മാംസത്തിൽ നിന്ന് മെടഞ്ഞുണ്ടാക്കിയ
( പക്വത / ആർ.രാമചന്ദ്രൻ)
ഒരു കൂട്ടിൽ ഒരു പക്ഷി പാർത്തിരുന്നു
അതിൻ്റെ ചിറകുകൾ ഹൃദയത്തിനടുത്തടിച്ചു കൊണ്ടിരുന്നു
ഞങ്ങളതിനെ മിക്കപ്പോഴും വിളിച്ചിരുന്നത്
'അസ്വാസ്ഥ്യ'മെന്നാണ്
ചിലപ്പോൾ "പ്രേമ 'മെന്നും
ബാല്യത്തിൽ കേട്ട ഒരു പാട്ടിലെ വരികൾ ഇതാണ്:
'കുരങ്ങൻ ചെയ്ത പാപത്തിന് ഉപ്പ എന്നെ കൊന്നില്ലേ?"
കഥയിൽ, ഒരാൾ ചെയ്ത പാപത്തിന് നിരപരാധിയായ ഒരു കുട്ടി ഇരയാക്കപ്പെടേണ്ടി വരുന്ന നിർദ്ദയമായ നിർഭാഗ്യത്തെക്കുറിച്ചാണ് പറയുന്നത്.
ഹിറ്റ്ലർ ചെയ്ത പാപത്തിന് അറബ് സമൂഹം കൊടുക്കേണ്ടി വന്ന നരകതുല്യമായ പരിഹാരമായിരുന്നു, ഇന്നത്തെ / എന്നത്തെയും ഇസ്രയേൽ/ പലസ്തീൻ പ്രശ്നം. ഏതോ കാലത്ത് അറബ് വംശത്തിൻ്റെയോ ഗോത്രത്തിൻ്റെയോ പാരമ്പര്യ ധാരകളിലൊന്നും പെടാത്ത ഒരാൾ ചെയ്ത ജൂതനരഹത്യകൾക്ക്, ഇന്നലെ പിറന്നു വീണ പലസ്തീൻ കുഞ്ഞിൻ്റെയും ജീവൻ കരിച്ചു കളയുക. ജീവൻ കരിയുന്ന മണം പലസ്തീനിൽ നിന്ന് എത്രയോ കാലമായി ഉയരുന്നു. ജൂതന്മാരുടെ കൂട്ടക്കശാപ്പിന് സാമ്രാജ്യത്വ ലോകം കണ്ടെത്തിയ പരിഹാരമാണ് വിചിത്രം, നിരന്തരവും മാനവികതയെ ലജ്ജിപ്പിക്കുന്നതുമായ കൂട്ടക്കശാപ്പുകൾ! ആരോ ചെയ്ത കൂട്ടക്കുരുതിക്ക്, നിരന്തരമായ കൂട്ടക്കുരുതി കൊണ്ട് സയണിസ്റ്റുകൾ 'കൊടുത്തു വാങ്ങിയ' രാജ്യമാണ് പലസ്തീൻ. എത്രയോ കാലമായി മനുഷ്യർ 'ഫ്രൈ പാനിൽ' എന്ന പോലെ കിടക്കുന്ന, ഇസ്രയേൽ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കുന്ന രാജ്യം, ഗാസ.
യൂറോപ്യൻ ലോകത്തിൻ്റെ പ്രകടമായ ഇസ്രയേൽ പക്ഷപാതിത്വത്തിന് 'മുസ്ലിംകളോടുള്ള വെറുപ്പ്' എന്നതേക്കാൾ പൗരസ്ത്യ ദേശങ്ങളെ എന്നേക്കുമായി അരക്ഷിതമാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. പൗരസ്ത്യ ദേശത്തെ 'അരക്ഷിത'മാക്കി 'സുരക്ഷി'തത്വം അനുഭവിക്കുന്നവരുടെ വിശാല ലോക സഖ്യമാണ് യൂറോപ്യൻ രാജ്യങ്ങൾ.
1947/48 വർഷങ്ങൾക്കിടയിൽ ചരിത്രം ഭാവിയുടെ ഏതറ്റം വരെയും പറക്കാവുന്ന ഒരു പട്ടം പറത്തി. നൂലുകൾക്കു പകരം മനുഷ്യരുടെ ജീവഞരമ്പുകൾ കൊണ്ട് തുന്നിയുണ്ടാക്കിയ പട്ടം. രക്തത്തിൻ്റെ ഭൂമദ്ധ്യരേഖയിലൂടെ വിഭജനത്തിൻ്റെ, മനുഷ്യരാശി കണ്ടതിൽ ഏറ്റവും ദു:ഖഭാരം നിറഞ്ഞ മനുഷ്യരുടെ നിലവിളികൾക്കു മീതെ ആ പട്ടം പറന്നു.
1947 ൽ - ഇന്ത്യാ പാക് വിഭജനം.1948-ൽ ബ്രിട്ടൻ്റെ ആവശ്യപ്രകാരം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വിളിച്ചു ചേർത്ത്, അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ട്രൂമാൻ്റെ സാമ്രാജ്യ മോഹങ്ങൾക്കു വഴങ്ങി പലസ്തീൻ വിഭജനം. രണ്ടിലും മതം ഒരു അടിസ്ഥാന രേഖയായി.
യഹൂദർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനതയാണ് എന്ന കെട്ടുകഥ പലസ്തീൻ പ്രശ്നത്തിൻ്റെ തുടക്കം മുതലേയുണ്ട് അത് നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നു.യഹൂദർ യഹോവയുടെ മക്കൾ. ഈ ലോകം മുഴുവൻ ആരുടേതാണ്?
സയണിസ്റ്റ് കഥയിലെ ഉത്തരം ബാലസാഹിത്യരചന പോലെ വളരെ ലളിതമായിരുന്നു: യഹോവയുടേത്!
നമുക്കറിയാവുന്ന ചരിത്രത്തിൽ, റെഡ് ഇന്ത്യക്കാരെ ഉന്മൂലനം ചെയ്ത ഒരു ഭൂതകാലമുണ്ട് അമേരിക്കയ്ക്ക്. ഇന്ന് കാണുന്ന അമേരിക്ക 'അമേരിക്കക്കാരുടെ മാത്രമായ' അതിപ്രതാപ ലോകമുണ്ടാക്കുന്നത് അങ്ങനെയാണ്. ഈ അടിച്ചേൽപിക്കലിൻ്റെ അധികാര പ്രയോഗം ഫലസ്തീനിലും കാണാം. സ്വദേശികളുടെ മുഴുവൻ ആസ്തികളും ജീവിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യങ്ങളുമെല്ലാം കവർന്നെടുത്ത് അവരെ നിരായുധരാക്കി, അവിടെ പാർപ്പിറപ്പിക്കുക. എന്നിട്ടതിന് ചമൽക്കാരങ്ങൾ എഴുതുക, വാഴ്ത്തു പാട്ടുകൾ കൊണ്ട് പൊലിപ്പിക്കുക. ഇതാണ് യഥാർഥത്തിൽ സംഭവിച്ചത്. വിഭജനത്തിൻ്റെ മുറിപ്പാടുകൾ വീണ അതിർത്തിയിലൂടെ നീതിബോധം എന്ന വടിയും ഊന്നി നടന്ന ആ മനുഷ്യൻ, അഹിംസയുടെ ലോക പിതൃ രൂപം, ഗാന്ധിജി പലസ്തീനോടൊപ്പമായിരുന്നു.
ഗാന്ധിജി പറഞ്ഞത് ഇങ്ങനെയായിരുന്നു:
'യഹൂദർക്ക് തങ്ങളുടേതായ ഒരു രാജ്യം എന്ന മുദ്രാവാക്യം എന്നിൽ ഒരു പ്രതികരണവുമുണ്ടാക്കുന്നില്ല. തോറയും പലസ്തീനിലേക്ക് മടങ്ങുക എന്ന വൈകാരിക വാശിയുമാണ് ഇതിനു കാരണം. എന്തുകൊണ്ടാണവർ തങ്ങൾ ജീവിക്കുന്ന രാഷ്ട്രങ്ങളിലൊന്നും സ്വന്തം രാജ്യമുണ്ടാക്കാൻ ശ്രമിക്കാത്തത്? അവിടെയൊക്കെ അവർ മറ്റു സമുഹങ്ങളെ പോലെ തന്നെയാണ്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടെയും ഫ്രാൻസ് ഫ്രഞ്ചുകാരുടേതെന്ന പോലെ പലസ്തീൻ സംശയരഹിതമായി അറബികളുടേതാണ് ".
ഓർമയിൽ നിന്നാണ് ഈ കാര്യങ്ങൾ എഴുതുന്നത്. അതിൽ, അമേരിക്കയുടെ പേര് ഗാന്ധിജി പറഞ്ഞിട്ടില്ലെന്ന ഓർമ കൂടിയുണ്ട്. അമേരിക്ക അമേരിക്കക്കാരുടെ മാത്രമല്ല എന്നൊരു ഉറപ്പ് ഗാന്ധിജിക്കുണ്ടായിരുന്നത് കൊണ്ടാവാം ഫ്രാൻസിൻ്റെയും ഇംഗ്ലണ്ടിൻ്റെയും പേര് പറഞ്ഞ ഗാന്ധിജി മനപ്പൂർവ്വം അമേരിക്കയുടെ പേര് വിട്ടത്.
ഗാന്ധിജി അമേരിക്കയെ വിട്ടെങ്കിലും, അമേരിക്ക ഇസ്രയേലിനെ കൈ വിട്ടില്ല. ഇസ്രയേലിൻ്റെ എല്ലാ കൂട്ടക്കുരുതികൾക്കും ആ രാജ്യം ഓശാന പാടി.
രണ്ട്:
ഇറാഖ് / കുവൈത്ത് യുദ്ധം തുടങ്ങിയപ്പോൾ ഉറങ്ങിക്കിടക്കുന്ന നേരത്ത് തലയിൽ ബോംബ് വീഴുമോ എന്ന് പേടിച്ച് ജീവഭയം കൊണ്ട് കുവൈത്തിൽ നിന്ന് തിരിച്ചു വന്ന ഒരാൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. വളരെയധികം ദൈവ വിശ്വാസമുണ്ടായിരുന്ന അയാൾ കുറേ നാളുകൾ പള്ളിയിലേ പോയിരുന്നില്ല. കുറച്ചു കാലം അദ്ദേഹം പശുവിനെ വളർത്തി. രാവിലെ പശുവിനെയും കൊണ്ട് മുതലക്കുണ്ടിനരികിൽ ഉള്ള വയലിൽ കൊണ്ടു പോകും. കെട്ടിയിട്ട് വേഗം വീട്ടിലേക്ക് മടങ്ങില്ല. വൈകുന്നേരം വരെ പശുവിനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും. ഇടക്ക് അയാൾ പുല്ല് കൂടി തിന്നുന്നുണ്ടെന്ന വിചിത്രമായ കാര്യം പിന്നീടാണ് മനസ്സിലാക്കിയത്.
ഒരിക്കൽ ഞാൻ ചോദിച്ചു:
'പശു ഉള്ളത് കൊണ്ട് നേരം പോക്കായി, അല്ലേ?'
'പശു ബോംബിടില്ല. ബോംബിടാത്ത പാവം ജന്തു. എൻ്റെ ബീവിയും ബോംബിടില്ല. ഒരു കണക്കിന് എൻ്റെ ബീവിയും ഒരു ജന്തു തന്നെ. മിണ്ടാപ്രാണി'.
തലയിൽ ബോംബു വന്നു വീഴുമോ എന്ന ഭയം അയാളുടെ മാനസികാവസ്ഥയെ അത്രയേറെ ഉലച്ചിരുന്നുവെന്ന് മനസ്സിലായി.' പശു രാഷ്ട്രീയം' ഇന്ത്യയിൽ വേര് ഉറപ്പിക്കും മുമ്പായിരുന്നു അത്.
ഒരിക്കൽ കാണുമ്പോൾ അയാൾ അങ്ങോട്ടെന്തെങ്കിലും ചോദിക്കും മുന്നേ പറഞ്ഞു:
'പൂമ്പാറ്റയുടെ ചെറക് കിട്ടുമോ?
' പൂമ്പാറ്റച്ചിറകോ? എന്തിന്?
' എനക്ക് പറക്കാൻ '.
നഴ്സറി സ്കൂൾ വാർഷികങ്ങളിൽ ചിത്രശലഭങ്ങളുടെ ചിറകുകളുമായി നൃത്തം വെക്കുന്ന കുട്ടികളെപ്പോലെ, ഒരു പൂമ്പാറ്റയായി എങ്ങോട്ടെങ്കിലും പറക്കാൻ സാധിച്ചെങ്കിൽ എന്ന് ആ മനുഷ്യൻ ആഗ്രഹിച്ചിട്ടുണ്ടാവും.
ബോംബുകൾ, മിസൈലുകൾ അഗ്നി പ്രവാഹമായി വന്നു വീഴുന്ന യുദ്ധഭൂമിയിലെ കുഞ്ഞുങ്ങൾക്ക് എങ്ങോട്ടെങ്കിലും പറന്നു പോകാൻ ചിത്രശലഭങ്ങളുടെ ചിറകുകളുണ്ടായിരുന്നെങ്കിൽ…
ദൈവം, കരുണാമയനാണെങ്കിൽ, അങ്ങനെ കുഞ്ഞുങ്ങൾക്ക് മാത്രമായിട്ടെങ്കിലും അടിയന്തിരമായ യുദ്ധ ഘട്ടങ്ങളിൽ പറന്നു പോകാൻ സാധിക്കുന്ന ചിറകുകൾ നൽകാതിരുന്നത് എന്തു കൊണ്ടാണ്?
ദൈവം 'കാഫ്ക'യല്ല എന്നതാണ് അതിനു സ്വയം കണ്ടെത്താൻ കഴിയുന്ന മറുപടി. യുദ്ധത്തെക്കുറിച്ചുള്ള അനുഭവങ്ങളിൽ കൂടുതൽ കഥകൾ രചിക്കുന്ന ദൈവം. സ്നേഹമല്ല, യുദ്ധമാണ് യഹോവയുടെ ഭാഷ.
മൂന്ന്:
ഇപ്പോൾ ഇന്ത്യയിൽ രൂപപ്പെട്ട വിശാലമായ പൊതുമണ്ഡലത്തിൽ, അഭിപ്രായങ്ങൾ ഇസ്രായേലിനും യഹൂദ ദൈവമായ യഹോവയ്ക്കും അനുകൂലമാണ്. ഇസ്രയേലിന് അനുകൂലമായി 'തീപ്പൊരിയുടെ'യും 'മസിൽ പവറി'ൻ്റെയും ഇമോജികളാണ് സോഷ്യൽ മീഡിയകളിൽ നിറയെ. ഗാന്ധിജിയെ സർക്കാരാപ്പീസിലെ ചുമരിലെയും നോട്ടിലെയും വെറും ചിത്രമായി കാണുന്ന ഇന്ത്യയിൽ ഇത് സംഭവിച്ചതിൽ അത്ഭുതമില്ല.
ഗാസ എന്ന തങ്ങൾ പാർക്കുന്ന രാജ്യം തന്നെ അനുവദിക്കപ്പെട്ട സഞ്ചാരങ്ങൾ മാത്രമുള്ള ഒരു രാജ്യമായത് കൊണ്ട് 'ജീവനോടെ കിടക്കേ'ണ്ടി വരുന്ന കബറിടമായി പലസ്തീനികൾക്ക് തോന്നിയതു കൊണ്ടാവുമോ അവർ പൊതുമണ്ഡലത്തിന് ഒറ്റ നോട്ടത്തിൽ യുക്തിരഹിതമായി തോന്നിയ ആ പാതിരാ ഹിംസയ്ക്ക് പുറപ്പെട്ടത്? ജീവിക്കുന്നത് കബറിടം പോലെ ഇടുങ്ങിയ സ്ഥലത്താണെങ്കിൽ, മരിച്ചു തന്നെ കബറിലെത്താം എന്ന തോറ്റു പോയ മനുഷ്യരുടെ അവസാനത്തെ പ്രതിരോധം?
ജീവിക്കുന്നതും കബറിൽ, മരിച്ചടക്കം ചെയ്യുന്നതും കബറിൽ -
ഇതിലേതെങ്കിലും ഒരു കബർ തിരഞ്ഞെടുക്കാം എന്ന് വരുമ്പോൾ ഗാസയിലെ ജനത എന്ത് തിരഞ്ഞെടുക്കും?
ഹമാസിൻ്റെ ഇസ്രയേൽ ആക്രമണം നീതിയായില്ല എന്ന വൻ രാഷ്ട്രങ്ങളുടെ പക്ഷപാതിത്വം നിറഞ്ഞ നീതിബോധത്തോടൊപ്പം നിൽക്കുക എളുപ്പമാണ്. പക്ഷെ, പലസ്തീനകൾ എത്രയോ കാലം ഞെരിയുകയാണ്. മറ്റൊരു യുദ്ധത്തിലും കാണാത്ത വിധം മനസ്സുകളുടെ വിഭജനം ഈ യുദ്ധത്തിലുണ്ട്. സഹവർത്തിത്വം വിദൂര ബിന്ദുവായി പോലും അവിടങ്ങളിൽ തെളിയുന്നില്ല.
യുദ്ധമല്ലാത്ത ഒരു ലോകത്തേക്ക് പറക്കാൻ ഗാസയിലേയും ഇസ്രയേലിലെയും കുഞ്ഞുങ്ങൾക്ക് ദൈവം ശലഭങ്ങളുടെ ചിറകുകൾ നൽകിയില്ല. ഒന്നോർക്കുമ്പോൾ, ഹിറ്റ്ലർ പോലും ദൈവത്തിൻ്റെ / യഹോവയുടെ അത്രയും യുദ്ധക്കൊതിയനായിരുന്നില്ല.
നമുക്ക് ചെയ്യാവുന്നത് ഇത്രയുമാണ്:
ഇനി വരും കാലം ഈസോപ്പു കഥകൾ കൂടുതലായി വായിക്കാൻ കുഞ്ഞുങ്ങൾക്കു നൽകാം.
ജന്തുകഥകൾ. അതിൽ യുദ്ധങ്ങൾ കുറവാണ്. മാംസത്തിൽ നിന്ന് മെടഞ്ഞുണ്ടാക്കിയ കൂട്ടിൽ നിന്ന് മനുഷ്യരുടെ നിലവിളികൾ കേൾക്കുമ്പോൾ 'ദൈവമേ, ഈ യുദ്ധമെന്ന് നിന്നെങ്കിൽ-' എന്ന് ആരോട് പ്രാർഥിക്കും? അതു കൊണ്ട് പ്രാർഥനാപുസ്തകങ്ങൾക്കു പകരം നമുക്ക് ഈസോപ്പ് കഥകൾ വായിക്കാം.
(ഡോ. എം കെ മുനീർ എഡിറ്റ് ചെയ്ത് 'പാരറ്റ് ഗ്രീൻ പബ്ലിക്കേഷൻസ്' പ്രസിദ്ധീകരിച്ച 'ഒ പലസ്തീൻ' എന്ന പുസ്തകത്തിലെ ലേഖനം)
Content Highlights: One year of Israel’s attack on Gaza, Gaza, Graveyard of Living Butterflies