പറയി പെറ്റ പന്തിരുകുലപെരുമയും, നാറാണത്തു ഭ്രാന്തനേയും കേരളക്കരയുടെ സാംസ്കാരിക പൈതൃകത്തിന്റെ താളുകളിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടവയാണ്. പന്തിരുകുലത്തിലെ കഥകൾ ഒരിക്കലും പുതുമ വറ്റാത്തവയാണ്. ജാതി സമ്മർദ്ദങ്ങൾ നിറയുന്ന ഇക്കാലത്ത് ഒരു കുടുംബത്തിൽ സർവ്വ ജാതിക്കാർ എന്നത് നാനാത്വത്തിൽ ഏകത്വം തന്നെ.
നാറാണത്തു ഭ്രാന്തന്റെയും പന്തിരുകുലത്തിന്റെയും സ്മരണകൾ ഉയർത്തുന്ന ഒരു ആചാരമാണ് രായിരനെല്ലൂർ മലകയറ്റം, രായിരനെല്ലൂർ മലയും, ഭക്തരുടെ മലകയറ്റവും ചരിത്രപ്രാധാന്യമുള്ളവയാണ്. പാലക്കാടിന്റെ പശ്ചിമഭാഗത്തായി സ്ഥിതി ചെയ്യുന്ന രായിരനെല്ലൂർ മല, ചരിത്രത്തിന്റെ ഭാഗമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. നാറാണത്തു ഭ്രാന്തന്റെ വിഹാര കേന്ദ്രമായിരുന്നു രായിരനെല്ലൂർ. പതിവായി അദ്ദേഹം കല്ലുരുട്ടി കുന്നിൻ മുകളിൽ എത്തിക്കുകയും അതു താഴേക്കുരുട്ടി വിട്ട് ആർത്ത് അട്ടഹസിക്കുകയും ചെയ്യുമായിരുന്നു എന്നാണ് കഥ. അത് അദ്ദേഹത്തിന്റെ ദിനചര്യ എന്നതിലുപരി ഒരു വിനോദമായിരുന്നു. സ്വാർത്ഥമോഹങ്ങൾ ഉരുട്ടിക്കയറ്റികൊണ്ടിരിക്കുന്ന മനുഷ്യന്റെ മൂഢത്വത്തിലേക്കുള്ള പതനത്തിന്റെ പരിഹാസമെന്നോണമാവാം ആ പ്രവർത്തിയെ അദ്ദേഹം ഉദ്ദേശിച്ചിരുന്നത്.
രായിരനെല്ലൂർ കുന്നിൻ മുകളിൽ വെച്ചാണ് അദ്ദേഹത്തിനു മുന്നിൽ ദുർഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് എന്നാണ് ഐതിഹ്യം. പിന്നീട് അവിടെ ഒരു ക്ഷേത്രം ഉണ്ടാകുകയും ചെയ്തു. കുന്നിൻ മുകളിലെ കല്ലേന്തി നിൽക്കുന്ന നാറാണത്തു ഭ്രാന്തന്റെ പ്രതിമയും വളരെ പ്രസിദ്ധമാണ്. 1995ല്‍ സുരേന്ദ്രകൃഷ്ണന്‍ എന്ന ശില്‍പിയാണ് ആ പടുകൂറ്റന്‍ പ്രതിമ നിർമിച്ചത്.
ഈ കുന്നിൻ മുകളിലേക്ക് എല്ലാവർഷവും ദർശനത്തിനായി ഭക്തർ തുലാം ഒന്നിന് മല കയറി എത്തുന്നു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നതിൽ പ്രസിദ്ധമാണിവിടം. പ്രകൃതിയെ അറിവായും കുട്ടികളെ യഥാർഥ ഭക്തരായും കാണുന്നതിനാൽ തന്നെ എഴുത്തിനിരുത്ത് കഴിഞ്ഞ കുട്ടികളെയും പഠന തടസങ്ങൾ നീങ്ങാനായി ഇവിടെക്ക് കൊണ്ടുവരുന്ന ഒരു രീതിയുണ്ട്. നാറാണത്ത് ഭ്രാന്തന് ഉണ്ടായിരുന്ന ബൗദ്ധികമായ തടസ്സങ്ങൾ മാറിയതുപോലെ ദേവീപ്രസാദത്തിലൂടെ കുഞ്ഞുങ്ങൾക്കും അത്തരം മാറ്റങ്ങൾ വരുമെന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്.
മുത്തശ്ശിയാർക്കുന്ന്, ചളമ്പ്രക്കുന്ന്,പടവെട്ടിക്കുന്ന്, ഭ്രാന്താചലം. ഈ നാലു കുന്നുകൾക്കു നടുവിലാണ് രായിരനെല്ലൂർ മല. മലയുടെ അടിവാരത്താണ് പറിച്ചു നട്ട നാരായണമംഗലത്തു മന. പ്രകൃതിയിൽ ലയിച്ച് പ്രകൃതിയെ അറിഞ്ഞ് വിജ്ഞാനത്തെ അഥവാ അറിവിനെ ആരാധിക്കുന്ന ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണിവിടം. മാത്രമല്ല പ്രതിഷ്ഠയില്ലാത്ത അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണെന്ന പ്രത്യേകത കൂടിയുണ്ട്. വിശ്വാസത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്ന ക്ഷേത്രമായതിനാൽ തന്നെ ഇതിനു പിന്നിലുമുണ്ട് ഇവിടുത്തുകാർക്ക് ഒരു കഥ. ഒരിക്കൽ നാറാണത്തു ഭ്രാന്തന് മുന്നിൽ പ്രത്യക്ഷപ്പെട്ട ദേവി പ്രദക്ഷിണ രീതിയിൽ ഒമ്പതുകാലടികൾ വച്ചുവെന്നും ആ ഒമ്പതു ചുവടുകളും പാറപ്പുറത്ത് പതിഞ്ഞു എന്നുമാണ് വിശ്വാസം.
പാറപ്പുറത്ത് ഇന്നും അവശേഷിക്കുന്ന ഈ ഒമ്പതു ചുവടുകളാണ് ശ്രീകോവിലിനുളളിലെ പ്രതിഷ്ഠയായി കണക്കാക്കുന്നത്. ഈ കാൽച്ചുവടുകളിലാണ് പൂജ നടത്തുന്നത്. ഇതിൽ ഏഴു ചുവടുകൾ മാത്രമേ ക്ഷേത്രത്തിനു പുറത്തു നിന്നു കാണാനാകൂ. മറ്റ് രണ്ടു ചുവടുകൾ കുറച്ചുകൂടി ഉളളിലേക്കാണ്. ഇതിൽ ഇടതുവശത്തെ ചുവട്ടിൽ നിന്ന് വെള്ളം ഊറുന്നുണ്ട്. ഈ ജലമാണ് ഭക്തർക്ക് തീർഥമായി കൊടുക്കുന്നത്. തുളസിക്കാടുകൾക്കിടയിലെ ഒരത്ഭുതം തന്നെയാണ് രായിരനെല്ലൂർ ദേവീക്ഷേത്രം.
ഓട്ടുകിണ്ടി കമിഴ്ത്താൻ ദൂരം താണ്ടിയെത്തുന്ന അനേകായികരങ്ങളെ കാണാം. ജീവിതത്തിന്റെ നിസാരതയും അറിവിന്റെ ആഴവും അറിയുന്നവർ. തുലാം ഒന്നിന് വിദ്യക്കായി മലകയറുമ്പോൾ മറ്റുള്ള ദിനങ്ങളിൽ കുഞ്ഞു പിറക്കാനായി ഓട്ടുകിണ്ടി കമിഴ്ത്താനാണ് തിരക്ക്. ആൺകുട്ടികളെ കിട്ടാൻ ഓട്ടുകിണ്ടിയും പെൺകുഞ്ഞിനു വേണ്ടി ഓട്ടവുമാണ് ഇവിടുത്തെ വഴിപാട്. ഒരുപക്ഷേ പെൺകുട്ടി പിറക്കാൻ വഴിപാട് നടക്കുന്ന ഇന്ത്യയിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായിരിക്കാം ഇത്. മുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ മനയിലെത്തുന്നവർ നാറാണത്തു ഭ്രാന്തനെ വണങ്ങിയേ മലയിറങ്ങാറുള്ളൂ.
കേരളീയ സംസ്കാരത്തിൽ ആചാരനുഷ്ഠാനങ്ങൾക്ക് വലിയ പ്രധാന്യമാണുള്ളത്. വള്ളുവനാടൻ ചരിത്രത്തിൽ ലയിച്ചു കിടക്കുന്ന പന്തിരുകുലത്തിന്റെ സ്മരണകളെ ഓർമിപ്പിക്കുന്നതാണ് രായിലനല്ലൂർ മലകയറ്റം. ഈ മലകയറ്റത്തിൽ ഒരുവട്ടമെങ്കിലും മനസിലോടുന്ന കവിതയായിരിക്കും മധുസൂദനൻ നായർ രചിച്ച 'നാറണത്തുഭ്രാന്തന്‍' എന്ന കവിതയിലെ ‘പന്ത്രണ്ട് മക്കളെപെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണ് ഭ്രാന്തൻ‘ എന്ന വരികള്‍, മലയാളിക്കു ഏറെ ഹൃദിസ്ഥമാണ് ഇന്നും ഈ കവിത. സമകാലിക സാഹിത്യത്തോട് ചേർത്തു വയ്ക്കാവുന്ന വളരെ അർഥവത്ഥായ കവിത. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും ഓരോ മലയാളിയും നെഞ്ചോടു ചേർത്തുവച്ച വരികൾ, കാവ്യാസ്വദനത്തിനപ്പുറം കാലികപ്രസക്തവുമാകുന്നു.