മനുഷ്യാവകാശങ്ങള്‍ക്കായുള്ള ദാഹം; ദാല്‍ തടാകക്കരയില്‍ ജനാധിപത്യത്തിന്റെ കാറ്റ് വീശുമ്പോള്‍

ജനാധിപത്യ സംവിധാനം ഇത്രത്തോളം ആഗ്രഹിക്കുന്ന മറ്റൊരു ജനത ഈ രാജ്യത്തുണ്ടോ?

രോഷ്നി രാജന്‍
1 min read|08 Oct 2024, 02:27 pm
dot image

ജമ്മു കശ്മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിച്ചത്. ഇന്ത്യ പോലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യത്തെ ഒരു സുപ്രധാന സംസ്ഥാനത്ത് എങ്ങിനെയാണ് പത്ത് വര്‍ഷത്തോളം ജനാഭിലാഷത്തെ അടയാളപ്പെടുത്താനുള്ള അവസരങ്ങള്‍ ഇല്ലാതായത്. ജനാധിപത്യ സംവിധാനം ഇത്രത്തോളം ആഗ്രഹിക്കുന്ന മറ്റൊരു ജനത ഈ രാജ്യത്തുണ്ടോ?. ഇടതുചൂണ്ടുവിരലില്‍ മഷിപുരട്ടാന്‍ ഒരു ദശാബ്ദം കാത്തിരിക്കേണ്ടി വന്നവരാണ് കശ്മീര്‍ ജനത. അവിടെ മതേതരത്വവും ജനാധിപത്യവും മുന്നോട്ടുവെക്കുന്ന ഇന്‍ഡ്യ മുന്നണി വിജയക്കൊടി പാറിച്ചുവെന്ന ഫലം പുറത്തുവരുമ്പോള്‍ കശ്മീര്‍ താഴ്‌വരയില്‍ ജനാധിപത്യം വീണ്ടെടുക്കപ്പെടുകയാണോ…

വിചിത്രമായ രാഷ്ട്രീയ സഖ്യങ്ങള്‍, രാഷ്ട്രപതി ഭരണം, പ്രത്യേക അവകാശം റദ്ദാക്കല്‍, ഒടുവില്‍ ആ സംസ്ഥാനം തന്നെ ഇല്ലാതായ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ജനാധിപത്യത്തിലേക്ക് മഷിപുരണ്ട ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ജമ്മു കശ്മീരിലെ ജനത. രണ്ടാം ഘട്ടത്തില്‍ വോട്ടു ശതമാനം കുറഞ്ഞെങ്കിലും ജനം വോട്ടു ചെയ്യാന്‍ താല്‍പര്യപ്പെടുന്നുവെന്നാണ് ഇക്കുറി തെളിഞ്ഞത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനങ്ങളേക്കാള്‍ പ്രത്യക പദവി തിരികെ വേണമെന്നും മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടണമെന്നുമാണ് താഴ്വരയില്‍ നിന്ന് ഒടുവിലുയര്‍ന്ന മുദ്രാവാക്യങ്ങള്‍. ബുള്ളറ്റിന് പകരം ബാലറ്റ് ആഗ്രഹിക്കുന്ന ജനത ജനാധിപത്യത്തെ സ്വയം നേടിയെടുക്കുന്നു.

'ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. പുതിയൊരു ഭാവി രചിക്കാന്‍ ആഗ്രഹിക്കുന്നു എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹം' എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും പ്രഖ്യാപനത്തില്‍ പറഞ്ഞത്. 2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരിന്റെ രാഷ്ട്രീയ കാലാവസ്ഥ അത്രത്തോളം മാറിമറിഞ്ഞിരിക്കുന്നു. പിഡിപി - ബിജെപി സഖ്യസര്‍ക്കാരിന്റെ പതനത്തോടെയാണ് കശ്മീരില്‍ സംസ്ഥാനഭരണം ഇല്ലാതാകുന്നത്. ഗവര്‍ണര്‍ ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞിരുന്ന ജമ്മു കശ്മീരിനെ 370ന്റെ റദ്ദാക്കലോടെ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലേക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു.

2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. നിരവധി പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചെവികൊടുക്കാതെയാണ് പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ എടുത്തുകളഞ്ഞത്. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാത്ത, രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെയും കശ്മീര്‍ ജനതയെയും കണക്കിലെടുക്കാത്ത നടപടിയെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രധാനവിമര്‍ശനം. 37ാം അനുച്ഛേദം റദ്ദാക്കുന്നതിന് മുന്‍പ് തന്നെ കടുത്ത നടപടികളാണ് ജമ്മു കശ്മീരില്‍ കേന്ദ്രം നടപ്പിലാക്കിയത്. നിയമഭേദഗതികള്‍ കൊണ്ടുവരുന്നതിന് തലേദിവസം തന്നെ ജമ്മു കശ്മീര്‍- ലഡാക് മേഖലകളില്‍ ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധം പൂര്‍ണ്ണമായി വിച്ഛേദിച്ചു. പിന്നീട് രണ്ടുവര്‍ഷത്തോളം സമയമെടുത്താണ് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്. നിയമഭേദഗതിയുടെ ഭാഗമായി കശ്മീര്‍ താഴ്വര മുഴുവന്‍ സൈനികനിയന്ത്രണത്തിലാക്കി. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സിപിഐഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ് എന്നിവരെയെല്ലാം തടങ്കിലാക്കി. ഇതെല്ലാം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പ്രത്യേക പദവി എടുത്ത കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതിയും ശരിവെക്കുകയാണ് ചെയ്തത്. അതേസമയം ജമ്മു കശ്മീരിന് സംസ്ഥാനപദവി ഉടന്‍ തിരികെ നല്‍കണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കശ്മീരികളുടെ സ്വത്വബോധത്തിന്റെ അടിസ്ഥാനമായിരുന്നു 370ാം വകുപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച പ്രധാനവിഷയവും അതുതന്നെയായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്നതുമാത്രമല്ല, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള, പുതുക്കിയ അതിര്‍ത്തി നിര്‍ണയത്തിന് ശേഷമുള്ള, ജമ്മു കശ്മീരില്‍ ജനാധിപത്യം സെപ്റ്റംബര്‍ 30നകം പുനസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നത്.

പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മുന്നോട്ട് വെക്കാന്‍ നിരവധി ജീവിതപ്രശ്നങ്ങളുണ്ട് കശ്മീര്‍ ജനതക്ക്. തൊഴിലില്ലായ്മയാണ് കശ്മീര്‍ താഴ്വരയിലും ജമ്മുവിലും ഉയരുന്ന വലിയ പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ജീവിത ചിലവ് കൂടിയെന്ന് അവര്‍ പറയുന്നു. ഭീകരവാദത്തെ അടിച്ചമര്‍ത്തിയെന്ന് ബിജെപി അവകാശമുന്നയിക്കുമ്പോഴും സാധാരണ ജനങ്ങളെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണെന്ന പരാതിയാണ് സാധാരണക്കാരായ ജനങ്ങള്‍ ഉയര്‍ത്തുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കും വേട്ടയാടലുകള്‍ക്കും ഇരയായ ഒരു ജനത തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ വീണ്ടെടുക്കുന്നതിനായി തെരഞ്ഞെടുപ്പിലെ സാധ്യതകളെ തേടുന്നു എന്നത് തന്നെയാണ് കശ്മീരിന്റെ വര്‍ത്തമാന സാഹചര്യങ്ങള്‍ അടയാളപ്പെടുത്തുന്നത്.

Story Highlight: Democracy is returning in Jammu and Kashmir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us