ഹരിയാനയിലെ ജയം സർപ്രൈസ്, കശ്മീർ ബോണസ്; ബിജെപി സ്വയം ഞെട്ടിയ തിരഞ്ഞെടുപ്പ്

തങ്ങളുടെ പ്ലാൻ ബിജെപി കൃത്യമായി നടപ്പിലാക്കിയെടുത്തു എന്നുതന്നെ വേണം നിലവിലെ ലീഡ് നിലകൾ പരിശോധിക്കുമ്പോൾ മനസിലാക്കാൻ...

dot image

ഹരിയാന, കശ്മീർ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് കോൺഗ്രസ്, ഇൻഡ്യ സഖ്യ സർക്കാർ ഇരു സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുമെന്നാണ്. ഹരിയാനയിൽ കോൺഗ്രസ് ഒറ്റ കക്ഷിയായി അധികാരത്തിലെത്തുമെന്ന് പറഞ്ഞ എക്സിറ്റ് പോളുകൾ കശ്മീരിൽ ഇൻഡ്യ സഖ്യം അധികാരത്തിലെത്തുമെന്ന് തറപ്പിച്ചുപറഞ്ഞു. കശ്മീരിന്റെ കാര്യത്തിൽ എക്സിറ്റ് പോളുകൾ ഏറെക്കുറെ കൃത്യത പാലിച്ചെങ്കിലും ഹരിയാനയിലേക്കെത്തിയപ്പോൾ ആകെ തകിടം മറിഞ്ഞ കാഴ്ചയാണ് കണ്ടത്. ബിജെപി വിരുദ്ധ വികാരം കൃത്യമായി നിലനിൽക്കുന്നുണ്ടെന്ന നിരീക്ഷണം ശക്തമായിരിക്കെയാണ് ഹരിയാനയിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ബിജെപി തന്നെ തങ്ങളുടെ എക്കാലത്തെയും മികച്ച സീറ്റ് നിലയുമായി അധികാരത്തിലെത്തിയത്. കശ്മീരിലെ ജമ്മു പ്രദേശത്താകട്ടെ ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്തു.

ബിജെപിയെ സഹായിച്ചത് 'ജാതി'യോ?

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികൾ അടങ്ങുംമുമ്പേയാണ് തിരഞ്ഞടുപ്പ് കമ്മീഷൻ ഹരിയാനയിലെയും ജമ്മു കശ്മീരിലെയും തിരഞ്ഞെടുപ്പുകൾക്കുള്ള തീയതികൾ പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളുടെ അനുരണനങ്ങൾ ആദ്യമെത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നെന്ന നിലയിൽ ബിജെപിയും കോൺഗ്രസും നേരിട്ട് മത്സരിക്കുന്ന ഹരിയാന തിരഞ്ഞെടുപ്പിന് വലിയ ദേശീയ പ്രാധാന്യമായിരുന്നു ഉണ്ടായിരുന്നത്. രാജ്യമാകെ അലയടിച്ച ബിജെപി വിരുദ്ധതയിലും രാഹുൽ തരംഗത്തിലുമായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. ബിജെപിയാകട്ടെ ദേശീയതലത്തിലുളള വിരുദ്ധവികാരം ഹരിയാനയുടെ പടിക്ക് പുറത്തുനിർത്താനുള്ള തത്രപ്പാടിലും.

ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തെ ആദ്യ ഘട്ടത്തിൽ വിശകലനം ചെയ്യുമ്പോൾ ഒബിസി വോട്ടുകൾ ബിജെപിയെ രക്ഷിച്ചെന്ന് വേണം കരുതാൻ. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബിജെപി ഹരിയാനയിൽ പിന്നാക്കവിഭാഗങ്ങൾക്കുള്ള സംവരണം വർധിപ്പിച്ചിരുന്നു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിൽ നിലവിലുള്ള 15 ശതമാനം സംവരണം ഒറ്റയടിക്ക് 27 ശതമാനമാക്കിയാണ് ഉയർത്തിയത്. സംവരണ ആനുകൂല്യത്തിനുള്ള വരുമാനപരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായും വർധിപ്പിച്ചിരുന്നു. ഇവ കൂടാതെ ഒബിസി, എസ്‌സി വിഭാഗത്തിൽപെട്ട, എഞ്ചിനീയറിംഗ്, മെഡിസിൻ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ സ്‌കോളർഷിപ്പ് എന്ന വാഗ്ദാനവും ബിജെപി മുന്നോട്ടുവെച്ചിരുന്നു. രാജ്യമെങ്ങും ബിജെപിക്കെതിരെ കോൺഗ്രസ് ഉയർത്തിയ 'സംവരണവിരുദ്ധർ' എന്ന മുദ്രാവാക്യത്തെ മറികടക്കാൻ ബിജെപിക്ക് ഇത്തരത്തിലൊരു നീക്കം നടത്തുകയെ രക്ഷയുണ്ടായിരുന്നുള്ളൂ. എല്ലാറ്റിനുമുപരി മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ഒബിസി വിഭാഗത്തിൽ നിന്നുള്ള ആളായിരുന്നതുകൊണ്ട് ഈ തീരുമാനത്തിന് വലിയ ജനപിന്തുണ ലഭിച്ചിരുന്നു.

ഹരിയാനയുടെ രാഷ്ട്രീയഗതിവിഗതിയെ നിർണയിക്കുന്ന, ഏറെ നിർണായകമായ ഒന്നാണ് ജാട്ട് വിഭാഗക്കാരുടെ വോട്ടുകൾ. കോൺഗ്രസും ബിജെപിയും ജാട്ട് വിഭാഗത്തെ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും പ്രവർത്തിച്ചത്. ജാട്ട് സമുദായക്കാരനായ, ഹരിയാനയിലെ കോൺഗ്രസ് അതികായൻ ഭൂപീന്ദർ സിങ് ഹൂഡയിലൂടെ സമുദായത്തിലെ വോട്ടുകളെ ഏകീകരിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും അത് നടന്നില്ല എന്നുതന്നെ വേണം അനുമാനിക്കാൻ.

കർഷകപ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലും അഗ്നിവീർ പ്രതിഷേധങ്ങളുടെ ഒരു കേന്ദ്രമെന്ന നിലയിലും ഹരിയാനയിൽ ബിജെപി സർക്കാരിനെതിരെ വലിയ ജനരോഷം ഉണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. മാസങ്ങൾക്ക് മുൻപ് മാത്രം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഹരിയാനയിൽ നില മെച്ചപ്പെടുത്തിയത് ബിജെപിക്ക് വലിയൊരു സൂചനയാണെന്നും വിലയിരുത്തപ്പെട്ടു. ഈ വിരോധത്തെ മറികടക്കാനായി കൃത്യമായ പദ്ധതികൾ ബിജെപി നടപ്പിലാക്കിയിരുന്നു.

കൃഷിനാശം സംഭവിച്ച കർഷകർക്ക് ബോണസ് തുക വിതരണം ചെയ്യുകയും ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയുമാണ് ബിജെപി ആദ്യം ചെയ്തത്. ഈ നീക്കത്തിലൂടെ ചെറുകിട കർഷകരായ ഒരു വിഭാഗത്തെ ബിജെപിക്ക് ഒപ്പം നിർത്താനായെന്ന ഒരു നിരീക്ഷണമുണ്ട്. അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ, അഗ്നിവീർ സൈനികർക്ക് പൊലീസ്, മൈനിംഗ് ഗാർഡ് ജോലികളിൽ 10 ശതമാനം സംവരണമാണ് ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ചത്. ഈ നീക്കങ്ങളുടെയെല്ലാം വിളവെടുപ്പ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. അത്തരത്തിൽ ഉണ്ടായി എന്ന് മാത്രമല്ല, കടുത്ത ബിജെപി വിരോധം ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നതിനിടെ ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്തു ! എന്നാൽ കർഷകരുടെ വോട്ടുകളെല്ലാം ബിജെപിക്ക് മാത്രമാണോ ലഭിച്ചത് എന്ന കാര്യം അവസാന ഫലം പ്രഖ്യാപിച്ച ശേഷവും വോട്ട് ശതമാനം പരിശോധിച്ച ശേഷവും മാത്രമേ വിലയിരുത്താനാകുകയുള്ളൂ.

സഖ്യമില്ലാതെ, ഒറ്റയ്ക്കു നേടിയ വിജയം; അമ്പരന്ന് രാഷ്ട്രീയനിരീക്ഷകർ

2014ലേതിന് സമാനമായ, ഒരുതരത്തിൽ അതിലും മികച്ച ഒരു വിജയമാണ് ഹരിയാനയിൽ ബിജെപി നേടിയിരിക്കുന്നത്. 2014ൽ അലയടിച്ച മോദി തരംഗത്തിൽ ബിജെപി ഒറ്റയ്ക്ക് നേടിയത് 47 സീറ്റുകളാണ്. പിന്നീട് 2019ൽ പ്രകടനം താഴ്ന്ന്, ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കേണ്ടിവന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാകെ ആ സഖ്യത്തിൽ വിള്ളൽ വീണതോടെ വലിയൊരു നിലനിൽപ്പ് പ്രതിസന്ധി ബിജെപി നേരിട്ടിരുന്നു.

2014ൽ ഉണ്ടായിരുന്ന മോദി തരംഗം 2024ലേക്കെത്തുമ്പോൾ ഇല്ല. 2019ലുണ്ടായ സഖ്യസാഹചര്യവും ഇപ്പോഴില്ല. സംസ്ഥാനത്ത് നേതാക്കൾ പ്രചാരണം നടത്തുമ്പോൾപ്പോലും വിജയം എത്രകണ്ടെന്ന കാര്യത്തിൽ ആശങ്കയിലായിരുന്നു. രാഹുൽ ഗാന്ധി സംസ്ഥാനത്ത് നിരനിരയായി റാലികൾ നടത്തിയപ്പോൾ, മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പ്രാവശ്യം ഹരിയാനയിലേക്കെത്തിയത് വെറും നാല് പ്രാവശ്യം മാത്രമാണ്. അപ്പോഴെല്ലാം ബിജെപിയെ കർഷകപ്രക്ഷോഭവും അഗ്നിവീറും തുടങ്ങി എല്ലാ പ്രതിസന്ധികളും ആടിയുലയ്ക്കുന്നുണ്ടായിരുന്നു. ഇത്തരത്തിൽ യാതൊരു തരത്തിലും അനുകൂല തരംഗങ്ങൾ ഇല്ലാതെയിരുന്നിട്ടും കൂടിയാണ് 48 സീറ്റുകളുമായി ബിജെപി തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം ഹരിയാനയിൽ പുറത്തെടുത്തത്. ഈ പ്രകടനം രാഷ്ട്രീയ നിരീക്ഷകരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

കശ്മീരിലും ബോണസ്

നിലവിലെ ലീഡ് നിലകൾ പരിശോധിച്ചാൽ ജമ്മു കശ്മീരിലും ബിജെപിക്ക് എടുത്തുപറയാവുന്ന നേട്ടമാണ് ഉണ്ടായിട്ടുള്ളത്. പാർട്ടിയെ സംബന്ധിച്ച് മുസ്ലിം ഭൂരിപക്ഷപ്രദേശമായ കശ്മീർ താഴ്വര ഒരു ബാലികേറാമലയാണ്. എന്നാൽ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മു അങ്ങനെയല്ല. വർഷങ്ങളായി പാർട്ടിക്ക് നിരവധി സീറ്റുകൾ സംഭാവന ചെയ്യുന്ന ജമ്മു പ്രദേശം മൊത്തത്തിൽ വരുതിയിലാക്കുക എന്നത് മാത്രമായിരുന്നു കശ്മീരിനെ സംബന്ധിച്ചുള്ള ബിജെപിയുടെ ഏക ഗെയിം പ്ലാൻ.

തങ്ങളുടെ പ്ലാൻ ബിജെപി കൃത്യമായി നടപ്പിലാക്കിയെടുത്തു എന്നുതന്നെ വേണം നിലവിലെ ലീഡ് നിലകൾ പരിശോധിക്കുമ്പോൾ മനസിലാക്കാൻ. ജമ്മു മേഖലയിലെ 29 സീറ്റുകളിൽ പാർട്ടി വിജയം ഉറപ്പിച്ചുകഴിഞ്ഞു. 2019ലെ 25 സീറ്റുകളാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം കശ്മീരിലെ ഏറ്റവും മികച്ച പ്രകടനം. ശേഷം പിഡിപിയുമായി ചേര്‍ന്ന് സർക്കാരുണ്ടാക്കാനും ബിജെപിയ്ക്ക് സാധിച്ചിരുന്നു. ശേഷമുണ്ടായ 370ആം വകുപ്പ് അനുച്ഛേദം റദ്ദാക്കല്‍ ഒക്കെ ചരിത്രമാണല്ലോ. ഇത്തരത്തിൽ രാജ്യമെങ്ങും നിലനിൽക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ അനുരണനങ്ങളെയും, ജമ്മുവിൽ പാർട്ടി അടിപതറും എന്ന നിരീക്ഷണങ്ങളെയും മറികടന്നാണ് ബിജെപി 29 സീറ്റുകളുമായി എടുത്തുപറയാവുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരത്തിൽ ഭരണത്തിൽ യാതൊരു ഇടപെടലും നടത്താൻ പറ്റില്ലെങ്കിലും, ഈ സീറ്റ് നില ബിജെപിയെ സംബന്ധിച്ചിടത്തോളം, ആത്മവിശ്വാസം കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല.

dot image
To advertise here,contact us
dot image