'ഭർത്താവ് ബലാത്സം​ഗം ചെയ്തോട്ടെ, വിവാഹത്തിന്റെ പവിത്രത പോവാതെ നോക്കിയാൽ മതി'; ഇതാ ഒരു കേന്ദ്രസർക്കാർ പോളിസി

ഭർതൃബലാത്സം​ഗങ്ങൾ നടന്നാൽ ഞങ്ങൾക്കെന്താ, വിവാഹത്തിന്റെ പവിത്രത ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ എന്നാണല്ലോ സർക്കാരിന്റെ വാദം. അതെയതേ, വിവാഹത്തിന്റെ പവിത്രതയാണല്ലോ ഇഞ്ചിഞ്ചായി അനുഭവിച്ച് ജീവിതം നരകിച്ചുതീരുന്ന സ്ത്രീകളുടെ ജീവനെക്കാൾ വലുത്!!!!

വീണാ ചന്ദ്
1 min read|03 Oct 2024, 10:49 pm
dot image

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും സുപ്രീംകോടതിയിൽ പറഞ്ഞിരിക്കുന്നു. വിഷയത്തിൽ കൂടിയോലോചനകൾ വേണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാൾ സാമൂഹികമായ വിഷയമാണെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞത്. ഇതാദ്യമായല്ല ഈ വിഷയത്തിൽ ഇത്തരമൊരു നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഭർതൃബലാത്സം​ഗത്തിന് ഒരാളെ ബലാത്സംഗവിരുദ്ധ നിയമപ്രകാരം ശിക്ഷിക്കുന്നത് അതിരുകടന്നതാണെന്നാണ് കേന്ദ്രത്തിന്റെ വാദം. വിവാഹിതരായ സ്ത്രീകളുടെ സംരക്ഷണത്തിന് 2005ലെ ഗാർഹിക പീഡന നിരോധന നിയമം നിലവിലുണ്ടല്ലോ, പിന്നെന്തിനാണ് ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് എന്നാണ് കേന്ദ്രസർക്കാരിന്റെ ചോദ്യം.


ശരിക്കും ആ ചോദ്യം തന്നെ അനാവശ്യമല്ലേ!!

ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ കണക്കിലെടുക്കാതെയോ ഈ പ്രശ്നത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയില്ലെന്നൊരു മുടന്തൻ ന്യായവും സർക്കാർ പറഞ്ഞിട്ടുണ്ട്. ഒരു ദാമ്പത്യത്തിൽ, പുരുഷൻ പങ്കാളിയിൽ നിന്ന് ലൈംഗികബന്ധം പ്രതീക്ഷിക്കുമെന്നൊക്കെ വാദിക്കുന്ന സർക്കാർ പങ്കാളിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കാനുള്ള അവകാശം ഭർത്താവിനില്ലെന്ന് എന്തായാലും പറഞ്ഞുവെക്കുന്നുണ്ട്, ആശ്വാസം!! പക്ഷേ, അങ്ങനെ നിർബന്ധിക്കാതിരിക്കാനും സ്ത്രീയുടെ ഇഷ്ടവും അവകാശവും സംരക്ഷിക്കാനും ​ഗാർഹികപീഡന നിരോധന നിയമം പര്യാപ്തമാണെന്ന സർക്കാരിന്റെ യുക്തിയാണ് മനസിലാവാത്തത്. 2005 മുതൽ നിലവിലുള്ള ഗാർഹികപീഡന നിരോധന നിയമം കുറ്റകൃത്യം തടയാൻ മതിയായ ഒന്നാണെങ്കിൽ ഈ നാട്ടിലിപ്പോഴും ഇത്രയധികം ഭർതൃബലാത്സം​ഗങ്ങൾ റിപ്പോർട്ട് ചെയ്യപെടില്ലല്ലോ!!

നിർബന്ധപൂർവ്വം ലൈംഗികവേഴ്ച ഉണ്ടായാൽ മാത്രമേ അത് ബലാത്സംഗം ആകൂ എന്ന തെറ്റിദ്ധാരണയിലൂന്നിയാണ് സർക്കാർ ഇപ്പോഴും വാദങ്ങൾ നിരത്തുന്നതെന്ന് വ്യക്തം. വിവാഹബന്ധത്തിലെ ലൈംഗിക അതിക്രമങ്ങളുടെ തോത് രാജ്യത്ത് എത്രയോ അധികമാണെന്ന് ഇനിയും സർക്കാർ തിരിച്ചറിയുന്നില്ലെന്നാണോ?



ഇന്ത്യൻ ശിക്ഷാ നിയമം 1860ലെ സെക്ഷൻ 375 പറയുന്നത് ഒരു സ്ത്രീയുടെ താല്പര്യത്തിനെതിരായോ അനുമതിയില്ലാതെയോ പുരുഷൻ ലൈംഗികമായി പെരുമാറുന്നത് ബലാത്സംഗമായി കണക്കാക്കുമെന്നാണ്. അതേസമയം, ഇതിന് രണ്ട് സാഹചര്യങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.

1. മെഡിക്കൽ നടപടിക്രമങ്ങളുടെ ഭാഗമായുള്ള പ്രവർത്തികൾ

2. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഭാര്യയുമായി ഭർത്താവ് നടത്തുന്ന ലൈംഗികപ്രവർത്തികൾ

ഈ വ്യവസ്ഥയാണ് തിരുത്തണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്. വിവാഹിതരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് ഈ ഇളവ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് റദ്ദ് ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ നിയമം പറയുന്നത്

വിവാഹിതയായ സ്ത്രീയുടെ പ്രായം 18നു മുകളിലാണെങ്കിൽ ഭർതൃബലാത്സംഗം ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നാണ് ഇന്ത്യയിലെ നിലവിലെ നിയമം. ഭാര്യ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവാണ് എന്ന കാഴ്ച്ചപ്പാടിലാണ് ഈ നിയമവ്യവസ്ഥ അധിഷ്ഠിതമായിരിക്കുന്നത്. ഭർത്താവിന്റെ താല്പര്യത്തിനനുസരിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ആജീവനാന്ത അനുമതിയാണ് വിവാഹത്തിലൂടെ സ്ത്രീ പുരുഷന് നൽകുന്നതെന്ന മിഥ്യാധാരണ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നു. അതിനാൽത്തന്നെ നിർബന്ധപൂർവ്വമോ ബലംപ്രയോഗിച്ചോ ഒക്കെ സ്ത്രീയുടെ സമ്മതമില്ലാതെ നടക്കുന്ന ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നതേയില്ല. നിയമപരമായ പരിരക്ഷ ഇല്ലാത്തതിനാൽ ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് പരാതിപ്പെടാൻ പോലും സ്ത്രീക്ക് കഴിയാതെ വരുന്നു എന്നതാണ് സത്യം.

ഭർതൃബലാത്സംഗം എന്ന വാക്കിന്റെ നിയമത്തിലെ നിർവ്വചനം തന്നെ ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ശാരീരികവും മാനസികവുമായ ഉപദ്രവത്തിലൂടെയോ അനുമതി തേടുകപോലും ചെയ്യാതെയോ ഉള്ള ലൈംഗികവേഴ്ച എന്നാണ്. സ്ത്രീയുടെ താല്പര്യത്തോടെയല്ലാത്ത ഏതു തരം ലൈംഗികനടപടിയും ഇതിന്റെ പരിധിയിൽ വരുമെന്നതാണ് വാസ്തവം. ഭർത്തൃബലാത്സംഗങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നത് സ്ത്രീയെ/അതിജീവിതയെ അതികഠിനമായ ട്രോമയിലേക്ക് തള്ളിവിടാം. ശാരീരികവും മാനസികവും ലൈംഗികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പ്രത്യുല്പാദനം സംബന്ധിച്ചും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ഇതൊന്നും ചിന്തിക്കാതെയാണ് വിവാഹം എന്ന പവിത്രസങ്കല്പത്തെ മഹത്വവൽക്കരിച്ച് ഭർതൃബലാത്സം​ഗങ്ങളെ ലഘൂകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം.

വിവാഹബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരർജിയിൽ ഡൽഹി ഹൈക്കോടതി 2022ൽ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് രാജീവ് ശക്ധർ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് നീണ്ടവാദങ്ങൾ കേട്ട ശേഷം ഹർജിയിൽ ഭിന്നവിധി പുറപ്പെടുവിച്ചത്. തുടർന്നാണ് ഹർജി സുപ്രീംകോടതിയുടെ പരിഗണനക്ക് വിട്ടത്. ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് ലഭിക്കുന്ന നിയമ പരിരക്ഷ ഭരണഘടനാ ലംഘനമാണെന്നും അത് റദ്ദാക്കുന്നതായും ജസ്റ്റിസ് രാജീവ് ശക്ധർ വിധിന്യായത്തിൽ വ്യക്തമാക്കി. ജസ്റ്റിസ് ഹരിശങ്കർ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. കേസിൽ ഭർത്താവിന് ഇളവ് നൽകുന്ന നിയമ പരിരക്ഷ ആർട്ടിക്കിൾ 14, 19, 21എന്നിവ ലംഘിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ നിയമപ്രശ്നങ്ങൾ ഉൾപ്പെട്ടതിനാൽ കേസ് സുപ്രീംകോടതിയ്ക്ക് വിടാൻ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

ഡൽഹി ഹൈക്കോടതിയുടെ ഭിന്നവിധി

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ​ഗാർഹികപീഡന നിയമത്തെ പേടിക്കേണ്ട കാര്യമില്ലല്ലോ!!

രാജ്യത്ത് വിവാഹിതരായ 5.6 ശതമാനം സ്ത്രീകളും നിർബന്ധിത ലൈംഗികവേഴ്ചയ്ക്ക് വിധേയരാവുന്നു എന്നാണ് നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. 2.7 ശതമാനം സ്ത്രീകൾ തങ്ങൾക്ക് താല്പര്യമില്ലാത്ത രീതിയിലുള്ള ലൈംഗികനടപടികൾക്ക് വിധേയരാവുന്നവരാണ്. ശാരീരിക ഉപദ്രവും അതികഠിനമായി നേരിട്ടും ഭീഷണിപ്പെടുത്തലുകൾക്ക് വഴങ്ങിയും ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പടേണ്ടി വരുന്നവരാണ് 3.7 ശതമാനം സ്ത്രീകൾ. ഇവരെല്ലാം ഏതെങ്കിലും തരത്തിലുള്ള ശാരീരിക, മാനസിക അതിക്രമങ്ങൾക്ക് ഇരകളാകുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് സർവ്വേറിപ്പോർട്ടിലെ കണ്ടെത്തൽ. 2019-2020ൽ നടത്തിയ സർവ്വേ പറയുന്നത് 18നും 49നുമിടയിൽ പ്രായമുള്ള സ്ത്രീകൾ മൂന്നിലൊരാൾ എന്ന തോതിൽ ലൈംഗികഅതിക്രമത്തിന് വിധേയയാകുന്നുണ്ട് എന്നാണ്. 2005ലെ ​ഗാർഹിക പീഡൻ നിരോധന നിയമം പര്യാപ്തമാണെന്ന കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ പൊളിയാൻ ഈ കണക്ക് തന്നെ ധാരാളമല്ലേ?

പത്തിൽ ഒമ്പത് സ്ത്രീകളും ഭർത്താവിൽ നിന്ന് നേരിടുന്ന ലൈംഗികഅതിക്രമം പുറത്തുപറയാൻ മടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ യഥാർത്ഥ കണക്ക് ഇതിലും ഒരുപാട് അധികമായിരിക്കുമെന്ന് സർവ്വേ റിപ്പോർട്ട് പറയുന്നു. പേടിമൂലം പുറത്തുപറയാത്തവരുണ്ട്, പ്രത്യാഘാതങ്ങളും കുട്ടികളുടെ ഭാവിയും ഓർത്ത് എല്ലാം സഹിക്കുന്നവരുണ്ട്, ഭർത്താവിനെ ആശ്രയിച്ചുജീവിക്കുന്നതിനാൽ അതിക്രമം സഹിക്കുന്നവരുണ്ട്. 82 ശതമാനം പുരുഷന്മാരും ഭാര്യയെ/ പങ്കാളിയെ അതിക്രമത്തിന് വിധേയരാക്കുന്നവരാണ് എന്ന് 2021ലെ സർവ്വേറിപ്പോർട്ട് പറയുന്നു. ഭർത്തൃബലാത്സംഗങ്ങളെ നിലവിൽ ഗാർഹികപീഡനമായാണ് കണക്കാക്കുന്നത്. അതിനാൽ പ്രശ്നപരിഹാരം ആ സ്വഭാവത്തിലുള്ളതാണ്. പങ്കാളിയിൽ നിന്ന് ഉപദ്രവം നേരിടാതിരിക്കാനുള്ള പരിരക്ഷ, നിയമപരമായ ബന്ധം വേർപെടുത്തൽ, സാമ്പത്തികസഹായം എന്നിവയൊക്കെയാണ് മിക്ക കേസുകളിലും പരിഹാരമായി കണക്കാക്കാറുള്ളത്.

ഇന്ത്യൻ നിയമ കമ്മീഷൻ 2000ൽ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ പരിഗണിച്ചപ്പോൾ അതിലൊന്ന് ഭർതൃബലാത്സംഗം സംബന്ധിച്ചതായിരുന്നു. എന്നാൽ, ഭർതൃബലാത്സംഗത്തിന് നിയമപരിരക്ഷ നൽകുന്ന സെക്ഷൻ 375 ഒഴിവാക്കണമെന്ന ശുപാർശ ഇന്ത്യൻ നിയമ കമ്മീഷൻ നിരസിച്ചിരുന്നു. 'സെക്ഷൻ 375 ഒഴിവാക്കുന്നതിനോട് ഭൂരിപക്ഷത്തിന് യോജിപ്പില്ല. ഇത് വിവാഹ ബന്ധത്തിലെ സ്വകാര്യതകളിലേക്ക് ജുഡീഷ്യറി അമിതമായി കടന്നു ചെല്ലുന്നതിന് തുല്യമാണ് എന്നതാണ് കാരണം' എന്നായിരുന്നു അന്ന് കമ്മീഷൻ പറഞ്ഞത്. നിർഭയ സംഭവത്തിനു ശേഷം, ഇന്ത്യയിലെ ബലാത്സംഗ നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ജെ എസ് വർമ്മ കമ്മിറ്റി, വിവാഹബന്ധത്തിലെ ബലാത്സംഗത്തിനുള്ള ഇളവ് ഒഴിവാക്കുന്നത് തങ്ങളുടെ ശുപാർശകളിലൊന്നായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 2013ലെ പാർലമെന്ററി സമിതി ഈ ഭേദഗതി അംഗീകരിച്ചില്ല.

1670കളിൽ ഇംഗ്ലണ്ടിലെ കോർട്ട് ഓഫ് കിംഗ്സ് ബെഞ്ചിലെ ചീഫ് ജസ്റ്റിസായിരുന്ന മാത്യു ഹെയ്ൽ, 1736ൽ പ്രസിദ്ധീകരിച്ച ക്രിമിനൽ നിയമ പുസ്തകത്തിൽ പറയുന്നത് 'ഭർത്താവ് നിയമാനുസൃതമായി തന്റെ ഭാര്യയായവളെ ബലാത്സംഗം ചെയ്താൽ കുറ്റക്കാരനാകില്ല. വിവാഹസമ്മതവും കരാറും അനുസരിച്ച് ഭാര്യ തന്റെ ഭർത്താവിന് അതിനുള്ള അനുവാദം നൽകുന്നുണ്ട്, അത് അവൾക്ക് പിൻവലിക്കാൻ കഴിയുന്ന ഒന്നല്ല' എന്നാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്ത്യൻ പീനൽ കോഡ് തയ്യാറാക്കുമ്പോൾ, ഇതുപോലുള്ള ആശയങ്ങൾ കാരണമാണ് വൈവാഹിക ബലാൽസംഗം കുറ്റകരമാകാതിരുന്നത് എന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഹേലിന്റെ സിദ്ധാന്തം (Hale's Doctrine)

വിവാഹബന്ധം എന്നത് ഇന്ത്യൻ സമൂഹത്തിന് പവിത്രമായ ഒന്നാണ്. അതുകൊണ്ടുതന്നെ വിവാഹബന്ധത്തിലെ ബലാത്സംഗം എന്നത് രാജ്യത്ത് ക്രിമിനൽ കുറ്റമാക്കാൻ കഴിയുന്ന ഒന്നല്ല എന്നാണ് 2015ൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരതിഭായ് ചൗധരി പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ നിലപാടിനെ പാർലമെന്റിൽ ചോദ്യം ചെയ്തപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളെ 2017ലും കേന്ദ്രസർക്കാർ എതിർത്തിരുന്നു. വിവാഹബന്ധത്തിലുണ്ടാകുന്ന ബലാത്സംഗം ക്രിമിനൽക്കുറ്റമാക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ അത് വിവാഹമെന്ന പവിത്രമായ സങ്കല്പത്തെ അസ്ഥിരപ്പെടുത്തുന്ന പ്രശ്നമായി മാറും. ഭർത്താക്കന്മാർക്കെതിരെ പ്രയോഗിക്കാനുള്ള ആയുധമായി ഇത് മാറുകയും ചെയ്യുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. 'രാജ്യത്തെ എല്ലാ വിവാഹങ്ങളും അക്രമാസക്തമെന്ന് പറയുന്നതും എല്ലാ പുരുഷൻമാരെയും ബലാൽസംഗം ചെയ്യുന്നവരായി ചിത്രീകരിക്കുന്നതും ശരിയല്ല' എന്നാണ് അന്ന് വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്ന സ്മൃതി ഇറാനി പറഞ്ഞത്.

ഇപ്പോഴും ഇതേ ആശയത്തിലൂന്നിയാണ് കേന്ദ്രസർക്കാർ വാദങ്ങളുയർത്തുന്നതെന്ന് വ്യക്തം. ആരാന്റമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന് പറയുമ്പോലെ, ഭർതൃബലാത്സം​ഗങ്ങൾ നടന്നാൽ ഞങ്ങൾക്കെന്താ വിവാഹത്തിന്റെ പവിത്രത ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ എന്നാണല്ലോ സർക്കാരിന്റെ വാദം. അതെയതേ, വിവാഹത്തിന്റെ പവിത്രതയാണല്ലോ ഇഞ്ചിഞ്ചായി അനുഭവിച്ച് ജീവിതം നരകിച്ചുതീരുന്ന സ്ത്രീകളുടെ ജീവനെക്കാൾ വലുത്!!!!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us