സയണിസ്റ്റ് ഭീകരതയുടെ നേർസാക്ഷ്യത്തിൻ്റെ കാലം

അറബ് രാഷ്ട്രങ്ങൾ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര പലസ്തീൻ പ്രഖ്യാപിക്കാതെ വഞ്ചിച്ചതുമുതലാണ് വിശുദ്ധഭൂമി അശാന്തിയുടെ ചുഴിയായി പരിണമിച്ചത്

dot image

2023 ഒക്ടോബർ ഏഴ്, പലസ്തീൻ ഇസ്രയേൽ പോരാട്ടങ്ങളുടെ തുടക്കമോ ഒടുക്കമോ അല്ല. എന്നാൽ, മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇസ്രയേൽ പൈശാചികതയുടെ ഭീകരത മനുഷ്യത്വം കുഴിവെട്ടി മൂടുന്നതിന് തുടക്കമിട്ടു എന്ന നിലക്ക് തീർച്ചയായും ആ തീയതിക്ക് ലോക ചരിത്രത്തിൽ പ്രാധാന്യമുണ്ട്. 1973ലെ യുദ്ധത്തിന്റെ സുവർണ്ണജൂബിലി ഇസ്രയേൽ ആഘോഷിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഹമാസ് ആക്രമണം. ഓപ്പറേഷൻ അൽ അഖ്‌സ സ്റ്റോം എന്ന പേരിലാണ് ഹമാസ് അഞ്ഞൂറോളം റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടത്.

2021ലെ പത്തുദിവസത്തെ പോരാട്ടത്തിന് ശേഷം ഹമാസിന്റെ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.

സൈനിക ശക്തിയിലും ആയുധക്കരുത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം ഇസ്രയേലും ഹമാസും തമ്മിൽ താരതമ്യത്തിന് പോലും പ്രസക്തിയില്ല. മൊസാദ് എന്നാൽ ലോകത്താകെ വലവിരിച്ച ഒന്നാം നമ്പർ രഹസ്യാന്വേഷണ ഏജൻസിയാണ്. വ്യോമ പ്രതിരോധത്തിൽ ഒന്നാം നിരയിലുള്ള അയൺ ഡോമിന്റെ വൻമതിൽ ഇസ്രയേലിൽ അവരറിയാതെ ഈച്ചകയറാത്ത സുരക്ഷയാണ്. എന്നിട്ടും ഇസ്രയേലിൽ കയറി ആക്രമണം നടത്താനും നൂറുക്കണക്കിന്പേരെ ബന്ദികളാക്കാനും അവർക്ക് കഴിഞ്ഞു. ഇതവരുടെ മുഖത്തടിയായിരുന്നു. 40 ഇസ്രയേലുകാർ കൊല്ലപ്പെടുകയും 750 പേർക്ക് പരിക്കേൽക്കുകയും നിരവധി പേരെ ബന്ധിയാക്കുകയും ചെയ്തതിന് തിരിച്ചടിയായി അന്നു തന്നെ 198 പലസ്തീനികളെയാണ് കൂട്ടക്കൊല ചെയ്തത്. 1600 പലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നെ ഇന്നോളം പലസ്തീന്റെ മണ്ണിൽ ചുടുനിണം ഉണങ്ങിയിട്ടില്ല.

രണ്ടാം ലോക യുദ്ധാനന്തരം ചതിയിലൂടെ ഉണ്ടായ രാഷ്ട്രമാണ് ഇസ്രയേൽ. ഇസ്രയേലിൻ്റെ പിറവിയും വളർച്ചയും വികാസവുമെല്ലാം പരിശോധിക്കുമ്പോൾ ഇസ്രയേൽ ഒരു ഭീകര രാഷ്ട്രമായി പരിണമിച്ചത് ആർക്കും ബോധ്യപ്പെടും. ജൂതന്മാരുടെ സുരക്ഷ പ്രശ്നം മുൻനിർത്തി 1948ൽ യു.എൻ മുൻകൈയെടുത്ത് പലസ്തീൻ വിഭജിച്ച് ഇസ്രയേൽ സ്ഥാപിച്ചപ്പോൾ ഇങ്ങനെയൊരു ദുരന്തം അന്നതിന് നേതൃത്വം നൽകിയവർ പോലും കണക്കുകൂട്ടിയിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടർന്ന് പലസ്തീനിൽ ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങൾ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര പലസ്തീൻ പ്രഖ്യാപിക്കാതെ വഞ്ചിച്ചതുമുതലാണ് വിശുദ്ധഭൂമി അശാന്തിയുടെ ചുഴിയായി പരിണമിച്ചത്.

1967ൽ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗാസ എന്നിവ പിടിച്ചെടുക്കാൻ ഇസ്രയേലിന് ധൈര്യം നൽകിയ അമേരിക്കയുടെ കുടിലത പശ്ചിമേഷ്യയിലെ സമ്പത്തിൽ കണ്ണുവെച്ചുള്ളതാണ്. അമേരിക്കയുടെ സായുധ പിൻബലത്തിൽ സയണിസം കേട്ടുകേൾവിയില്ലാത്ത കയ്യേറ്റമാണ് മനുഷ്യനും മണ്ണിനും മേലെ നടത്തിയത്. പ്രത്യേകിച്ചും, 2023 ഒക്ടോബർ ഏഴിന് ശേഷം ചെയ്തുകൂട്ടിയതെല്ലാം നമ്മുടെ കൺമുമ്പിലാണ്. 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രയേൽ ഗാസയിൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങൾ കൃത്യമായി പകർത്തിവച്ച ഡോക്യുമെന്ററി ഫിലിമാണ് 'അൽജസീറ' ചാനലിന്റെ 'ഇൻവെസ്റ്റിഗേറ്റിങ് വാർ ക്രൈംസ് ഇൻ ഗസ്സ'. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ എത്രായിരം മനുഷ്യർ പിടഞ്ഞു മരിച്ചുവെന്നതും എത്രലക്ഷം പേർ ദുരിതത്തിന്റെ കണ്ണീകയത്തിൽ ആണ്ടുപോയി നിറംകെട്ടുപോയെന്നതും കണക്കു നോക്കാൻ പോലും കഴിയാത്തവിധം നമ്മൾ മരവിച്ചിരിക്കുന്നു.

ലോക മനസാക്ഷിക്കുമേൽ തീമഴയായി സയണിസ്റ്റ് ഭീകരത വർഷിച്ചപ്പോൾ ഗാന്ധിജിയുടെ ഇന്ത്യയെയായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. പക്ഷെ, ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്നതായി ഇന്ത്യൻ നയം മാറിയതാണ് നമ്മൾ കണ്ടത്. ജി 20 സമ്മേളനത്തിന് ആതിഥ്യമരുളിയ ഇന്ത്യ വിദേശ നയത്തിൽ അമേരിക്കൻ പക്ഷത്തെ പുൽകി ഇസ്രയേലിനെ വാരിപ്പുണരുമ്പോൾ എത്രയോ വർഷത്തെ ഗൾഫ് ബന്ധവും മറ്റും എങ്ങനെ ബാധിക്കുമെന്നങ്കിലും ചിന്തിക്കേണ്ടതല്ലേ. നെഹ്റു മുതൽ മൻമോഹൻസിംഗ് വരെയുള്ള ഭരണാധികാരികൾ ജന്മനാട്ടിൽ രാജ്യം നഷ്ടപ്പെട്ട ജനലക്ഷങ്ങളുടെ വേദന ഉൾക്കൊള്ളാനും ഐക്യദാർഢ്യത്തോടെ ചേർത്തുപിടിക്കാനും ശ്രമിച്ചതാണ് ഏഴു പതിറ്റാണ്ടിന്റെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം. ഇതുമായി ബന്ധപ്പെട്ട് പലതവണ പാർലെമന്റിൽ വിഷയം ഉന്നയിച്ചപ്പോഴും ഇസ്രയേലിനെ വാരിപ്പുണർന്ന് പലസ്തീന്റെ കണ്ണീരിനെ കുറിച്ച് മുതലക്കണ്ണീരൊക്കുന്നതായിരുന്നു സമീപനം. ചേരിചേരാ നയത്തിലൂടെ ലോക രാഷ്ട്രീയത്തിൽ സന്തുലിതവും നീതിയുക്തവുമായ ഇരിപ്പിടം സ്വന്തമാക്കിയ ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യക്ക് അമേരിക്കയും ഇസ്രയേലും ഉറ്റവരും മറുചേരി ശത്രുക്കളുമാകുന്നതായ ചുവടുമാറ്റത്തിന് വലിയ വിലകൊടുക്കേണ്ടിവരും; ഇത് തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.

ഹമാസിൽ നിന്ന് ഹിസ്ബുല്ലയിലെക്കും ലെബനനിലേക്കും ഇറാനിലേക്കുമെല്ലാം ഇസ്രയേലിൻ്റെ ചോരക്കൊതി നീണ്ട വർഷം കൂടിയാണ് കടന്നു പോയത്. ഹിസ്ബുല്ല മേധാവി ഹസൻ നസറല്ലയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇസ്രയേലിലേയ്ക്ക് മിസൈലുകൾ ചീറിപാഞ്ഞു. ടെഹ്റാന്റെ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ ആണവകേന്ദ്രങ്ങളും ഓയിൽ റിഗുകളും ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ കാണുമ്പോൾ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക അസ്ഥാനത്തല്ല. ലെബനനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ സയണിസത്തിനെതിരായ പോരാട്ടത്തിൽ ഹിസ്ബുല്ല ഒറ്റയ്ക്കാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ പ്രഖ്യാപനം കൂടി വന്നതോടെ പശ്ചിമേഷ്യ അഗ്നിപർവ്വതം പോലെ പുകയുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്ന് പ്രതികരിച്ചതിനൊപ്പം, ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തത് ശ്രദ്ധിക്കണം. ഇറാനെതിരെ പുതിയ ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് ജി 7 നേതാക്കളുമായി സംസാരിച്ച യു.എസ് പ്രസിഡന്റ് പക്ഷെ, ഫലസ്തീനിൽ കടന്നുകയറി ലോക കോടതിയെ പോലും വകവെക്കാതെ ഇസ്രയേൽ നടത്തുന്ന യുദ്ധകുറ്റത്തിന് നേരെ കണ്ണടക്കുന്നു; വീറ്റോ പവർ ഉപയോഗിച്ച് സംരക്ഷണ കവചം തീർക്കുന്നു. അപ്പോഴും ആയിരത്താണ്ടായി തലമുറകളായി ജിവിക്കുന്ന പലസ്തീനികളെ ചോരപ്പുഴയൊഴുക്കി വംശഹത്യ ചെയ്യുന്ന തിരക്കിലാണ് ഇസ്രയേൽ. പലസ്തീനിലെ സയണിസ്റ്റ് ഭീകരതയാണ് മധ്യ പൗരസ്ത്യ ദേശത്തെ എല്ലാ സംഘർഷങ്ങളുടെയും മുഖ്യ കാരണം. ഹമാസ് തലവനെ ഇറാനിൽ കടന്നു കയറി വധിച്ചതിന്റെ രണ്ടാം മാസത്തിൽ ഹിസ്ബുല്ല മേധാവി ഹസൻ നസറല്ലയെ ബെയ്റൂത്തിൽ വധിച്ചത് ഇസ്രയേൽ ഒറ്റക്കല്ലെന്നും അമേരിക്കയും സഖ്യകക്ഷികളും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്നും ആർക്കും തർക്കം കാണില്ല. 870 കോടി ഡോളറിന്റെ അധിക സൈനിക പാക്കേജ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പ്രഖ്യാപിച്ചതിന് പിറകെയാണ് ഹസൻ നസറല്ല കൊല്ലപ്പെട്ടതെന്നതും ഇതോട് ചേർത്തു പറയണം.

ഇറാൻ ഇസ്രയേലിലേയ്ക്ക് മിസൈലുകൾ വർഷിച്ച ശേഷം ഇസ്രയേൽ കൈകൊള്ളുന്ന കരുതൽ നിലാപിടിനു പോലും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പങ്കുണ്ട്. സമാധാന ചർച്ചകളെ കുറിച്ച് ഇടക്കിടക്ക് സംസാരിക്കുന്ന പാശ്ചാത്യ ശക്തികൾ ഇസ്രയേലിന് നൽകുന്ന സാമ്പത്തിക, സൈനിക പിന്തുണ നിർബാധം തുടരുകയും ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന്റെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിന്റെയും പ്രചാരണ ആയുധങ്ങളിലൊന്ന് ഇസ്രയേലാണ്. പലസ്തീനിലെ മനുഷ്യാവകാശത്തെ കുറിച്ച് പറയുകയും അതിന്റെ ഇരട്ടിവേഗത്തിലും അളവിലും ഇസ്രയേലിനെ തലോടുകയും ചെയ്യുന്നതാണ് കമലയുടെയും ട്രംപിന്റെയും വാക്കുകൾ.

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ചതിനെക്കാൾ അളവിൽ ബോംബുകളും നശീകരണ ആയുധങ്ങളും വർഷിച്ച് ഒരു വർഷമായി ഇസ്രയേൽ മനുഷ്യാവകാശം മനുഷ്യത്വം എന്നീ പദങ്ങൾ കുഴിവെട്ടി മൂടിയിരിക്കുന്നു. ആയുധ പരീക്ഷണത്തിന്റെയും മരുന്ന് പരീക്ഷണത്തിന്റെയും സാങ്കേതിക വിദ്യ പരീക്ഷണത്തിന്റെയുമെല്ലാം പൈശാചികതയാണ് വിശുദ്ധമണ്ണിൽ നടമാടുന്നത്. മെല്ലെ മെല്ലെ ഗാസ എന്നത് പലസ്തീനിൽ നിന്ന് ഇസ്രയേലിൻ്റെ കൈവശമാകുമ്പോൾ ലോകമാകെ നോക്കുകുത്തിയാവുന്നു. ഇതെല്ലാം കണ്ടും കേട്ടും നിസ്സഹായരായി നിൽക്കാൻ വിധിക്കപ്പെട്ട നമ്മളെത്ര നിർഭാഗ്യവാന്മാർ. മനുഷ്യത്വത്തിന്റെ ശവപറമ്പായ പലസ്തീനെ ഓർത്ത് വിലപിക്കാം; വേദനിക്കാം.

ഇസ്ലാമും ക്രൈസ്തവരും ജൂതരും ഒരുപോലെ വിശുദ്ധമായി കാണുന്ന മണ്ണാണ് ജറൂസലേമിലേത്. ചരിത്രത്തിലേക്ക് നീളുന്ന അതിന്റേതായ വൈകാരികതയും സഹവർത്തിത്വവും രാഷ്ട്രീയ പരിഹാരത്തിലൂടെ ഉരുത്തിരിച്ചെടുക്കലാണ് പ്രതിവിധി. 1967 ജൂൺ നാലിലെ അതിർത്തികളും കിഴക്കൻ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണം.നീതിയും ന്യായവും പ്രകൃതി നിയമമാണെങ്കിൽ പലസ്തീന്റെ മോചനവും സാധ്യമാകുകതന്നെ ചെയ്യും; പ്രാർത്ഥനയോടെ കാത്തിരിക്കാം, ചേർത്തുപിടിക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us