ഗാന്ധി; നീതിയുടെ വെളിച്ചം

ഭയവും വെറുപ്പും വിഷം വമിക്കുന്ന ഈ കാലഘട്ടത്തിൽ, നാനാത്വത്തെ ബഹുമാനിക്കുകയും, അപരരെ ചേർത്തു പിടിക്കുകയും, അഹിംസയെ അടിസ്ഥാനമാക്കുകയും ചെയ്യുന്ന ഗാന്ധിയൻ ആദർശം നമുക്ക് പാഠമാകേണ്ടതാണ്.

പി ബി ജിജീഷ്
1 min read|02 Oct 2024, 10:07 am
dot image

വീണ്ടുമൊരു ഒക്ടോബർ 2. ആധുനിക ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന, മതേതര ജനാധിപത്യ രാഷ്ട്രത്തിന് അടിത്തറപാകിയ ഗാന്ധി എന്ന വലിയ വെളിച്ചത്തെ നമ്മൾ വെറുതെ ഓർമിക്കുക മാത്രമല്ല, ഭൂരിപക്ഷവാദവും, വർഗീയധ്രുവീകരണവും, ഹിന്ദുത്വ രാഷ്ട്രീയശക്തികളുടെ വളർച്ചയും ശിഥിലമാക്കാൻ ശ്രമിക്കുന്ന സമകാലിക ഇന്ത്യയിൽ, അദ്ദേഹം മുന്നോട്ടുവച്ച പ്രപഞ്ച വീക്ഷണത്തിന്റെ പ്രസക്തി തിരിച്ചറിയുക കൂടിയാണ്. ഭയവും വെറുപ്പും വിഷം വമിക്കുന്ന ഈ കാലഘട്ടത്തിൽ, നാനാത്വത്തെ ബഹുമാനിക്കുകയും, അപരരെ ചേർത്തു പിടിക്കുകയും, അഹിംസയെ അടിസ്ഥാനമാക്കുകയും ചെയ്യുന്ന ഗാന്ധിയൻ ആദർശം നമുക്ക് പാഠമാകേണ്ടതാണ്.

ഗാന്ധിയുടെ ഇന്ത്യയും ഹിന്ദുത്വദർശനവും

എല്ലാവരെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വൈവിധ്യങ്ങളുടെ ഇന്ത്യയാണ് ഗാന്ധിയൻ ആശയ ലോകത്തിൻ്റെ കാതൽ. മത-ജാതി-ഭാഷാ-വർഗ്ഗ-വംശ- ഭേദങ്ങൾക്കപ്പുറം എല്ലാവരുടെയും ക്ഷേമം ഉയർത്തിപ്പിടിക്കുന്ന സർവോദയ ദർശനമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ന്യൂനപക്ഷ അവകാശങ്ങളെ മാനിക്കുക, മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുക, നാനാത്വത്തിൽ ഏകത്വം ദർശിക്കുക, തുടങ്ങിയ മൂല്യബോധങ്ങളാണ് അതിൻ്റെ അടിസ്ഥാനം. എല്ലാ മതവിശ്വാസികളും സാഹോദര്യത്തോടെ, രാജ്യത്തിൻ്റെ സാംസ്കാരികവും സാമൂഹികവുമായ ഉയർച്ചയ്ക്ക് വേണ്ടി ഒരുമിച്ച് മുന്നേറുന്ന രാഷ്ട്രമാണ് അത് വിഭാവനം ചെയ്യുന്നത്.

സവർക്കർ ആവിഷ്കരിച്ചതും, ആർഎസ്എസ് സ്ഥാപനവൽക്കരിച്ചതുമായ ഹിന്ദുത്വവാദം, ഗാന്ധിയൻദർശനത്തിന് നേരെ എതിരാണ്. അപരനെ അംഗീകരിക്കാത്ത, സങ്കുചിതമായ, ഹിന്ദുരാഷ്ട്ര വാദം കൊണ്ട് ഇന്ത്യയെ നിർവചിക്കാനാണ് അവർ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ അരികു വൽക്കരിക്കുന്നു, ഭൂരിപക്ഷ വാദത്തെ അംഗീകരിക്കുകയും ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട, ബഹുസ്വരതയെ നിരാകരിക്കുകയും ചെയ്യുന്നു. ഇന്ത്യ പ്രാഥമികമായും ഒരു ഹിന്ദു രാഷ്ട്രമാണെന്നും, ഹൈന്ദവ സംസ്കാരമാണ് ഏറ്റവും ശ്രേഷ്ഠമെന്നും കരുതുന്നവരാണിവർ. ഇതര വിശ്വാസ പ്രമാണങ്ങൾ പിന്തുടരുന്നവർ രണ്ടാംനിര പൗരന്മാരായി ജീവിക്കേണ്ടവരാണ് എന്നാണ് ഈ ആശയധാര പറയുന്നത്. ഈ സാംസ്കാരിക രാഷ്ട്രീയത്തിന്റെ തേരോട്ടം, നമ്മുടെ മതേതര ഭരണഘടനാ പദ്ധതിയെ അപകടത്തിലാക്കുകയും, ദേശീയ പ്രസ്ഥാനം മുന്നോട്ടുവെച്ച സഹവർത്തിത്വത്തിന്റെ സന്ദേശത്തെ അട്ടിമറിക്കുകയും ചെയ്യുന്നു.

തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിന് എന്തു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാണെന്നുള്ളതാണ് സംഘപരിവാറിനെ ഏറ്റവും അപകടകരമാക്കുന്നത്. ‘ഇന്റഗ്രൽ ഹ്യൂമനിസം’ എന്ന പേരിൽ ഗാന്ധിയെ പോലും സ്വന്തമാക്കാൻ അവർ ശ്രമിച്ചു. ക്ഷേമവും സൗഹാർദവും ലക്ഷ്യമാക്കുന്ന ഗാന്ധിയൻ സോഷ്യലിസത്തിന് സമാനമാണ് ഇതെന്ന പ്രീതീതി സൃഷ്ടിക്കുവാനായിരുന്നു ശ്രമം. എന്നാൽ ഇത് മുഖംമൂടിയണിഞ്ഞ ഹിന്ദുത്വമല്ലാതെ മറ്റൊന്നുമല്ല എന്ന് അനുഭവം നമ്മോട് പറയുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ചരിത്രം സ്വയം അവകാശപ്പെടാൻ കഴിയാത്തതുകൊണ്ട്, സർദാർ പട്ടേൽ മുതൽ ഡോ. അംബേദ്കർ വരെയുള്ള ദേശീയ നേതാക്കളെ, സ്വന്തമാക്കാനുള്ള ശ്രമവുമുണ്ട്. “സബ്കാ സാഥ്, സബ്കാ വികാസ്” പോലെയുള്ള മുദ്രാവാക്യങ്ങളും ഇവരുടെ അടിസ്ഥാന ആശയത്തിന് മറ പിടിക്കാനുള്ള അർത്ഥരഹിതമായ വാക്കുകൾ മാത്രമാണ്.

എല്ലാവരെയും ചേർത്തുപിടിക്കുകയും എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ആവർത്തിച്ചു പറയുമ്പോഴും, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിതരുടെയും സാഹചര്യം മറ്റൊരു കഥയാണ് വെളിപ്പെടുത്തുന്നത്.

ഭൂരിപക്ഷവാദം ഉയർത്തുന്ന ഭീഷണി

വ്യവസ്ഥാനുസാരമായി, പൗരാവകാശങ്ങളെ അടിച്ചമർത്തുന്ന രീതി രാജ്യത്താകമാനം ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ആധുനിക നിരീക്ഷണ സാങ്കേതിക വിദ്യകൾ, പെഗസസ് പോലുള്ള ചാര സംവിധാനങ്ങൾ, ഭീകരവിരുദ്ധ-മർദ്ദക നിയമങ്ങൾ, അങ്ങനെ വിമർശനങ്ങളെ ഇല്ലാതാക്കുവാനും വിയോജിപ്പുകളെ അടിച്ചമർത്താനുമുള്ള നിരവധി മാർഗ്ഗങ്ങളാണ് ഭരണകൂടം പ്രയോഗിക്കുന്നത്. ഈ രാഷ്ട്രീയ സാഹചര്യത്തിൽ, ദേശസുരക്ഷ എന്ന പേരിൽ, ഭരണഘടനാപരമായ ഏതൊരു അവകാശങ്ങളെയും റദ്ദു ചെയ്യാൻ കഴിയും എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായിരുന്നു അനുച്ഛേദം 370 റദ്ദു ചെയ്തതും, ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതും. പ്രഥമ ദൃഷ്ടിയിൽ, കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കുന്ന കേസുകളിൽപ്പെടുത്തി സാധാരണ പൗരന്മാരെ വർഷങ്ങളോളം വിചാരണ പോലുമില്ലാതെ തടവിലാക്കുന്ന രീതി അഭംഗുരം തുടർന്നുപോരുന്നു. ദൗർഭാഗ്യവശാൽ ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യബോധങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട്, ഭരണഘടനാ ധാർമികതയെ സംരക്ഷിക്കുന്നതിന് നമ്മുടെ നീതിന്യായ സംവിധാനത്തിന് കഴിയാതെ പോവുകയും ചെയ്യുന്നു.

എല്ലാ വിഭാഗീയ വിചാരങ്ങളെയും, വീണ്ടും ആനയിച്ചു കൊണ്ടുവന്ന്, സമൂഹത്തിൽ ഭിന്നതയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച്, അതിനുമേൽ മുതലെടുപ്പ് നടത്താനുള്ള ഭൂരിപക്ഷവാദത്തിന്റെ ശ്രമങ്ങളും ഭീഷണമാണ്. ചരിത്രത്തിൽ ഉണങ്ങിയെന്ന് നമ്മൾ കരുതിയ മുറിവുകളിൽ ഓരോന്നോരോന്നിലായി മുളകു തേച്ച് വേദനിപ്പിക്കുന്ന നികൃഷ്ട രാഷ്ട്രീയത്തിന് വ്യവസ്ഥിതിയുടെ പിന്തുണയും ലഭിക്കുന്നു. രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന വർഗീയ ലഹളകളും, വർദ്ധിച്ചുവരുന്ന ജാതീയ അതിക്രമങ്ങളും, ആൾക്കൂട്ട കൊലപാതകങ്ങളും ഇതിന് തെളിവുകളാകുന്നു.

വംശീയ-വർഗീയ സംഘർഷങ്ങൾ ഒരു പ്രദേശത്തെയാകെ പിച്ചിച്ചീന്തുന്ന മണിപ്പൂരിലെ അനുഭവങ്ങൾ, സമത്വത്തിന്റെയും നീതിയുടെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നതിന്റെ ദൃഷ്ടാന്തമാണ്. അക്രമത്തിന്റെ മൂല കാരണങ്ങളെ അഭിസംബോധന ചെയ്യുവാനും, അനുരഞ്ജന സാധ്യതകൾ ആരായുവാനും ശ്രമിക്കുന്നതിനു പകരം, മുറിവുകളെ വളരാൻ അനുവദിക്കുകയാണ് വ്യവസ്ഥാപിത അധികാര കേന്ദ്രങ്ങൾ. ഈ ഘട്ടത്തിലാണ്, എല്ലാം മുറിവുകൾക്കു മേലും ഔഷധമായി, വേദനകൾക്കൊപ്പം സാന്ത്വനമായി, വിഭാഗീയതകൾക്ക് അതീതമായ സ്നേഹമായി നിലകൊണ്ടിരുന്ന ഗാന്ധിയെ നമ്മൾ ഓർക്കുന്നത്.

വർഗീയ ഭ്രാന്തിനിടയിലെ ഒറ്റയാൻ

സ്വാതന്ത്ര്യത്തോടടുക്കുമ്പോൾ, തിരമറിഞ്ഞ വർഗീയ വിദ്വേഷം, സുനാമിയായി മാറുകയും, രാജ്യത്തെ വിഭജനത്തിന്റെ ഭീകര ദിനങ്ങളിലേക്ക് തള്ളിവിടുകയുമായിരുന്നു. ചിന്താതീതമായ അക്രമങ്ങൾക്കും വർഗീയ ഭ്രാന്തിനും ഇടയിൽ സമാധാനത്തിന്റെ ഒറ്റ വെളിച്ചമായി ഗാന്ധി. നെഹ്റുവും, പട്ടേലും, അംബേദ്കറും രാഷ്ട്ര നിർമ്മാണത്തിന്റെ തിരക്കിലായിരിക്കേ, വർഗീയ സംഘർഷത്തിന്റെ ഭീഷണമായ വീഥികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനങ്ങളിലൂടെ, പ്രാർത്ഥനാ യോഗങ്ങളിലൂടെ, സത്യഗ്രഹത്തിലൂടെ, അക്രമത്തെ നിരാകരിക്കാൻ അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു.

ഹിന്ദു-മുസ്ലിം വർഗീയവാദികളെ ഒരേസമയം അദ്ദേഹം എതിർത്തു. രാജ്യം എന്ന വികാരത്തിനപ്പുറത്തേക്ക് ധാർമികത ഉയർത്തിപ്പിടിച്ചു. തീവ്രദേശീയതയുടെ അപകടകരമായ വഴികളിൽ നിന്ന് മാറി നടന്നു. ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ചു. ഒടുവിൽ, സ്നേഹത്തെക്കുറിച്ച് മാത്രം സംസാരിച്ച കൃശഗാത്രനായ ആ മനുഷ്യനെ, വെറുപ്പ് മാത്രം തിന്നു ജീവിച്ച, നാഥുറാം ഗോഡ്സെ എന്ന ഹിന്ദുത്വ തീവ്രവാദി, വെടിവച്ചുകൊന്നു. എന്നാൽ അദ്ദേഹം ബാക്കിയാക്കിയ സ്നേഹത്തിൻറെ സന്ദേശവും, വൈവിധ്യങ്ങളിൽ ഐക്യത്തിന്റെ നൂല് കോർക്കുന്ന അഹിംസയുടെ പാഠങ്ങളും സവർക്കറും കൂട്ടാളികളും ഉതിർത്ത വെടിയുണ്ടകളേറ്റ് ഇല്ലാതാവുന്നവയല്ല. വംശീയതയിൽ അധിഷ്ഠിതമായ വിദ്വേഷ പ്രത്യയ ശാസ്ത്രത്തിനെതിരെയുള്ള കെടാവിളക്കാണ് ഗാന്ധി. ഭാഷയിലും, സംസ്കാരത്തിലും, ദേശീയതകളിലും, വിചാരധാരകളിലും, രാഷ്ട്രീയദർശനങ്ങളിലും, കണ്ടുവന്ന അനധിസാധാരണമായ വൈവിധ്യത്തെ, മനസ്സിലാക്കുവാനും അംഗീകരിക്കുവാനും സാധ്യമാക്കുന്ന, ഉന്നതമായ രാഷ്ട്രീയ ധാർമികതയുടെ പ്രകാശം പരത്തുവാൻ കഴിഞ്ഞു എന്നതാണ് ഗാന്ധിയെ മഹാത്മാവാക്കുന്നത്.

ഗാന്ധിയുടെ ദീർഘവീക്ഷണം

വ്യത്യസ്തമായ ലോകവീക്ഷണങ്ങളെ, തന്റെ വിശാലമായ ആശയപ്രപഞ്ചത്തിലേക്ക് ഉൾച്ചേർക്കുവാൻ കഴിഞ്ഞതാണ്, രാഷ്ട്രപിതാവ് എന്ന നിലയിൽ അദ്ദേഹത്തിൻറെ ഏറ്റവും വലിയ സംഭാവന. സ്വാതന്ത്ര്യലബ്ധിക്കുശേഷം, അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് മാറിനിൽക്കുവാനുള്ള അദ്ദേഹത്തിൻറെ തീരുമാനം ചരിത്രത്തിൽ സമാനതകളില്ലാത്ത ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ്. രാഷ്ട്രീയ അധികാര കേന്ദ്രങ്ങളായി രൂപാന്തരം പ്രാപിച്ച, മറ്റ് വിമോചന പോരാളികളിൽ നിന്നും വ്യത്യസ്തമായി, രാഷ്ട്ര നിർമ്മിതിക്ക് മറ്റൊരു തരത്തിലുള്ള കാഴ്ചപ്പാടുകളും വൈദഗ്ധ്യവുമാണ് ആവശ്യമെന്ന് അദ്ദേഹം മനസ്സിലാക്കി. തന്റേതിൽ നിന്നും തികച്ചും വ്യത്യസ്തമായ തരത്തിൽ, പാശ്ചാത്യ ആധുനികതയോടും, മതേതര ജനാധിപത്യ സങ്കല്പത്തോടും ചേർന്നുനിന്ന നെഹ്റുവിനെ ഈ പരിണാമ സന്ധിയുടെ അമരക്കാരനായി നിശ്ചയിച്ചു അദ്ദേഹം. അംബേദ്കറും നെഹ്റുവും രൂപം നൽകിയ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതി, രാജ്യത്തെ ഗ്രാമങ്ങളുടെ റിപ്പബ്ലിക്കായി മനസ്സിലാക്കിയ ഗാന്ധിയൻ സങ്കല്പങ്ങളുടെ നിഷേധവുമായിരുന്നു.

ഇന്ത്യയുടെ പൗരാണിക, ആത്മീയ പാത പിന്തുടർന്ന ഗാന്ധി, സുസ്ഥിരമായ സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, ജ്ഞാനോദയ മൂല്യങ്ങളിൽ അധിഷ്ഠിതമായ മതേതര ജനാധിപത്യമാതൃകകളെ പിന്തുടരേണ്ടതുണ്ട് എന്ന് തിരിച്ചറിയുകയും, അംഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പിൻഗാമികൾ, സ്വതവേ ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ മണ്ണിൽ, ആധുനിക മതേതര ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതി കെട്ടിപ്പടുക്കുവാനുള്ള വലിയ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സമൂഹത്തിൽ, ചരിത്രപരമായി അന്യമായ മനുഷ്യസമത്വത്തിന്റെ തെളിച്ചം കൊണ്ടുവരാനും, വിവേചനങ്ങളെ ഇല്ലാതാക്കുവാനും ശ്രമിച്ചു. എല്ലാവർക്കും ഓരോ വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം എന്ന ആശയം, ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭാഗമായി. എന്നാൽ, കേവലം രാഷ്ട്രീയ ജനാധിപത്യം മതിയാകില്ലെന്നും, രാജ്യത്തിൻറെ സുസ്ഥിരമായ നിലനിൽപ്പിന്, എല്ലാ മനുഷ്യർക്കും നീതി ഉറപ്പുവരുത്തുന്ന സാമൂഹിക ജനാധിപത്യം അനിവാര്യമാണെന്നും അവർ മനസ്സിലാക്കിയിരുന്നു. അതിനുവേണ്ടി, ഒരിറ്റു രക്തം വീഴാതെ, സാമൂഹ്യമാറ്റം സാധ്യമാക്കുന്ന, ഒരു സമഗ്രദർശന വ്യവസ്ഥയായാണ് ഇന്ത്യൻ ഭരണഘടന രൂപകല്പന ചെയ്തിട്ടുള്ളത്.

സാമൂഹ്യമാറ്റത്തിന്റെ, ഈ പദ്ധതി ഇന്ത്യൻ സ്വാതന്ത്ര പ്രസ്ഥാനത്തിൻറെ പിന്തുടർച്ച തന്നെയാണ്. ദേശീയ പ്രസ്ഥാനത്തിന് എന്നും രണ്ടുധാരകൾ ഉണ്ടായിരുന്നു. വൈദേശിക അധിനിവേശത്തിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടം ഒരു വശത്ത്, അതോടൊപ്പം നൂറുകണക്കിന് വർഷങ്ങളായി രാജ്യത്ത് നിലനിന്നിരുന്ന ചൂഷണ വ്യവസ്ഥിതിക്കെതിരെയുള്ള അതി വിശാലമായൊരു സമരധാര മറുവശത്ത്. വിമോചന പോരാട്ടത്തിന്റെ ഈ രണ്ടു വശങ്ങളും നമ്മുടെ ദേശീയ നേതാക്കളെ സ്വാധീനിക്കുകയും, ഭരണഘടനയിൽ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രപരമായി, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കേവല രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ നിന്നും മോചിപ്പിച്ച്, സാമൂഹിക നവോത്ഥാന പോരാട്ടത്തിന്റെ കൂടി ഭാഗമാക്കിയതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ഗാന്ധിജിയാണ്. ആ അർത്ഥത്തിൽ, ഗാന്ധിജി വിഭാവനം ചെയ്ത രാഷ്ട്ര ശരീരഘടനയെ നിരാകരിക്കുമ്പോഴും, അദ്ദേഹം മുന്നോട്ടുവച്ച നീതിയുടെ വെളിച്ചം പിന്തുടരുവാൻ തന്നെയാണ് നമ്മുടെ രാഷ്ട്രശില്പികൾ ശ്രമിച്ചത് എന്നു കാണാം. ആ വീഥിയിൽ മുന്നേറുന്നതിന്, ജനാധിപത്യത്തെ സ്ഥാപനവൽക്കരിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുകയും, അതിനുവേണ്ടി അധികാര സ്ഥാനങ്ങളിൽ നിന്നും മാറിനിന്ന്, നെഹ്റുവും അംബേദ്കറും അടങ്ങുന്ന മറ്റൊരു തലമുറയ്ക്ക് അവസരം ഒരുക്കുകയും ചെയ്തു എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വമാണ്.

ഗാന്ധിജിയുടെ പൈതൃകം

ഇന്ന് നമ്മൾ കാണുന്ന ഭൂരിപക്ഷവാദം, കേവലം രാഷ്ട്രീയ മാറ്റം മാത്രമല്ല, സർവ്വഭേദങ്ങൾക്കും അതീതമായി, സർവ്വമത സമഭാവനയിലും, വൈവിധ്യങ്ങൾക്കിടയിലെ ഐക്യത്തിലും അധിഷ്ഠിതമായി പടുത്തുയർത്തിയ നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ തകർക്കുന്നതാണ്. ഒറ്റ രാജ്യം, ഒറ്റ മതം, ഒറ്റ ഭാഷ, ഒറ്റ സംസ്കാരം, ഒറ്റ രാഷ്ട്രീയം, ഒറ്റ നേതാവ്, ഒറ്റ തെരഞ്ഞെടുപ്പ് എന്നിങ്ങനെ എല്ലാറ്റിനേയും ഏക ശിലാത്മകമായ, വംശീയ-വിദ്വേഷ ദർശനത്തിനനുകൂലമായി മാറ്റി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ നീതികേടുകളെയും സാധാരണവൽക്കരിക്കുന്ന പ്രക്രിയയാണത്.

നീതി വളരെ ശക്തിയുള്ള ഒരു വാക്കാണ്. രാഷ്ട്രീയത്തിന്റെയും വിശ്വാസങ്ങളുടെയും രാജ്യങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറത്ത്, നീതിബോധത്തിന്റെ ശബ്ദമാകാൻ ശ്രമിച്ച മനുഷ്യനാണ് ഗാന്ധി. ആ ശബ്ദത്തിന് സത്യത്തിന്റെ കരുത്തും, സഹനത്തിന്റെ ബലവും ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ 155 ആം ജന്മ വാർഷികം, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര ജനാധിപത്യ ഇന്ത്യക്ക് വേണ്ടിയുള്ള സമരം ഇനിയും അവസാനിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം നമ്മളെ ഓർമ്മപ്പെടുത്തുന്നുണ്ട്. നമ്മുടെ തലമുറ ധൈര്യപൂർവ്വം ഏറ്റെടുത്ത മുന്നോട്ടു കൊണ്ടുപോകേണ്ട പോരാട്ടമാണത്. നീതിയുടെ ശബ്ദമാകാൻ കാലം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്.

dot image
To advertise here,contact us
dot image