പലസ്തീന് സ്വന്തം മണ്ണ് നഷ്ടമായത് സയണിസ്റ്റ് ഗൂഢാലോചന

ചരിത്രത്തിന്റെ തനിയാവർത്തനങ്ങൾ ഗാസയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇസ്രയേൽ വേട്ടക്കാരനും ഗാസാനിവാസികൾ ഇപ്പോഴും ഇരകളായി തുടരുന്നു

ഡോ. എം കെ മുനീർ
1 min read|07 Oct 2024, 04:11 pm
dot image

രണ്ടാഴ്ച‌കളായി അവളുടെ
സൈക്കിൾ ഹാൻഡിലിൽ
ഒരു ചിലന്തി, വലനെയ്ത്, കൂടുകൂട്ടിയിട്ട്.
അതിനെ ക്ഷതപ്പെടുത്താതെ
എൻ്റെ മകൾ കാത്തിരുന്നു.
അത് സ്വയം വിട്ടുപോവും വരെ.
നീ വല പൊട്ടിച്ചുകളഞ്ഞിരുന്നെങ്കിൽ
അതറിഞ്ഞേനെ,
ഇത് പാർക്കാനുള്ളിടമായിരുന്നില്ലെന്ന്.
നിനക്ക് സൈക്കിൾ ഓടിക്കാനും കഴിഞ്ഞേനെ.
അതിനവൾ പറഞ്ഞതിങ്ങനെ. അങ്ങനെയാണല്ലേ
അഭയാർത്ഥികൾ ഉണ്ടാവുന്നത്.

ഫാഡി ജൗദ
വിവ: ബി ഉണ്ണികൃഷ്ണ‌ൻ (THINK

പലസ്തീൻ അഭയാർത്ഥികൾ വിവിധ ദേശങ്ങളിലേക്ക് പലായനം ചെയ്തു തുടങ്ങിയിട്ട് കാലമേറെയായി. സ്വന്തം മണ്ണ് അന്യമായി തുടങ്ങിയത് പലസ്‌തീനിലേക്ക് കുടിയേറിയവർക്ക് പാർക്കാൻ ഇടം കൊടുത്തുതുടങ്ങിയതോടെയാണ്. അതിനിടയിൽ ഗാസയിലും വെസ്‌റ്റ്ബാങ്കിലും മരിച്ചുവീണ സ്ത്രീകളുടെയും കുട്ടികളുടെയും കണക്കെടുക്കാൻ അന്താരാഷ്ട്ര സമൂഹങ്ങൾക്ക് സമയമില്ലായിരുന്നു. പലസ്‌തീൻ തന്നെ ഇസ്രയേൽ എന്ന രാജ്യമാക്കി പ്രതിഷ്‌ഠിക്കണമെന്നുള്ളത് ബ്രിട്ടൻ്റെ മനുഷ്യത്വരഹിതമായ ഒരു കുതന്ത്രമായിരുന്നു. ഇതോടൊപ്പം സയണിസ്റ്റ് ബുദ്ധികൂടി പ്രവർത്തിച്ചപ്പോൾ പലസ്‌തീൻ്റെ ഭൂമി നിണമണിഞ്ഞ നിലങ്ങളായി.

ഇന്ന് ഗാസ കത്തിയമരുകയാണ്. വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇന്ധനവും ഇല്ലാതെ പിഞ്ചുകുഞ്ഞുങ്ങൾ ഓരോ നിമിഷത്തിലും മരിച്ചുവീഴുകയാണ്. ലോകത്തിൻ്റെ വല്യേട്ടൻ എന്ന് അഹങ്കരിക്കുന്ന അമേരിക്കയുടെ മനസ്സിൽ ഒരു ആർദ്രതയും ആരും പ്രതീക്ഷിക്കുന്നില്ല. അവർ കാക്കുന്നവരല്ലല്ലോ കൊല്ലിക്കുന്നവരല്ലേ. പലസ്‌തീനെ സഹായിക്കുന്നവരെയും ഉന്മൂലനം ചെയ്യുമെന്ന് ആക്രോശിക്കുന്ന ഇസ്രയേൽ സ്നേഹിക്കാൻ മാത്രമറിയുന്ന ലോകമനഃസാക്ഷിക്കു മുന്നിൽ ഒരു തെമ്മാടിരാഷ്ട്രമായി മുദ്ര കുത്തപ്പെട്ടുകഴിഞ്ഞു. പല രാഷ്ട്രത്തലവന്മാരും പലസ്തീനിൽ വംശീയ ഉന്മൂലനം സ്വപ്നം കാണുമ്പോൾ, അവരുടെ സ്വന്തം ജനത, പിടയുന്ന മാതൃ-ശിശു ഹൃദയങ്ങൾക്കായി പ്രാർത്ഥനയോടെ തെരുവിലാണ്.

പലസ്തീൻ- ഇസ്രയേൽ വിഷയം മതങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് ആവർത്തിക്കുന്നവർ മനഃപൂർവ്വം വികലമായ നരേറ്റീവ് സൃഷ്ടിക്കുന്നവരാണ്, ഇത് കാലങ്ങളായി നിർമ്മിക്കപ്പെട്ട കെട്ടുകഥയാണ്. ഇസ്രയേൽ പ്രശ്‌നം ഒരു അന്താരാഷ്ട്ര രാഷ്ട്രീയ വിഷയമാണ് എന്നത് തർക്കമന്യേ ചരിത്രത്തിന്റെ പിൻ ബലത്തിൽ പ്രഗൽഭരായ ചിന്തകര്‍ പ്രസ്‌താവിച്ചിട്ടുള്ളതാണ്. അതിൽ ഏറെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ വ്യക്തികളാണ് നോംചോംസ്കിയും ഇലാൻ പാപ്പേയും. രണ്ടുപേരും ജൂതവംശജരാണ് എന്നത് ശ്രദ്ധേയമാണ്. ഇവർ രണ്ടുപേരും ഇതുമായിബന്ധപ്പെട്ട് അനേകം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ILAN PAPPE) TEN MYTHS ABOUT ISRAEL, A HISTORY OF MODERN PALESTINE, THE ETHNIC CLEANSING OF PALESTINE, THE BIGGEST PRISON OF EARTH തുടങ്ങിയ പുസ്‌തകങ്ങൾ ഇസ്രയേൽ പലസ്‌തീൻ പ്രശ്‌നത്തിൻ്റെ അകക്കാമ്പ് തൊട്ടറിയാൻ സഹായിക്കുന്നവയാണ്. നോം ചോംസ്കിയും ഇലാൻ പാപ്പെയും തമ്മിലുള്ള സംഭാഷണമാണ് ON PALESTINE, GAZA IN CRISIS, നോം ചോംസ്‌കിയുടെ World Order New and Old, Chronicles of Dessent, Fateful Triangles, Failed States, Optimism Over Despair, Notes on Resistance തുടങ്ങി ധാരാളം പുസ്തകങ്ങൾ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ന് പലരും കെട്ടിപ്പൊക്കുന്ന തങ്ങളുടെ ചീട്ടുകൊട്ടാരങ്ങളെ തട്ടിത്തെറിപ്പിക്കുന്ന വസ്‌തുതകളുടെ മൂർച്ചയേറിയ ആയുധങ്ങളും ഈ എഴുത്തുകളിൽ ഉണ്ട്.

പലസ്തീനെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന അന്താരാഷ്ട്ര സമൂഹം, വംശീയ വിവേചനം, കുടിയൊഴിപ്പിക്കൽ, കൈവശപ്പെടുത്തൽ എന്നിവ ഇപ്രകാരം തുടരുകയാണെങ്കിൽ അവരെ നീചരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാണ് On Palestine എന്ന പുസ്‌തകത്തിൽ നോം ചോംസ്‌കിയും ഇലൻ പാപ്പെയും നടത്തുന്ന സംഭാഷണത്തിൽ വ്യക്തമാകുന്നത്. (On Palestine: Noam Chomsky, Ilan Pappe, Page 37, Penguin) പലസ്തീനിൽ ഈ നീചകൃത്യം ചെയ്യാൻ ഇസ്രായേലിന് പ്രതിരോധശക്തി (Immunity) കിട്ടുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും ദല്ലാൾപണി കൊണ്ടാണെന്നും ഈ പുസ്‌തകം പറയുന്നു. (Page 31)

ILAN PAPPEയുടെ 'ETHNIC CLEANSING' എന്ന പുസ്‌തകം വംശീയ ഉന്മൂലനത്തെ നിർവചിക്കുകയും സിയോണിസം എങ്ങനെ പലസ്തീനികളെ തുടച്ചുനീക്കുവാൻ ലോകത്തിന്റെ പല കോണുകളിൽനിന്നും ആസൂത്രണം ചെയ്‌തു എന്ന് വിശദമാക്കുകയും ചെയ്യുന്നു. വംശനാശം അന്തർദേശീയ നിയമപ്രകാരം മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യം ആണെന്നും അതികഠിന ശിക്ഷ അർഹിക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമം നിഷ്‌കർഷിക്കുന്നു. പഴയ യൂഗോസ്ലോവിയ സംഭവങ്ങൾക്കുശേഷം നിലവിൽ വന്നതാണ് ഈ നിയമം. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളും സഖ്യകക്ഷികളും യൂഗോസ്ലോവ്യയിലെ ക്രൊയേഷ്യൻ മിലിഷ്യയ്ക്ക് നേരെ വംശീയ ഉന്മൂലനം നടത്തിയിരുന്നു.1948 മാർച്ച് 10 ബുധനാഴ്‌ച ടെൽ അവീവിലെ ആദ്യകാല കെട്ടിടമായ റെഡ്ഹൗസിൽ ഒരു തണുത്ത ഉച്ചയ്ക്ക് പതിനൊന്ന് അംഗസംഘം ഒത്തുകൂടി. ദീർഘാഭ്യാസമുള്ള സിയോണിസ്‌റ്റ് നേതാക്കളും ചെറുപ്പക്കാരായ ജൂത മിലിറ്ററി ഉദ്യോഗസ്ഥരും പലസ്‌തീനികളുടെ വംശീയ ഉന്മൂലനത്തിനു വേണ്ടിയുള്ള അവസാന രൂപരേഖ തയ്യാറാക്കുകയായിരുന്നു. അന്ന് വൈകുന്നേരം തന്നെ മിലിട്ടറി ഉത്തരവുകൾ പലസ്‌തീനികളുടെ നിഷ്‌കാസനം ഉറപ്പുവരുത്താൻ താഴെത്തട്ടിലേക്ക് കൽപ്പനകളായി അയച്ചു. അതിൽ ബലപ്രയോഗത്തിലൂടെ എങ്ങനെ അവരെ ഉന്മൂലനം ചെയ്യുമെന്ന് വിശദമായി രേഖപ്പെടുത്തിയിരുന്നു.

Intimidation (വിരട്ടൽ), Expulsion (പുറത്താക്കൽ), Demolition (തകർക്കൽ) വീടുകൾ അഗ്നിക്കിരയാക്കൽ, വസ്തു‌ക്കൾ, സാധ നസാമഗ്രികൾ നശിപ്പിക്കൽ, ഗ്രാമങ്ങൾ ചൂട്ടുതകർക്കൽ അവസാനം അവർ തിരിച്ചുവന്ന് വീണ്ടും താമസിക്കാതെ ഇരിക്കുവാൻ ഇടിഞ്ഞു പൊളിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ മൈനുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു. ഈ പ്ലാനിൻ്റെ കോഡ് Plan D എന്നായിരുന്നു (ഹിബ്രുവിൽ DALET). ഇത് നാലാമത്തെയും അവസാനത്തെയും ബ്ലൂപ്രിന്റ് ആയിരുന്നു.


ആദ്യകാല ചരിത്രകാരനായ സിൻജ ഫ്ളാവൻ പറയുന്നു: ഇത് അറബികൾക്കെതിരെയുള്ള പ്രചാരണവും ഗ്രാമങ്ങൾ തകർത്തെറിയുക എന്നതുമായിരുന്നു. ഇതിനെ പ്ലാൻ D എന്ന് വിളിച്ചു. (ILAN PAPPE, ETHNIC CLEANSING Page 16) ഇത് ജൂതരുടെ ഗൂഢാലോചന അല്ല. ഇത് ബ്രിട്ടീഷ് ഭരണകൂടവും സിയോണിസ്‌റ്റുകളും നടത്തിയ വൻ വംശീയ ഉന്മൂലന സിദ്ധാന്തത്തിൻ്റെ പ്ലാൻ D എന്ന അന്തിമ ബ്ലൂപ്രിൻ്റ് പ്രകാരം തയ്യാറാക്കിയ ഗൂഢാലോചനയുടെ അന്ത്യം ഇല്ലാത്ത തുടർച്ചയാണ് നെതന്യാഹുവിൽ എത്തിനിൽക്കുന്നത്. പ്ലാൻ Dയിലൂടെ ദൗത്യം പൂർത്തീകരിക്കുമെന്നാണ് ഗാസ പൂർണ്ണമായും ചുട്ടുകരിക്കുമെന്നതിലൂടെ നെതന്യാഹു ആവർത്തിക്കുന്നത്. 1948-ൽ പ്ലാൻ സംബന്ധിച്ച തീരുമാനമെടുത്ത് ആറുമാസം കൊണ്ട് 6 ലക്ഷം പലസ്തീനികളെ പിഴുതെറിഞ്ഞു. 531 ഗ്രാമങ്ങൾ തകർത്തു. 11 നഗരങ്ങളിൽ മനുഷ്യവാസം ഇല്ലാതാക്കി.

അന്തർദേശീയ കുറ്റകൃത്യമായ വംശീയ ഉന്മൂലനമായിരുന്നതിന്റെ പിന്തുടർച്ചയാണ് ഇപ്പോഴും തുടരുന്നത്. അല്ലാതെ ഇത് ഒക്ടോബർ ഏഴിന് തുടങ്ങിയ ഗാസ ഇസ്രായേൽ ഒരു പുതിയ ഏറ്റുമുട്ടൽ അല്ല. ചരിത്രത്തിന്റെ തനിയാവർത്തനങ്ങൾ ഗാസയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇസ്രയേൽ വേട്ടക്കാരനും ഗാസാനിവാസികൾ ഇപ്പോഴും ഇരകളായും തുടരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us