ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞതാണ്, ആ മസ്തിഷ്കത്തെയും ജീവിതത്തെയും; ജി എൻ സായിബാബയെ ഓർക്കുമ്പോൾ

'രാജ്യത്തിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്'; ജയിലിൽ നിന്ന് സായിബാബ എഴുതിയ കത്തുകളിൽ ഇന്ത്യയുടെ വർത്തമാന കാലത്തെക്കുറിച്ചുള്ള എല്ലാ ആശങ്കകളുമുണ്ടായിരുന്നു

dot image

'രാജ്യത്തിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്'; ജയിലിൽ നിന്ന് സായിബാബ എഴുതിയ കത്തുകളിൽ ഇന്ത്യയുടെ വർത്തമാന കാലത്തെക്കുറിച്ചുള്ള എല്ലാ ആശങ്കകളുമുണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം പൊരുതി മുന്നോട്ടുപോയ ജീവിതമായിരുന്നു സായിബാബയുടേത്. ഭരണകൂടം, ആരോഗ്യം, കോടതികൾ അങ്ങനെയങ്ങനെ പ്രതിബന്ധമായി നിന്നതിനോടെല്ലാം അയാൾക്ക് പേരാടേണ്ടിയിരുന്നു. വെല്ലുവിളികളെയെല്ലാം നിശ്ചയദാർഢ്യ ദൃഢതയോടെ കീഴടക്കിയ സായിബാബയ്ക്ക് എന്നാൽ അനവസരത്തിൽ കടന്നുവന്ന മരണത്തോട് മാത്രം തോൽവി സമ്മതിക്കേണ്ടി വന്നു. അതും 57 ആം വയസിൽ !

1967ൽ ആന്ധ്രായിലെ അമലാപുരത്തായിരുന്നു സായിബാബയുടെ ജനനം. അഞ്ചാം വയസിൽ പോളിയോ ബാധിച്ച് അരയ്ക്കു കീഴ്പോട്ട് തളർന്നുപോയ സായിബാബയുടെ ജീവിതത്തിന് പിന്നീടങ്ങോട്ട് താങ്ങായത് ഒരു വീൽചെയറും സ്ഥായിയായ ഇച്ഛശക്തിയുമായിരുന്നു. പഠിച്ച് പഠിച്ച് മുന്നേറുമ്പോഴും സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളേുന്ന ആശയദൃഢത അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതത്തിന്റെ എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതി, സായിബാബ നടന്നുകയറിയത് ദില്ലി സർവകലാശാലയിലെ അധ്യാപന പദവിയിലേക്കായിരുന്നു.

ശരീരത്തിൻെറ മുക്കാൽ ശതമാനവും പോളിയോ ബാധിച്ച് ശാരീരിക വെല്ലുവിളികളോട് പൊരുതിക്കൊണ്ടിരുന്ന സായിബാബയെ 2014 മെയിലാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള ആ അറസ്റ്റിന് പിന്നാലെ ഡൽഹി സർവകലാശാല അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

മൂന്ന് വർഷത്തിനുശേഷം, അതായത് 2017ലാണ് മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളി സെഷൻസ് കോടതി സായിബാബയെയും അദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയപ്പെട്ടവരെയും കുറ്റക്കാരായി കണ്ടെത്തുന്നത്. എന്നാൽ ഈ വിധിക്കെതിരെ സായിബാബ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2022ൽ ബോംബെ ഹൈക്കോടതി സായിബാബ അടക്കമുള്ളവരെ വെറുതേവിട്ട് വിധി പുറപ്പെടുവിച്ചു. പക്ഷെ ആ വിധിക്ക് ശേഷം നമ്മൾ കണ്ടത് ആക്ടിവിസ്റ്റായ ഒരു അംഗപരിമിതന്റെ ആശയപോരാട്ടങ്ങളെ ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ നേർ സൂചനകളാണ്.

ശരീരത്തിന്റെ മുക്കാൽ ഭാഗവും തളർന്നെങ്കിലും, സായിബാബ എന്ന ആക്ടിവിസ്റ്റിന്റെ തലച്ചോറിനെ കാലാകാലം തടവറയിലാക്കാനാണ് ഭരണകൂടം ആഗ്രഹിച്ചത്. കുറ്റവിമുക്തരാക്കികൊണ്ടുള്ള വിധി വന്നതിന് തൊട്ടുപിന്നാലെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അവധി ദിവസവും സിറ്റിംഗ് നടത്തിയ സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കി. സായിബാബയെ വീണ്ടും ജയിലിലടയ്ക്കുകയും ചെയ്തു.

കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നാഗ്‌പൂരിലെ 'അണ്ട സെല്ലിൽ' സായിബാബയെ കാത്തിരുന്നത്. കൊടിയ ശത്രുവിനെപ്പോലെയായിരുന്നു സായിബാബയോടുള്ള ജയിൽ അധികൃതരുടെ പെരുമാറ്റം. ശാരീരിക അവശതയുള്ള വ്യക്തിയെന്നു പോലും പരിഗണിക്കാതെ സായിബാബയ്ക്ക് എല്ലാ പ്രാഥമിക ആവശ്യങ്ങളും അവർ നിഷേധിച്ചു. ഭക്ഷണം, വെള്ളം, പുസ്തകങ്ങൾ, പുതപ്പുകൾ അങ്ങനെയങ്ങനെ തടവറയിൽ അതിജീവിക്കാനുള്ള തണലുകളെല്ലാം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ജയിലിൽ വെച്ച് പല തവണ അവശനായ സായിബാബയ്ക്ക് ചികിത്സ നൽകാൻ പോലും ജയിൽ അധികൃതർ തയ്യാറായില്ല. എങ്ങനെ താൻ ഓരോ ദിവസത്തെയും മറികടക്കുമെന്ന സായിബാബയുടെ ആശങ്ക അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ പുറം ലോകത്തിരുന്ന് നിസ്സഹായതയോടെ നമ്മൾ അറിഞ്ഞതാണ്. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ് അല്പമെങ്കിലും മാനുഷിക പരിഗണന സായിബാബയ്ക്ക് ലഭിച്ചത്.

എല്ലാ പ്രാവശ്യവും സായിബാബയെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കാൻ ജയിൽ അധികൃതർ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ പാർപ്പിച്ചിരുന്ന ജയിലറയിൽ സിസിടിവി ക്യാമറ വെച്ചുകൊണ്ടായിരുന്നു ആദ്യ തുടക്കം. നിരന്നുനീങ്ങാൻ പോലും ശേഷിയില്ലാതിരുന്ന, ടോയ്‌ലെറ്റിലേയ്ക്ക് പോകണമെങ്കിൽ പോലും പരസഹായം വേണ്ടിയിരുന്ന സായിബാബയുടെ സെല്ലിൽ എന്തിനാണ് സിസിടിവി എന്ന് ചോദിച്ചാൽ അത് രാജ്യദ്രോഹമായേക്കാവുന്ന കാലമായതിനാലാവും ആ ചോദ്യം ശക്തമായി എവിടെയും ഉയർന്നില്ല. ഇതിനെതിരെ സായിബാബ പ്രതികരിച്ചത് നിരാഹാരമിരുന്നുകൊണ്ടാണ്. വിചാരണയുടെ പല സമയങ്ങളിലും മണിക്കൂറുകളോളം മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ സായിബാബയെ ജയിൽ അധികൃതർ ബുദ്ധിമുട്ടിച്ചു. വിചാരണയുടെ പേരിൽ നിലത്ത് വലിച്ചിഴക്കുകയും പലപ്പോഴും വീൽചെയർ നിഷേധിക്കുകയും ചെയ്തു. വെള്ളം കുടിക്കാൻ ഒരു കുപ്പി പോലും അനുവദിക്കാതെ ജയിൽ അധികൃതർ സായിബാബയോട് പ്രതികാര ബുദ്ധിയോടെ പെരുമാറി.

ശാരീരിക വെല്ലുവിളികൾ സായിബാബയ്ക്ക് സമ്മാനിച്ചതിനെക്കാൾ എത്രയോ മടങ് ക്രൂരതയാണ് ഭരണകൂടം അദ്ദേഹത്തിന് കാത്തുവെച്ചത്. കുറ്റം തെളിയാതിരുന്നിട്ടും കുറ്റവാളിയെപോലെയാണ് സായിബാബയെയും അദ്ദേഹത്തിന്റെ ചിന്താശേഷിയെയും ഭരണകൂടം കണ്ടുപോന്നത്. ഒടുവിൽ 2024 മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതി വെറുതെ വിടുമ്പോൾ ഒരു മനുഷ്യായുസ്സിന്റെ എല്ലാ അവശതകളും പേറിക്കൊണ്ടാണ് സായിബാബ പുറത്തിറങ്ങിയത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരത്തിന്റെ 90 ശതമാനത്തോളം തളർച്ച ബാധിച്ചിരുന്നു.

എതിർസ്വരങ്ങളെ എല്ലാ വശത്തുനിന്നും വളഞ്ഞിട്ട് ആക്രമിച്ച്, നിശ്ശബ്ദരാക്കി ഇല്ലാതാക്കാനുള്ള, ഭരണകൂട ശ്രമങ്ങളുടെ ഒരു ഇരയായിരുന്നു നമ്മെ വിട്ടുപോയ സായിബാബയും. ഭീമ കൊറേഗാവ് പോലുളള ഇതുവരെ തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ ഭാഗമായി പിന്നീട് സ്റ്റാൻ സ്വാമിയും, വരവരറാവുവും, റോണാ വിത്സനും ഹാനി ബാബുവുമെല്ലാം അനുഭവിച്ചത് സായിബാബ കടന്നുപോയ അതേ കഠിന വേദനകളാണ്. ദില്ലി കലാപത്തിന്റെ പേരിൽ വിചാരണ പോലും നടക്കാതെ ദീർഘകാലമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദും ഷർജീൽ ഇമാമുമെല്ലാം നിലവിൽ കടന്നുപോകുന്നതും സായിബാബയ്ക്ക് ഭരണകൂടം വിധിച്ച അതേ വഴികളിലൂടെയാണ്. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷകൾ നിരന്തരം തള്ളപ്പെടുന്നത് ഒരു വാർത്തയെ അല്ലാതായി മാറിയിട്ടുണ്ട്. ദളിതർക്കും ആദിവാസികൾക്കും വേണ്ടി എല്ലാകാലവും നിലകൊണ്ട സായിബാബയുടെ രാഷ്ട്രീയം, വിചാരണ പോലും വേണ്ടാത്ത ഒരു രാജ്യദ്രോഹകുറ്റമാണെന്ന് ഭരണകൂടം കൽപ്പിച്ചു. സായിബാബ എന്ന ആക്ടിവിസ്റ്റിനെ ഇഞ്ചിഞ്ചായി കീഴ്പ്പെടുത്താൻ ഭരണകൂടം സ്വീകരിച്ച മാർഗ്ഗങ്ങൾ ഒരു ജനാധിപത്യ രാജ്യത്ത് ആ നിലയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നോ എന്ന ചോദ്യം ബാക്കിയാണ്.

സായിബാബ വിട വാങ്ങുമ്പോളും ബദൽ ആശയങ്ങളും നിലപാടുകളും ചോദ്യങ്ങളും ഉയർത്തുന്ന രാജ്യത്തെ ആക്ടിവിസ്റ്റുകളോട് ഭരണകൂടത്തിൻ്റെ സമീപനം എന്താണെന്ന ചോദ്യം നമ്മുടെ ജനാധിപത്യ അന്തരീക്ഷത്തിൽ ബാക്കിയാകുന്നുണ്ട്. സായിബാബയെ അനുസ്മരിക്കുമ്പോൾ ആ ചോദ്യത്തിൻ്റെ മൂർച്ച അനുനിമിഷം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ഭരണകൂടത്തെ അസ്വസ്തപ്പെടുത്താതിരിക്കില്ല, തീർച്ച.

Content Highlights: remembering gn saibabas life and politics

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us