'ഞാന്‍ മരിക്കുമ്പോഴാകും ഇനി അവര്‍ എന്നെ ഓര്‍ക്കുക'; ടി പി മാധവന്‍ അന്നേ പറഞ്ഞിരുന്നു...

ഒറ്റപ്പെടല്‍ അദ്ദേഹത്തിന്റെ മനസിനെ എത്രത്തോളം ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വാക്കുകള്‍

രതിമോൾ വി കെ
1 min read|09 Oct 2024, 09:41 pm
dot image

ഓരോ ശ്വാസത്തിലും നടനായി ജീവിച്ച ടി പി മാധവന് എങ്ങനെയാണ് ഇങ്ങനെയൊരു വിടപറയല്‍ സാധ്യമായത്? പത്തനാപുരം ഗാന്ധിഭവനിലെ ജീവിതം അദ്ദേഹത്തിന് അതിരുകളൊന്നും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ നാല്‍പത് വര്‍ഷക്കാലം അദ്ദേഹം നിറഞ്ഞുനിന്നിരുന്ന സിനിമാ ലോകം അദ്ദേഹത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല എന്നതാണ് സത്യം. അദ്ദേഹത്തെ തേടി ഗാന്ധിഭവനില്‍ എത്തിയിരുന്നത് സിനിമാ മേഖലയില്‍ നിന്ന് ചുരുക്കം ചിലര്‍ മാത്രമായിരുന്നു. 2020 ഒരു സ്‌റ്റോറിക്ക് വേണ്ടി ഞാന്‍ ടി പി മാധവനെ നേരിട്ട് പോയി കണ്ടിരുന്നു. ഷൂട്ട് കഴിഞ്ഞ് തിരികെയിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇന്നും മനസില്‍ വേദനയായി അവശേഷിക്കുന്നുണ്ട്. 'ഇനി ഞാന്‍ മരിക്കുമ്പോഴാകും അവര്‍ എന്നെ ഓര്‍ക്കുക അല്ലേ', ഒറ്റപ്പെടല്‍ അദ്ദേഹത്തിന്റെ മനസിനെ എത്രത്തോളം ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വാക്കുകള്‍.

വേദന നിറഞ്ഞതാണ് ജീവിതമെങ്കിലും അത് മറന്ന് സന്തോഷിക്കാന്‍ ശ്രമിക്കുന്നവരാണ് ഗാന്ധിഭവനിലെ ഓരോ അന്തേവാസികളും. ഓരോ ആളുകള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ, പ്രിയപ്പെട്ടവര്‍ ഉപേക്ഷിച്ചതിന്റെ, ഏകാന്തതയുടെ, അങ്ങനെ ഓരോ കഥകള്‍. അവിടേയ്ക്കാണ് മാധവന്‍ ചേട്ടന്‍ എത്തിപ്പെടുന്നത്. ഗാന്ധിഭവനില്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേകം ഒരു മുറിയുണ്ടായിരുന്നു. അവിടെ അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളുടെ നീണ്ട നിരതന്നെ കാണാം. ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ സംസാരിക്കാനും നടക്കാനും അല്‍പം പ്രയാസമുണ്ടായിരുന്നു. എന്നാല്‍ സിനിമാ അനുഭവങ്ങള്‍ പറഞ്ഞു തുടങ്ങിയതോടെ അവശതകളെല്ലാം മറന്ന ടി പി മാധവനെയാണ് കണ്ടത്.

അഭിനയലോകത്തേയ്ക്ക് എങ്ങനെ എത്തി എന്നിടത്തുനിന്ന് മാധവന്‍ ചേട്ടന്‍ പറഞ്ഞു തുടങ്ങി. പിന്നെ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞത് പ്രേംനസീറും സത്യനും ഷീലയും മധുവുമെല്ലാം നിറഞ്ഞ പഴയൊരു സിനിമാക്കാലമായിരുന്നു. ഓരോ താരങ്ങളും എത്രത്തോളം പ്രിയപ്പെട്ടവരായിരുന്നുവെന്നും അവര്‍ തനിക്ക് എത്രത്തോളം പിന്തുണ നല്‍കി എന്നുള്ളതുമെല്ലാം ആ 84-ാം വയസില്‍ വളരെ കൃത്യതയോടെ മാധവന്‍ ചേട്ടന്‍ ഓര്‍ത്തെടുത്തു. പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പം വേഷമിട്ടു തുടങ്ങിയതോടെ തനിക്ക് നില്‍ക്കാന്‍ നേരമുണ്ടായിരുന്നില്ലെന്നാണ് മാധവന്‍ ചേട്ടന്‍ പറഞ്ഞത്. ദിവസവും ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്ക് നീണ്ടിരുന്ന സിനിമാ യാത്ര. സിനിമ മറന്നൊരു ജീവിതമുണ്ടായിരുന്നില്ല. അതിനിടയില്‍ കുടുംബ ജീവിതം എപ്പോഴോ കൈവിട്ടുപോയി.

ഒരേ സ്വഭാവത്തിലുള്ള കഥാപാത്രങ്ങള്‍ മാധവന്‍ ചേട്ടനെ മടുപ്പിച്ച് തുടങ്ങിയ ഒരു കാലമുണ്ടായിരുന്നു. അങ്ങനെ സന്യാസ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു. ഹരിദ്വാറില്‍ കഴിയവെ അപ്രതീക്ഷിതമായി പക്ഷാഘാതമുണ്ടായി. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തി. കെ ബി ഗണേഷ് കുമാറിന്റെ സഹായത്തോടെയാണ് ഗാന്ധിഭവനില്‍ എത്തുന്നത്. ഇതിനിടെയില്‍ ചില സീരിയലുകളില്‍ വേഷമിട്ടു. ഗാന്ധിഭവനിലെ മനുഷ്യര്‍ ചേര്‍ത്തുപിടിച്ച് തണലേകിയപ്പോഴും സിനിമാ ലോകത്ത് അദ്ദേഹം ഏറെ സ്‌നേഹിച്ചവര്‍ ആരും തന്നെ അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല. കുടുംബവും പൂര്‍ണമായും അകന്നുനിന്നു. അവസാനകാലത്തെങ്കിലും കുടുംബം തേടിയെത്തുമെന്ന പ്രതീക്ഷ മാധവന്‍ ചേട്ടനുണ്ടായിരുന്നു. എന്നാല്‍ അത് വെറും പ്രതീക്ഷയായി അവശേഷിച്ചു. മനസില്‍ സൂക്ഷിക്കാന്‍ ഒരുപിടി കഥാപാത്രങ്ങളും അനുഭവങ്ങളും അവശേഷിപ്പിച്ച് മാധവന്‍ ചേട്ടന്‍ ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് മടങ്ങിയിരിക്കുകയാണ്. ഇനി എന്താണ് സിനിമാ ലോകത്തിന് അദ്ദേഹത്തിനായി ചെയ്യാന്‍ കഴിയുക? ഒന്നുമില്ല എന്നുമാത്രമാണ് അതിനുത്തരം.

Content highlights- They will remember me when I die said actor t p madhavan in an interview

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us