ആ മഞ്ഞുതുള്ളികള്‍ ചിരിക്കുന്നു; രാഹുല്‍ നടന്നു നേടിയ കശ്മീര്‍ വിജയം

മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ഭീഷണികളും നിയന്ത്രണങ്ങളുമായിരുന്നു ജമ്മുവിലെത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വന്നത്

ആമിന കെ
1 min read|08 Oct 2024, 03:03 pm
dot image

'എല്ലാ സാധ്യതകളും അടഞ്ഞപ്പോള്‍ ഞങ്ങള്‍ ഭാരത് ജോഡോ യാത്രയുമായി ഇറങ്ങി. സ്‌നേഹമെന്ന ആശയം രാഷ്ട്രീയ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചു,' ഭാരത് ജോഡോ യാത്രയെകുറിച്ച് കൃത്യം ഒരു മാസം മുമ്പ് രാഹുല്‍ ഗാന്ധി വിവരിച്ചത് ഇങ്ങനെയാണ്. ഇന്ത്യ ഇതുവരെ കാണാത്ത രീതിയില്‍, 'പപ്പു'വെന്ന് വിളിച്ച് കളിയാക്കിയവരുടെ മുന്നില്‍ തെക്ക് മുതല്‍ വടക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും രാഹുല്‍ ഗാന്ധി നടന്നു നീങ്ങി. പറ്റാവുന്ന മനുഷ്യരെയെല്ലാം കണ്ടു, സംസാരിച്ചു, അവരോടൊപ്പം ഭക്ഷണം കഴിച്ചു, അവരുടെ ആവശ്യങ്ങളും വേദനകളും കേട്ടു. വര്‍ഗീയ രാഷ്ട്രീയത്തിനിടയില്‍ സ്‌നേഹത്തിന്റെ കട തുറന്ന് അയാള്‍ നടന്നു കയറിയത് ഇന്ത്യന്‍ ജനതയുടെ മനസിലാണെന്ന് ഇന്നത്തെ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്രകണ്ട് അസ്ഥിരത അനുഭവിക്കുന്ന സംസ്ഥാനം ഉണ്ടോയെന്നത് സംശയമാണ്, ഇപ്പോഴും സംസ്ഥാന പദവിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ജമ്മു ജനത. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ രാഷ്ട്രപതി ഭരണത്തിലായിരുന്നു ജമ്മു കശ്മീര്‍. ഇവിടേക്കാണ് കഴിഞ്ഞ മഞ്ഞുകാലത്ത് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി നടന്നെത്തിയത്. 2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് 2023 ജനുവരി 30ന് ഗാന്ധി വധത്തിന്റെ 75ാം വാര്‍ഷികത്തില്‍ അവസാനിപ്പിച്ച യാത്ര രാഹുലെന്ന നേതാവിനെ രാജ്യത്തിന്റെ രാഷ്ട്രീയ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതായിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ഭീഷണികളും നിയന്ത്രണങ്ങളുമായിരുന്നു ജമ്മുവിലെത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വന്നത്. ഗ്രനേഡുകള്‍ എറിയാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രാദേശിക ഭരണകൂടം നല്‍കിയ മുന്നറിയിപ്പ്. കാല്‍ നടയായി സഞ്ചരിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും വകവെക്കാതെ ജമ്മുവിലെ മനുഷ്യരെ നേരിട്ട് കാണാന്‍ രാഹുല്‍ തെരുവുകളിലേക്കിറങ്ങുകയായിരുന്നു. ചില സ്ഥലങ്ങളില്‍ താല്‍ക്കാലികമായി യാത്ര നിര്‍ത്തേണ്ടി വന്നതൊഴിച്ചാല്‍ രാഹുലിനെ കശ്മീര്‍ താഴ്‌വര സ്‌നേഹത്തോടെ സ്വീകരിച്ചു.

ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ചയ്ക്കിടയില്‍ കറുത്ത ജാക്കറ്റും അണിഞ്ഞ് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഹുലിന്റെ ചിത്രം അത്രപ്പെട്ടെന്നൊന്നും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. ദാല്‍ തടാകക്കരയിലെ തെരുവുകളില്‍ ജനങ്ങളോട് സംസാരിച്ചിരിക്കുന്ന രാഹുല്‍ ഗാന്ധി അവര്‍ക്ക് പുതിയ പ്രതീക്ഷയായിരുന്നു. ആറ് വര്‍ഷത്തോളമായി രാഷ്ട്രപതി ഭരണത്തില്‍ നിരാശയിലായിരുന്ന ജനങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാനുള്ള ഒരു നേതാവിനെയാണ് അന്ന് ലഭിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ജമ്മുവിലെ ഓരോ ചലനങ്ങളും ഏവരും ഉറ്റുനോക്കി. തന്റെ വീട്ടിലേക്കാണ് മടങ്ങിയെത്തിയതെന്ന് പറഞ്ഞായിരുന്നു ജമ്മുവിലെ ആദ്യത്തെ പ്രസംഗം രാഹുല്‍ ആരംഭിച്ചത്. അത് ശരി വെക്കുന്നത് പോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രകടനവും. മഞ്ഞില്‍ കുടുങ്ങിയ കാര്‍ തള്ളുന്ന രാഹുലിന്റെ ചിത്രവും ആ രീതിയിലായിരുന്നു ആഘോഷിക്കപ്പെട്ടത്. കശ്മീരിലെ പ്രത്യേക വസ്ത്രമായ ഫെരാന്‍ ധരിച്ച് ശ്രീനഗറിലെ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സഹോദരി പ്രിയങ്കയ്‌ക്കൊപ്പം മഞ്ഞുകട്ടകള്‍ എറിഞ്ഞ് കളിക്കുന്ന രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെ സന്ദേശം കൂടിയായിരുന്നു പകര്‍ന്ന് നല്‍കിയത്. സഹോദരിയെ ചുംബിച്ചതിന് ഇതാണോ ഭാരതീയ സംസ്‌കാരമെന്ന് ചോദിച്ച ബിജെപിക്കുള്ള മറുപടിയാണ് സ്‌നേഹത്തിന്റെ കട തുറന്ന് രാഹുല്‍ കാണിച്ചു കൊടുത്തത്.

75 വര്‍ഷങ്ങള്‍ക്ക് മുമ്പ് നെഹ്‌റു പതാക ഉയര്‍ത്തിയ ശ്രീനഗറിലെ ലാല്‍ ചൗക്ക് സിറ്റി സെന്ററില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയാണ് രാഹുല്‍ ജോഡോ യാത്ര സമാപിപ്പിച്ചത്. രാഹുലിനൊപ്പം ജമ്മുവില്‍ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും ഒരുമിച്ച് അണിചേര്‍ന്നത് പ്രതിപക്ഷ നേതാക്കള്‍ക്ക് രാഹുലിനോടുള്ള വിശ്വാസം കാണിക്കുന്നതായിരുന്നു. പിന്നീടുള്ള കര്‍ണാടക തിരഞ്ഞെടുപ്പിലും ഹിമാചല്‍ പ്രദേശിലും വിജയിച്ചു കയറിയതും രാഹുലിനോടൊപ്പമുള്ള ജനങ്ങളുടെ വിശ്വാസത്തിന്‍മേലായിരുന്നു.

കന്യാകുമാരിയില്‍ നിന്ന് തുടങ്ങി 4000 കിലോമീറ്റര്‍ പിന്നിട്ട് ജമ്മുവിലെത്തുമ്പോള്‍ ജോഡോ യാത്രയുമായി ഗ്രാമങ്ങളിലേക്കിറങ്ങി, അടിസ്ഥാന ജനവിഭാഗം നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുകയായിരുന്നു അദ്ദേഹം. പൊരിവെയിലത്തും കൊടും മഴയത്തും മഞ്ഞ് മൂലമുള്ള ഉറച്ച തണുപ്പിലും ഇന്ത്യന്‍ ജനത ഏതുവിധമാണ് അതിജീവനം സാധ്യമാക്കുന്നതെന്നും നേരിട്ട് കണ്ടു. വീണ്ടും ജമ്മുവിലേക്ക് വന്നാല്‍, കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യമായാണ് ഇത്തവണ മത്സരിക്കുന്നതെങ്കിലും സഖ്യത്തിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് രാഹുല്‍ ഗാന്ധിയാണെന്നത് നിസംശയം പറയാം. ജോഡോ യാത്രയ്ക്ക് ശേഷവും കശ്മീര്‍ സന്ദര്‍ശിച്ച് അവരെ നിരന്തരം കേള്‍ക്കാന്‍ രാഹുല്‍ ശ്രമിച്ചിട്ടുണ്ട്. ഹരിയാനയില്‍ കോണ്‍ഗ്രസ് ഒരല്‍പ്പം വിയര്‍ത്തെങ്കിലും ജമ്മുവിലെ വിജയത്തില്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് അഭിമാനിക്കാം.

Content Highlights: Rahul Gandhi and his Bharath Jodo Yathra's role in Jammu Kashmir election

dot image
To advertise here,contact us
dot image