച്ചിട്ട ഡൽഹി അതിർത്തികൾ പൂർണ്ണമായും ഇനിയും തുറന്ന് നൽകിയിട്ടുമില്ല. ​ഗുസ്തി താരങ്ങളുടെ സമരവും അ​ഗ്നിപഥ് പദ്ധതിയുമെല്ലാം ഹരിയാനയിലെ ജനങ്ങളിൽ ബിജെപി വിരുദ്ധ മനോഭാവത്തിന് വഴിതെളിച്ചിട്ടുണ്ട്. അ​ഗ്നിവീർ പദ്ധതിക്കെതിരായി സംസ്ഥാനത്ത് ആളിപ്പടർന്ന പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. സേനയിൽ ജോലി എന്ന യുവജനങ്ങളുടെ സ്വപ്നത്തിന് മീതെ കരിനിഴൽ വീഴ്ത്തിയ സർക്കാർ എന്നതാണ് മോദി സർക്കാരിനോടുള്ള യുവാക്കളുടെ മനോഭാവം. അത് മനസിലാക്കി തന്നെയാകണം അ​ഗ്നിപഥ് പദ്ധതിയിലൂടെ സേനയിലെത്തുന്ന അ​ഗ്നിവീറുകളുടെ സേവന കാലാവധിയും ആനുകൂല്യങ്ങളും പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. ഇത് പ്രതിഷേധങ്ങളെ എത്രകണ്ട് തണുപ്പിച്ചിട്ടുണ്ടെന്നത് കണ്ട് തന്നെ അറിയേണ്ടതാണ്.

ഈ വിഷയങ്ങളൊന്നും അത്ര പെട്ടെന്ന് പരിഹരിക്കാനാവുന്നതല്ലെന്നും, ഇത്തരം വിഷയങ്ങളെല്ലാം സജീവമാക്കിനിർത്താൻ സാധിച്ചെന്ന തോന്നലുമാണ് കോൺ​ഗ്രസിന്റെ ആത്മവിശ്വാസത്തിന് ആധാരം. 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ വലിയ പ്രതീക്ഷകളാണ് കോൺ​ഗ്രസിനുള്ളത്. ആം ആദ്മിയുമായുള്ള സംഖ്യം ഫലംകണ്ടില്ലെങ്കിലും സിപിഐഎമ്മും കോൺ​ഗ്രസും തമ്മിൽ ധാരണയിലെത്തുകയും ഒരു സീറ്റ് സിപിഐഎമ്മിന് വിട്ട് നൽകുകയും ചെയ്തു. ജെജെപി, ഐഎൻഎൽഡി തുടങ്ങിയ പ്രധാനപ്പെട്ട ചെറു പാർട്ടികൾ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഇടയില്ല. എഎപി സഖ്യമില്ലെങ്കിലും തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് അനുകൂല സാഹചര്യമുണ്ടെന്ന് തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്.


സംസ്ഥാന സർക്കാരിന്റെ പ്രകടനവും തൃപ്തികരമായിരുന്നില്ല എന്നതിന്റെ തെളിവാണ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് മനോഹർ ലാൽ ഘട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയത്. എന്നാൽ ഭരണ വിരുദ്ധ വികാരങ്ങളെ ഒരുപരിധിവരെ മറികടക്കാൻ പുതിയ നേതൃത്വത്തിന് കഴിഞ്ഞു എന്നാണ് ബിജെപി വിലയിരുത്തുന്നത്.


ഗുസ്തി താരങ്ങൾക്ക് അനുകൂലമായ വികാരം പൊതുവിൽ രാജ്യത്തുണ്ട്. വിനേഷ് ഫോ​ഗട്ട് അയോ​ഗ്യയാക്കപ്പെട്ടതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന് പൊതുജനങ്ങളിൽ സംശയമുയർത്തുന്നതിൽ പ്രതിപക്ഷ പാർട്ടികൾ ഒരുപരിധിക്കപ്പുറം വിജയിച്ചിട്ടുമുണ്ട്. വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതും ഫോ​ഗട്ടിന്റെ സ്ഥാനാർത്ഥിത്വവും കാരണം ​ഗുസ്തി താരങ്ങൾക്കനുകൂലമായ ഈ വികാരം തങ്ങൾക്കുകൂടി ​അനുകൂലമാക്കാൻ കഴിയുമെന്നാണ് കോൺ​ഗ്രസ് കണക്കുകൂട്ടുന്നത്. അഥവാ അതിന് വേണ്ടി തന്നെയാണ് വിനേഷ് ഫോഗട്ടിനെയും ബജ്‌റംഗ് പുനിയയെയും കോൺ​ഗ്രസ് തങ്ങളുടെ പാളയത്തിൽ എത്തിച്ചത്. ഗോദയിൽ കരുത്ത് തെളിയിച്ച വിനേഷ് ഫോ​ഗട്ടിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എതിരാളിയെ മലർത്തിയടിക്കാൻ കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us