പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുമ്പോൾ ഗാന്ധിയുടെ നിലപാടും അഹിംസയെന്ന ആയുധവും ലോകം ഓർമ്മിക്കേണ്ടതുണ്ട്

ലോക സമാധാനത്തിന് വെല്ലുവിളിയായി ഇസ്രയേൽ-പലസ്തീൻ സംഘർഷം വളരുന്ന ഘട്ടത്തിൽ ലോകം ഗാന്ധിയെ അനുസ്മരിക്കുന്നു എന്നതിൽ നിരവധി സവിശേഷതകളുണ്ട്.

dot image

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെയും വംശീയതയുടെ പേരിലുള്ള ഏറ്റുമുട്ടലുകളുടെയുമെല്ലാം പ്രതിസന്ധികൾ ലോകസമാധാനത്തിന് തന്നെ ഭീഷണിയാകുന്ന ഘട്ടത്തിലാണ് അഹിംസാ മന്ത്രങ്ങളിലൂടെ പോരാടിയ ഗാന്ധിജിയുടെ ജന്മദിനം കടന്നു വരുന്നത്. ഗാന്ധിയൻ മൂല്യങ്ങൾ ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ പൊതു- രാഷ്ട്രീയ മണ്ഡലങ്ങളിൽ ജാതീയതയും വർഗ്ഗീയതയും വേരാഴ്ത്താൻ നടത്തുന്ന ശ്രമങ്ങളും വർത്തമാനകാലത്തെ വെല്ലുവിളിയാണ്. ഗാന്ധി വിഭാവനം ചെയ്ത വികേന്ദ്രീകൃതമായ ജനാധിപത്യ ഭരണ സംവിധാനത്തെ തമസ്കരിച്ച് കേന്ദ്രികൃതമായ ഭരണം സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു എന്ന് സൂചന നൽകുന്ന നിയമനിർമ്മാണങ്ങളുടെ ആലോചനകളും രാജ്യത്ത് നടക്കുന്നുണ്ട്. ഗാന്ധി ഉയർത്തിയ രാഷ്ട്രീയ-സാമൂഹിക ആശയങ്ങളെക്കാൾ ഗാന്ധിഘാതകരുടെ ആശയങ്ങൾക്ക് രാജ്യത്ത് പ്രാമുഖ്യം കൈവരുന്നു എന്ന ആശങ്കയും ശക്തമാണ്. ഈ നിലയിൽ ഗാന്ധി എന്ന ആശയപ്രപഞ്ചം സ്വന്തം ജീവിതം കൊണ്ട് വരച്ചിട്ട രാഷ്ട്രീയ-സാമൂഹിക മൂല്യങ്ങൾ രാജ്യത്ത് ഇന്ന് വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഗാന്ധിജിയുടെ 155-ാം ജന്മദിനം കടന്നു വന്നിരിക്കുന്നത്.

സംഘർഷങ്ങൾ കൊണ്ടും കലാപങ്ങൾ കൊണ്ടും കീഴടക്കാമെന്നും കീഴ്പ്പെടുത്താമെന്നും കരുതുന്ന ലോകത്ത്, ഗാന്ധിയൻ പോരാട്ടത്തിൻ്റെ ഏറ്റവും ശക്തമായിരുന്ന ആയുധമായിരുന്ന അഹിംസയെന്ന ആശയം കാലഹരണപ്പെടുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഏതാണ്ട് ഒരു വർഷത്തിന് മേലെയായി നിരവധി നിരപരാധികളുടെ ജീവനെടുത്ത വംശീയ സംഘർഷങ്ങളുടെ ഭയാനക കാഴ്ചകൾക്ക് മണിപ്പുരിൽ അന്ത്യമായിട്ടില്ല. കലാപങ്ങൾക്ക് നടുവിലൂടെ അഹിംസാ സന്ദേശവുമായി നവഖാലിയിലേയ്ക്ക് പോയ ഗാന്ധിജിയെപ്പോലെ മണിപ്പൂരിലേയ്ക്ക് കടന്നുചെല്ലാൻ കഴിയുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിൻ്റെ അഭാവം മുഴച്ച് നിൽക്കുന്ന കാലത്താണ് രാജ്യം ഈ ഗാന്ധിജയന്തി ആഘോഷിക്കുന്നത്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധിയൻ ആശയത്തിൻ്റെ അന്ത:സത്ത ഇന്ത്യൻ ഗ്രാമങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വമായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയും സാമ്പത്തിക അസമത്വങ്ങളിലൂടെയും തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കമുള്ള കടുത്ത ജീവിത പ്രതിസന്ധികളിലൂടെയാണ് ഇന്ത്യൻ ഗ്രാമങ്ങൾ കടന്ന് പോകുന്നത്. ശക്തമായ പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ആസൂത്രണം ചെയ്യുന്ന വികസനവും ലക്ഷ്യമിട്ട് ഗാന്ധി വിഭാവനം ചെയ്ത അധികാര വികേന്ദ്രീകരണം അതിൻ്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് കഴിഞ്ഞു എന്ന ആക്ഷേപം ശക്തമാണ്. ഈ നിലയിൽ ഗാന്ധിയൻ ആശയങ്ങൾ വെല്ലുവിളിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് രാജ്യം 155-ാം ഗാന്ധി ജയന്തി ആചരിക്കുന്നത്.

ഇസ്രയേൽ-പലസ്തീൻ സംഘർഷം ഒരു മൂന്നാം ലോകയുദ്ധത്തിൻ്റെ സൂചനകൾ നൽകി ഏറ്റവും സ്ഫോടനാത്മകമായി തുടരുകയാണ്. ഹമാസിന് സ്വാധീനമുള്ള അധിനിവേശ ഗാസയിലെ രക്തരൂക്ഷിതമായ തുറന്ന യുദ്ധത്തിന് പിന്നാലെ ഹിസ്ബുള്ള സ്വാധീനമേഖലയായ ലെബനനിലും തുറന്ന ആക്രമണങ്ങൾ ഇസ്രയേൽ അഴിച്ച് വിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന ആശങ്കയിലാണ് ലോകം. ഈ സംഘർഷങ്ങളുടെയെല്ലാം വേര് നീണ്ടെത്തുന്നത് എട്ടുദശകത്തോളമായി നീളുന്ന ഇസ്രയേൽ-പലസ്തീൻ തർക്കത്തിലേയ്ക്കാണ്. ഇസ്രയേൽ-പലസ്തീൻ തർക്കം ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടങ്ങളിലേയ്ക്ക് വളരുന്ന സാഹചര്യങ്ങളിലാണ് ഇന്ന് ലോകം ഗാന്ധിജിയെ അനുസ്മരിക്കുന്നത്.

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു ഗാന്ധിജി. 'ഇംഗ്ലണ്ട് എങ്ങനെയാണോ ഇംഗ്ലീഷുകാരുടേതായത്, ഫ്രാൻസ് എങ്ങനെയാണോ ഫ്രഞ്ചുകാരുടേതായത് അതുപോലെതന്നെ പലസ്തീൻ അറബികളുടേതാണ്' എന്ന അസന്ദിഗ്ധ നിലപാടായിരുന്നു മഹാത്മാ ഗാന്ധിയുടേത്. ലോകമെങ്ങും ജൂതർ അഭിമുഖീകരിച്ച കൊടിയ പീഢനങ്ങളോട് ഗാന്ധിജി ഐക്യദാർഢ്യപ്പെട്ടിരുന്നു. എന്നാൽ പലസ്തീനെ ഇസ്രയേലിൻ്റെ ഭാഗമാക്കുന്നത് കുറ്റകൃത്യമാണെന്ന് സംശയങ്ങൾക്ക് ഇടയിലാത്ത വിധം ഗാന്ധിജി വ്യക്തമാക്കുകയും ചെയ്തിരുന്നു. പലസ്തീൻ അറബികളുടെ നാടാണ്, അവിടെ ബ്രിട്ടന്റെ അനുവാദത്തോടെ ജൂതർ നടത്തിയ കയ്യേറ്റം അടിസ്ഥാനപരമായി ആ ജനതയ്‌ക്കെതിരെ നടത്തിയ അക്രമമാണ് എന്ന ഗാന്ധിയൻ നിലപാട് ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ചിരുന്ന ഔദ്യോഗിക നിലപാടിൻ്റെയും അടിസ്ഥാനമായിരുന്നു. എന്നാൽ ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് ഇതിൽ നിന്ന് മാറി കൂടുതൽ ഇസ്രയേൽ അനുകൂലമായി മാറുന്നുവെന്ന ആക്ഷേപങ്ങൾ ശക്തമാകുന്ന ഘട്ടത്തിലാണ് 155-ാം ഗാന്ധി ജയന്തി കടന്ന് വരുന്നത്.

ലോക സമാധാനത്തിന് വെല്ലുവിളിയായി ഇസ്രയേൽ-പലസ്തീൻ സംഘർഷം വളരുന്ന ഘട്ടത്തിൽ ലോകം ഗാന്ധിയെ അനുസ്മരിക്കുന്നു എന്നതിൽ നിരവധി സവിശേഷതകളുണ്ട്. അതിൽ ഒന്നാമത്തേത് അഹിംസയെന്ന ഗാന്ധിയൻ പോരാട്ട ആയുധത്തിൻ്റെ വർത്തമാനകാല പ്രസക്തിയാണ്. രണ്ടാമത്തേത് ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ഗാന്ധിജി സ്വീകരിച്ചിരുന്ന അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത സുവ്യക്തമായ നിലപാടിൻ്റെ ഇപ്പോഴത്തെ പ്രാധാന്യമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us