മുഖ്യമന്ത്രി പി ആർ ഏജൻസിയെ ഉപയോ​ഗിക്കുന്നില്ലെന്നോ! ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത് ഇനിയും തുടരാമെന്നാണോ?

വാസ്തവം അതല്ല. എട്ട് വർഷമായി മുഖ്യമന്ത്രിയും പാർട്ടിയും ഏജൻസികളെ തരാതരം പോലെ ഉപയോഗിക്കുന്നുണ്ട്.

ആർ ശ്രീജിത്ത്
4 min read|02 Oct 2024, 02:29 pm
dot image

പി ആർ ഏജൻസികളെ പുറമേയ്ക്ക് തളളിപ്പറയുമ്പോഴും ഇത്തരം ഏജൻസികളെ രഹസ്യമായി ഉപയോഗിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻെറയും സിപിഐഎമ്മിൻെറയും രീതി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണം ആസൂത്രണം ചെയ്തത് മുതൽ പി ആർ
ഏജൻസികൾ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഭരണവും തുടർഭരണവും ആയതോടെ സർക്കാരിൻെറ പ്രധാന പരിപാടികളുടെ ആസൂത്രണവും നിർവ്വഹണവും എല്ലാം പി ആർ ഏജൻസികൾ ഏറ്റെടുക്കുകയായിരുന്നു.

പ്രതിപക്ഷത്തിന് തന്ത്രങ്ങളൊരുക്കാൻ സുനിൽ കനഗോലു ഉണ്ട്, പി ആർ.ഏജൻസിയുണ്ട് എന്നൊക്കെ നിരന്തരം വിമർശനം ന്നയിക്കുന്നവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎം നേതാക്കളും. തങ്ങൾക്കൊന്നുമില്ല എല്ലാംപഴയമട്ടിൽ നിർവ്വഹിച്ചു പോരുന്നു എന്നാണ് അവർ പറഞ്ഞു പോരുന്നതും. എന്നാൽ വാസ്തവം അതല്ല. എട്ട് വർഷമായി മുഖ്യമന്ത്രിയും പാർട്ടിയും ഏജൻസികളെ തരാതരം പോലെ ഉപയോഗിക്കുന്നുണ്ട്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചരണം മുതലാണ് ഏജൻസികളെ ഉപയോഗിച്ച് തുടങ്ങിയത്. പിണറായിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി കൊണ്ടുനടന്ന പ്രചരണത്തിന് ചുക്കാൻ പിടിച്ചത് ടൈംസ് ഇവൻറ്സ് ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യാ ദിനപത്രത്തിൻെറ ഇവൻറ് വിഭാഗമാണിത്. ടൈംസ് ഇവൻറ്സിൻെറ പ്രതിനിധികളുടെ ആദ്യ പ്രസൻേറഷൻ നടന്നത് എകെജി സെന്ററിന് എതിർവശത്തെ പിണറായിയുടെ ഫ്ളാറ്റിൽ വെച്ചായിരുന്നു. വൻതുക പ്രതിഫലം പറ്റിയാണ് ടൈംസ് ഇവൻറ്സ് കാമ്പയിൻ ആസൂത്രണം ഏറ്റെടുത്തത്. എന്നാൽ തുകയെത്രയാണെന്നോ അത് ആര് നൽകിയെന്നോ ഇതുവരെ വെളിപ്പെട്ടിട്ടില്ല. അന്ന് മലയാളത്തിലുളള വീഡിയോ, ശബ്ദസന്ദേശം, പരസ്യത്തിനുളള കണ്ടന്റ് എന്നിവ തയ്യാറാക്കിയത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈത്രി എന്ന ഏജൻസിയും. ഈ ഏജൻസിയാണ്, അന്ന് ഏറെ ശ്രദ്ധ നേടിയ എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന പരസ്യവാചകം ഒരുക്കിയത്.

ടൈംസ് ഇവൻറ്സിൻെറ ഭാഗമായി വന്ന മൈത്രി പിന്നീട് പി ആർ ഡിയുടെയും സർക്കാരിലെ ഇതര വകുപ്പുകളുടെയും എം പാനൽഡ് ഏജൻസിയായി മാറി. ദേശിയ തലത്തിലും ഗൾഫ് ഉൾപ്പെടെയുളള മേഖലകളിലും മുഖ്യമന്ത്രിയുടെ പ്രതിഛായാ നിർമ്മിതിക്ക് വേണ്ടിയും വിവിധ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. അതൊന്നും പി ആർ ഡി വഴിയല്ല. പരസ്യത്തിനും ബ്രാൻഡ് ബിൽഡിങ്ങിനും കോടികൾ നീക്കിവെക്കുന്ന സർക്കാർ വകുപ്പുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ ആണ് പണം മുടക്കുന്നത്. ടൂറിസം വകുപ്പും കിഫ്ബി പോലുളള സ്ഥാപനങ്ങളുമാണ് പലപ്പോഴും ഏജൻസികൾക്കായി പണം ചെലവാക്കുക. പി ആർ ഡിയുമായി ബന്ധമില്ലെന്നിരിക്കെ ഇപ്പോൾ വിവാദ അഭിമുഖത്തിൻെറ പിന്നണിക്കാരെന്ന് വെളിപ്പെട്ട കെയ്സണും ഏതെങ്കിലും സർക്കാർ ഏജൻസിതന്നെയാകും പണം കൊടുക്കുന്നത്.

കൊവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങളിലും പി ആർ ഏജൻസികളുടെ സാന്നിധ്യമുണ്ടായിരുന്നു. എജൻസികളുടെ സഹായത്തോടെ കൊവിഡ് കാലനടപടികൾ സ്വന്തം പ്രതിഛായ വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തിരുന്നു.അതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ഇപ്പോൾ വൈറലാണ്. എനിക്ക് മാധ്യമങ്ങളെ കാണാൻ ഏജൻസി വേണോ എന്നായിരുന്നു 2020 മെയ് 20ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ക്യാമറകൾക്ക് മുന്നിൽ ആ പറഞ്ഞത് പച്ചക്കളളമായിരുന്നു. കൊവിഡ് കാലത്തും മുഖ്യമന്ത്രിയുടെയും സർക്കാരിൻെറയും പ്രതിഛായ കൂട്ടാൻ പി ആർ ഏജൻസി പ്രവർത്തിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ടൈഡൽ 7 എന്ന ഏജൻസിയാണ് അക്കാലത്ത് മുഖ്യമന്ത്രിക്ക് വേണ്ടി പ്രവർത്തിച്ചത്. കൊവിഡ് മാനേജ് മെൻറിൽ ആഗോള മാതൃകയായി പ്രവർത്തിച്ചു എന്ന പ്രചരണമെല്ലാം പ്രതിഛായ നിർമ്മിതിയുടെ ഭാഗമായി വന്നതാണെന്നാണ് ഇപ്പോഴുയരുന്ന സംശയം.

പി ആർ ഏജൻസിയും ഇവൻറ് മാനേജ്മെൻറ് കമ്പനിയും ഇടത് രാഷ്ട്രീയത്തിൽ വിവാദമാകുന്നത് ഇതാദ്യമല്ല. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പനാണ് സി പി ഐ എമ്മിനെതിരെ ആദ്യമായി പി ആർ ഇവൻറ് മാനേജ്മെൻറ് ആക്ഷേപം ഉന്നയിക്കുന്നത്. 2012ലെ സി പി ഐ എമ്മിൻെറയും സി പി ഐയുടെയും സംസ്ഥാന സമ്മേളനങ്ങൾ ഒരേ ദിവസങ്ങളിലാണ് നടന്നത്. അങ്ങനെയൊരു
പതിവില്ല. സി പി ഐ സമ്മേളനത്തിൻെറ പ്രാധാന്യം കുറക്കുന്ന നടപടിയായി വിലയിരുത്തിയാണ് സി പി ഐ എം സമ്മേളനങ്ങളുടെ പകിട്ടും ചില പിഴവുകളും ചൂണ്ടിക്കാട്ടി ചന്ദ്രപ്പൻ ഇവൻറ് പി ആർ ആക്ഷേപം ഉന്നയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us