സ്തനാര്‍ബുദ ബോധവത്കരണത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച ദേശീയ മാമോഗ്രഫി ദിനമായി ആചരിക്കാറുണ്ട്. ഈ മാമോഗ്രഫി ദിനത്തില്‍ ബ്രസ്റ്റ് ക്യാന്‍സറിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന നിരവധി സംശയങ്ങളുണ്ട്. ബ്രസ്റ്റ് ക്യാന്‍സര്‍ പാരമ്പര്യമാണോ? നേരത്തെ കണ്ടെത്താന്‍ വഴിയുണ്ടോ? തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ തവണ ആശങ്കയോടെ ഉയരുന്ന ചോദ്യം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ബ്രെസ്റ്റ് കാന്‍സര്‍ രോഗം വരുമ്പോള്‍ എല്ലാവര്‍ക്കും ഉള്ള ആശങ്കയാണ് ഇത് പാരമ്പര്യമാണോ എന്നത്. ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് നോക്കാം. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചില ജനിതക മാറ്റങ്ങള്‍ (മ്യൂട്ടേഷന്‍) ആണ് പാരമ്പര്യം മൂലമുള്ള ബ്രെസ്റ്റ് കാന്‍സറിന് കാരണമാകുന്നത്. ഉദാ: ബി.ആര്‍.സി.എ. (BRCA) ജീന്‍ ജനിതക തകരാര്‍. ഭാഗ്യവശാല്‍ ഇതെല്ലാം അപൂര്‍വ്വമാണ്. പാരമ്പര്യം മൂലമുള്ള കാന്‍സര്‍ 5-10 ശതമാനം ബ്രെസ്റ്റ് കാന്‍സര്‍ രോഗികളില്‍ ആണ് കാണുന്നത്. എന്ന് പറഞ്ഞാല്‍ നൂറ് രോഗികളില്‍ അഞ്ചോ പത്തോ പേര്‍ക്ക് പാരമ്പര്യം മൂലം കാന്‍സര്‍ വരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
കുടുംബത്തില്‍ രണ്ടോ മൂന്നോ പേര്‍ക്ക് കാന്‍സര്‍ വരുന്നത് ഇക്കാലത്ത് അത്ര അപൂര്‍വ്വമൊന്നുമല്ല. എന്നാല്‍, ചോദിച്ചു വരുമ്പോള്‍ ഇവരില്‍ പലര്‍ക്കും പുകവലി അല്ലെങ്കില്‍ മദ്യപാന ശീലമുണ്ടാവും. ഇനി മറ്റ് കാരണങ്ങള്‍ ഒന്നും പറയാനില്ല എങ്കില്‍ ഏതെല്ലാം കാന്‍സര്‍ ആര്‍ക്കൊക്കെ ആ കുടുംബത്തില്‍ വന്നിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചറിയും. ഉദാഹരണത്തിന് രണ്ടോ മൂന്നോ പേര്‍ക്ക് സ്തനാര്‍ബുദം അല്ലെങ്കില്‍ അണ്ഡാശയത്തിന്റെ കാന്‍സര്‍ വന്നു എന്ന് കരുതുക. അങ്ങനെയെങ്കില്‍ ബിആര്‍സിഎ (BRCA) ജീന്‍ മ്യൂട്ടേഷനെ പറ്റി ചിന്തിക്കും. പാരമ്പര്യം മൂലമുള്ള കാന്‍സര്‍ പൊതുവെ ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. എങ്കിലും പ്രായത്തെ മാത്രം ആശ്രയിച്ചല്ല ഈ സാധ്യത വിലയിരുത്തുന്നത്.
ഇത്തരം ജനിതക മാറ്റങ്ങള്‍ സ്ഥിരീകരിക്കുന്നത് ചില രക്ത പരിശോധനകളില്‍ കൂടിയാണ്. അത് ഇന്ന് വളരെ എളുപ്പത്തില്‍ ലഭ്യവുമാണ്. കാന്‍സര്‍ രോഗം ഇല്ലാത്ത ആളുകള്‍ വെറുതെ ചെയ്യേണ്ട ഒരു ടെസ്റ്റ് അല്ല ഇത് എന്ന് പ്രത്യേകം ഓര്‍ക്കുക. കാരണം അവരില്‍ ഈ മ്യൂട്ടേഷന്‍ കണ്ടെത്തിയാല്‍ രോഗം വരുമോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. വെറുതെ ടെന്‍ഷനടിച്ച് ശിഷ്ടകാലം കഴിയാം എന്ന് മാത്രം.
ആര്‍ക്ക് എപ്പോള്‍ ഇത്തരം പരിശോധനകള്‍ നടത്തണം എന്നതിന് വ്യക്തമായ മാര്‍ഗരേഖകള്‍ ഉണ്ട്. പാരമ്പര്യ ഘടകങ്ങള്‍ ചോദിച്ചറിയുന്ന ഡോക്ടര്‍ ഈ രോഗിക്ക് ബിആര്‍സിഎ (BRCA) മ്യൂട്ടേഷനുള്ള സാധ്യത മനസ്സിലാക്കുന്നു. രോഗിയുടെ കൂടി സമ്മതത്തോടെ ബിആര്‍സിഎ (BRCA) മ്യൂട്ടേഷന്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നു.
മ്യൂട്ടേഷന്‍ ഉണ്ടോ എന്ന് എന്തിന് അറിയണം ഏതായാലും വരാനുള്ളത് വരും, പിന്നെന്തിനാണ് എന്ന് ചോദിക്കുന്നവരോട്, രണ്ടു കൂട്ടര്‍ക്കാണ് പരിശോധനകള്‍ കൊണ്ട് പ്രയോജനം ലഭിക്കുന്നത്. ആദ്യത്തെ പ്രയോജനം രോഗിക്ക് തന്നെ. പിന്നെ, അടുത്ത തലമുറയ്ക്കും.
രോഗിയെ സംബന്ധിച്ചിടത്തോളം രോഗം വന്നുകഴിഞ്ഞു എങ്കിലും രണ്ടു പ്രയോജനങ്ങള്‍ ആണ് ഉള്ളത്. ഒന്ന്, ചികിത്സയെ സംബന്ധിച്ചാണ്. ചില സന്ദര്‍ഭങ്ങളില്‍ പാരമ്പര്യത്തിന് കാരണമായേക്കാവുന്ന മ്യൂട്ടേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചില ചികിത്സകള്‍ നിര്‍ദേശിക്കാന്‍ കഴിഞ്ഞേക്കാം. ഉദാ: ബി.ആര്‍.സി.എ. (BRCA) മ്യൂട്ടേഷനുള്ള രോഗിക്ക് PARP ഗണത്തില്‍ പെടുന്ന മരുന്നുകള്‍ കൊടുക്കുന്നത് ഇക്കാലത്ത് വ്യാപകമാണ്. ചില സാഹചര്യങ്ങളില്‍ മറ്റ് ഭാഗങ്ങളില്‍ കൂടി രോഗം വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് രോഗം വരുന്നതിന് മുന്‍പേ സര്‍ജറി നിര്‍ദേശിച്ചേക്കാം. ഇതാണ് രണ്ടാമത്തെ പ്രയോജനം. ഉദാ: ബി.ആര്‍.സി.എ. (BRCA) ഉള്ള രോഗികളുടെ സ്തനങ്ങളും ഓവറിയും നീക്കം ചെയ്യുന്നത്.
മ്യൂട്ടേഷന്‍ ഒരു രോഗിയില്‍ കണ്ടെത്തിയാല്‍ അടുത്ത തലമുറയിലേക്ക് ഈ മ്യൂട്ടേഷന്‍ കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും. ഇതും രക്ത പരിശോധന തന്നെയാണ്. ഓര്‍ക്കുക, അച്ഛന്റെയും അമ്മയുടെയും സംഭാവന ചേര്‍ന്നതാണ് ഒരാളുടെ ജനിതക ഘടന. അതിനാല്‍ തന്നെ പലപ്പോഴും അടുത്ത തലമുറയിലേക്ക് ഈ കൈമാറ്റം നടക്കണമെന്നില്ല.
അവരില്‍ രോഗലക്ഷണങ്ങള്‍ കാണുന്നതിന് മുന്‍പേ രോഗനിര്‍ണയം നടത്താന്‍ സ്‌ക്രീനിങ്ങ് പരിശോധനകള്‍ നടത്തേണ്ടതാണ്. ഏത് മ്യൂട്ടേഷന്‍ എന്നതും ആ മ്യൂട്ടേഷന്‍ വഴി ഏതെല്ലാം കാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടെന്നും വിശകലനം ചെയ്ത് നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് പതിവ്. ഉദാ: ബിആര്‍സിഎ. (BRCA) മ്യൂട്ടേഷന്‍ കണ്ടെത്തിയാല്‍ 25 വയസ്സു മുതല്‍ ആറുമാസ ഇടവേളകളില്‍ മാമോഗ്രാം അല്ലെങ്കില്‍ എംആര്‍ഐ സ്‌കാനിങ് നടത്തണം. രോഗം വരാന്‍ സാധ്യതയുള്ള അവയവങ്ങള്‍ നീക്കം ചെയ്യുന്നതാണ് മറ്റൊരു രീതി. ഇതിനെ റിസ്‌ക് റിഡക്ഷന്‍ സര്‍ജറി എന്ന് വിളിക്കുന്നു. ഹോളിവുഡ് നടി ആഞ്ജലീന ജോളി ഇത്തരത്തില്‍ റിസ്‌ക് റിഡക്ഷന്‍ സര്‍ജറിക്ക് വിധേയയായത് നിങ്ങള്‍ വായിച്ചിട്ടുണ്ടാവാം.നന്നേ ചെറുപ്പത്തില്‍ ഇത്തരം സര്‍ജറിക്ക് വിധേയപ്പെടേണ്ടി വരുന്നത് വലിയ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയേക്കാം.
മേല്‍ വിവരിച്ചതില്‍ നിന്ന് ചില കാര്യങ്ങള്‍ വ്യക്തമാണ്. ജനിതക മാറ്റം കണ്ടെത്തുന്നതിന് ഒരു പാട് പ്രാധാന്യം ഉണ്ട്. ചിലപ്പോള്‍ രോഗിയുടെയും അടുത്ത തലമുറയിലെ പലരുടെയും ജീവന്‍ തന്നെ രക്ഷിച്ചേക്കാം. എന്നാല്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ രോഗി ഈ ടെസ്റ്റുകള്‍ നിഷേധിക്കുന്നത് ഞങ്ങള്‍ സ്ഥിരം കാണുന്ന ഒരു കാഴ്ചയാണ്. അവരെ കുറ്റം പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ടെസ്റ്റ് പോസിറ്റീവ് ആയാലുള്ള പ്രത്യാഘാതങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന പ്രക്രിയയ്ക്ക് (ജനറ്റിക് കൗണ്‍സലിംഗ്) ശേഷമേ ടെസ്റ്റ് നടത്താന്‍ പാടുള്ളൂ.
ഒരു കാര്യം ഓര്‍ക്കുക, കാന്‍സറിന് കാരണമായേക്കാവുന്ന ജനിതകമാറ്റത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഒരാള്‍ക്ക് കാന്‍സര്‍ വരണമെന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നതിന് വ്യക്തമായ ഉത്തരം ഇല്ല. അതുകൊണ്ട് തന്നെ പൊതുവായി അവലംബിക്കുന്ന കാന്‍സര്‍ പ്രതിരോധ നടപടികള്‍ ഇക്കൂട്ടര്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യണം. ഉദാ. ദുശ്ശീലങ്ങള്‍ ഒഴിവാക്കുന്നത്, വ്യായാമം ചെയ്യുന്നത്, ആഹാരത്തില്‍ ശ്രദ്ധിക്കുന്നത്, തടി കൂടാതെ ശ്രദ്ധിക്കുന്നത് തുടങ്ങിയവ.
എപ്പോഴും ആദ്യ കേസ് എന്നൊന്ന് ഉണ്ടല്ലോ. അതുകൊണ്ട് തന്നെ കുടുംബ ചരിത്രം പരിശോധിച്ച് മാത്രമല്ല ഈ സാധ്യത കണ്ടെത്തുന്നത്. ചെറുപ്പക്കാരില്‍ സ്തനാര്‍ബുദം കണ്ടെത്തുമ്പോള്‍ ഞങ്ങള്‍ ഈ സാധ്യതയെക്കുറിച്ച് ചിന്തിക്കാറുണ്ട്. ചില പതോളജി പരിശോധനകള്‍ (ഉദാ: ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍) ഇതിനുള്ള സാധ്യത സൂചിപ്പിക്കാറുണ്ട്. ഒന്നിലധികം കാന്‍സര്‍ ഒരേ വ്യക്തിയില്‍ തന്നെ വരുമ്പോഴും കുടുംബ ചരിത്രമില്ലാതെ തന്നെ പാരമ്പര്യ രോഗമായിട്ടാണോ ഈ വ്യക്തിയില്‍ കാന്‍സര്‍ രോഗം ഉണ്ടായത് എന്ന് ചിന്തിക്കാറുണ്ട്.
കുടുംബത്തില്‍ ഒന്നിലധികം പേര്‍ക്ക് കാന്‍സര്‍ ഉണ്ടെങ്കിലും, ജനിതക പരിശോധനകള്‍ നെഗറ്റീവ് ആണ്. അപ്പോള്‍ എന്തു ചെയ്യണം
ചില സന്ദര്‍ഭത്തില്‍ പാരമ്പര്യമാണോ എന്നത് അത്ര വ്യക്തമാവില്ല. അങ്ങനെയുള്ള ആളുകള്‍ക്ക് അവരുടെ കുടുംബങ്ങളില്‍ വന്ന കാന്‍സര്‍ ഏതെല്ലാമാണോ, അതനുസരിച്ചുള്ള പരിശോധനകള്‍ നിര്‍ദേശിക്കും.
താഴെ പറയുന്ന 12 ചോദ്യങ്ങള്‍ നിങ്ങളുടെ ഡോക്ടറോട് ചോദിക്കാവുന്നതാണ്. അതിന് ലഭിക്കുന്ന ഉത്തരങ്ങള്‍ ഈ രോഗത്തെയും അതിന്റെ ചികിത്സാരീതികളെയും കുറച്ചു കൂടി വ്യക്തമായി മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കും. ആദ്യ അവസരത്തില്‍ തന്നെ എല്ലാ ഉത്തരങ്ങളും ലഭ്യമാകണം എന്നില്ല. എങ്കിലും ചോദിക്കാന്‍ മടിക്കേണ്ട. രോഗത്തെ പറ്റി വ്യക്തത വരുന്നത് ഉചിതമായ തീരുമാനങ്ങള്‍ ആത്മവിശ്വാസത്തോടെ എടുക്കാന്‍ നിങ്ങളെ സഹായിക്കും
ഏതുതരം സ്തനാര്‍ബുദമാണ് എനിക്കുള്ളത്?
സ്തനാര്‍ബുദം പല തരമുണ്ട്. ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസം ഏതു ഭാഗത്ത് നിന്ന് രോഗം ആരംഭിക്കുന്നു എന്നതിലാണ്. പത്തു ശതമാനം രോഗികളില്‍ ഈ രോഗം പാല്‍ ഉത്പാദനം നടക്കുന്ന ഗ്രന്ഥികളില്‍ ആരംഭിക്കുന്നു (Lobular cancer). എണ്‍പതു ശതമാനം പേരിലും പാല്‍ ഒഴുകുന്ന ചാലുകളില്‍ ആണ് രോഗം ആരംഭിക്കുന്നത് (duct cancer). അവിടെ നിന്നും രോഗം മാറിടത്തിലെ കൊഴുപ്പിലേക്കും പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നു. ചില രോഗങ്ങള്‍ ചാലുകളില്‍ മാത്രം ഒതുങ്ങുന്നവയാണ്. ഇവയെ DCIS എന്ന് വിളിക്കുന്നു. സ്തനാര്‍ബുദത്തെ അപേക്ഷിച്ച് ഈ രോഗം അത്ര കുഴപ്പക്കാരനല്ല.
എത്ര വലുതാണ് എന്റെ മുഴ?
ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതില്‍ ഒരു മുഖ്യ ഘടകം മുഴയുടെ വലിപ്പം ആണ്. ഡോക്ടറുടെ പരിശോധനയിലോ അല്ലെങ്കില്‍ മാമോഗ്രാം, അള്‍ട്രാസൗണ്ട്, MRI പരിശോധനകളില്‍ കൂടിയോ ആണ് ഇത് നിര്‍ണയിക്കുന്നത്. മുഴനീക്കം ചെയ്ത ശേഷം പതോളജി പരിശോധനയില്‍ അന്തിമമായി മുഴയുടെ വലിപ്പം നിജപ്പെടുത്തുന്നു.
എന്റെ കാന്‍സര്‍ കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിലേക്ക് പടര്‍ന്നിട്ടുണ്ടോ?
മാറിടത്തില്‍ നിന്ന് കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിലേക്ക് ആണ് രോഗം ആദ്യം പടരുന്നത്. അങ്ങനെ ഉണ്ടെങ്കില്‍ മിക്കവര്‍ക്കും കീമോതെറാപ്പി വേണ്ടി വന്നേക്കാം.
ഏത് സ്റ്റേജില്‍ ആണ് എന്റെ കാന്‍സര്‍?
സ്റ്റേജ് രോഗത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. ഒന്നാം സ്റ്റേജ് മുതല്‍ നാലാം സ്റ്റേജ് വരെ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. ഉയര്‍ന്ന സ്റ്റേജ് എന്നത് വലിപ്പമുള്ള മുഴയെയോ മറ്റു ഭാഗങ്ങളില്‍ പടര്‍ന്നതിനെയോ സൂചിപ്പിക്കുന്നു. നിങ്ങളുടെ രോഗത്തിന്റെ ചികിത്സ നിര്‍ണയിക്കുന്നതിനും രോഗാവസ്ഥയുടെ ഭാവി പ്രവചിക്കുന്നതിനും മറ്റു വിദഗ്ധ ഡോക്ടര്‍മാരുമായി നിങ്ങളുടെ രോഗം ചര്‍ച്ച ചെയ്യുന്നതിനും സ്റ്റേജ് കൃത്യമായി അറിയേണ്ടതുണ്ട്. അന്തിമ സ്റ്റേജ് പലപ്പോഴും സര്‍ജറിക്ക് ശേഷം പതോളജി പരിശോധനയില്‍ ആണ് കൃത്യതയോടെ നിര്‍വചിക്കപ്പെടുന്നത്.
എന്താണ് എന്റെ ട്യൂമറിന്റെ ഗ്രേഡ് ?
ഓര്‍ക്കുക, ഗ്രേഡും സ്റ്റേജും ഒന്നല്ല. മൈക്രോസ്‌കോപ്പില്‍ കൂടി കാന്‍സര്‍ കോശങ്ങളെ പരിശോധിക്കുന്നതിനെ അടിസ്ഥാനമാക്കി ആണ് ഗ്രേഡ് നിശ്ചയിക്കുന്നത്. ഉയര്‍ന്ന ഗ്രേഡ് ട്യൂമറിന്റെ ആക്രമണോത്സുകതയെ സൂചിപ്പിക്കുന്നു. എന്നാല്‍ ശ്രദ്ധിക്കുക, ഒന്നാം സ്റ്റേജിലെ രോഗിക്ക് ഗ്രേഡ് 3 ട്യൂമര്‍ വരാം.
എന്റെ ട്യൂമറില്‍ നടത്തിയ ഹോര്‍മോണ്‍ പരിശോധനാ ഫലം എന്താണ്?
സ്ത്രീകളുടെ ഹോര്‍മോണുകളായ ഈസ്ട്രജനും, പ്രൊജസ്‌ട്രോണിനും സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയില്‍ വലിയ പ്രാധാന്യം ഉണ്ട്. ചിലരുടെ കാന്‍സര്‍ കോശങ്ങള്‍ ഈ ഹോര്‍മോണുകളുടെ സഹായത്തോടെ വളരുന്നു. ഇവയെ ER/PR അഥവാ ഹോര്‍മോണ്‍ പോസിറ്റീവ് ട്യൂമര്‍ എന്ന് വിളിക്കുന്നു. ചിലത് ഇവയുടെ സ്വാധീനമില്ലാതെ വളരുന്നു. അവയാണ് ER/PR നെഗറ്റീവ് അഥവാ ട്ട്രിപ്പിള്‍ നെഗറ്റീവ് ട്യൂമറുകള്‍. പോസിറ്റീവ് എന്നു കേള്‍ക്കുമ്പോള്‍ കുഴപ്പമാണ് എന്ന് തോന്നിയേക്കാം. സത്യത്തില്‍ ഗുണമാണ് ഉള്ളത്. ഈസ്ട്രജന്‍ വിരുദ്ധ മരുന്നായ ടാമോക്‌സിഫനും, ശരീരത്തിലെ ഈസ്ട്രജന്‍ അളവ് കുറയ്ക്കുന്ന മരുന്നുകളായ ലെട്രസോള്‍, അനാസ്ട്രസോള്‍ തുടങ്ങിയവയും ഈ തരത്തില്‍ ഉള്ള കാന്‍സറുകള്‍ക്ക് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നു. ER/PR നെഗറ്റീവ് ട്യൂമറുകള്‍ക്ക് ഈ ചികിത്സ ഫലപ്രദമല്ല. കീമോതെറാപ്പി ആണ് അവര്‍ക്ക് ഏറ്റവും ഉചിതമായ ചികിത്സ. ബയോപ്‌സി സാംപിളിലോ ഓപ്പറേഷന്‍ ചെയ്ത് എടുക്കുന്ന ട്യൂമറിലോ നടത്തുന്ന പരിശോധനയിലൂടെ ആണ് ER PR ടൈപ്പ് നിര്‍ണയിക്കുന്നത്.
എന്റെ ട്യൂമര്‍ Her 2 പോസിറ്റീവ് ആണോ?
സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചക്കുള്ള ഒരു സിഗ്‌നല്‍ ആണ് Her 2. ഇരുപത്തി അഞ്ച് ശതമാനം രോഗികളുടെ കാന്‍സര്‍ കോശങ്ങളില്‍ ഈ പ്രോട്ടീനിന്റെ സാന്നിധ്യം കാണപ്പെടുന്നു. ഇത് ഒരേ സമയം അനുകൂലവും പ്രതികൂലവുമായ വാര്‍ത്തയാണ്. ഈ രോഗം വളരെ ആക്രമണോത്സുകത കാണിക്കുന്നു എങ്കിലും ശുഭവാര്‍ത്ത എന്തെന്നാല്‍, Her 2 ന് എതിരായുള്ള മരുന്നുകള്‍ വളരെ ഫലപ്രദമാണ് എന്നതാണ്. ഒരു കാര്യം ഓര്‍ക്കുക, Her 2 പോസിറ്റീവ് സ്തനാര്‍ബുദത്തിന്, അര സെന്റിമീറ്ററില്‍ താഴെയുള്ള മുഴകള്‍ക്ക് ഒഴികെ, കീമോതെറാപ്പിയും ആവശ്യമായി വരും.
എനിക്ക് സര്‍ജറി വേണ്ടി വരുമോ? വേണമെങ്കില്‍ ഏതുതരം സര്‍ജറി ആണ് വേണ്ടത്?
സ്തനാര്‍ബുദ രോഗമുള്ള മിക്കവര്‍ക്കും തന്നെ സര്‍ജറി വേണ്ടിവന്നേക്കാം. ആദ്യം സര്‍ജറി നടത്തണോ, കീമോ കൊടുത്ത ശേഷം ചെയ്യണോ, മാറിട സംരക്ഷണ ശസ്ത്രക്രിയ വേണോ, അതോ മാറിടം പൂര്‍ണമായും നീക്കം ചെയ്യണോ? ഇക്കാര്യങ്ങള്‍ മറ്റ് ഒരു പാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.മുഴയുടെ വലിപ്പം, മാറിടത്തില്‍ പല ഭാഗങ്ങളിലായി ഒന്നിലധികം മുഴകളുടെ സാന്നിധ്യം, രോഗിയുടെ താത്പര്യം എന്നിങ്ങനെ ചില കാര്യങ്ങള്‍ പ്രധാനമാണ്. ഓങ്കോളജി സര്‍ജനുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്യേണ്ടതാണ് ഇവയെല്ലാം. സര്‍ജറി സമയത്ത് തന്നെയോ പിന്നീടോ റീ കണ്‍സ്ട്രക്ഷന്‍ സര്‍ജറിയും നടത്താവുന്നതാണ്.
എനിക്ക് റേഡിയേഷന്‍ നടത്തേണ്ടി വരുമോ?
മാറിട സംരക്ഷണ ശസ്ത്രക്രിയ നടത്തുന്ന എല്ലാവര്‍ക്കും റേഡിയേഷന്‍ നിര്‍ബന്ധമാണ്. മാറിടം പൂര്‍ണമായി നീക്കം ചെയ്ത ചിലരില്‍ (ഉദാ: ട്യൂമറിന്റെ വലിപ്പം 5 cm മുകളില്‍, കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളില്‍ കാന്‍സറിന്റെ സാന്നിധ്യം ഉള്ളവര്‍) റേഡിയേഷന്‍ വേണ്ടി വരുന്നു.
എനിക്ക് കീമോതെറാപ്പി വേണ്ടി വരുമോ?
രോഗത്തിന്റെ പുനരാഗമനത്തിന് ഉള്ള സാധ്യത കണക്കാക്കി ആണ് ഈ തീരുമാനം എടുക്കുന്നത്. ചില കാര്യങ്ങള്‍ പ്രധാനമാണ്. ഉദാ: കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളില്‍ രോഗം പടരുക, ER PR Her 2 നെഗറ്റീവ് ട്യൂമര്‍ (ട്രിപ്പിള്‍ നെഗറ്റീവ്), Her 2 പോസിറ്റീവ് ട്യൂമര്‍, ചെറുപ്പക്കാരിലെ സ്തനാര്‍ബുദം (40 വയസ്സില്‍ താഴെ) തുടങ്ങിയവ. ER PR പോസിറ്റീവ് കാന്‍സര്‍ ആണെങ്കില്‍, പ്രത്യേകിച്ച് കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിലേക്ക് പടര്‍ന്നിട്ടില്ല എങ്കില്‍, ട്യൂമറില്‍ ചില ജനിതക പരിശോധനകള്‍ (Oncotype DX, Mammaprint തുടങ്ങിയവ) നടത്തി കീമോതെറാപ്പി വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കാവുന്നതാണ്.
കീമോ തെറാപ്പി അല്ലാതെ മറ്റു മരുന്നുകള്‍ ആവശ്യമുണ്ടോ?
Her 2 പോസിറ്റീവ് സ്തനാര്‍ബുദ രോഗികള്‍ Her 2 ന് എതിരായുള്ള മരുന്ന് (ട്രാസ്ടുസുമാബ്) കൂടി എടുക്കണം. പൊതുവെ ഒരു വര്‍ഷത്തേക്ക് ആണ് ഈ ചികിത്സ. ഇത് കീമോതെറാപ്പി മരുന്നുകളുടെ ഗണത്തില്‍ പെടുന്നതല്ല. അതിനാല്‍ തന്നെ പാര്‍ശ്വഫലങ്ങള്‍ നന്നേ കുറവാണ്.
മറ്റ് ഏതെങ്കിലും മരുന്നുകള്‍ നീണ്ട കാലത്തേക്ക് കഴിക്കേണ്ടി വരുമോ?
ER PR പോസിറ്റീവ് ട്യൂമര്‍ ഉള്ളവര്‍ ഈസ്ട്രജന്‍ വിരുദ്ധ മരുന്നുകള്‍ ദിവസേന ഒരു ഗുളിക വീതം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അഞ്ചു മുതല്‍ പത്തു വര്‍ഷങ്ങള്‍ വരെ കഴിക്കണം.
Content Highlights :Is breast cancer hereditary? Can it be detected early?