'മാറ്റത്തിന്റെ സമയമടുത്താല്‍ അതിനെ തടുക്കാന്‍ ഒരു ശക്തിക്കുമാകില്ല'
ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റിയ 1991ലെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞ വാക്കുകളാണിത്. രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്ന സമയമായിരുന്നു അത്. വിദേശ നാണ്യ ശേഖരത്തില്‍ ഇന്ത്യ ഏറെ താഴേക്ക് പതിക്കുകയും, രാജ്യത്തിന്റെ പൊതു കടം മൊത്തം ജിഡിപിയുടെ അമ്പത് ശതമാനത്തോളമായി ഉയരുകയും ചെയ്തു.
വിലക്കയറ്റം അതിരൂക്ഷമായി. നിക്ഷേപകര്‍ കൂട്ടമായി പണം പിന്‍വലിച്ചുതുടങ്ങി. എങ്ങിനെയെങ്കിലും ഈ പ്രതിസന്ധിയെ മറികടക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിംഗിനെ ഈ ദൗത്യം ഏല്‍പിക്കുകയായിരുന്നു.
അന്നുവരെ രാജ്യം കൈകൊണ്ട എല്ലാ സാമ്പത്തിക നയങ്ങളെയും തകിടം മറിച്ചുകൊണ്ടായിരുന്നു മന്‍മോഹന്‍ സിംഗ് രാജ്യത്തെ സാമ്പത്തികമുറിവുകളില്‍ മരുന്ന് പുരട്ടിയത്. 'മാറ്റത്തിന്റെ സമയമടുത്താല്‍ അതിനെ തടുക്കാന്‍ ഒരു ശക്തിക്കുമാകില്ല' എന്നുപറഞ്ഞ് സിങ് അവതരിപ്പിച്ച ആ ബജറ്റ് ഇന്ത്യയെന്ന വിപണിയെ ലോകത്തിനുമുന്‍പില്‍ വിശാലമായി തുറന്നുവെച്ചു. ലോകത്തെ സുപ്രധാന ശക്തിയായി ഇന്ത്യ മാറുമെന്ന് കട്ടായം പറഞ്ഞ്, രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മന്‍മോഹന്‍ സിങ് സ്വന്തം കാലില്‍ ഭദ്രമാക്കി നിര്‍ത്തി.
മന്‍മോഹന്‍ സിംഗിന്റെ ജീവിതത്തെ ഒരുപാട് അടരുകളായി തിരിക്കാം. പക്ഷെ എങ്ങനെ തിരിച്ചാലും ഒടുവിലെത്തുന്നത് ചരിത്രത്തിന്റെ വാതില്‍ക്കല്‍ തന്നെ. 1971ല്‍ വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവ്, 1972ല്‍ സാമ്പത്തിക കാര്യ മന്ത്രാലയത്തില്‍ മുഖ്യ ഉപദേഷ്ടാവ്, 1976 മുതല്‍ 1980 വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍, 1982 85 വരെ ആർബിഐ ഗവര്‍ണര്‍. 1987 മുതല്‍ 90 വരെ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍. ഇവയ്ക്കെല്ലാം ശേഷം രാജ്യത്തിന്റെ ഗതി തന്നെ മാറ്റിയ ധനകാര്യവകുപ്പ് മന്ത്രിപദം. ശേഷം 2004ൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദം. ഔദ്യോഗിക ജീവിതത്തിൽ നിന്ന് പൊതുപ്രവർത്തന രംഗത്തേയ്ക്കുള്ള മൻമോഹൻ സിങ്ങിൻ്റെ യൂ ടേൺ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും നിർണ്ണായകമായ അടയാളപ്പെടുത്തലായി മാറുകയായിരുന്നു.
നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ നിന്ന് രാജ്യം ഇനി നീങ്ങേണ്ടത് ഉദാരീകരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലേക്കാണെന്ന് ഉറച്ചുവിശ്വസിക്കുകയാണ് മന്‍മോഹന്‍ സിങിലെ സാമ്പത്തിക വിദഗ്ധന്‍ ചെയ്തത്. നെഹ്റു വിഭാവനം ചെയ്ത മിശ്രസമ്പദ് വ്യവസ്ഥയ്ക്ക് ഇന്ദിരാ ഗാന്ധി സോഷ്യലിസത്തിൻ്റെ മേമ്പൊടി ചേർത്തപ്പോൾ അത് കോൺഗ്രസിൻ്റെ സാമ്പത്തിക നയസമീപനമായാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യൻ കുത്തകകൾക്ക് അനുകൂലമാണ് ഈ നയസമീപനമെന്ന് സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും വിമർശിക്കുമ്പോഴും കോൺഗ്രസിൻ്റെ സാമ്പത്തിക നയത്തിന് സോഷ്യലിസത്തിൻ്റെ ഒരുമേമ്പൊടി ഉണ്ടായിരുന്നു. പാർട്ടി ഔദ്യോഗികമായി നയംമാറ്റം പ്രഖ്യാപിക്കാതെ തന്നെയായിരുന്നു നരസിംഹറാവു സർക്കാരിൻ്റെ സാമ്പത്തിക നയസമീപനം ഉദാരവത്കരണത്തിൻ്റെ കമ്പോളാധിഷ്ഠിത മുതലാളിത്ത കാഴ്ചപ്പാടിൽ ഉള്ളതായിരിക്കുമെന്ന് മൻമോഹൻ സിങ്ങ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് സിംഗ് ഇന്ത്യയെ ലോകത്തിന് മുന്‍പാകെ തുറന്നുവെച്ചു. പൊതുമേഖലയെ സ്വകാര്യവത്കരിക്കാന്‍ ആരംഭിച്ചു. വിദേശ കുത്തകകൾക്കായി ഇന്ത്യൻ വിപണി തുറന്നിട്ടു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ആധുനിവത്കരിക്കാനുള്ള ശ്രമങ്ങള്‍ എന്ന നിലയിലാണ് കോൺഗ്രസും ഇതിനെ വിശദീകരിച്ചത്. അപ്പോഴും മന്‍മോഹന്‍ സിങ്ങിന്റെ ഈ നടപടികളില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമായിരുന്നു. പി ചിദംബരം പോലുള്ള നേതാക്കള്‍ സിങ്ങിനെതിരെ രംഗത്തെത്തി. സിങ്ങിന് രാഷ്ട്രീയ പശ്ചാത്തലമില്ല എന്നത് കോണ്‍ഗ്രസില്‍ കോലാഹലത്തിനിടയാക്കി.
ഇതിനിടെ ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും നയങ്ങളാണ് ബജറ്റിലുണ്ടായതെന്ന വിമര്‍ശനവും മന്‍മോഹന്‍ സിംഗിനെ തേടിയെത്തി.
പക്ഷെ ഇന്ത്യ മാറേണ്ടതുണ്ടെന്നായിരുന്നു സിംഗിന്റെ ഉറച്ചവിശ്വാസം. മന്‍മോഹന്‍ സിങ് തുറന്നിട്ട വാതിലിലൂടെ രാജ്യത്തിന് എന്ത് ലഭിച്ചുവെന്നത് ഇപ്പോഴും വാദപ്രതിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സാങ്കേതികമായും സാമ്പത്തികമായും രാജ്യം മുന്നേറിയപ്പോഴും, കാര്‍ഷിക, ചെറുകിട വ്യാപാര മേഖലയടക്കമുള്ള അടിസ്ഥാനവര്‍ഗ വിഭാഗത്തിന്, അതിന്റെ മെച്ചമുണ്ടായില്ല എന്നതും, ആഗോളീകരണത്തിന് ശേഷം അടിസ്ഥാന തൊഴില്‍മേഖലകളില്‍ വലിയ തകര്‍ച്ചകളുണ്ടായി എന്നതും, ആ നയങ്ങളുടെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. രാജ്യത്ത് കുത്തകകളുടെ സമ്പത്ത് കുന്നുകൂടുകയും കോടീശ്വരന്മാരുടെ എണ്ണം പെരുകുയും ചെയ്യാൻ സഹായകമായ ഈ നയസമീപനം രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിപ്പിച്ചുവെന്ന വിമർശനവും നേരിടുന്നുണ്ട്.
മന്‍മോഹന്‍ സിങ് എന്ന പ്രധാനമന്ത്രിയെ എല്ലാവരും വിളിച്ചുപോരുന്നത് ആക്ക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നാണ്. ഇറ്റാലിയന്‍ പശ്ചാത്തലമുള്ള സോണിയ ഗാന്ധി, 2004ല്‍ പ്രധാനമന്ത്രി പദം വേണ്ടെന്ന് വെച്ചപ്പോള്‍ വീണ ഒരു നറുക്കാണ് സിങിന്റേത്. സോണിയയുടെ മഹാത്യാഗവും, പ്രണബ് മുഖര്‍ജിയടക്കമുള്ള സീനിയര്‍ നേതാക്കളെയും മറികടന്ന് കിട്ടിയ ഒരു പ്രധാനമന്ത്രിപദം.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രി കാലഘട്ടം. ഇടതുപക്ഷത്തിന്റെയടക്കം പിന്തുണയില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ താരതമ്യേന ശാന്തമായി ഒഴുകുമ്പോഴാണ്, 2008ല്‍ മന്‍മോഹന്‍ സിംഗിന് ഒരു വലിയ പ്രതിസന്ധിയെ അതിജീവിക്കേണ്ടി വന്നത്.
ഇന്ത്യ - യു എസ് ആണവകരാറിന്റെ പേരില്‍ 60 എംപിമാരുണ്ടായിരുന്ന ഇടതുപക്ഷം സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചു. മന്‍മോഹന്‍ സിങ്ങിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നായിരുന്നു ഈ കരാര്‍. കരാറില്‍നിന്ന് ഒരടി പിന്നോട്ടുപോകില്ലെന്ന് തറപ്പിച്ചുപറഞ്ഞ സിംഗ് ഒടുവില്‍ രാജിഭീഷണി വരെ മുഴക്കിയിരുന്നു.
രാഷ്ട്രീയക്കാരനല്ലാത്ത മന്‍മോഹന്‍ സിങ് നേരിട്ട ആദ്യത്തെ ബലപരീക്ഷണമായിരുന്നു 2008ലെ വിശ്വാസവോട്ടെടുപ്പ്. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചെങ്കിലും വലിയ വെല്ലുവിളി മന്‍മോഹന്‍ സിംഗിന് നേരിടേണ്ടി വന്നിരുന്നു. പിന്നീട് 2009ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഒന്നാം യുപിഎ സർക്കാരിൻ്റെ ഖ്യാതിയിൽ മൻമോഹൻ സിങ്ങിന് രണ്ടാം അവസരം ലഭിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിനുണ്ടായ സല്‍പ്പേര് രണ്ടാം യുപിഎ സര്‍ക്കാരിന് കാത്തുസൂക്ഷിക്കാനായില്ല എന്നതായിരുന്നു രാഷ്ട്രീയമായി മന്‍മോഹന്‍ സിംഗിനെ ഉലച്ച മറ്റൊരു കാര്യം. കോമ്മണ്‍വെല്‍ത്ത്, 2 ജി, കല്‍ക്കരി കുംഭകോണം തുടങ്ങിയ നിരവധി അഴിമതികളില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ മുങ്ങി. എന്നാല്‍ അദ്ദേഹത്തിന്റെ കുപ്പായത്തില്‍ അഴിമതിയുടെ ഒരു കറ പോലുമുണ്ടായില്ല എന്നതായിരുന്നു ശ്രദ്ധേയം.
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങള്‍ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഇതിൽ ഭൂരിപക്ഷം ജനപ്രിയമായ നിയമങ്ങളും രൂപമെടുത്തത് ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്തായിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (2005), വിവരാവകാശ നിയമം(2005), സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിര്‍മ്മാണം (2005), ആദിവാസി വനാവകാശ നിയമം (2006), വിദ്യാഭ്യാസ അവകാശ ബില്‍(2008), ഭക്ഷ്യ സുരക്ഷാ നിയമം(2013), നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (2013) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് 27 ശതമാനം റിസര്‍വേഷന്‍ തുടങ്ങിയവ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ പാസാക്കപ്പെട്ടവയാണ്.
നിശ്ശബ്ദനായിരുന്ന് പഠിച്ച്, ഫുള്‍ മാര്‍ക്കും വാങ്ങിപ്പോകുന്ന ഒരു കുട്ടിയെപോലെയായിരുന്നു മന്‍മോഹന്‍ സിംഗ്. താന്‍ ആക്‌സിഡന്റല്‍ പ്രധാനമന്ത്രി മാത്രമായിരുന്നില്ല, ഒരു ആക്‌സിഡന്റല്‍ ധനമന്ത്രി കൂടിയായിരുന്നുവെന്ന് സിംഗ് പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആക്‌സിഡന്റല്‍ ആയിരുന്നില്ല എന്ന് സിംഗ് എപ്പോഴും ഉറപ്പുവരുത്തി. മൗനിബാബ, പാവ പ്രധാനമന്ത്രി എന്നെല്ലാം പ്രതിപക്ഷം ആക്ഷേപിച്ചുകൊണ്ടിരുന്നപ്പോള്‍ മന്‍മോഹന്‍ സിങ് തന്റെ കര്‍മങ്ങളില്‍ മാത്രം വ്യാപപൃതനായ ഒരാളായിരുന്നു.
2014ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതി കുംഭകോണങ്ങള്‍ വാതില്‍ തുറന്നത് വര്‍ഗീയ ശക്തികള്‍ അധികാരമേല്‍ക്കുന്നതിലേക്കാണ് എന്ന ആരോപണം മന്‍മോഹന്‍ സിംഗിന്റെ മേലുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരിന്റെ തലവനെന്ന ആരോപണം അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ തന്നെ പൊതിഞ്ഞ ഈ വിവാദങ്ങളില്‍ അദ്ദേഹത്തിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, History will be kinder to me than the media എന്ന് മാത്രം. വരും കാലം തന്നെ എങ്ങനെ ഓര്‍ക്കുമെന്നും, എങ്ങനെ തന്നെ വിലയിരുത്തുമെന്നതും ദൃഢനിശ്ചയമുണ്ടായിരുന്ന ഒരു മനുഷ്യന്റെ വാക്കുകള്‍.
പിന്നീട് അതു തന്നെ സംഭവിച്ചു. നോട്ടുനിരോധനവും അശാസ്ത്രീയമായ സാമ്പത്തിക പരിഷ്‌കരണങ്ങളുമെല്ലാമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ചക്രശ്വാസം വലിക്കുകയും അടിസ്ഥാന തൊഴില്‍ മേഖലകള്‍ താറുമാറാകുകയും ചെയ്ത സമീപ കാലത്തെ നിരവധി സാഹചര്യങ്ങളില്‍ രാജ്യം പല തവണ മന്‍മോഹന്‍ സിംഗിനെ ഓര്‍ത്തിട്ടുണ്ട്. ധിഷണാപരമായി ഈ രാജ്യത്തെ നയിക്കാന്‍ ഒരു മന്‍മോഹന്‍ സിംഗ് ഉണ്ടായിരുന്നെങ്കിലെന്ന് പലരും പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിട്ടുമുണ്ട്. മന്‍മോഹന്‍ സിംഗിനെ അടയാളപ്പെടുത്തേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷെ ഒന്നുറപ്പാണ്. പരമ്പരാഗത പാതയില്‍ നിന്ന് രാജ്യത്തെ വഴിമാറ്റിക്കൊണ്ടുപോയ ആ 'മന്‍മോഹണോമിക്‌സ്' രാജ്യത്തിന്റെ സീന്‍ മാറ്റിയ ഒന്നായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു ധനമന്ത്രിയുടെയും തുടര്‍ന്ന് ഒരു പ്രധാനമന്ത്രിയുടെയും തുടക്കം അവിടെ നിന്നായിരുന്നു. പ്രസംഗമല്ല, വാചാടോപങ്ങളല്ല, പ്രവര്‍ത്തനമാണ് വലുതെന്ന് കാണിച്ചുതന്ന, ഇന്ത്യയുടെ തലവര മാറ്റിയ രാജ്യത്തിന്റെ സ്വന്തം സിങാണ് മന്‍മോഹന്‍ സിംഗെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല..